അരവിന്ദ് കെജ്‍‍രിവാള്‍ കിഴക്കമ്പലത്തു നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം

അരവിന്ദ് കെജ്‍‍രിവാള്‍ കിഴക്കമ്പലത്തു നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം
🙏🙏🙏🙏

കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണ്. ദൈവങ്ങൾ കേരളത്തെ ഏത്രമേൽ സ്നേഹിക്കുന്നു. എത്ര സുന്ദരമാണ് ഈ നാട്. ദൈവം എന്നെയും അനുഗ്രഹിച്ചിട്ടുണ്ടെന്ന് തോന്നാറുണ്ട്. കാരണം ഒരു മാജിക് പോലെ തോന്നിയ അവസരങ്ങൾ എന്‍റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഒരു എംഎൽഎയാവാൻ പോലും പല‍ർക്കും ഒരു ജീവിതം മുഴുവനാണ് കഷ്ടപ്പെടേണ്ടി വരിക. 10 വർഷങ്ങൾക്ക് മുൻപ് അരവിന്ദ് കെജ‍്‍രിവാളിനെയോ ആംആദ്മി പാർട്ടിയെക്കുറിച്ചോ ആർക്കും അറിയില്ലായിരുന്നു. അന്ന് ഞങ്ങൾ ഒരു പാർട്ടി തുടങ്ങി ഒരു വർഷം കൊണ്ടാണ് ദില്ലിയിൽ അധികാരത്തിലേറിയത്. അത് മാജിക്കല്ലേ? ജനങ്ങൾ പറയുന്നു കെജ‍്‍രിവാളാണ് ഇത് സാധ്യമാക്കിയതെന്ന്. അങ്ങനെയല്ല, ഇത് ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ടാണ്. ഒരിക്കലല്ല. മൂന്ന് തവണ സ‍‍ർക്കാരുണ്ടാക്കി. പഞ്ചാബിലും സർക്കാരുണ്ടാക്കി. കേരളത്തിലും സ‍ർക്കാരുണ്ടാക്കണ്ടേ?

ഞങ്ങൾ സത്യസന്ധതയുടെ വഴിയിലൂടെയാണ് പോവുന്നത്. മനുഷ്യത്വത്തിന്‍റെ വഴിയിലൂടെയാണ് പോവുന്നത്. അതുകൊണ്ടാണ് ദൈവത്തിന്‍റെ അനുഗ്രഹം ഉള്ളത്. എന്‍റെ ജീവിതത്തിൽ പല മാജിക്കുകളും നടന്നെന്ന് പറഞ്ഞല്ലോ. അതിലൊന്നായിരുന്നു അണ്ണാ ഹസാരെയ്ക്കൊപ്പം നടത്തിയ നിരാഹാര സത്യഗ്രഹം. അന്ന് 15 ദിവസം നിരാഹാരം കിടന്നു. എനിക്ക് കടുത്ത പ്രമേഹമുണ്ട്. ഭക്ഷണം കഴിക്കാതെ മൂന്ന് മണിക്കൂർ നിന്നാൽ പോലും രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞ് മരണം വരെ സംഭവിക്കാം. 15 ദിവസം നിരാഹാരം കിടന്നാൽ മരിച്ച് പോവുമെന്ന് എല്ലാ ഡോക്ടർമാരും അന്ന് പറഞ്ഞു . ഇന്നിതാ ഞാൻ നിങ്ങൾക്ക് മുന്നിൽ ജീവനോടെ നിൽക്കുന്നു. ഇത് മാജിക്കല്ലേ?

ദില്ലിയിൽ ഞങ്ങൾ അന്ന് തെരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ ഒരു പുതിയ പാർട്ടിയായിരുന്നു. പണമില്ല കയ്യിൽ. സ്ഥാനാർഥികൾ പോലുമില്ല. ഷീലാ ദീക്ഷിത്തിനെ പോലെ ദില്ലിയിൽ നാലും അഞ്ചും തവണ എംഎൽഎമാർ ആയ ആളുകളാണ് മറുവശത്ത്. ഞങ്ങളുടെ സ്ഥാനാർഥികൾ ആരൊക്കെയാണെന്ന് അറിയാമോ. ശാലിമാർ മാർഗ് മണ്ഡലത്തിൽ ഒരു വീട്ടമ്മ. അവർ നാല് തവണ എംഎൽഎയായ ആളെ തോൽപിച്ചു. അഖിലേഷ് തൃപാഠിയെന്ന ഒരു വിദ്യാ‍‍ർഥിയുണ്ടായിരുന്നു, മോഡൽ ടൗണിൽ. അദ്ദേഹവും നാല് തവണ എംഎൽഎയായ ആളെ തോൽപിച്ചു. ഇപ്പോൾ പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടന്നു. ഭഗവന്ത് മാന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി. മൊബൈൽ ഫോൺ നന്നാക്കുന്ന കടയിലെ ടെക്നീഷ്യൻ ആണ് പഞ്ചാബിന്‍റെ മുഖ്യമന്ത്രിയെ തോൽപ്പിച്ചത്. അമൃത്സറിൽ ന‍വ്‍ജ്യോത് സിംഗ് സിന്ധുവായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. അകാലി ദളിന്‍റെ കരുത്തനായ മജീദിയ ആയിരുന്നു മറ്റൊരു സ്ഥാനാർഥി. ഇവരെ രണ്ട് പേരെയും ഈ മണ്ഡലത്തിൽ തോൽപിച്ചത് നമ്മുടെ ഒരു ചെറിയ വനിതാ പ്രവർത്തകയാണ്. സത്യത്തിന്‍റെ വഴിയിൽ പോയാൽ ദൈവം നിങ്ങൾക്കൊപ്പമെന്നതിന് തെളിവാണിത്.

നമ്മുടെ രാജ്യത്തെ ഭരണ സംവിധാനം അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. ഞങ്ങൾ ദില്ലിയിൽ ആദ്യം ചെയ്തത് അഴിമതി അവസാനിപ്പിക്കുകയാണ്. ദില്ലിയിൽ എന്തെങ്കിലും സർക്കാർ സേവനം ലഭിക്കണമായിരുന്നെങ്കിൽ മുൻപ് കൈക്കൂലി നൽകണമായിരുന്നു. കേരളത്തിലും ഉണ്ടോ ഇത് പോലെ അഴിമതി? ഇന്ന് ദില്ലിയിൽ സർക്കാർ സേവനങ്ങൾക്ക് പണം നൽകേണ്ടതില്ല. എങ്ങനെയാണ് അത് സാധ്യമാക്കിയത്.? 1076എന്നൊരു ഫോൺ നമ്പർ ജനങ്ങൾക്ക് നൽകി. സർക്കാരിൽ നിന്ന് എന്ത് സേവനം വേണമെങ്കിലും ജനങ്ങൾക്ക് ഈ നമ്പറിൽ വിളിക്കാം. ഉദാഹരണത്തിന് വൈദ്യുതി കണക്ഷൻ വേണമെന്ന് വിചാരിക്കുക. ഈ നമ്പറിൽ വിളിച്ചാൽ കണക്ഷനായി എന്തൊക്കെ രേഖകൾ വേണമെന്ന് പറഞ്ഞത് തരും. ഏത് സമയം കണക്ഷൻ നൽകാൻ വീട്ടിൽ വരണമെന്ന് പോലും ചോദിക്കും. അവധി എടുത്ത് കാത്ത് നിൽക്കേണ്ട അവസ്ഥയില്ല, സർക്കാർ ഓഫീസിൽ ക്യൂ നിൽക്കേണ്ട. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകേണ്ട. സർക്കാർ സേവനം വീട്ടിൽ വന്ന് സൗജന്യമായി നൽകും.

ഞങ്ങൾ വലിയ അഴിമതികളും അവസാനിപ്പിച്ചു. മുൻപ് 100 കോടിയുടെ പദ്ധതി 1000 കോടിക്കാണ് ചെയ്ത് കൊണ്ടിരുന്നത്. അധിക തുക രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം വീതം വച്ചെടുക്കും. ഇന്ന് ഞങ്ങൾ ഒരു രൂപ പോലും ഇത്തരത്തിൽ തട്ടാൻ അനുവദിക്കുന്നില്ല. ഇങ്ങനെ ലാഭിക്കുന്ന പണം കൊണ്ട് വൈദ്യുതി സൗജന്യമായി നൽകുന്നു. പണ്ട് ഓരോ എട്ട് മണിക്കൂറിലും പവർ കട്ടായിരുന്നു. 5000ഉം 10000ഉം ഒക്കെയായിരുന്നു ജനങ്ങൾക്ക് കിട്ടിയിരുന്ന ബിൽ. എന്നാൽ ദില്ലിയിൽ ഇന്ന് പവർ കട്ടില്ല. എല്ലാവർക്കും സൗജന്യ വൈദ്യുതി. ദില്ലിയിൽ ഇൻവേർട്ടറിന്‍റെയും ജനറേറ്ററിന്‍റെ കച്ചവടം പോലും പൂട്ടിപ്പോയി.! കേരളത്തിനും വേണ്ടേ സൗജന്യ വൈദ്യുതി.?? ദില്ലിയിൽ സാധിക്കുമെങ്കിൽ ഇവിടെയും സാധിക്കും. ഒന്ന് മാത്രം മതി. സത്യസന്ധതയുള്ള സർക്കാർ.

ദില്ലിയിൽ രണ്ട് കോടി ജനങ്ങളുണ്ട്. ജാതിയോ മതമോ ലിംഗമോ വ്യത്യാസമില്ലാതെ എല്ലാവരുടേയും ചികിത്സ ഞങ്ങൾ സൗജന്യമാക്കി. ദില്ലിയിലെ മൊഹല്ലാ ക്ലിനിക്കുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇവിടെ മരുന്നും ചികിത്സയും ടെസ്റ്റും എല്ലാം സൗജന്യമാണ്. അർബുദം വന്നെന്ന് വിചാരിക്കുക അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണമെന്ന് കരുതുക. 30ഉം 40 ലക്ഷം ചെലവ് വന്നാൽ പോലും പേടിക്കേണ്ട. ദില്ലി സർക്കാർ മുഴുവൻ പണവും നൽകും. ദില്ലിക്കാരുടെ എന്ത് ചികിത്സയും സർക്കാ‍‍ർ ആശുപത്രികളിൽ സൗജന്യമാണ്. ഗുരുതരമായ അസുഖം വന്നാൽ എല്ലാം വിറ്റ് ചികിത്സ നടത്തേണ്ടി വരുമായിരുന്നു ഇടത്തരം കുടുംബങ്ങൾക്ക് പോലും. അവരുടെയെല്ലാം പ്രാർഥനയാണ് ഇന്ന് ഞങ്ങൾക്കൊപ്പമുള്ളത്. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് ഞാൻ സമ്പാദിച്ചത് ഇത് മാത്രമാണ്.

മുൻപ് ദില്ലിയിലെ സ‍‍ർക്കാർ സ്കൂളുകൾ വളരെ മോശമായിരുന്നു. 14 ലക്ഷം കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നു. പൊട്ടിപ്പൊളിഞ്ഞ ചുവരുകൾ. ഡെസ്കുകളും ബെഞ്ചുകളും ആവശ്യത്തിനില്ല. അധ്യാപകർ പോലും മര്യാദയ്ക്ക് വരില്ല. പാവങ്ങളുടെ മക്കളായിരുന്നു ഇവിടെ പഠിച്ചിരുന്നവരിൽ ഭൂരിഭാഗം. അവരുടെ ഭാവി എന്താണ്? റിക്ഷക്കാരന്‍റെ മകൻ റിക്ഷക്കാരൻ, തൊഴിലാളിയുടെ മകൻ തൊഴിലാളി . ഇതായിരുന്നു സംഭവിച്ച് കൊണ്ടിരുന്നത്. പക്ഷേ അഞ്ച് വ‌ർഷം കൊണ്ട് ഞങ്ങൾ ഈ അവസ്ഥ മാറ്റി മറിച്ചു. ഇന്ന് സർക്കാർ സ്കൂളുകൾ മികച്ച നിലവാരത്തിലാണ്. വിജയ ശതമാനം 99.9 ശതമാനത്തിലെത്തി. ഈ വർഷം നാല് ലക്ഷം കുട്ടികളാണ് സ്വകാര്യ സ്കൂളുകളിൽ നിന്ന് സർക്കാർ സ്കൂളിലേക്ക് എത്തിയത്. ആലോചിച്ച് നോക്കൂ ഈ 14 ലക്ഷം കുട്ടികളുടെ രക്ഷിതാക്കളുടെ പ്രാർഥന ‌ഞങ്ങൾക്കൊപ്പമില്ലേ? ഇതാണ് ദൈവത്തിന് നൽകേണ്ട യഥാർഥ പൂജ.

ദില്ലിയിൽ കുറഞ്ഞത് 15,000 രൂപ മാസ വരുമാനമുള്ളയാൾക്കും ഇന്ന് അന്തസ്സോടെ ജീവിക്കാം. മക്കളുടെ വിദ്യാഭ്യാസം സൗജന്യമാണ്, വൈദ്യുതി സൗജന്യമാണ്, വെള്ളം സൗജന്യമാണ്, ചികിത്സ സൗജന്യമാണ്, റേഷൻ സൗജന്യമാണ്, സ്ത്രീകൾക്ക് പൊതുഗതാഗതം സൗജന്യമാണ്. ഇതൊന്നും നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമല്ല. ദില്ലിയിൽ സത്യത്തിന്‍റെ മാർഗത്തിൽ പോവുന്ന ഒരു സർക്കാരുള്ളത് കൊണ്ടാണ്.

ദില്ലിയിൽ കഴിഞ്ഞ അഞ്ച് വ‌ർഷത്തിനുള്ള 12 ലക്ഷം യുവാക്കൾക്ക് ജോലി നൽകി. കേരളത്തിൽ 40 ലക്ഷം പേരാണ് തൊഴിലില്ലാതെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റ‍ർ ചെയ്തിരിക്കുന്നത്. ഇവിടെ ഒരു രാഷ്ട്രീയ പാർട്ടിയും ജോലി നൽകില്ല. അവർക്ക് തല്ലുണ്ടാക്കാനും ഗുണ്ടാപണി ചെയ്യാനും ആളുവേണം. അതുകൊണ്ടാണ്.

സാബു എം ജേക്കബ് വിജയിച്ച ഒരു വ്യവസായി ആണ്. വലിയ വ്യവസായിയാണ്. വൻകിട വ്യവസായികളെ വേറെയും നമുക്ക് അറിയാം. പക്ഷേ ഇദ്ദേഹം കിഴക്കമ്പലം പഞ്ചായത്തിൽ നല്ല റോഡുണ്ടാക്കുന്നു. പാവങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്നു. സ്കൂളുകൾ നന്നാക്കുന്നു. അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളിൽ ഞാൻ ആശ്ചര്യവാനാണ്. ഇങ്ങനെയുള്ള നല്ല മനുഷ്യരുടെ സഖ്യമാണ് വേണ്ടത്. കേരളത്തിൽ ആംആദ്മി പാർട്ടിയും ട്വന്‍റിട്വന്‍റി പാർട്ടും സഖ്യമുണ്ടാക്കാൻ പോവുന്നു. എല്ലാവരെയും ഒപ്പം ചേർത്ത് കേരളത്തിലും സർക്കാരുണ്ടാക്കാൻ പോവുന്നു. ദില്ലിയിലും പഞ്ചാബിലും കൊണ്ട് വന്ന മാറ്റം കേരളത്തിനും വേണ്ടേ…🙏🙏🙏

ജയ് PWA. 💪💪

Advertisements
Arvind Kejriwal
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s