ഇത്തിരിവെട്ടം 15

# ഇത്തിരിവെട്ടം 15

എന്തിനും ഏതിനും പരാതിപ്പെടുന്നവരും, തന്റെ ചുറ്റും കാണുന്നതിനെയെല്ലാം വെറുതെ കയറി ആക്ഷേപിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഒരുപറ്റം മനുഷ്യരുണ്ട് നമ്മുടെ ചുറ്റിലും. സൗഹൃദങ്ങൾ, ബന്ധങ്ങൾ ഇവയുടെയൊക്കെ നശികരണത്തിനും ഇവ വഴിതെളിക്കാറുണ്ട്. Pride and prejudice എന്ന നോവലിലെ ജെയ്ൻ ഓസ്റ്റിന്റെ വാക്കുകൾ കടമെടുത്താൽ, “ആത്മാഭിമാനവും ദുരഭിമാനവും സമാനമെന്ന് തോന്നിക്കുന്ന രണ്ട് പദങ്ങൾ ആണെങ്കിലും അവ തമ്മിൽ വലീയ അന്തരമുണ്ട്. സ്വന്തം സ്വഭാവ മഹിമയിൽ ഒരുവനുള്ള തിരിച്ചറിവും കരുതലുമാണ് ആത്മാഭിമാനം. എന്നാൽ മറ്റുള്ളവർ തന്നെ ബഹുമാനിക്കണമെന്നും പരിഗണിക്കണമെന്നുമുള്ള ചിന്തയോടെ പെരുമാറാൻ പ്രേരിപ്പിക്കുന്ന അധമചോ തനയാണ് ദുരഭിമാനം. “ഇതേപോലെ സമാനത പുലർത്തുന്ന രണ്ട് വാക്കുകളാണല്ലോ വിമർശനവും അക്ഷേപവും. വിമർശനം, പ്രതിപക്ഷ ബഹുമാനത്തിന്റെയും സഭ്യതയുടെയും അതിർത്തി ലംഘിക്കുമ്പോൾ വ്യക്തിഹത്യയും ആക്ഷേപവുമായി മാറുന്നു. പല വിമർശനങ്ങളും പരാതികളും നമ്മുടെ സ്വന്തം കുറവുകളും പോക്രിത്തരങ്ങളും മറ്റുള്ളവരിലും നിന്നും മറച്ചുപിടിക്കാനുള്ള ഒരു തത്രപാടിന്റെ ഭാഗമാണ്. പൗലോ കൊയ്‌ലോയുടെ, The Dirty Laundry എന്ന കഥയെ ഇതിന്റെ കൂടെ ചേർത്തു വായിക്കേണ്ടതുണ്ട്.

“യുവദമ്പതികൾ ഒരു വാടകവീട്ടിൽ താമസം ആരംഭിച്ചു. പിറ്റേന്ന് രാവിലെ അയൽക്കാരി അലക്കിയ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് യുവതി ജാലകത്തിലൂടെ കണ്ടു. അലക്കിയിട്ടും ആ വസ്ത്രങ്ങളൊന്നും നല്ലതുപോലെ വൃത്തിയായിട്ടില്ലെന്ന് യുവതിക്ക് തോന്നി. ”നന്നായി അലക്കേണ്ട രീതി ആ സ്ത്രീക്കറിയില്ലായിരിക്കാം. ഒരുപക്ഷേ, അവൾക്ക് നല്ല ബാർസോപ്പ് ഉണ്ടാവില്ല.” അയൽക്കാരി വസ്ത്രം അലക്കിയിടുമ്പോഴെല്ലാം ജനലിനിപ്പുറം നിന്ന് അവൾ ഭർത്താവിനോട് ഇക്കാര്യം പരിഹാസപൂർവ്വം പറയും. ഭാര്യയുടെ സംസാരത്തോട് ഭർത്താവ് പ്രതികരിച്ചില്ല. ഒരു മാസത്തിനുശേഷം അയയിൽ നല്ല വൃത്തിയുള്ള വസ്ത്രം കണ്ട് ആശ്ചര്യത്തോടെ അവൾ ഭർത്താവിനോട് പറഞ്ഞു: ”നോക്കൂ… അവൾ ഇന്ന് നല്ലതുപോലെ അലക്കാൻ പഠിച്ചിരിക്കുന്നു. എനിക്ക് അത്ഭുതം തോന്നുന്നു; ആരെങ്കിലും ഇന്നലെ അവളെ അലക്കാൻ പഠിപ്പിച്ചുവെന്ന്. ”ഭർത്താവ് പറഞ്ഞു: ”ഇന്ന് നീ ഉണരും മുമ്പ് ഞാൻ നമ്മുടെ ജനൽച്ചില്ലുകൾ വൃത്തിയാക്കി.” യുവതിയുടെ വായടഞ്ഞു പോയി. അവൾക്ക് പിന്നൊന്നും പറയാനുണ്ടായിരുന്നില്ല. തന്റെ അയൽക്കാരിയിൽ യുവതി കുറ്റം കണ്ടെത്തുന്നതിന് കാരണം അവളുടെ വീട്ടിലെ പൊടിപിടിച്ച ജാലകത്തിന്റെ പ്രശ്‌നമാണ്. നിറം മങ്ങിയ ചില്ലുജാലകത്തിലൂടെ അവൾ കാണുന്നവയെല്ലാം നിറം മങ്ങിയിരുന്നു. നാം മറ്റുള്ളവരെ കാണുന്നത് നമ്മുടെ മുന്നിലുള്ള ജനൽപ്പാളിയുടെ തെളിമ ആശ്രയിച്ചല്ലേ? അഴുക്കുപുരണ്ട ജാലകത്തിലൂടെ നോക്കിയാൽ യഥാർത്ഥ തെളിമ തിരിച്ചറിയാൻ കഴിയണമെന്നില്ല”. മഞ്ഞപിത്തം പിടിച്ച കണ്ണിലൂടെ കാണുന്നതൊക്കെ മഞ്ഞയായി മാത്രേ കാണൂ എന്നു നമ്മൾ കാലങ്ങളായി പറഞ്ഞു കൊണ്ടു നടക്കുന്നതുതന്നെ. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും മാത്രം കാണുന്ന ചില വെള്ളെഴുതുകൾ മാറാൻ കാഴചകൾക്ക് തെളിമ നൽകുന്ന, മറ്റുള്ളവരുടെ നന്മകൾ മനസിലാക്കി തരുന്ന കണ്ണടകളോ ലെൻസുകളോ വാങ്ങി വയ്ക്കേണ്ടിയിരിക്കുന്നു.

ഒരു കാരണവും ഇല്ലാതെ എപ്പോഴും പരാതിമാത്രം പറയുന്നവർക്ക് റഷ്യൻ പാരമ്പര്യത്തിൽ ഓർഫൻ ഓഫ് കാസൻ എന്നൊരു പദം ഉപയോഗിച്ച് കണ്ടിട്ടുണ്ട്.

ഒരുമനുഷ്യനും തങ്ങളോട് എപ്പോളും പരാതിപ്പെടുന്ന, എപ്പോളും വിമർശിക്കുന്ന മനുഷ്യരെ കൊണ്ടു നടക്കാൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. എല്ലാവരുടെയും ആഗ്രഹം തന്നെ സ്വയം പോസിറ്റീവായി സ്വയം നിലനിർത്തുക എന്നതുതന്നെയാണ്. മൂന്നുതരത്തിലുള്ള പരാതിപെടലുകളുണ്ട്: ശരീരവുമായി ബന്ധപ്പെട്ടത് (അതായതു സുഖ സൗകര്യങ്ങളുമായി ബന്ധപ്പെടുത്തി പറയുന്നത്), അസൂയയുമായി ബന്ധപ്പെട്ടത് (മറ്റുള്ളവരെ അംഗീകരിക്കാൻ ഉള്ള ബുദ്ധിമുട്ടിൽ നിന്നുള്ളവ), അവിശ്വസ്തതയുമായി ബന്ധപ്പെട്ടവ (പ്രണയം കുടുംബം ഇവയിൽ ഒക്കെ കാണുന്നവ). മൊബൈലിൽ സംസാരം തുടങ്ങുംപോളെ പരാതിപ്പെട്ടി തുറക്കുന്നതിനു പകരം അല്ലേൽ ചുമ്മാ വിമര്ശിക്കുന്നതിനു പകരം ഒരുതരത്തിൽ അല്ലേൽ മറ്റൊരു തരത്തിൽ സാൻവിച് പരാതിപെടലുകളിലേക്കോ വിമർശനങ്ങളിലേക്കോ, മാറേണ്ടതുണ്ട്. അതായതു മറ്റുള്ളവരുടെ നന്മകൾ പറയുന്നതിനിടയിൽ അൽപ്പം പരാതിയോ വിമർശനമോ നർമരൂപേണ അവതരിപ്പിക്കാൻ സാധിക്കുക, അല്ലേൽ നമ്മൾ സ്വന്തമെന്നു കരുതുന്നവർ പോലും നമ്മളെ വിട്ടിട്ട് പോയി എന്നു വരും. കാഫ്കയുടെ ദി ബുർറൗ ലെ ഗുഹക്കുള്ളിൽനിന്നും കേൾക്കുന്ന അനോനിമസ് ശബ്ദംപോലെ, ദി മെറ്റമോർഫിസിസിലെ ബഗ് പോലെ, ദി ഫാൾ ഓഫ് ഹൗസ് ഓഫ് അക്ഷറിലെ പ്രേതഭാവനത്തിലെ ശബ്ദംപോലെ എന്റെ ഉള്ളിലെ അനോനിമസ് സ്‌ട്രെയ്ൻജർ ആകാം മറ്റുള്ളവരെ വിമർശിക്കാൻ തക്ക പൊട്ടത്തരങ്ങൾ നമ്മുടെ മനസുകളിൽ ക്രീയേറ്റ് ചെയ്യുക. എനിക്കിഷ്ടപെടുന്നില്ല അതുകൊണ്ട് വിമർശിക്കുന്നു എന്നതാണ് മനുഷ്യന്റെ കാഴ്ചപ്പാട്. നമുക്ക് ഇഷ്ടപെടാത്തവ എന്റെ മുന്നിലുള്ളവന്റെ ഇഷ്ടമാണേൽ ഞാൻ എന്തിനാണ് വിമർശിക്കാൻ പോകുന്നത്. സ്വന്തമായി ചിട്ടപ്പെടുത്തിയ ഒരു ചട്ടക്കൂടിൽ നിന്നുകൊണ്ട് ബാക്കിയുള്ള എല്ലാറ്റിനെയും കയറിയങ്ങ് വിമർശിക്കുക.

തനിക്ക് ഇഷ്ട്ടപ്പെട്ടില്ല എന്ന ഒറ്റ കാരണം കൊണ്ട് മറ്റൊരാളുടെ അഭിപ്രായത്തെ പരിഹസിക്കുക.
തന്റെ ശരികളിൽ മാത്രം നിന്നുകൊണ്ട് മറ്റൊരാളുടെ ജീവിതത്തെ judge ചെയ്യുക. എത്രത്തോളം അരോചകമാണല്ലേ ഇതൊക്കെ. എല്ലാവരിലും ശരികളുണ്ട് എന്നൊരു ബോധമാണ് വളർത്തേണ്ടത്. ചിലർ 6 എന്നുള്ളത് അവന്റെ ഭാഗത്തു നിന്നു നോക്കുമ്പോൾ 9 ആകാം. മറ്റുള്ളവന്റെ കണ്ണിൽകൂടി ചിലവ വായിക്കാൻ പഠിക്കുക അത്രതന്നെ. Personal choice എന്ന ഒന്നുണ്ട് സുഹൃത്തുക്കളെ. മറ്റൊരു വ്യക്തിക്കോ സമൂഹത്തിനോ ഉപദ്രവം ചെയ്യാത്ത എന്തും ആ വ്യക്തിസ്വാതന്ത്ര്യത്തിൽ ഉൾപ്പെടും. ഒരാളുടെ ജീവിതത്തിനു എന്റെ വാക്കുകൾക്കൊണ്ട് പെരുമാറ്റം കൊണ്ടു വിലയിടാൻ “ഈ പറയുന്ന ഞാൻ ആരാണാവോ?” Let people do what makes them feel good”. അതല്ലേ അതിന്റെ ഒരു ഭംഗി..

✍️#Sjcmonk (#Shebinjoseph) #motivation #life

ഇത്തിരിവെട്ടം 14

#ഇത്തിരിവെട്ടം 14

പ്രമുഖ ആംഗ്ലോ-അമേരിക്കൻ കവിയും നാടക രചയിതാവും വിമർശകനുമാണ് തോമസ് സ്റ്റേൺസ് എലിയറ്റ്. എലിയറ്റ് തന്റെ തരിശ്ഭൂമി എന്ന കവിതയിൽ പറയുന്നുണ്ട് “ജീവനോടെയിരുന്നവൻ ഇപ്പോൾ മൃതനായിരിയ്ക്കുന്നു; ജീവനോടെയിരുന്ന നാം
ഇപ്പോൾ മരിച്ചു കൊണ്ടിരിക്കുന്നു.അല്പം ക്ഷമയോടെ!”ജീവിച്ചു മരിക്കുന്നവരും മരിച്ചു ജീവിക്കുന്നവരും നമ്മുടെ ചുറ്റുപാടും വളരെയധികമാണ്. വിഷമതകൾ, നിരാശകൾ, ഒറ്റപ്പെട്ടുപോകുന്നു എന്ന തോന്നൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇങ്ങനെ പലതുമാകാം മരിച്ചു ജീവിക്കാൻ ഉള്ള കാരണങ്ങൾ. ഇങ്ങനെ ഉള്ള മരിച്ചു ജീവിക്കലുകളിൽ മനുഷ്യർ എന്നും തിരയാറുണ്ട് ആരെയെങ്കിലും – തന്നെ ഒന്നു ചേർത്തുനിർത്താൻ. ഈ തിരച്ചിലുകൾ തന്നെയാണ് സൗഹൃദം, പ്രണയം, സ്നേഹം എന്നതിലേക്ക് വളരുക. ആരാണോ നമ്മുടെ ഇല്ലായ്മകളിൽ വിഷമതകളിൽ നമ്മെ ചേർത്തു നിർത്തുന്നത് ആരാണോ അവരാകും നമ്മുടെ ചങ്കു ബ്രോസ്, അവരോടാകാം നമ്മുടെ യഥാർത്ഥ പ്രണയം പോലും. എല്ലാം നഷ്ടപ്പെട്ടിരിക്കുമ്പോൾ നെഞ്ചിൽ ചേർന്നു നിന്നൊന്നു പൊട്ടിക്കരയാൻ, സന്തോഷം വരുമ്പോൾ ഓടിച്ചെന്നൊന്നു ഹായ് ഫൈവ് പറയാൻ, ആരാണോ നമ്മുടെ കൂടെയുള്ളവർ അവരാണ് യഥാർത്ഥത്തിൽ നമ്മെ ചേർത്തുനിർത്തുന്നവർ. ആരും കണ്ണീര് കാണാതിരിക്കാൻ മഴയത്തു കൂടെ നടക്കുമ്പോൾ ഒരു കുടയുമായി ഓടിയെത്തി സാരമില്ലെടാ നിന്റെ കൂടെ ഞാനില്ലേ എന്നു പറയുന്ന ചില ചേർത്തുനിർത്തലുകൾ. ഒരു മാലാഖയുടെ കൈ പോലെ എന്നെ സഹായിക്കാൻ ഓടിയെത്തുന്നവർ. ഞാൻ ഓർത്തില്ലേലും എന്റെ ബർത്തഡേ ഓർത്തു എന്നെ വിഷ് ചെയ്യുന്നവർ.

രണ്ട് മൂന്നു ദിവസംമൊബൈലിൽ വിളികളോ മെസ്സേജ്കളോ കാണാഞ്ഞാൽ നിനക്ക് എന്തുപറ്റി എന്നു ചോദിക്കുന്നവർ. വാട്സ്ആപ്പ് ലെയോ ഫ്‌ബി ലെയോ ഇൻസ്റ്റയിലെയോ ഡിപി കൾ ബ്ലാങ്കോ മൂഡോഫ്കളുടെയോ സിമ്പലുകളോ ആയാൽ, ഡെയ് മരമാക്രി എന്തെടെ ഫുൾ ശോകമാണല്ലോ എന്നൊക്കെ പറഞ്ഞു നമ്മളെ നമ്മളു പോലും അറിയാതെ ചേർത്തു നിർത്തുന്ന മനുഷ്യർ. അവരാണ് പല മനുഷ്യരെയും ജീവിപ്പിക്കുന്നത്.

ക്‌ളിന്റ് ഈസ്റ്റ് വുഡ് ന്റെ ഒരു സിനിമയുടെ പേരാണ് ട്രൂ ക്രൈം (1999).ചെയ്യാത്ത തെറ്റിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫ്രാങ്ക് എന്ന കറുത്ത വര്‍ഗ്ഗക്കാരന്റെ ജീവിതത്തിലെ അവസാനത്തെ ദിവസം.അര്‍ദ്ധരാത്രി പന്ത്രണ്ട് മണി പിന്നിട്ട് ഒരു മിനിറ്റ് കഴിയുമ്പോള്‍ അയാളുടെ ജീവിതം അവസാനിക്കും. വിഷം കുത്തിവച്ചാണ് അയാളെ കൊല്ലുക.ജയിലില്‍ അയാളെ കാണാന്‍ ഭാര്യയും കുഞ്ഞുമകളും വരികയാണ്. അവര്‍ ആഹ്‌ളാദഭരിതമായൊരു കുടുംബജീവിതം നയിച്ചിരുന്നവരാണ്. മകള്‍ അച്ഛന്‍ വീട്ടില്‍ വരാത്തതില്‍ വലിയ വിഷമത്തിലാണ്, പരിഭവത്തിലും. അച്ഛന് സമ്മാനിക്കാനായി താന്‍ ഒരു ചിത്രം വരച്ചു കൊണ്ടു വന്നിരിക്കുകയാണെന്ന് അവള്‍ പറയുന്നു. ഒരു പുല്‍മേടിന്റെ ചിത്രം. പക്ഷെ അതിന് നിറം നല്‍കിത്തീര്‍ന്നിട്ടില്ല. അച്ഛനൊപ്പം ഇരുന്ന് നിറം നല്‍കാനാണ് അവളുടെ പദ്ധതി. കുറച്ചു മണിക്കൂറുകള്‍ കൂടി കഴിയുമ്പോള്‍ അവര്‍ വേര്‍പെടും. അവരിനിയൊരിക്കലും പരസ്പരം കാണില്ല.

ഇത്തരമൊരു രംഗം, അതിന്റെ അതിനാടകീയമായ അംശങ്ങളിലേക്ക് വഴുതിപ്പോകാതെ എന്നാല്‍ അതിന്റെ വൈകാരികതീവ്രതയും ആ നഷ്ടത്തിന്റെ ആഴത്തെയും ഒരു സിനിമയില്‍ പ്രതിഫലിപ്പിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ പ്രതിഭാശാലികളായ സംവിധായകര്‍ ഇത്തരം വെല്ലുവിളികളെ അനായാസം മറികടക്കുന്നത് കാണുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്.ഇവിടെ ഫ്രാങ്കിനെ കെട്ടിപ്പിടിച്ച് ഭാര്യ വിങ്ങിപ്പൊട്ടുന്നുണ്ട്.. പക്ഷെ ഫ്രാങ്ക് അവള്‍ ധൈര്യമായിരിക്കുമെന്ന വാഗ്ദാനത്തെ ഓര്‍മിപ്പിക്കുന്നു. ഭാര്യ കണ്ണുനീര്‍ തുടയ്ക്കുന്നു.നമ്മുടെ മകള്‍ എന്നെപ്പറ്റി ഓര്‍ത്ത് ഇരിക്കാനിടയാവരുത് – ഫ്രാങ്ക് അവസാനത്തെ ആവശ്യം പിന്നെയും പറയുന്നു. ഭാര്യ ഉറപ്പുനല്‍കുന്നു. പക്ഷെ അവള്‍ വീണ്ടും വിങ്ങിപ്പൊട്ടിപ്പോവുന്നു.

അപ്പോള്‍ മകള്‍ ചിത്രത്തിന് നിറം നല്‍കുന്നിതിന്റെ പ്രശ്‌നങ്ങളിലാണ് : ‘ അമ്മേ, പച്ച കാണുന്നില്ല.’

‘ അത് ആ ക്രയോണിന്റെ കൂട്ടത്തിലുണ്ട്. നീ നോക്കിയെടുക്കൂ ‘.’ ഇല്ല, കാണുന്നില്ല, പച്ച മാത്രമില്ല ‘.’ ഉണ്ട്. നീ നോക്കൂ. ” ഇല്ല. ” എന്നാല്‍ നീ വേറൊരു നിറം ഉപയോഗിക്കൂ’.’ ഇല്ല ‘ അവള്‍ കരയുന്നു : ‘ പുല്‍മേടിന് പച്ച തന്നെ വേണം. പച്ചയ്ക്ക് പകരം വേറൊരു നിറം എങ്ങനെ ശരിയാവും ? ‘കഴിഞ്ഞു. അത്ര ലളിതമായി വിഷയം പറഞ്ഞു കഴിഞ്ഞു. ചില കാര്യങ്ങള്‍ക്ക് മറ്റൊന്നും പകരം വയ്ക്കാനാവില്ല.പച്ചയ്ക്ക് പച്ച തന്നെ വേണം.

ഫ്രാങ്ക് എന്ന അച്ഛനൊരു പകരക്കാരനെ അവളുടെ ജീവിതത്തില്‍ ലഭിക്കില്ല എന്ന് സംവിധായകന്‍ കാണികളോട് പറഞ്ഞു കഴിഞ്ഞു.കൂടിക്കാഴ്ച അവസാനിച്ച് അവര്‍ പുറത്തേക്കു പോവുമ്പോള്‍ അവള്‍ ശിശുസഹജമായ എല്ലാ നിഷ്ങ്കളങ്കതയോടും കൂടി ചോദിക്കുന്നുണ്ട്, അച്ഛന്‍ എന്നാണ് ഇവരെയെല്ലാം കൊന്നിട്ട് വീട്ടിലേക്ക് വരുന്നതെന്ന്. എന്നിട്ടവള്‍ കരച്ചിലിനിടയില്‍ അയാള്‍ക്ക് ഗുഡ്‌ബൈ പറയുന്നു. നമ്മളവളെ കാണുന്നില്ല. ആ വേദനയുടെ , നഷ്ടത്തിന്റെ , നിഷ്ക്കളങ്കമായ കുഞ്ഞു ശബ്ദം മാത്രമാണ് കേള്‍ക്കുന്നത്. ഹൃദയമുള്ളവർ ഈ രംഗത്ത് കരഞ്ഞുപോവും. ഇതിലെ ആ പച്ച നിറം പോലെ നമുക്ക് പകരം വക്കാൻ പറ്റാത്ത ഒരു പറ്റം ചേർത്തുരുർത്തലുകളുണ്ട്. അതുകൊണ്ട് ഈ സ്നേഹം, പ്രണയം, സൗഹൃദം ഇവയൊക്കെ തേടി ഇറങ്ങുമ്പോൾ ഇവയൊക്കെ എന്താണെന്നു ചോദിക്കാറുണ്ട്. സ്നേഹം സൗഹൃദം പ്രണയം ഇവയൊക്കെ നമ്മൾ തേടി പോകേണ്ടതല്ല മറിച്ചു വന്നു ചേരുന്നതാണ്. ഇവക്കൊക്കെ ഒരേയൊരു നിർവചനം ഉണ്ടേൽ അത് മറ്റൊന്നുമല്ല -ചേർത്തുനിർത്തൽ, ചേർന്നിരിക്കുക എന്നു മാത്രമാണ്.
മൂന്നിൽ ഏതു തരം ബന്ധവുമായിക്കൊള്ളട്ടെ – ചേർന്ന് നിൽക്കുന്ന അല്ലെങ്കിൽ ചേർത്തു പിടിക്കുന്ന ആളെ ഒരു പ്രശ്നം വരുമ്പോൾ അതറിയിക്കാതെ തനിയെ ആ വിഷമം ഉള്ളിൽ കൊണ്ടു നടക്കുന്നത് എന്തു തരം സ്നേഹമാണ്? അതാണ് ശരിക്കും ആത്മാർത്ഥതയില്ലായ്മ.പ്രശ്നങ്ങൾ ഒതുങ്ങി കഴിഞ്ഞ് വീണ്ടും തിരികെ എത്തുമ്പോൾ മറ്റേയാൾ അനുഭവിക്കുന്ന ഒരു അന്യതാ ബോധമുണ്ടല്ലോ – പൊടുന്നനെ ഒഴിവാക്കപ്പെട്ടതിന്റെ വേദന – അത് വലിയൊരു നീറ്റലാണ്.

ഈ ചേർത്തുനിർത്തലുകൾ പരസ്പരം എപ്പോളും കാണുന്നതോ, തൊടുന്നതോ, സ്വന്തമാക്കുന്നതോ അല്ല. നീ എന്നെയും ഞാൻനിന്നെയും എത്രമാത്രം മനസിലാക്കുന്നു എന്നുള്ള തിരിച്ചറിവാണ്. നിലക്കാത്ത പ്രകടനങ്ങളല്ല നിശ്ശബ്ദമായ കരുതലാണ് ഈ ചേർത്തു നിർത്തലുകൾ നിറങ്ങളുടെ ആഘോഷമല്ല നഓര്‍മകളുടെ ഉത്സവമാണ് ഈ ചേർത്തുനിർത്തലുകൾ. പരസ്പരമുള്ള ഇഷ്ടങ്ങളുടെ ആധിപത്യമല്ല, പരസ്പരമുള്ള അംഗീകരിക്കലുകളാണിത്.

ഉൾക്കണ്ണുകൊണ്ടു മറ്റൊരു വ്യക്തിയെ പൂർണമായും കാണുന്നതാണ്. യഥാർത്ഥമായ ഈ ചേർന്നിരിക്കലുകളുകൾ മനസുകളുടെ ചേർന്നിരിക്കലുകൾ തന്നെ. ഒരുത്തരത്തിലെ സ്നേഹധിക്യം.എല്ലാ ബന്ധങ്ങളും ചേർന്നിരിക്കാനും ചേർത്തു പിടിക്കാനും ഉള്ളതാണ്. കാര്യസാദ്ധ്യങ്ങൾക്കായി ചേരാനും അകലാനും ഉള്ളതല്ല. ചേർന്നിരിക്കുക എന്നത് അത്ര എളുപ്പമല്ല. നിരന്തരമായ ഇടപെടലുകളിലൂടെ, പരസ്പരമുള്ള അറിയലുകളിലൂടെ ഉള്ളിൽ നിന്നും ഉണർന്നു വരുന്ന ഒന്നാണത്. ചേർന്നിരിക്കലിന്റെ ഉണർത്തുപാട്ടുകൾ മനുഷ്യരിൽ ഉണരട്ടെ. പകരം വെക്കാൻ പറ്റാത്ത നല്ല ചേർന്നിരിക്കലുകൾ ഒരു മുതൽ കൂട്ടാണ്. ചേർത്തു നിർത്തുക, ചേർന്നിരിക്കുക.

✍️# sjcmonk (#Shebinjoseph) #life  #motivation

ഇത്തിരിവെട്ടം 13

#ഇത്തിരിവെട്ടം 13

പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ വായിക്കാത്ത മലയാളികൾ വളരെ വിരളമാണ്. അതിലെ ഒരു വാചകം എന്നും മനസ്സിൽ തളം കെട്ടിനിക്കാറുണ്ട്. “ജീവിതം ഒരു ചൂതുകളിയാണ്. ചിലർ നേടുന്നു. ചിലർ നഷ്ടപ്പെടുന്നു. നോക്ക്, ഏത് ജീവിതത്തിലും സംഭവിക്കുന്നത് അതല്ലേ? ജീവിതത്തിന്റെ ദൂരം താണ്ടി ഒടുവിലത്തെ വഴിയമ്പലത്തിന്റെ തിണ്ണയിൽ ഒരു സന്ധ്യക്ക് ചെന്നിരുന്ന് മനുഷ്യൻ കണക്കു നോക്കുന്നു. ജീവിതം ലാഭമോ നഷ്ടമോ..? “.”ആത്മീയമായ ഏകാന്തതയുടെ ദുഃഖം മറക്കാനാണ് സ്നേഹിക്കുന്നത് ” എന്ന നിഗമനത്തിൽ എത്തിച്ചേരുന്ന നായകനെയും കണ്ടുമുട്ടുന്നുണ്ട് അവിടെ .ജീവിതത്തിൽ ലാഭം നഷ്ടം വിജയം പരാജയം എന്നിവയെ കണക്കുകൂട്ടി മുന്നേറുന്നവരാണ് ഏവരും.പലപ്പോഴും അർത്ഥമേറിയതെന്നും ചിലപ്പോഴൊക്കെ അർത്ഥശൂന്യമെന്നും തോന്നിപ്പിക്കുന്ന മനുഷ്യജീവിതം. അതിനകത്ത് ഭ്രാന്തുകളുണ്ട്, ആനന്ദമൂർച്ഛയുണ്ട്.
പകയും വാശിയും സ്നേഹമുണ്ട്.
സഹതാപവും അഹന്തയും നാശവുമുണ്ട്.. എല്ലാറ്റിനുമൊടുവിൽ മരണവും. പരാജയം മാത്രമേ ജീവിതത്തിൽ സംഭവിക്കു എന്നു മുന്നിൽ കണ്ടു ജീവിക്കുന്നവർ ജീവിത്തിൽ മരിച്ചു ജീവിക്കുന്നവർ തന്നെയാണ്

പരാജയത്തിന് കാരണമാകുന്ന കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുക എന്നതാണ് അതിനെ അതിജീവിക്കാനുള്ള ആദ്യച്ചുവട്.
ആദ്യം വരുന്നത് നിരാശയാണ്, നമുക്ക് ഒരു പ്രധാന ലക്ഷ്യം സാക്ഷാത്കരിക്കാനാവില്ലെന്ന് തോന്നുമ്പോൾ ഉണ്ടാകുന്നതാണിത്.നമ്മൾ സ്വയം കഴിവില്ലാത്തവരാണെന്ന് സ്വയം കരുതി നമ്മെ തന്നെ ഒന്നിനും കൊള്ളാത്തവരായി ഈ ചിന്ത ചിത്രീകരിക്കാം.
അടുത്തത് ആക്രമണാത്മകതയാണ്. നമ്മുടെ ലക്ഷ്യങ്ങൾ നേടാൻ ഒരു എനർജി ലെവല് എന്നും ആവശ്യമാണ്. ഞാൻ അത് നേടിയെടുക്കും എന്നുള്ള ഒരു അറ്റാക്കിങ് മോടാണിത്. എന്നാൽ പരാജയഭീതിയുള്ള മനുഷ്യർ എന്നും ഇതുവഴി ലക്ഷ്യത്തിനുപകരം വിഷമവും പരുഷതയും പോലുള്ള സ്വയം നശിപ്പിക്കുന്ന പ്രവണതകളിലേക്ക് നയിക്കും.
മൂന്നാമത്തേത് അരക്ഷിതാവസ്ഥ അല്ലെങ്കിൽ നമ്മുടെ ആവശ്യകതകൾക്ക് അനുസൃതമായി ജീവിക്കുന്നില്ലെന്ന് തോന്നലാണ് . രസകരമെന്നു പറയട്ടെ, അരക്ഷിതാവസ്ഥ പലപ്പോഴും ഉണ്ടാകുന്നത് യഥാർത്ഥ കഴിവില്ലായ്മയല്ല, മറിച്ച് ഒരു വികലമായ അളവെടുപ്പ് സംവിധാനമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മൾ സ്വയം ഒരു സാങ്കൽപ്പികവും അസാധ്യമായതുമായ ഒരു ആദർശവുമായി താരതമ്യപ്പെടുത്തിയാൽ, നമുക്ക് ഒരിക്കലും ആത്മവിശ്വാസം അനുഭവപ്പെടില്ല.
നാലാമത്തേത് ഏകാന്തതയാണ്, മറ്റുള്ളവരിൽ നിന്ന് അകന്നുപോകുന്നു എന്ന തോന്നൽ, മറ്റുള്ളവർ എന്റെ കൂടെയില്ല എന്നൊരു ചിന്തയുമാണിത് .
പരാജയത്തിന്റെ അഞ്ചാമത്തെ സവിശേഷത അനിശ്ചിതത്വം അല്ലെങ്കിൽ ഒരിക്കലും തീരുമാനങ്ങൾ എടുക്കാതെ തെറ്റുകൾ ഒഴിവാക്കുക എന്നതാണ്. വിജയിക്കുമെന്ന് ഉറപ്പില്ലെങ്കിൽ പ്രവർത്തിക്കരുത് എന്ന തെറ്റായ കാരണം പറഞ്ഞ് പ്രവർത്തിക്കാനും ലക്ഷ്യങ്ങൾ നേടാനുമുള്ള റിസ്ക് എടുക്കുന്നതിന്റെ ഒരു പരാജയമാണിത്. ഒരു നിശ്ചിത പാത കണ്ടെത്താനാകാത്തതിനാൽ, തീരുമാനമെടുക്കുന്നില്ല. ചില തീരുമാനങ്ങൾ എടുക്കാത്തതുകൊണ്ട് പരാജയമോ വിജയമോ ഇല്ലാത്ത ഒരു നിഷ്‌ക്രിയത്തം നിറഞ്ഞ അവസ്ഥ. പരാജയത്തിന്റ ആറാമത്തെ ചിന്താതലം
നീരസമാണ്. എന്തിനും ഏതിനും മറ്റുള്ളവരെ പഴിച്ചുകൊണ്ട് സ്വയം ന്യായീകരിക്കുന്ന ഒരവസ്ഥ
പരാജയത്തിന്റെ അവസാന ലക്ഷണ0 എംപ്റ്റിനെസ് ആണ്. ജീവിതം വിരസമാണെന്നും പിന്തുടരുന്നത് ഒന്നും നേടാനാകില്ല എന്ന ചിന്തയിൽ നിന്നാണ് ഈ തോന്നൽ ഉണ്ടാകുന്നത്.വ
ജീവിതത്തിൽ കാഫ്ക്ക എപ്പോളും നമ്മളെ ഓർമ്മിപ്പിക്കാറുണ്ട് “ഓട്ടത്തിൽ തനിച്ചായിരിക്കും, എങ്കിലും കൊട്ടാരത്തിലേക്കുള്ള യാത്ര തുടരുക”. ഇതൊരു വെല്ലുവിളിക്കലാണ് എപ്പോളും ജീവിതത്തിൽ മൂവ് ചെയ്തുകൊണ്ടിരിക്കാനുള്ള ഒരു വെല്ലുവിളി. ഓടാൻ പറ്റുമ്പോൾ ഓടുക, ഓടാൻ പറ്റുന്നില്ലേൽ നടക്കുക, നടക്കാൻ പറ്റുന്നിലേൽ ഇഴയുക. എപ്പോളും മുന്നോട്ട് എന്നൊരു എന്നൊരു തീക്കനൽ മനസിലുണ്ടാകണം.
കൈയിലൊരു ചെറിയ തുട്ടുകൂടിയില്ലാതെ കത്തുന്ന വയറുമായി വഴിയിലൂടെ നടക്കുമ്പോൾ ദസ്തയേവ്സ്കിയുടെ ഓർമ്മപ്പെടുത്തൽ പ്രസക്തമാണ്,” ഇത്ര കഠിനമായി വിശപ്പ് കൂട്ടിനുള്ളപ്പോൾ ഞാനെങ്ങനെയാണ് ഒറ്റയ്ക്കാവുക? പട്ടിണിയുടെ മുതുകിൽ ആഞ്ഞാഞ്ഞു ചവിട്ടിയാണെന്റെ നടത്തം”.
നേട്ടങ്ങളോടും നഷ്ടങ്ങളോടും ആർത്തിയോ നിരാശയോ തോന്നാതെ ചിരിക്കാനും കരയാനും മുഖത്തെയും മനസ്സിനെയും ഒരുക്കിനിർത്താൻ ആ മനുഷ്യനിലൂടെ നീയെന്നെ വീണ്ടും വെല്ലുവിളിച്ചു ടോൾസ്റ്റോയിലൂടെ –
ചാരുബെഞ്ചിലിരുന്ന് മെരേസാ നദിയുടെ ഓളങ്ങളിൽ നഷ്ടലാഭങ്ങളെ ഒഴുക്കിക്കളഞ്ഞവൻ. ഈ ജീവിതത്തിന്റെ മുങ്ങിപ്പോങ്ങലുകളിൽ ഈ ഭൂമിയിൽ എനിക്കുകൂട്ടു പോകുന്ന എന്നോളം വലിയ ഒരു കൂട്ടുവേറെയില്ല, ഒരുത്തനും ഒരുവളും എനിക്ക് എന്റെ ജീവിതത്തിൽ പകരമാവില്ല.


ഈ പരാജയ തോന്നലുകളെ മറികടക്കാൻ എനിക്ക് ഞാനാളം വലിയ മോട്ടിവേഷനോ കൂട്ടോ ഈ ഭൂമിയിൽ ഇല്ല എന്നു തിരിച്ചറിയുന്നിടത്താണ്. എനിക്ക് എന്റെ ജീവിതത്തിൽ എനിക്ക് പകരം ആരുമില്ല എന്നൊരു ബോധ്യമാണിത്. മനുഷ്യജീവിതത്തിന്റെ
വലിയ സന്ദിഗ്ദ്ധതകളെ ഷെയ്ക്സ്പിയർ ഹാംലെറ്റൽ അവതരിപ്പിക്കുന്നുണ്ട്.“To be or not to be, that is the question.” വൈലോപ്പിള്ളി ശ്രീധരമേനോൻ സാവിത്രി എന്ന കവിതയിൽ അൽപ്പം ഭാവം മാറ്റി പാടും,
“ ’ഇരിക്കേണമോ മരിക്കേണമോ’ പഠിക്കുമീ
വരിക്കെന്തെന്തുത്തരമെന്നു ഞാനുഴലവേ”.
മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആരാണെന്ന ചോദ്യത്തിനും ഉത്തരം തന്നത് ഷേക്സ്പിയറായിരുന്നു – “Security is mortal’s chiefest enemy.” (മതമോ, മൃഗമോ, ചെകുത്താനോ, രോഗമോ ഒന്നുമല്ല, സുരക്ഷിതത്വബോധമാണ് (sense of security) മനുഷ്യന്റെ യഥാർത്ഥ ശത്രു. ആ ബോധത്തിൽ നിന്നാണ് മനുഷ്യൻ അവന്റെ നാശത്തിലേക്കുള്ള നടത്തം തുടങ്ങുന്നത്. ഓരോരുത്തരും സ്വന്തം കയ്യിലാണ് ഏറ്റവും സുരക്ഷിതർ എന്നു തോന്നിത്തുടങ്ങണം അനുഭവപ്പെട്ടു തുടങ്ങണം. ജീവിതത്തെ രണ്ടുവാക്കുകളിൽ അങ്ങു ഒതുക്കാൻ പറ്റും –
“ Readiness is all” (Hamlet),
“ Ripeness is all” (King Lear). നീ ഒരുങ്ങിയിരിക്കുക നിന്റെ ജീവിതത്തിനു കൂട്ടുപോകാൻ.ജീവിതത്തിലെ വഴിമുടക്കങ്ങൾ ചില വഴിതിരിവിലേക്കു നയിക്കും.ജീവിതം വീട്ടിലേക്കുള്ള ഒരു മടക്കയാത്രയല്ലാതെ മറ്റൊന്നുമല്ല.നമ്മളുടെ വളർച്ചയിൽ നമ്മൾ നഷ്ടപ്പെടുത്തിയ സമ്മാനങ്ങളുടെ ഒരു വീണ്ടെടുപ്പാണത്, അതിനു കൂട്ട് ഞാൻ മാത്രേ ഉള്ളു എന്നൊരു അവബോധം വേണം.
മരണശേഷം ഒരു ചെറിയ ബോക്സിൽ കഴിയാൻ ഇഷ്ടംപോലെ സമയമുള്ളപ്പോൾ എന്തിനു ജീവിച്ചിരിക്കുമ്പോൾ തന്നെ പരാജയ ഭീതിവച്ചു ആ ബോക്സിനുള്ളിൽ കഴിയണം.
തന്റെ ഏറ്റവും സുന്ദരമായ ഗാനം ആലപിക്കാതെയാണ് മിക്കവരും മരണത്തിനു കീഴടങ്ങുന്നത്. ഏറ്റവും ഏറ്റവും മനോഹരമായ പാട്ട്‌ പാടിതീർക്കാതെ ജീവിതകൃതി എഴുതി തീർക്കാതെ ഈ ഭൂമിവിട്ടു പോകരുത്.
വിജയം എന്നത് നിങ്ങളുടെ സ്വന്തം സത്യത്തിനും നിബന്ധനകൾക്കും അനുസരിച്ച് ജീവിക്കുന്നതല്ലാതെ മറ്റൊന്നുമല്ല.
കരുതലും , സ്നേഹവും , മോട്ടിവഷനും , പ്രതീക്ഷയും എല്ലാം ഒരുമിച്ച് പകർന്നു തരുന്ന ഒരു വാക്കുണ്ട് . കൂടെയുണ്ട്. എന്റെ ഏറ്റവും വലിയ കൂട്ടു, ഏറ്റവും വിശ്വസിക്കാവുന്ന കൂട്ട്,ഞാൻ എന്ന വലിയ ബോധം.

✍️ഷെബിൻ ചീരംവേലിൽ
#Sjcmonk #shebinjoseph #motivation #lifetalk