​എട്ടുനോമ്പ് നൊവേന ഒന്നാം ദിവസം

എട്ടുനോമ്പ് നൊവേന ഒന്നാം ദിവസം
സെപ്റ്റംബർ 1 വ്യാഴം
നിയോഗം: *മാതാപിതാക്കൾ*
*നൊവേന*

*പ്രാരംഭ ഗാനം*

        ×××××××××
നിത്യസഹായമാതേ പ്രാര്‍ത്ഥിക്ക

ഞങ്ങള്‍ക്കായ് നീ

നിൻമക്കൾ ഞങ്ങൾക്കായ് നീ

പ്രാര്‍ത്ഥിക്ക സ്നേഹനാഥേ!
നീറുന്ന മാനസങ്ങൾ

     ആയിരമായിരങ്ങൾ

     കണ്ണീരിൻ താഴ്വരയിൽ

     നിന്നിതാ കേഴുന്നമ്മേ
കേൾക്കണേ രോദനങ്ങൾ

നൽകണേ നൽവരങ്ങൾ

നിൻ ദിവൃ സൂനുവിങ്കൽ

ചേർക്കണേ മക്കളെ നീ.
*പ്രാരംഭ പ്രാര്‍ത്ഥന*

            ×××××××××××××

കാര്‍മ്മി: ഏറ്റം പരിശുദ്ധയും അമലോത്ഭവകന്യകയും ഞങ്ങളുടെ മാതാവുമായ മറിയമേ, നീ ഞങ്ങളുടെ നിത്യസഹായവും അഭയസ്ഥാനവും പ്രതീക്ഷയുമാകുന്നു.
സമൂ: ഞങ്ങള്‍ ഇന്ന് അങ്ങേ സന്നിധിയില്‍ അണഞ്ഞിരിക്കുന്നു. അങ്ങ് ഞങ്ങള്‍ക്കുവേണ്ടി സമ്പാദിച്ചിരിക്കുന്ന എല്ലാ നന്‍മകള്‍ക്കും ഞങ്ങള്‍ ദൈവത്തിന് കൃതജ്ഞതയര്‍പ്പിക്കുന്നു. നിത്യസഹായമാതാവേ, ഞങ്ങള്‍ അങ്ങയെ സ്നേഹിക്കുന്നു. നിരന്തരം അങ്ങേക്ക് ശുശ്രൂഷ ചെയ്തുകൊണ്ടും, ഞങ്ങളുടെ ശക്തിക്കനുസൃതമായി മറ്റുള്ളവരെ അങ്ങേ സന്നിധിയിലേക്കാനയിച്ചുകൊണ്ടും, അങ്ങയുടെ നേര്‍ക്കുള്ള സ്നേഹം ഞങ്ങള്‍ പ്രകടിപ്പിച്ചുകൊള്ളാമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.
കാര്‍മ്മി: ദൈവസന്നിധിയില്‍ ശക്തിയുള്ള നിത്യസഹായമാതാവേ, ഈ നന്മകള്‍ ഞങ്ങള്‍ക്കായി നീ വാങ്ങിത്തരണമേ.
സമൂ: പ്രലോഭനങ്ങളില്‍ വിജയം വരിക്കുന്നതിനുള്ള ശക്തിയും, ഈശോമിശിഹായോടുള്ള പരിപൂര്‍ണ സ്നേഹവും നന്‍മരണവും വഴി അങ്ങയോടും അങ്ങേ തിരുക്കുമാരനോടുംകൂടെ നിത്യമായി ജീവിക്കുന്നതിന് ഞങ്ങള്‍ക്കിടയാകട്ടെ.

കാര്‍മ്മി: നിത്യസഹായമാതാവേ!
സമൂ: ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
*സമൂഹ പ്രാർത്ഥന*

         ××××××××××××××
കാര്‍മ്മി: മിശിഹാ കര്‍ത്താവേ, അങ്ങേ മാതാവായ മറിയത്തിന്റെ അപേക്ഷയാല്‍ കാനായില്‍വച്ച് അങ്ങ് വെള്ളം വീഞ്ഞാക്കിയല്ലോ. ഇപ്പോള്‍ നിത്യസഹായമാതാവിനെ വണങ്ങുന്നതിനായി ഇവിടെ സമ്മേളിച്ചിരിക്കുന്ന ഈ ദൈവജനത്തെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ യാചനകള്‍ അങ്ങ് സാധിച്ചുതരികയും ആത്മാര്‍ത്ഥമായ ഞങ്ങളുടെ കൃതജ്ഞത അങ്ങ് സ്വീകരിക്കുകയും ചെയ്യണമേ.
സമൂ: ഓ! നിത്യസഹായമാതാവേ, ഞങ്ങള്‍ ശക്തിയേറിയ അങ്ങയുടെ തിരുനാമം വിളിച്ചപേക്ഷിക്കുന്നു. അങ്ങ് ജീവിക്കുന്നവരെ പാലിക്കുന്നവളും മരിക്കുന്നവരെ രക്ഷിക്കുന്നവളുമാകുന്നല്ലോ. അങ്ങേ നാമം എപ്പോഴും, പ്രത്യേകിച്ചു പരീക്ഷകളിലും, മരണസമയത്തും ഞങ്ങളുടെ അധരങ്ങളില്‍ ഉണ്ടായിരിക്കും. അങ്ങയുടെ നാമം ഞങ്ങള്‍ക്ക് ശക്തിയും ശരണവുമാകുന്നു. അനുഗ്രഹീതയായ നാഥേ, ഞങ്ങള്‍ അങ്ങയെ വിളിക്കുമ്പോഴൊക്കെയും ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ നാമം ഉച്ചരിക്കുന്നതുകൊണ്ടുമാത്രം ഞങ്ങള്‍ തൃപ്തരാകുകയില്ല; അങ്ങ് യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ നിത്യ സഹായ മാതാവാകുന്നുവെന്ന് അനുദിനജീവിതത്തില്‍ ഞങ്ങള്‍ പ്രഖ്യാപനം ചെയ്യുന്നതുമാണ്.
കാര്‍മ്മി: സകലവിധ ആവശൃങ്ങൾക്കും വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം.
സമൂ: ഓ! നിത്യസഹായമാതാവേ, ഏറ്റം വലിയ ശരണത്തോടെ ഞങ്ങളങ്ങയെ വണങ്ങുന്നു, ഞങ്ങളുടെ അനുദ ിന ജീവിതത്തിലെ ബുദ്ധിമുട്ടുകളില്‍ അവിടുത്തെ സഹായം ഞങ്ങള്‍ അപേക്ഷിക്കുന്നു. പരീക്ഷകളും ദുരിതങ്ങളും ഞങ്ങളെ ക്ലേശിതരാക്കുന്നു. പ്രതികൂല സാഹചര്യങ്ങളും വേദനാജനകമായ പോരായ്മകളും ഞങ്ങളുടെ ജീവിതത്തെ ശോകാവൃതമാക്കുന്നു. എല്ലായിടത്തും ഞങ്ങള്‍ കുരിശിനെയാണ് അഭിമുഖീകരിക്കുന്നത്. കരുണാദ്രയായ മാതാവേ, ഞങ്ങളില്‍ കണിയണമേ, ഞങ്ങളുടെ സങ്കടങ്ങളില്‍നിന്നു ഞങ്ങളെ മോചിപ്പിക്കണമേ; തുടര്‍ന്നു സഹിക്കുവാനാണ് ദൈവതിരുമനസ്സെങ്കില്‍ അവ സന്തോഷത്തോടും ക്ഷമയോടും കൂടി സ്വീകരിക്കുവാനുള്ള ശക്തി ഞങ്ങള്‍ക്ക് നല്‍കണമേ. ഓ! നിത്യസഹായമാതാവേ, ഈ വരങ്ങളൊക്കെയും ഞങ്ങളുടെ നന്മകളില്‍ ആശ്രയിക്കാതെ അങ്ങയുടെ സ്നേഹത്തിലും ശക്തിയിലും ശരണംവച്ച് ഞങ്ങള്‍ അപേക്ഷിക്കുന്നു.
*കാറോസൂസാ*

         ××××××××××

കാര്‍മ്മി: നമുക്കു പ്രാര്‍ത്ഥിക്കാം; ഞങ്ങളുടെ പരിശുദ്ധപിതാവ് മാർ ഫ്രാൻസീസ്  മാര്‍പ്പാപ്പായ്ക്കും, ഞങ്ങളുടെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും, ഞങ്ങളുടെ രാജ്യത്തിലെ എല്ലാ നേതാക്കന്മാര്‍ക്കും ജനങ്ങള്‍ക്കും വിജ്ഞാനവും വിവേകവും നല്‍കണമേ.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
കാര്‍മ്മി: എല്ലാ മനുഷ്യരും സാമൂഹ്യസമാധാനത്തിലും മതൈക്യത്തിലും സ്നേഹസഹോദരങ്ങളെപ്പോലെ ജീവിക്കുന്നതിനുള്ള അനുഗ്രഹം നല്‍കണമേ.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
കാര്‍മ്മി: ഈ നവനാളില്‍ സംബന്ധിക്കുന്ന യുവതീയുവാക്കന്‍മാര്‍ക്ക് പരിശുദ്ധാരൂപിയുടെ തുണയില്‍ അവരുടെ ജീവിതാന്തസ്സു തിരഞ്ഞെടുക്കുവാനുള്ള അനുഗ്രഹം നല്‍കണമേ.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
കാര്‍മ്മി: ഈ നവനാളില്‍ സംബന്ധിക്കുന്ന എല്ലാവരും അങ്ങേ തിരുമനസ്സിനൊത്തവണം അവരുടെ ആരോഗ്യം പരിരക്ഷിക്കുന്നതിനും, രോഗികള്‍ അവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനുമുള്ള അനുഗ്രഹം നല്‍കണമേ.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
കാര്‍മ്മി: ഞങ്ങളുടെ ഇടയില്‍നിന്നു വേര്‍പിരിഞ്ഞുപോയ നവനാള്‍ ഭക്തരുടെയും എല്ലാ വിശ്വാസികളുടെയും ആത്മാക്കള്‍ക്ക് നിത്യവിശ്രമം നല്‍കണമേ.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ
കാര്‍മ്മി: ഈ നവനാളിന്റെയും ഈ ഗ്രൂപ്പിൽ സമർപ്പിച്ചിരിക്കുന്ന എല്ലാവരുടെയും പ്രത്യേക നിയോഗങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും സഹായവും നല്‍കണമേ.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
കാര്‍മ്മി: മൗനമായി നമ്മുടെ വ്യക്തിപരമായ അർത്ഥനകൾ നിത്യസഹായ മാതാവു വഴി ഈശോയ്ക്കു സമർപ്പിക്കാം
*കൃതജഞതാർപ്പണം*

            ××××××××××××××
കാര്‍മ്മി: പ്രസാദവരത്തിന്റെ നവജീവന്‍ ഞങ്ങള്‍ക്കു നല്കിയിരിക്കുന്നതിനാല്‍ കര്‍ത്താവേ അങ്ങ് ഞങ്ങളുടെ കൃതജ്ഞത സ്വീകരിക്കണമേ.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി അങ്ങേക്ക് ഞങ്ങള്‍ നന്ദി പറയുന്നു.
കാര്‍മ്മി: സഭയുടെ കൗദാശീക ജീവിതത്തില്‍നിന്നും ഞങ്ങള്‍ സ്വീകരിക്കുന്ന എല്ലാ നന്മകള്‍ക്കുംവേണ്ടിയുള്ള ഞങ്ങളുടെ കൃതജ്ഞത സ്വീകരിക്കണമേ.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി അങ്ങേക്ക് ഞങ്ങള്‍ നന്ദി പറയുന്നു.
കാര്‍മ്മി: ഞങ്ങളുടെ നവനാള്‍ കുടുംബത്തിന് നല്‍കിയിരിക്കുന്ന ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ അനുഗ്രഹങ്ങള്‍ക്കുംവേണ്ടി ഞങ്ങളുടെ കൃതജ്ഞത അങ്ങ് സ്വീകരിക്കണമേ.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി അങ്ങേക്ക് ഞങ്ങള്‍ നന്ദി പറയുന്നു.
കാര്‍മ്മി: കുടുംബജീവിതക്കാരുടെ മാതൃകയും തുണയുമായ പരി. അമ്മേ, അങ്ങേ മദ്ധ്യസ്ഥതവഴി സന്തോഷകരവും സമാധാന പൂർണ്ണവുമായ കുടുംബജീവിതം ഞങ്ങൾക്കു തന്നനുഗ്രഹിക്കുന്നതിനെയോർത്ത് അങ്ങ് ഞങ്ങളുടെ കൃതജ്ഞത സ്വീകരിക്കണമേ.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ മാതാവായ മറിയം വഴി അങ്ങേക്ക് ഞങ്ങള്‍ നന്ദി പറയുന്നു.
കാര്‍മ്മി: നമുക്കു ലഭിച്ച എല്ലാ ഉപകാരങ്ങള്‍ക്കുംവേണ്ടി നിത്യസഹായമാതാവിന് കൃതജ്ഞതയര്‍പ്പിക്കാം (നിശബ്ദം).
*ഗാനം*

                   ××××
മറിയമേ നീ സ്വർഗ്ഗത്തിൽ നിന്നാ

നേത്രങ്ങൾകൊണ്ടു നോക്കുക

നിന്‍പാദേ ഇതാ നിന്‍ മക്കള്‍ വന്നു

നില്‍ക്കുന്നു അമ്മേ, കാണുക
മാധുര്യമേറും നിന്‍നേത്രങ്ങള്‍ ഹാ!

     ശോകപൂര്‍ണ്ണങ്ങളാണല്ലോ

     ആ നിന്റെ തിരുനേത്രങ്ങള്‍കൊണ്ടു

     നോക്കുക മക്കള്‍ ഞങ്ങളെ.
നിൻ കരതാരിൽ മേവും നിന്നുണ്ണി

യേശു മഹേശനംബികേ

നിൻ മഹാ ദു:ഖസന്തോഷഹേതു

നിർമ്മലേ എന്നും നിർമ്മലേ
നിന്നുടെ ആനന്ദത്തിൻ പാരമൃം

     നീ മാത്രം അമ്മേ അറിയുന്നു

     നിന്നുടെ സന്താപത്തിനാഴവും

     നീ മാത്രം അമ്മേ അറിയുന്നു
*രോഗികള്‍ക്ക് ആശീര്‍വ്വാദം*

       ××××××××××××××××××××
കാര്‍മ്മി: നമുക്കു പ്രാര്‍ത്ഥിക്കാം.
സമൂ: കര്‍ത്താവേ ശരീരാസ്വാസ്ഥ്യം മൂലം ക്ലേശിക്കുന്ന അങ്ങേ ദാസരെ തൃക്കണ്‍ പാര്‍ക്കണമേ, അങ്ങ് സൃഷ്ടിച്ച ഞങ്ങൾക്ക്  ശക്തിയും ജീവനും നല്‍കണമേ. അങ്ങനെ സഹനംവഴി ഞങ്ങള്‍ പവിത്രീകൃതരാവുകയും ശുദ്ധരാക്കപ്പെടുകയും അങ്ങേ കാരുണ്യത്താല്‍ ഞങ്ങള്‍ വേഗം രോഗവിമുക്തരാവുകയും ചെയ്യട്ടെ. ഈ യാചനകളെല്ലാം കര്‍ത്താവിശോമിശിഹാവഴി ഞങ്ങള്‍ക്കു തന്നരുളണമേ. ആമ്മേന്‍.
കാര്‍മ്മി: (ജനങ്ങളുടെ നേരെ കൈ വിരിച്ച് പിടിച്ചുകൊണ്ട്) നിങ്ങളെ സംരക്ഷിക്കുവാന്‍ കര്‍ത്താവിശോമിശിഹാ നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ. നിങ്ങളെ പരിപാലിക്കാന്‍ അവിടുന്ന് നിങ്ങളില്‍ വസിക്കട്ടെ. നിങ്ങളെ നയിക്കുവാന്‍ അവിടുന്ന് നിങ്ങളുടെ മുന്‍പിലും, നിങ്ങളെ പരിരക്ഷിക്കുവാന്‍ നിങ്ങളുടെ പിന്‍പിലും, നിങ്ങളെ അനുഗ്രഹിക്കുവാന്‍ നിങ്ങളുടെ മുകളിലും ഉണ്ടായിരിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും നാമത്തില്‍

സമൂ: ആമ്മേന്‍.
*മറിയത്തിന്റെ സ്തോത്രഗീതം*

         ××××××××××××××××××××××
കാര്‍മ്മി: മറിയത്തിനോടൊപ്പം നമ്മുക്കും ദൈവത്തെ സ്തുതിക്കാം
സമൂ: എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്‍റെ ചിത്തം എന്‍റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് തന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍മുതല്‍ സകലതലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും. ശക്തനായവന്‍ എനിക്ക് വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു.

അവിടുത്തെ നാമം പരിശുദ്ധമാണ്. അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍തോറും അവിടുന്ന് കരുണവര്‍ഷിക്കും. അവിടുന്ന് തന്‍റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു. ഹൃദയത്തിൽ അഹങ്കരിക്കുന്നവരെ അവിടുന്ന് ചിതറിച്ചു. ശക്തരെ സിംഹാസനത്തില്‍ നിന്നും താഴെ ഇറക്കുകയും വിനീതരെ ഉയര്‍ത്തുകയും ചെയ്തു.  അവിടുന്ന് വിശക്കുന്നവരെ വിശിഷ്ട വിഭവങ്ങൾ കൊണ്ട് സംതൃപ്തരാക്കി. സമ്പന്നരെ വെറും കയ്യോടെ പറഞ്ഞയച്ചു. നമ്മുടെ പിതാക്കൻമാരായ അബ്രഹാത്തിനോടും സന്തതികളോടും എന്നേയ്ക്കുമായി ചെയ്ത വാഗ്ദാനത്തിലെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്നു തൻറെ ദാസനായ ഇസ്രയേലിനെ സംരക്ഷിച്ചു.

ലൂക്ക 1: 46-58.
നേർച്ച

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

 പരിശുദ്ധ ദൈവമാതാവേ, അനാഥരും, വയോധികരും, രോഗികളും, വിഭാര്യരും, വിധവകളും, ദരിദ്രരും, പീഡിതരുമായ ലോകമെമ്പാടുമുള്ള എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കളാൽ സംരക്ഷിക്കപ്പെടുവാൻ അങ്ങേ തിരുസുതനോട് അപേക്ഷിക്കണമേ

💐💐💐💐💐💐💐💐💐💐💐

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s