Welcome Christmas

Welcome Christmas

St Alphonsa – Short Life History

ജൂലൈ 28

🧚🏻‍♂ 🕯വിശുദ്ധ അല്‍ഫോന്‍സാമ്മ‍.🕯🧚🏻‍♂

St Alphonsa

1910 ഓഗസ്റ്റ് 1ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ഒരു പാമ്പ് ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍ മാസം തികയാതെ എട്ടാം മാസത്തിലാണ് വിശുദ്ധ ജനിച്ചത്. അവള്‍ ജനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 28ന് സീറോമലബാര്‍ സഭാ ആചാരമനുസരിച്ച് ജോസഫ് ചക്കാലയില്‍ അച്ചന്‍ അല്‍ഫോന്‍സാമ്മയെ മാമോദീസാ മുക്കുകയും അവള്‍ക്ക് അന്നക്കുട്ടി എന്ന പേര് നല്‍കുകയും ചെയ്തു.

മൂന്ന് മാസങ്ങള്‍ക്ക് ശേഷം അവളുടെ മാതാവ് മരിച്ചതിനാല്‍ അന്നക്കുട്ടി തന്റെ ശൈശവം അവളുടെ വല്യപ്പനും വല്യമ്മയ്ക്കൊപ്പംഎലുംപറമ്പിലായിരുന്നു ചിലവഴിച്ചത്. ഈ അവസരത്തിലാണ് ആത്മീയജീവിതത്തിന്റെ ആദ്യവിത്തുകള്‍ അവളില്‍ വിതക്കപ്പെട്ടത്. ഒരു ദൈവ ഭക്തയായിരുന്ന അവളുടെ വല്യമ്മ വിശ്വാസത്തിന്റെ ആനന്ദത്തെക്കുറിച്ചും, പ്രാര്‍ത്ഥനയെക്കുറിച്ചും, കാരുണ്യത്തെക്കുറിച്ചും അവളെ പറഞ്ഞു മനസ്സിലാക്കി. അന്നകുട്ടിയ്ക്കു അഞ്ച് വയസ്സുള്ളപ്പോള്‍ തന്നെ സന്ധ്യാ നേരത്തുള്ള കുടുംബ പ്രാര്‍ത്ഥന അവളായിരുന്നു നയിച്ചിരുന്നത്.

കുടമാളൂർ പള്ളിയിൽ 1917 നവംബർ 11 – ന് അന്നക്കുട്ടി അദ്യകുർബ്ബാന സ്വീകരിച്ചു. 1917-ല്‍ അന്നക്കുട്ടിയെ പിതാവിന്റെ സഹോദരനായ ഏലൂപ്പറമ്പിൽ ഈപ്പന്‍, തൊണ്ണാംകുഴി സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തില്‍ ചേര്‍ത്തു. അവിടെ അവള്‍ക്ക് ഹിന്ദുമതസ്ഥരായ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ അവള്‍ തന്റെ അമ്മയുടെ സഹോദരിയായിരുന്ന അന്നമ്മ മുരിക്കനിന്റെ മുട്ടുചിറയിലുള്ള ഭവനത്തിലേക്ക് മാറി. വളരെ ചിട്ടയിലും, നിയന്ത്രണത്തിലുമായിരുന്നു പേരമ്മയായിരുന്ന അന്നമ്മ അന്നക്കുട്ടിയെ വളര്‍ത്തിയിരുന്നത്.

അന്നക്കുട്ടിയാകട്ടെ തന്റെ തൊട്ടടുത്തുള്ള കര്‍മ്മലീത്ത ആശ്രമത്തിലെ കന്യാസ്ത്രീകളുമായി നല്ല അടുപ്പത്തിലായിരുന്നു. അവള്‍ക്ക് അക്കാലത്തെ നാട്ടുനടപ്പനുസരിച്ചുള്ള വിവാഹപ്രായമായപ്പോള്‍ അവളുടെ പേരമ്മ സൽസ്വഭാവിയായ ഒരാളെക്കൊണ്ട് അന്നക്കുട്ടിയെ വിവാഹം കഴിപ്പിക്കുവാൻ തീരുമാനിച്ചു. അവളാകട്ടെ വിവാഹ ജീവിതം ആഗ്രഹിച്ചിരിന്നില്ല. തന്റെ ആഗ്രഹപ്രകാരം കര്‍ത്താവിന്റെ മണവാട്ടിയായി ജീവിക്കുവാനായി ഒരിക്കല്‍ അവള്‍ തന്റെ പാദം വരെ ഉമിത്തീയില്‍ പൊള്ളിക്കുകയുണ്ടായി.

ഇതിനെക്കുറിച്ച് അവള്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “എനിക്ക് പതിമൂന്ന്‍ വയസ്സ് പ്രായമായപ്പോള്‍ എന്റെ കല്ല്യാണം നിശ്ചയിക്കപ്പെട്ടു. അതൊഴിവാക്കുവാനായി ഞാന്‍ എന്ത് ചെയ്യണം? ആ രാത്രി മുഴുവന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ എനിക്കൊരു ബുദ്ധിതോന്നി. എന്റെ ശരീരം കുറച്ചു വികൃതമായാല്‍, എന്നെ ആരും ഇഷ്ടപ്പെടുകയില്ല!. ഓ ഞാന്‍ എന്ത് മാത്രം സഹിച്ചു. ഇതെല്ലാം ഞാന്‍ എന്റെ ഉള്ളിലുള്ള മഹത്തായ ലക്ഷ്യത്തിനായി ചെയ്തതാണ്”. എന്നാല്‍ വിവാഹാര്‍ത്ഥികളെ പിന്തിരിപ്പിക്കുന്നതില്‍ ആ പദ്ധതി പൂര്‍ണ്ണമായും വിജയിച്ചില്ല.

ആ നാളുകളിൽ മുട്ടുചിറ പള്ളിയിൽ വിശ്രമ ജീവിതം നയിച്ചിരുന്ന മുരിക്കൻ പോത്തച്ചനും, അരുവിത്തുറ പള്ളി വികാരിയായിരുന്ന മുട്ടത്തുപാടത്ത് യൗസേപ്പച്ചനും അന്നക്കുട്ടിയ്ക്ക് ഭാവി ഉപദേശം നൽകി. വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയെ ആദ്ധ്യാത്മിക നേതാവായി കാണുന്ന ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിൽ ചേരുക എന്നതായിരുന്നു അവർ നൽകിയ ഉപദേശം. അതിനായി 1927 മേയ് 24-ന് അവള്‍ ഭരണങ്ങാനത്തുള്ള അവരുടെ കോളേജില്‍ ചേര്‍ന്ന് അവിടെ താമസിച്ചുകൊണ്ട് ഏഴാം തരത്തിനു പഠിക്കുവാന്‍ തുടങ്ങി. കന്യാസ്ത്രീയാകുന്നതിന്റെ ആദ്യപടിയായി 1928 ഓഗസ്റ്റ് രണ്ടിന്‌ അന്നക്കുട്ടി ശിരോവസ്ത്രം സ്വീകരിച്ചു.

ആ ദിവസം വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ തിരുനാൾ ദിവസമായിരുന്നതിനാല്‍, വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ആദരണാര്‍ത്ഥം ‘അല്‍ഫോന്‍സ’ എന്ന നാമമാണ് അവള്‍ക്ക് നല്‍കപ്പെട്ടത്. സഭാവസ്ത്ര സ്വീകരണത്തിനായി അൽഫോൻസ ഭരണങ്ങാനത്ത് തിരിച്ചെത്തുകയും 1930 മേയ് 19-ന് ഭരണങ്ങാനം ഫൊറോന പള്ളിയിൽ വച്ച് ചങ്ങനാശ്ശേരി രൂപതാ മെത്രാൻ മാർ ജെയിംസ് കാളാശ്ശേരിയിൽ നിന്നും സഭാവസ്ത്രം സ്വീകരിക്കുകയും ചെയ്തു.

1930-1935 കാലയളവ് വിശുദ്ധയെ സംബന്ധിച്ചിടത്തോളം അസുഖങ്ങളുടെ ഒരു കാലമായിരുന്നു. 1932-ല്‍ കോട്ടയം ജില്ലയിലെ വാകക്കാട് എന്ന സ്ഥലത്തെ ക്ലാരമഠം വക പ്രൈമറി സ്കൂളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. എന്നാൽ അനാരോഗ്യം നിമിത്തം ഒരു വർഷം മാത്രമാണ് ആ സ്ഥാനത്തു തുടരുവാൻ അല്ഫോന്‍സക്ക് സാധിച്ചത്. അനാരോഗ്യം കാരണം അവള്‍ ഒരു സഹ-അദ്ധ്യാപകയുടെ ചുമതലയും, കൂടാതെ ഇടവക പള്ളിയിലെ വേദോപദേശ അദ്ധ്യാപകയുമായി വര്‍ത്തിച്ചു പോന്നു.

തുടർന്ന് 1935 ഓഗസ്റ്റ് 12-ന് ചങ്ങനാശ്ശേരി ക്ലാരമഠത്തിൽ അവള്‍ നൊവിഷ്യേറ്റിനായി പ്രവേശിക്കപ്പെട്ടു. അൽഫോൻസയെ ഭരണങ്ങാനം മഠത്തിൽ സ്വീകരിച്ച ഉർസുലാമ്മയും, സി.എം.ഐ. വൈദികനും അൽഫോൻസയുടെ ഇടവകാംഗവുമായ ളൂയീസച്ചനുമാണ് യഥാക്രമം ഗുരുഭൂതയായും ആദ്ധ്യാത്മിക ഗുരുവായും അവള്‍ക്ക് ലഭിച്ചത്. നൊവിഷ്യേറ്റ് ആരംഭിച്ച് ഒരാഴ്ചക്ക് ശേഷം അൽഫോൻസ വീണ്ടും രോഗബാധിതയായി. അവള്‍ക്ക് മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാവുകയും, കാലില്‍ വ്രണം ഉണ്ടാവുകയും ചെയ്തു.

വളരെ ദുരിതപൂര്‍ണ്ണമായ ആ അവസരത്തില്‍ ദൈവദാസനും, ഇപ്പോള്‍ വിശുദ്ധനുമായ ഏലിയാസ് കുരിയാക്കോസ് ചാവറ പിതാവ് അവളുടെ രക്ഷക്കെത്തി. ചാവറ പിതാവിന്റെ മാദ്ധ്യസ്ഥത്താല്‍ അവളുടെ അസുഖം അത്ഭുതകരമായി സൌഖ്യം പ്രാപിച്ചു. രോഗപീഡകളിൽ നിന്നും താൽകാലികമായെങ്കിലും മോചിതയായ അൽഫോൻസ 1936 ഓഗസ്റ്റ് 12-ന് വിശുദ്ധ ക്ലാരായുടെ തിരുനാള്‍ ദിവസം ചങ്ങനാശ്ശേരി മഠത്തിൽ വച്ച് നിത്യവ്രതവാഗ്ദാനം നടത്തി. ആ സമയം മുതല്‍ യേശുവിന്റെ കുരിശിന്റെ ഒരു ഭാഗം തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ഒരു പ്രതീതിയായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. യേശു തന്റെ മണവാട്ടിയെ സഹനങ്ങള്‍ നിറഞ്ഞ ജീവിതത്തിലൂടെയായിരുന്നു പൂര്‍ണ്ണയാക്കിയിരുന്നത്.

ഓഗസ്റ്റ് 14-ന് അവള്‍ ഭരണങ്ങാനത്തേക്ക് തിരിച്ചു പോന്നു. വിവിധ തരത്തിലുള്ള അസുഖങ്ങളാല്‍ വിശുദ്ധ ഏറെ സഹനങ്ങള്‍ ഏറ്റുവാങ്ങി. ടൈഫോയ്ഡ്, പനി, ന്യൂമോണിയ എന്നീ അസുഖങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വിശുദ്ധയെ പിടികൂടി. 1940 ഒക്ടോബർ മാസം സന്ധ്യാപ്രർഥനകൾക്കായി എല്ലാവരും ചാപ്പലിൽ പോയ സമയത്ത് അൽഫോൻസ ഒരു കാൽപ്പെരുമാറ്റം കേട്ടു. അവിടേക്ക് തന്റെ ദൃഷ്ടികളെ അയച്ചപ്പോൾ കറുത്തിരുണ്ട ഒരു മനുഷ്യനെ കണ്ടു. ഭയന്നു നിലവിളിച്ച അൽഫോൻസയുടെ ശബ്ദം കേട്ട മറ്റുള്ളവർ ഉടൻ ഓടി എത്തുകയും കള്ളൻ രക്ഷപ്പെടുകയും ചെയ്തു. എന്നാൽ മോഷണവസ്തുക്കൾ അവിടെ നിന്നും ലഭിച്ചതിനാൽ സംഭവം സത്യമെന്നു മറ്റുള്ളവർ വിശ്വസിച്ചു. ഈ സംഭവത്താൽ ഭയപ്പെട്ട അൽഫോൻസ തളർന്നു പോയി.

1945-ല്‍ വിശുദ്ധക്ക് അതികലശലായ അസുഖം പിടിപ്പെട്ടു. അവളുടെ ശരീരത്തെ കീഴടക്കിയ നാനാവിധ രോഗങ്ങള്‍ അവളുടെ അന്ത്യ നിമിഷങ്ങള്‍ ദുരിതപൂര്‍ണ്ണമാക്കി. ആമാശയ വീക്കവും, ഉദര സംബന്ധമായ അസുഖങ്ങളും കാരണം വിശുദ്ധ ഒരു ദിവസം തന്നെ നാല്‍പ്പത് പ്രാവശ്യത്തോളം ഛര്‍ദ്ദിക്കുമായിരുന്നു. അപ്രകാരം രോഗാവസ്ഥയുടെ പാരമ്യതയില്‍, 1946 ജൂലൈ 28നു ഭരണങ്ങാനം ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് മഠത്തില്‍ വെച്ച് സിസ്റ്റര്‍ അല്‍ഫോന്‍സ കര്‍ത്താവില്‍ അന്ത്യ നിദ്ര പ്രാപിച്ചു.

1953 ഡിസംബര്‍ 2-നു ദൈവദാസിയായും 1984 നവംബര്‍ 9നു ധന്യ പദവിയിലേക്കും അവള്‍ ഉയര്‍ത്തപ്പെട്ടു. 40 വർഷങ്ങൾക്കുശേഷം 1986 ഫെബ്രുവരി എട്ടാം തീയതി അൽഫോൻസാമ്മയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2008 മാർച്ച് ഒന്നാം തിയതി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അൽഫോൺസാമ്മയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്താൻ തീരുമാനിക്കുകയും, 2008 ഒക്ടോബർ പന്ത്രണ്ടിന്‌ മറ്റു മൂന്ന് വാഴ്ത്തപ്പെട്ടവരോടൊപ്പം അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.
🔥🛐🕯✝🕯🛐🔥.

Japamala ജപമാല

സന്തോഷത്തിൻറെ ദിവ്യരഹസ്യങ്ങൾ

ദുഃഖത്തിൻറെ ദിവ്യരഹസ്യങ്ങൾ

പ്രകാശത്തിൻറെ ദിവ്യരഹസ്യങ്ങൾ

മഹിമയുടെ ദിവ്യരഹസ്യങ്ങൾ

മക്കളെ വളർത്തി വിശുദ്ധരായി മാറിയ 10 അമ്മമാർ

മക്കളെ വളർത്തി വിശുദ്ധരായി മാറിയ 10 അമ്മമാർ

Mother and Child Praying

ഒരു സ്ത്രീക്കു ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും ഉന്നതമായ ഒരു വിളിയും ഭാഗ്യവുമാണ് ‘അമ്മയാകുക’ എന്നുള്ളത്. മാതൃത്വം എന്നത് എല്ലാകാലത്തും നിരവധി വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തുകൊണ്ട് കഷ്ടപ്പാടുകളും വേദനകളും പ്രാർത്ഥനയോടെ സഹിക്കുന്ന ‘അമ്മ’ ഒരു കുടുംബത്തിന്റെ മാത്രമല്ല ഒരു ദേശത്തിന്റെ തന്നെ ഐശ്വര്യമായി മാറും.

ലോകം അറിയപ്പെടുന്ന വൻകാര്യങ്ങൾ ചെയ്യുന്നതിലൂടെയല്ല, പിന്നെയോ തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ വിശ്വസ്തതയോടെ ചെയ്യുന്നതിലൂടെയാണ് ഒരു അമ്മ വിശുദ്ധയായി മാറുന്നത്. ഇപ്രകാരം കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ തങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഭംഗിയായി നിർവഹിച്ച നിരവധി അമ്മമാരെ കത്തോലിക്കാസഭ പിന്നീട് വിശുദ്ധരായി പ്രഖ്യാപിച്ചു. ഇപ്രകാരം വിശുദ്ധരായ പത്ത് അമ്മമാരുടെ ജീവിതത്തിലൂടെ ഒരു യാത്ര.

1. വിശുദ്ധ സെലി മാർട്ടിൻ: തികച്ചും സാധാരണക്കാരിയായ ഒരമ്മയായിരുന്നു സെലി. ഒരു സാധാരണ കുടുംബിനിയും തുന്നല്‍ക്കാരിയുമായിരുന്നു അവള്‍. സംഭവബഹുലമല്ലാത്ത ഒരു വിവാഹമായിരുന്നു അവളുടേത്, പക്ഷേ, ദൈദിനംദിന ജീവിതത്തില്‍ വിശ്വാസത്തിനുള്ള മൂല്യത്തിന്റേയും, മാതൃത്വമെന്ന ദൈവനിയോഗത്തിന്റേയും പ്രകടനമായിരുന്നു അവളുടെ വിശുദ്ധി. ഒരമ്മയുടെ ലളിതമായ സ്നേഹം മക്കളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. വാസ്തവത്തില്‍ ഇതാണ് മുഴുവന്‍ ലോകത്തിലേക്കും വെച്ച് ഏറ്റവും വലിയ ശക്തി എന്നുള്ള കാര്യം. ഈ അമ്മയുടെ ത്യാഗവും സ്നേഹവും പ്രാർത്ഥനയും മൂലം അവളുടെ ഭർത്താവും (വിശുദ്ധ ലൂയിസ് മാർട്ടിൻ) മകളും (വിശുദ്ധ കൊച്ചുത്രേസ്യ) വിശുദ്ധരായി മാറി. കത്തോലിക്കാ സഭ വിശുദ്ധരായി പ്രഖ്യാപിച്ച ആദ്യത്തെ ദമ്പതികളാണ് വിശുദ്ധ ലൂയിസ് മാർട്ടിനും വിശുദ്ധ സെലി മാർട്ടിനും.

ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: നമ്മുടെ മക്കളെ സ്നേഹിക്കുക, അവരെ നല്ലപോലെ പരിപാലിക്കുക, ദൈവത്തെക്കുറിച്ച് അവരെ പഠിപ്പിക്കുക, അവരിലൂടെ ദൈവത്തിന് എന്തൊക്കെ ചെയ്യുവാന്‍ സാധിക്കുമോ അതിനുവേണ്ടി മക്കളെ ദൈവത്തിനു സമർപ്പിക്കുക.

2. വിശുദ്ധ ജിയാന്ന(വി. ജാന്ന): ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധയായിരുന്നു ജിയാന്ന. ഒരു ഡോക്ടറായിരുന്ന അവള്‍ ആറു കുട്ടികളുടെ അമ്മയുമായിരുന്നു. തന്റെ അവസാനത്തെ കുട്ടിക്ക് ജന്മം നല്‍കിയതു വഴിയാണ് അവള്‍ തന്റെ ജീവിതത്തിന് വീരോചിതമായ സാക്ഷ്യം നല്‍കിയത്. 1961-ല്‍, ഗര്‍ഭിണിയായിരുന്ന അവളെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ അവളുടെ ഗര്‍ഭാശയത്തില്‍ ഒരു മുഴ ഉണ്ടെന്നും അത് പ്രസവത്തെ ബാധിക്കുമെന്നും അവളോട് പറഞ്ഞു. കുഞ്ഞിനെ ഗർഭഛിദ്രം ചെയ്തുകൊണ്ട് അവളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടര്‍മാര്‍ അവളോട് ആവശ്യപ്പെട്ടു. എന്നാൽ “പ്രസവത്തില്‍ കുഴപ്പം ഉണ്ടാവുകയാണെങ്കില്‍ എന്റെ ജീവന്‍ കാര്യമാക്കേണ്ട, ദൈവം എനിക്കു നൽകിയ എന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണം’ എന്നായിരുന്നു അവള്‍ തന്റെ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഒരു പെൺകുഞ്ഞിനു ജന്മം നൽകിയതിനു ശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവളുടെ ആരോഗ്യ നില വഷളാവുകയും അവള്‍ മരണമടയുകയും ചെയ്തു. ജിയാന്ന എന്ന് തന്നെയായിരുന്നു അവളുടെ മകളുടെ പേരും, ഈ മകള്‍ പിന്നീട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്, “എന്റെ അമ്മയുടെ മുഴുവന്‍ ജീവിതവും ദൈവസ്നേഹത്തോടും പരിശുദ്ധ കന്യകാ മറിയത്തോടുമുള്ള ഒരു സ്തുതിഗീതമായിരുന്നു”.

ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: ദൈവത്തിന്റെ കൽപ്പനകൾ പാലിച്ചുകൊണ്ട് മുഴുവന്‍ ഹൃദയത്തോടും കൂടി നമ്മുടെ മക്കളെ സ്നേഹിക്കാം.

3. റോമിലെ വിശുദ്ധ ഫ്രാന്‍സെസ്: ആറു കുട്ടികളുടെ അമ്മയായിരുന്നു ഫ്രാന്‍സെസ്, എന്നാല്‍ അവളുടെ മകനായ ബാറ്റിസ്റ്റ മാത്രമായിരുന്നു ശൈശവത്തെ അതി ജീവിച്ച ഏക കുട്ടി. അവന്‍ വളര്‍ന്ന് വലുതാകുകയും വിവാഹിതനാവുകയും ചെയ്തു. എന്നാല്‍ അവന്‍ വിവാഹം ചെയ്ത പെണ്‍കുട്ടിക്ക് ഫ്രാന്‍സെസിനെ ഇഷ്ടമല്ലായിരുന്നു. അതിനാൽ ഈ ‘അമ്മ അപമാനിതയാവുകയും, ഇടിച്ചുതാഴ്ത്തപ്പെടുകയും, തന്റെ ഏകമകന്റെ ജീവിതത്തില്‍ നിന്നും നിഷ്കാസിതയാക്കപ്പെടുകയും ചെയ്തു. എങ്കിലും പ്രാർത്ഥനയുടെയും സഹനത്തിലൂടെയും ഫ്രാന്‍സെസ് ക്രമേണ തന്റെ മരുമകളുടെ മനോഭാവം മാറ്റിയെടുക്കുകയും കുടുംബത്തില്‍ സമാധാനം കൊണ്ട് വരികയും ചെയ്തു. എളിമയും, സ്നേഹവും കുടുംബത്തില്‍ തിരിച്ചുകൊണ്ട് വന്ന് ശിഥിലമാക്കപ്പെട്ട കുടുംബത്തെ രക്ഷിക്കുവാനുള്ള കഴിവ് ചിലപ്പോള്‍ ഒരമ്മക്ക് മാത്രമേ ഉണ്ടായിരിക്കുകയുള്ളു.

ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: നമ്മുടെ മക്കൾ വിവാഹിതരായി അവർക്ക് ഒരു കുടുംബം ഉണ്ടാകുമ്പോൾ നാം കുടുംബത്തിലെ വിഭാഗീയതയുടെ ഉറവിടമല്ല, മറിച്ച് ഐക്യത്തിന്റെ ഉറവിടമായിരിക്കുവാന്‍ ശ്രമിക്കുക.

4. വിശുദ്ധ മോനിക്ക: ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് തന്റെ കുടുംബത്തെ നയിച്ച ഒരു അമ്മയായിരുന്നു വിശുദ്ധ മോനിക്ക. അവളുടെ കുടുംബത്തിലെ മറ്റംഗങ്ങള്‍ക്ക് വിശ്വാസമില്ലാതിരുന്നിട്ടു പോലും അവള്‍ ശക്തമായ ക്രൈസ്തവ വിശ്വാസത്തില്‍ ജീവിച്ചു. വര്‍ഷങ്ങളോളം അവള്‍ തന്റെ വഴിപിഴച്ച മകന് വേണ്ടി നിശബ്ദമായി പ്രാര്‍ത്ഥിച്ചു. അവന്‍റെ മാനസാന്തരത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ അവള്‍ ഒരിക്കലും ഉപേക്ഷിച്ചില്ല, തന്റെ മകന്‍ ഒരാളെ വിവാഹം കഴിച്ചു അന്യവിശ്വാസത്തിലേക്ക് പോവുക പോലും ചെയ്തപ്പോളും അവള്‍ തന്റെ ശ്രമം നിറുത്തുകയോ പ്രാര്‍ത്ഥന ഉപേക്ഷിക്കുകയോ ചെയ്തില്ല. ക്രമേണ അവളുടെ മകനായ അഗസ്റ്റിന്‍, കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചുവരികയും എക്കാലത്തും സ്വാധീനമുള്ള മഹാനായ വിശുദ്ധ അഗസ്റ്റിന്‍ ആയി മാറുകയും ചെയ്തു. ഇതെല്ലാം സംഭവിച്ചത് ഒരമ്മയുടെ വിരാമമില്ലാത്ത പ്രാര്‍ത്ഥന കൊണ്ടായിരുന്നു. ഇന്ന് മക്കളുടെ വിശ്വാസത്തില്‍ ആശങ്കാകുലരായിട്ടുള്ള അമ്മമാരുടെ വലിയ ആശ്വാസദായികയായി വിശുദ്ധ മോനിക്കയെ കണക്കാക്കി വരുന്നു.

ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: നമ്മുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനക്ക് ഒരിക്കലും ഭംഗം വരുത്തരുത്. നമ്മുടെ പ്രാർത്ഥനയ്ക്ക് ഉടനടി ഉത്തരം ലഭിക്കാതെ വരുമ്പോൾ നാം ഒരിക്കലും നിരാശപ്പെടരുത്! മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുക; ദൈവം ഇടപെടുക തന്നെ ചെയ്യും.

5. വിശുദ്ധ പെര്‍പ്പെച്ച്വാ: 202-ലാണ് പെര്‍പ്പെച്ച്വാ ഒരു ക്രിസ്ത്യാനിയാകുന്നത്. റോമന്‍ സാമ്രാജ്യത്തില്‍ അക്കാലങ്ങളില്‍ ക്രിസ്ത്യാനിയാവുക എന്നത് ഒരു നല്ലകാര്യമായി പരിഗണിച്ചിരുന്നില്ല. അതിനാല്‍, അവളെ ഉടനടി ബന്ധനസ്ഥയാക്കുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. ആ സമയത്ത് അവള്‍ക്ക് ഒരു കുഞ്ഞുണ്ടായിരുന്നു, മരണത്തെ കാത്തുകൊണ്ട് തടവറയില്‍ കിടക്കുമ്പോള്‍ അവള്‍ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെങ്കിലും, എല്ലാ ദിവസവും അവളുടെ കുഞ്ഞിനെ അവളുടെ പക്കല്‍ കൊണ്ട് വരികയും അവള്‍ തന്റെ കുഞ്ഞിനെ നല്ലപോലെ പരിപാലിക്കുകയും ചെയ്തു. തന്റെ ജീവിതത്തിന്റെ അവസാന നിമിഷം വരെ പെര്‍പ്പെച്ച്വാ മാതൃത്വമെന്ന തന്റെ ദൈവനിയോഗം ഭംഗിയായി നിറവേറ്റി, തനിക്കാവും വിധം തന്റെ മകനെ സ്നേഹിക്കുകയും, അനശ്വര ജീവിതത്തില്‍ ഒരു ദിവസം അവനെ കണ്ടുമുട്ടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തു. തങ്ങളുടെ മക്കളില്‍ നിന്നും അകന്നു താമസിക്കുന്ന അമ്മമാര്‍ മാധ്യസ്ഥം അപേക്ഷിക്കുന്ന വിശുദ്ധയാണ് പെര്‍പ്പെച്ച്വാ.

ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: നമ്മുടെ മക്കൾ നമ്മളിൽ നിന്നും ദൂരത്തായിരിക്കുമ്പോൾ നാം അവർക്കുവേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കുക. പ്രത്യേകിച്ച് മക്കൾ പഠനത്തിനും ജോലിക്കുമയായി ദൂരത്തായിരിക്കുമ്പോൾ ഒരു അമ്മയുടെ പ്രാർത്ഥന അവരുടെ ജീവിതത്തിന് ശക്തമായ ഒരു കോട്ടയാണ്.

6. വിശുദ്ധ ഫെലിസിറ്റി: ഏതാണ്ട് പെര്‍പ്പെച്ച്വായുടെ കാലത്ത് തന്നെയാണ് വിശുദ്ധ ഫെലിസിറ്റിയും വധിക്കപ്പെടുന്നത്. ഈ വിശുദ്ധയുടെ കഥയും ഒട്ടും വ്യത്യസ്തമല്ല. അവളെ ബന്ധനസ്ഥയാക്കുന്ന സമയത്ത് അവള്‍ എട്ട് മാസം ഗർഭിണിയായിരുന്നു. തടവറയില്‍ വെച്ച് അവള്‍ ആരോഗ്യവാനായ ഒരു കുഞ്ഞിനു ജന്മം നല്‍കി, അതവളെ ഒത്തിരി സന്തോഷവതിയാക്കി എന്ന് പറയപ്പെടുന്നു. അവളുടെ കുഞ്ഞിനെ അവളില്‍ നിന്നും പറിച്ച് മാറ്റിക്കൊണ്ട് അവളെ കൊല്ലുവാനായി കൊണ്ടുപോയി. എന്നാല്‍ “മാതൃത്വത്തില്‍ നിന്നും…പോരാട്ടത്തിലേക്ക് സ്വാഭാവികമായി അവള്‍ പോവുകയായിരുന്നു” എന്ന് അവളുടെ സുഹൃത്തായിരുന്ന പെര്‍പ്പെച്ച്വാ എഴുതിയിരിക്കുന്നു. അതിനര്‍ത്ഥം ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്ന അനുഭവം അവള്‍ക്ക് തന്റെ മരണത്തെ നേരിടുന്നതിനു വേണ്ട ധൈര്യവും ശക്തിയും നല്‍കുകയായിരുന്നു എന്നാണ്. ഒരു ശക്തയായ അമ്മ ഒരു സിംഹിനിയെപ്പോലെയാണ്; ഒന്നും തന്നെ, മരണത്തിനു പോലും അവളുടെ തീരുമാനത്തെ ഇളക്കുവാന്‍ കഴിയുകയില്ല.

ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: ഒരു സ്ത്രീ, അവളെ ഇല്ലാതാക്കുന്ന ഒരു ത്യാഗമായി ഒരിക്കലും മാതൃത്വത്തെ കാണരുത്, പകരം അവളെ ശക്തയാക്കി മാറ്റുന്ന ഒരു സമ്മാനമായി വേണം അതിനെ കരുതാന്‍.

7. വിശുദ്ധ റീത്ത: ഇരട്ടകളായ രണ്ട് ആണ്‍കുട്ടികളുടെ അമ്മയും, അതോടൊപ്പം ഒരു വീട്ടമ്മയുമായിരുന്നു വിശുദ്ധ റീത്ത. പതിനാലാം നൂറ്റാണ്ടിലെ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തില്‍ ഇറ്റലിയിലായിരുന്നു അവള്‍ ജീവിച്ചിരുന്നത്. അവിടത്തെ ഓരോ നഗരവും പരസ്പരം യുദ്ധത്തിലായിരുന്നു. അക്കാലത്ത് ലോകം തന്നെ അപകടകരമായ ഒരു സ്ഥലമായി മാറികൊണ്ടിരിക്കുകയായിരുന്നു. റീത്തയേയും രണ്ടാണ്‍കുട്ടികളേയും തനിച്ചാക്കികൊണ്ട് അവളുടെ ഭര്‍ത്താവ് ഒരു യുദ്ധത്തില്‍ ശത്രുക്കളാല്‍ വധിക്കപ്പെട്ടു. പലവിധ പകര്‍ച്ചവ്യാധികളാലും ജനങ്ങള്‍ പീഡിപ്പിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. അവളുടെ ജീവിതം കൂടുതല്‍ സങ്കടകരമാക്കികൊണ്ട് അവളുടെ ഭര്‍ത്താവിന്റെ മരണത്തിനു ശേഷം ഒരു കൊല്ലം കഴിഞ്ഞ് അവളുടെ രണ്ട് ആണ്‍മക്കളും കൗമാരത്തില്‍ തന്നെ മരണപ്പെട്ടു. തന്റെ ജീവിതത്തിന്റെ ശേഷിച്ച കാലം മുഴുവനും അവള്‍ തന്റെ ഭര്‍ത്താവിനെ കൊന്നവര്‍ക്ക് വേണ്ടിയും, സഹനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ചുകൊണ്ട് ചിലവഴിച്ചു. അവള്‍ സ്വയം നിരവധി സഹനങ്ങളെ നേരിട്ടു, എന്നാല്‍ അവളുടെ സങ്കടമെല്ലാം മറ്റുള്ളവര്‍ക്കുള്ള പ്രാര്‍ത്ഥനയായി അവള്‍ ദൈവത്തിന് സമര്‍പ്പിച്ചു. ഇന്ന് അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥയായി വിശുദ്ധ റീത്തയെ പരിഗണിക്കുന്നു. തീര്‍ച്ചയായും അവള്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ട്, സമയത്തിനു മുന്നേ മരണമടഞ്ഞ കുട്ടികളുടെ മാതാപിതാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുകയായിരിക്കും.

ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: ഒരു അമ്മയുടെ മക്കൾ കൂട്ടില്‍ നിന്നു പറന്നു പോയാലും അപ്പോഴും അവൾ ഒരു അമ്മയായിരിക്കും. നമ്മുടെ കുടുംബത്തിന് ദ്രോഹം ചെയ്തവർക്കു വേണ്ടിയും നമ്മുക്കു പ്രാർത്ഥിക്കാം; അത് നമ്മുടെ തലമുറകൾക്കുവേണ്ടി സ്വർഗ്ഗത്തിൽ നിക്ഷേപം കരുതിവയ്ക്കുന്ന ഒരു പ്രവൃത്തിയായിരിക്കും.

8. വിശുദ്ധ ബ്രിജിത്ത: വളരെ നീണ്ട ഒരു വിവാഹ ബന്ധമായിരുന്നു വിശുദ്ധ ബ്രിജിത്തയുടേത്. ഉള്‍ഫ് എന്നായിരുന്നു അവളുടെ ഭര്‍ത്താവിന്റെ പേര്. ഏതാണ്ട് 28 വര്‍ഷത്തോളം അവര്‍ ഒരുമിച്ചായിരുന്നു. അവര്‍ക്ക് എട്ട് മക്കള്‍ ഉണ്ടായിരുന്നു. അതില്‍ കാതറിൻ എന്ന് പേരായ മകള്‍ പിന്നീട് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുകയുണ്ടായി. കൂടുതല്‍ കുഞ്ഞുങ്ങളെ തന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുവാനുള്ള ബ്രിജിത്തയുടെ വിശാലമനസ്കത, അവരെ പഠിപ്പിക്കുവാനുള്ള അവളുടെ പ്രയത്നം എന്നിവ ആത്മീയ ഉദാരതയുടെ ഉത്തമ ഉദാഹരണങ്ങളാണ്. ധാരാളം യാത്രകള്‍ നടത്തിയിട്ടുള്ളവളായിരുന്നു ഈ വിശുദ്ധ. മനുഷ്യരുടെ ഇടയിലുള്ള എല്ലാ തരത്തിലുള്ള വിഭാഗീയതകളോടുമുള്ള സഹിഷ്ണുതയേയും, സഹതാപത്തേയും കുറിച്ചാണ് അവള്‍ തന്റെ ജീവിതം കൊണ്ട് വരച്ചു കാട്ടുന്നത്. അവളുടെ ജീവിതത്തില്‍ അസാധാരണമോ, അത്ഭുതകരമോ ആയ യാതൊന്നും സംഭവിച്ചിരുന്നില്ല, പക്ഷേ തന്റെ മക്കള്‍ സ്നേഹത്തിലും, നന്മയിലും, സമാധാനത്തിലും വളര്‍ന്ന്‍ വരുവാന്‍ വേണ്ട ശിക്ഷണം നല്‍കുവാനായുള്ള അവളുടെ സമര്‍പ്പണം തികച്ചും വീരോചിതമായിരുന്നു. ഇക്കാരണത്താല്‍ തന്നെ അവളെ ഇപ്പോള്‍ മുഴുവന്‍ യൂറോപ്പിന്റേയും മാധ്യസ്ഥ വിശുദ്ധയായി പരിഗണിച്ചു വരുന്നു.

ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: ഈ ലോകത്തിൽ പ്രശസ്തി ലഭിക്കുന്ന ഒരുപാട് വൻകാര്യങ്ങൾ ചെയ്യുന്നതിലല്ല; പിന്നെയോ, തങ്ങളുടെ ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടേയും ആനന്ദങ്ങളിലൂടേയും ജീവിതത്തെ സ്നേഹിക്കുവാന്‍ അമ്മമാർ മക്കളെ പഠിപ്പിക്കുക.

9. എലിസബത്ത് ആന്‍ സേട്ടണ്‍: അമേരിക്കയില്‍ ജനിച്ച ആദ്യത്തെ വിശുദ്ധയാണ് എലിസബത്ത്. 1774-ല്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് അവള്‍ ജനിച്ചത്, അമേരിക്കന്‍ വിപ്ലവത്തിന്റെ ആദ്യനാളുകളില്‍ അവള്‍ ഒരു ഡോക്ടറെ വിവാഹം കഴിച്ചു, അധികം താമസിയാതെ അവര്‍ രണ്ടുപേരും നിരവധി അനാഥകുട്ടികളേയും തങ്ങളുടെ മക്കള്‍ക്കൊപ്പം ചേര്‍ത്തുകൊണ്ട് തങ്ങളുടെ കുടുംബം വലുതാക്കി. തന്റെ ഭര്‍ത്താവിന്റെ മരണത്തിനു ശേഷം, അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവള്‍ ഒരു സന്യാസ സഭ സ്ഥാപിച്ചു. എല്ലാ കുട്ടികളേയും എലിസബത്ത് ഹൃദയം തുറന്ന് സ്നേഹിച്ചു. തന്റെ കുടുംബത്തിന് പുറത്തുള്ള കുട്ടികളെക്കുറിച്ചും അവള്‍ ചിന്താകുലയായിരുന്നു. പരിശുദ്ധ അമ്മയുടെ മാതൃത്വത്തില്‍ അവള്‍ വളരെ ആശ്വാസം അനുഭവിക്കുകയും, പരിശുദ്ധ അമ്മയുടെ മാതൃത്വത്തെ അനുകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. മാതൃത്വത്തിന്റേതായ ഒരു ചെറിയ പ്രവര്‍ത്തിക്കുപോലും ലോകത്തെ മാറ്റിമറിക്കുവാന്‍ കഴിയും എന്ന് കാണിച്ചു തന്നുകൊണ്ട് മദര്‍ സേട്ടണ്‍ സ്ഥാപിച്ച സന്യാസിനീ സഭ നിരവധി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നൽകികൊണ്ടിരിക്കുന്നു.

ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: സ്വന്തം മക്കളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതോടോപ്പംതന്നെ അനാഥരും പാവപ്പെട്ടവരുമായ മറ്റു കുട്ടികളെക്കുറിച്ചും ചിന്തയുള്ളവരായിരിക്കുക. പാവപ്പെട്ടവരോടുള്ള ഒരു അമ്മയുടെ കരുണാർദ്രമായ സ്നേഹം നന്മയുടെ വിവിധ രൂപത്തിൽ അവളുടെ മക്കളിലേക്ക് വ്യാപിക്കുക തന്നെ ചെയ്യും.

10. വിശുദ്ധ അന്ന: പരിശുദ്ധ കന്യകാമറിയത്തിന്റെ അമ്മയായിരുന്നു വിശുദ്ധ അന്ന. വളരെക്കാലത്തോളം മക്കളില്ലാത്ത ദുഖവും പേറിയായിരുന്നു അവളും ഭര്‍ത്താവായ ജൊവാക്കിമും ജീവിച്ചിരുന്നത്. ആ ദുഃഖം അതനുഭവിച്ചവര്‍ക്കു മാത്രമേ പൂർണ്ണമായി മനസ്സിലാകൂ. ഇക്കാരണത്താല്‍, അമ്മയാകുവാന്‍ ആഗ്രഹിക്കുന്ന എന്നാല്‍ അതിനുള്ള ഭാഗ്യം ലഭിക്കാത്തവരും വന്ധ്യതാപ്രശ്നമുള്ളവരുടേയും മാധ്യസ്ഥയാണ് വിശുദ്ധ അന്ന.

കാലക്രമേണ ഒരു മകളെ നല്‍കികൊണ്ട് ദൈവം അന്നയെ അനുഗ്രഹിച്ചു, അവള്‍ തന്റെ മുഴുവന്‍ ഹൃദയത്തോടും തന്റെ മകളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തു. മറിയത്തെ മടിയിലിരുത്തി നിര്‍വൃതിയിലാണ്ടിരിക്കുന്ന അന്നയെ പലപ്പോഴും ചിത്രകലയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ദൈവമാതാവാകുവാനുള്ള വിളിക്കുള്ള “ശരി” എന്ന മറിയത്തിന്റെ വിനീതമായ പ്രത്യുത്തരം ഈ നല്ല അമ്മയുടെ ശിക്ഷണത്തില്‍ നിന്നും ലഭിച്ചതാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അങ്ങനെ അന്നയ്ക്കു ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ മുത്തശ്ശിയാകുവാനുള്ള ഭാഗ്യം ലഭിച്ചു.

ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: അമ്മ എന്ന പദം ഒരു തലമുറയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ഒരു നല്ല അമ്മയ്ക്കു മാത്രമേ നല്ല മുത്തശ്ശിയാവാൻ സാധിക്കൂ. കുടുംബത്തിൽ മുത്തശ്ശിമാരും വളരെ പ്രധാനപ്പെട്ടവരാണ്.

വേദങ്ങളിലെ പ്രജാപതി ആര്?

*തൊണ്ണൂറുകളിൽ നാം ഒരു മണിക്കൂർ ശ്വാസമടക്കി കേട്ട സാക്ഷ്യം*….. അന്ന് ശ്രീ അരവിന്ദാക്ഷമേനോൻ പറഞ്ഞതിൽ നിന്ന്‌ …..

വേദങ്ങളിലെ പ്രജാപതി ആര്?

Jesus Carrying the Cross 1

 

ഒരിക്കല്‍ തമിഴ്നാട്ടിലെ സേലം എന്ന പട്ടണത്തില്‍ ദൈവനിഷേധം പറഞ്ഞു കൊണ്ടുള്ള എന്‍റെ പ്രസംഗം കേട്ടിട്ട് ഒരാള്‍ എന്നെ കാണാന്‍ വന്നു. ഒരു ബ്രാഹ്മണനായി ജനിച്ച് ദാരിദ്ര്യത്തില്‍ വളര്‍ന്ന്, സ്വന്തം അധ്വാനം കൊണ്ട് പഠിച്ച് വക്കീലായി. ജഡ്ജിയായി, ഹൈക്കോടതിയുടെ ജഡ്ജിയായി, ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയി പെന്‍ഷന്‍ പറ്റി പിരിഞ്ഞ ഒരു ബ്രാഹ്മണന്‍. സംസ്കൃതത്തിലും ഇംഗ്ലീഷിലും അഗാധമായ പാണ്ഡിത്യമുള്ള പണ്ഡിതനായ ഒരു ബ്രാഹ്മണന്‍. ദൈവനിഷേധം പറഞ്ഞുകൊണ്ടുള്ള എന്‍റെ പ്രസംഗം കേട്ടിട്ട് അദ്ദേഹമെന്നോടു പറഞ്ഞു:

“തനിക്ക് ജീവിതത്തില്‍ രണ്ടു പ്രാവശ്യം തെറ്റു പറ്റി. ജീവിതത്തില്‍ വലിയ ദുഃഖവും ദുരിതവുമൊക്കെയുണ്ടായപ്പോള്‍ ദൈവത്തിലേക്കു തിരിയുന്നു എന്ന ധാരണയോടെ താന്‍ തിരിഞ്ഞത് ദൈവത്തിലേക്കൊന്നുമായിരുന്നില്ല. ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളിലേക്കുമായിരുന്നു. തെറ്റിപ്പോയി.” എനിക്ക് വലിയ അത്ഭുതം തോന്നി.

ഈ മനുഷ്യന്‍ ബ്രാഹ്മണനാണ്. ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളെ പൂജിച്ച് ആ പൂജകൊണ്ട് ഉപജീവനം കഴിക്കുന്ന ഒരു വംശത്തില്‍ ജനിച്ചു വളര്‍ന്നവനാണ്. അദ്ദേഹം തന്നെ എന്നോട് പറയുന്നു: “താന്‍ ക്ഷേത്രങ്ങളില്‍ പോയി വിഗ്രഹങ്ങളെ പൂജിച്ചത് തെറ്റിപോയി.” രണ്ടാമത് ക്ഷേത്രങ്ങളില്‍ പോയി വിഗ്രഹങ്ങളുടെ മുന്നില്‍ നേര്‍ച്ച കാഴ്ചകള്‍ വച്ചു പൂജിച്ചിട്ട് പ്രയോജനമൊന്നും കിട്ടാതെ വന്നപ്പോള്‍ താന്‍ ദൈവനിഷേധത്തിലേക്കും നിരീശ്വര വാദത്തിലേക്കും തിരിഞ്ഞു. അതും തെറ്റിപ്പോയി. രണ്ടു തെറ്റുകളും തിരുത്തണം. ഞാനൊരു ഹിന്ദുവായി ജനിച്ചവനാണ്. ഹൈന്ദവനായി ജനിച്ചതില്‍ അഭിമാനിക്കേണ്ടവനാണ്. ഹിന്ദുവായി ജനിച്ചതില്‍ അഭിമാനിക്കണമെങ്കില്‍ ഹിന്ദുമതത്തിന്‍റെ മതഗ്രന്ഥങ്ങള്‍ വായിക്കണം.” വലിയ അഹങ്കാരത്തോടെ ഞാനദ്ദേഹത്തോടു പറഞ്ഞു: “മതഗ്രന്ഥങ്ങള്‍ വായിക്കുകയല്ല, കാണാതെ പഠിച്ചിട്ട് നടക്കുകയാണ് ഞാന്‍. രാമായണം, മഹാഭാരതം, മഹാഭാഗവതം ഏതില്‍ നിന്നു വേണമെങ്കിലും ഉറക്കത്തില്‍ വിളിച്ചു ചോദിച്ചാല്‍ മറുപടി പറയാം. അതുപോലെ അതൊക്കെ പഠിച്ചു മനസ്സില്‍ കൊണ്ടു നടക്കുകയാണ്. ഇനി അതൊന്നും വായിച്ചു രക്ഷപെടുന്ന പ്രശ്നമില്ല.” അപ്പോള്‍ അദ്ദേഹം എന്നെ കളിയാക്കി. എനിക്ക് വിവരമില്ലെന്ന് പറഞ്ഞു ആദ്യം. എന്നിട്ട് പറഞ്ഞു: “താനീ പറഞ്ഞതൊന്നും മതഗ്രന്ഥങ്ങളേയല്ല. രാമായണവും മഹാഭാരതവും ഭാഗവതവുമൊന്നും മതഗ്രന്ഥങ്ങളല്ല. അവയൊക്കെ വെറും കഥപുസ്തകങ്ങളാണ്. മനുഷ്യന്‍റെ വിശ്വാസം വര്‍ധിപ്പിക്കാന്‍ വേണ്ടി മനുഷ്യന്‍ തന്നെ എഴുതിയുണ്ടാക്കിയ കഥകളാണ് ഇതിഹാസങ്ങള്‍! ഇതൊന്നുമല്ല മതഗ്രന്ഥങ്ങള്‍. ഹിന്ദുമതത്തിന്‍റെ ആധികാരികമായ മതഗ്രന്ഥങ്ങള്‍ വേദങ്ങളാണ്. എഴുതപ്പെട്ട നാലു വേദങ്ങള്‍ ഋഗ്വേദം, യജുര്‍‌വേദം, സാമവേദം, അഥര്‍വ വേദം.

ഇതില്‍ ആദ്യത്തെ മൂന്നു വേദങ്ങളില്‍ പ്രത്യക്ഷമായും അഥര്‍വ വേദത്തില്‍ ‍ പരോക്ഷമായും ആരാണു ദൈവം? ആരാണു മനുഷ്യന്‍? എന്തിനാണു മനുഷ്യന്‍ ദൈവത്തെ ആരാധിക്കുന്നത്? എങ്ങനെയാണ് ആരാധിക്കേണ്ടത്? ഇതെല്ലാം വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. അതൊക്കെ വായിക്കണം. തനിക്കു വെളിച്ചം കിട്ടും. സത്യം കണ്ടെത്താന്‍ കഴിയും. സമാധാനം ഉണ്ടാകും, അദ്ദേഹമെന്നെ ഉപദേശിച്ചു.

അദ്ദേഹത്തിന്‍റെ ഉപദേശം കേട്ടിട്ട് എനിക്കു ദൈവവിശ്വാസമുണ്ടായൊന്നുമില്ല. എങ്കിലും അദ്ദേഹം പറഞ്ഞതിലെന്തോ കാര്യമുണ്ട്. അതെന്താണെന്നു മനസ്സിലാക്കണം എന്ന വിചാരത്തോടെ ഞാന്‍ കോട്ടയത്തെ പബ്ലിക് ലൈബ്രറിയില്‍ നിന്നും ഋഗ്വേദത്തിന്‍റെ മലയാള പരിഭാഷ, ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട്‌ എന്ന പണ്ഡിതന്‍ എഴുതിയ ഋഗ്വേദഭാഷാ ഭാഷ്യം” ആ പുസ്തകമെടുത്തു വായിക്കുവാന്‍ തുടങ്ങി. കുറച്ചു വായിച്ചു കഴിഞ്ഞപ്പോള്‍ അദേഹം പറഞ്ഞ ഒരു കാര്യം സത്യമാണെന്ന് മനസ്സിലായി. “വെളിച്ചം കിട്ടാന്‍ തുടങ്ങി” ഹിന്ദുമതത്തിന്‍റെ ആധികാരിക മതഗ്രന്ഥമായ ഋഗ്വേദത്തില്‍ നിന്നും എനിക്കു കിട്ടിയ ആദ്യത്തെ വെളിച്ചം; “എന്‍റെ ദുഃഖത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും കഷ്ടപ്പാടുകളുടെയും കാലത്ത് ഞാന്‍ ഏതൊക്കെ ദൈവങ്ങളുടെ മുന്നില്‍ പോയി നേര്‍ച്ച കാഴ്ചകള്‍ കൊടുത്തു പ്രാര്‍ത്ഥിച്ചിട്ടുണ്ടോ, അവരാരും ദൈവങ്ങളല്ല എന്നു മനസ്സിലായി. അങ്ങനെ ദൈവങ്ങളില്ല. ഹിന്ദുമതത്തിന്‍റെ ആധികാരിക മതഗ്രന്ഥമായ ഋഗ്വേദത്തില്‍ പ്രപഞ്ച സ്രഷ്ടാവായ ഏകദൈവത്തെക്കുറിച്ചു മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ,

“ഏകം സത് വിപ്രാ, ബഹുധാവദന്തി”

(സത്യമായ ദൈവം ഒന്നേയുള്ളൂ.പണ്ഡിതന്‍മാര്‍ അതിനെ പല രൂപങ്ങളില്‍ കാണുന്നു എന്നുമാത്രം!)

ദൈവം ഈ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവാണ്. സകല സൃഷ്ടികള്‍ക്കും പിതാവാണ്. ഭൂമിയിലെ സകല മനുഷ്യവംശങ്ങള്‍ക്കും ആദിപിതാവായ, പരമ പിതാവായ ഈശ്വരന്‍, ബ്രഹ്മം! അങ്ങനെ ഒരേയൊരു ദൈവമേയുള്ളൂ. ആ ദൈവത്തെ മാത്രമേ ആരാധിക്കാവൂ. പരമപിതാവായ ഈശ്വരന്‍ സര്‍വവ്യാപിയാണ്. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതുകൊണ്ടു തന്നെ ദൈവത്തിനു രൂപമില്ല. അരൂപിയാണ്. അരൂപിയായ ദൈവത്തിന്‍റെ രൂപമുണ്ടാക്കാന്‍ സാദ്ധ്യമല്ലാത്തതു കൊണ്ട് ദൈവത്തിന്‍റേത് എന്നു പറഞ്ഞ് രൂപങ്ങളുണ്ടാക്കി വച്ച് വിഗഹങ്ങളുണ്ടാക്കി വച്ച്, അവയോടു പ്രാര്‍ത്ഥിക്കരുത്. തെറ്റാണ് നിഷ്പ്രയോജനമാണ്.

“മൃത്ശിലാ ധാതുദാര്‍വ്വാദി, മൂര്‍ത്താ വിശ്വമവിദ്യയാ, ക്ളിശ്യന്തി തപസാ മൂഢാ, പരാം ശാന്തീം നയാന്തിതേ”

കല്ല്‌, മണ്ണ്‍, മരം, ലോഹം ഇവ കൊണ്ടുണ്ടാക്കുന്ന വിഗ്രഹങ്ങളില്‍ ദൈവമുണ്ട് എന്നു വിചാരിച്ചു പ്രാര്‍ത്ഥിക്കുന്നവന്‍ മൂഢനാകുന്നു. സ്വന്തം ഭക്തി കൊണ്ട് അവന്‍ ദുഃഖം സമ്പാദിക്കുന്നു. മോചനം പ്രാപിക്കുന്നതുമില്ല. ഇങ്ങനെയുള്ള തത്വങ്ങളൊക്കെ മനസ്സിലായി, കാണിച്ചതൊക്കെയും അബദ്ധമായി എന്നും മനസ്സിലായി. വിശുദ്ധ ബൈബിളിന് 73 പുസ്തകങ്ങളുള്ളതു പോലെ ഋഗ്വേദത്തിനു പത്തു പുസ്തകങ്ങളുണ്ട്.- പത്ത് മണ്ഡലങ്ങള്‍. ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള മണ്ഡലങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍, നിരവധി സന്ദര്‍ഭങ്ങളില്‍ ആരാണു ദൈവം, ആരാണു മനുഷ്യന്‍, മനുഷ്യന്‍ എന്തിനാണു ദൈവത്തെ ആരാധിക്കുന്നത് എങ്ങനെയാണ് ആരാധിക്കേണ്ടത് ഇതെല്ലാം വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. ഇതില്‍ ഒരു കാര്യം എന്‍റെ സവിശേഷമായ ശ്രദ്ധയെ ആകര്‍ഷിച്ചു. പരമപിതാവായ ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്ന്‍ ഒരു പുത്രന്‍ ജനിക്കുന്നു. സകല‍ സൃഷ്ടികള്‍ക്കും മുന്‍പേ ഉണ്ടായവന്‍ ഈ പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പുതന്നെ ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്നു പുറപ്പെട്ട് ദൈവത്തോടൊപ്പം, ദൈവത്തെപ്പോലെ തന്നെ അരൂപിയായി നിലനില്‍ക്കുന്നവന്‍ ദൈവപുത്രന്‍. ഹിരണ്യഗര്‍ഭന്‍ എന്നും പ്രജാപതി എന്നും അറിയപ്പെടുന്ന ഈ ദൈവപുത്രന്‍ യഥാസമയം ഭൂമിയില്‍ വരും. ഇഹലോകത്തില്‍ മനുഷ്യന്‍റെ പാപങ്ങള്‍ വര്‍ദ്ധിച്ച്, മനുഷ്യന് അവനവനാല്‍ പാപമോചനം നേടാന്‍ സാദ്ധ്യമല്ല എന്ന ഘട്ടമെത്തുമ്പോള്‍ അരൂപിയായ ദൈവപുത്രന്‍ മനുഷ്യനായി അവതരിക്കുന്നു.

“സോകാമയതമേധ്യം മഇദം സ്യാത്, ആത്മന്വയനേന സ്യാമിതി” (ബൃഹദരണ്യകോപനിഷത് 1:2:7).

(പ്രജാപതി പിതാവായ ദൈവത്തോട് തനിക്ക് യജ്ഞയോഗ്യമായ ഒരു ശരീരം തരണമെന്നും ആ ശരീരത്താല്‍ താന്‍ രൂപം പ്രാപിക്കട്ടെ എന്നും ആഗ്രഹിച്ചു.)

പിതാവായ ദൈവം തന്‍റെ അനന്തമായ ജ്ഞാനത്തെ സ്ത്രീയായി, കന്യകയായി, ഭൂമിയില്‍ അവതരിപ്പിച്ച് അവളില്‍ ഗര്‍ഭമായി ഭ്രൂണമായി തന്‍റെ പുത്രന്‍ പ്രജാപതിയെ ഉരുവാക്കി ജനിപ്പിച്ച് വളര്‍ത്തുന്നു. വേദവേദാംഗ ശാസ്ത്രങ്ങളില്‍ പാരംഗതനായി വളരുന്ന ദൈവപുത്രന്‍ പ്രജാപതി മനുഷ്യവംശത്തിനു സാരോപദേശങ്ങള്‍ നല്‍കുന്നു. എന്താണു പാപം, എന്താണു പുണ്യം, ഏതാണു തെറ്റ് ഏതാണു ശരി, എന്താണ് ചെയ്യേണ്ടത്. എന്താണ് ചെയ്യരുതാത്തത്‌ എന്നു മനുഷ്യനെ ഉപദേശിച്ചു കൊണ്ട് സഞ്ചരിക്കുന്നു. മനുഷ്യന് പാപബോധം നല്‍കി, മനുഷ്യനു പാപമോചനം നല്‍കി. മനുഷ്യനെ പാപത്തില്‍ നിന്നു വീണ്ടെടുക്കുന്നതിനുള്ള ഈ യജ്ഞത്തിന്‍റെ പൂര്‍ത്തീകരണത്തിനായി ദൈവപുത്രനായ പ്രജാപതി തന്‍റെ നിയോഗ കാലത്തിനു ശേഷം സ്വയം യാഗമായിത്തീരുന്നു. ബലിയായിത്തീരുന്നു. ഋഗ്വേദത്തിന്‍റെ പത്താം മണ്ഡലം തൊണ്ണൂറാം സൂക്തം ഏഴാം മന്ത്രത്തില്‍ ദൈവപുത്രനായ പ്രജാപതി മനുഷ്യ വംശത്തിന്‍റെ പാപമോചനത്തിനായി എപ്രകാരമാണ് ബലിയായിത്തീരുന്നത് എന്ന്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ഭൂമിയില്‍ താഴ്ത്തിയ മരത്തൂണില്‍ ചേര്‍ത്ത് കരചരണങ്ങള്‍ ഇരുമ്പാണി കൊണ്ട് ബന്ധിച്ചു. രക്തം വാര്‍ന്നു മരിച്ച്, മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗാരോഹണം ചെയ്യുന്ന ദൈവപുത്രനായ പ്രജാപതി..!

ഹൈന്ദവ മതഗ്രന്ഥമായ ഋഗ്വേദത്തില്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപമോചനത്തിനുവേണ്ടി ബലിയായിത്തീര്‍ന്നു മരിക്കുന്ന ഒരു ദൈവ പുത്രനെക്കുറിച്ച് വായിച്ചപ്പോള്‍ എനിക്ക് വലിയ സംശയം! വലിയ ചിന്താക്കുഴപ്പം! അപ്പോള്‍ ഞാന്‍ ചില വേദപണ്ഡിതന്‍മാരെ പോയിക്കണ്ടു ചോദിച്ചു. “ആരാണ് ദൈവപുത്രന്‍, ആരാണ് പ്രജാപതി? എന്താണിതിന്‍റെ അര്‍ത്ഥം?” അതിലൊരു പണ്ഡിതന്‍ പറഞ്ഞു: “ഉണ്ട്, പ്രജാപതി സങ്കല്പമുണ്ട്. പ്രജ എന്നു പറഞ്ഞാല്‍ മനുഷ്യന്‍; പതി എന്നു പറഞ്ഞാല്‍ രക്ഷകന്‍. മനുഷ്യന്‍റെ രക്ഷകനായി ദൈവത്തില്‍ നിന്നു ജനിക്കുന്ന ഒരു പുരുഷന്‍ വരും, ഇതുവരെ വന്നിട്ടില്ല. നാമിപ്പോഴും പ്രതീക്ഷിക്കുകയാണ്.” ഈ സമയമത്രയും യേശുക്രിസ്തുവിന്‍റെ രൂപം എന്‍റെ മനസ്സിലുണ്ട്. എന്നാല്‍ എന്നിലെ ശക്തനായ ഹിന്ദു അതംഗീകരിക്കാന്‍ തയാറായില്ല. അങ്ങനെയൊന്നു ചിന്തിക്കുവാന്‍ പോലും തയാറായില്ല. എങ്കിലും ഞാന്‍ ഒരു ഹിന്ദു മാത്രമല്ല, ഞാന്‍ നിരീശ്വരവാദിയാണ്, യുക്തിവാദിയാണ്. ആ ഒരു തന്‍റേടത്തില്‍ ഞാന്‍ ആ പണ്ഡിതനോടു ചോദിച്ചു: “യേശുക്രിസ്തുവിനെക്കുറിച്ചെങ്ങാനുമായിരിക്കുമോ ഈ പരാമര്‍ശം?”

“അങ്ങനെ ചിന്തിക്കാനെന്താ കാര്യം?” ഞാന്‍ പറഞ്ഞു: “ലക്ഷണങ്ങള്‍!” ഋഗ്വേദത്തില്‍ രണ്ടു ലക്ഷണങ്ങള്‍ പറയുന്നുണ്ട്, ദൈവ പുത്രനായ പ്രജാപതിയുടെ രണ്ട് ലക്ഷണങ്ങള്‍!

ഒന്ന്‍: “ദൈവപുത്രനായ പ്രജാപതി രൂപത്തില്‍ മനുഷ്യനും, പ്രകൃതത്തില്‍ ദൈവം തന്നെയുമായിരിക്കും.”

രണ്ട്: ദൈവപുത്രനായ പ്രജാപതി മനുഷ്യ രൂപത്തില്‍ ഭൂമിയില്‍ വന്ന്‍, മനുഷ്യ വംശത്തിന്‍റെ പാപം മുഴുവന്‍ സ്വന്ത ശരീരത്തില്‍ ആവഹിച്ച് ബലിയായിത്തീര്‍ന്ന്‍ യാഗമായിത്തീര്‍ന്നു മരിക്കും. പക്ഷെ ദൈവപുത്രനായതുകൊണ്ട് മരണമില്ലാത്തവനാണ് അമരനാണ്. അതുകൊണ്ട് യാഗശേഷം വീണ്ടും ജീവനെ പ്രാപിക്കും.”

യജുര്‍‌വേദത്തിന്‍റെ ബ്രാഹ്മണ ഗ്രന്ഥമായ ശതപഥ ബ്രാഹ്മണത്തില്‍ യാഗത്തെക്കുറിച്ച് ഏഴ് യാഗവിധികളുണ്ട്.

ഒന്ന്‍: യാഗസമയത്ത് ബലിപുരുഷന്‍റെ തലയില്‍ ബലൂസിച്ചെടിയുടെ വള്ളികള്‍ കൊണ്ട് മെനഞ്ഞ ഒരു കിരീടം ധരിപ്പിക്കണം (ബലൂസി: മുള്ളുകളുള്ള ഒരു കാട്ടുവള്ളി)

രണ്ട്: കരചരണങ്ങളില്‍ ഇരുമ്പാണിയടിച്ച് യുപത്തില്‍ ബന്ധിക്കണം (യുപം: യാഗശാലയില്‍ ബലിമൃഗത്തെ ബന്ധിക്കാന്‍ വേണ്ടി ഭൂമിയില്‍ താഴ്ത്തിയ മരത്തൂണ്)

മൂന്ന്‍: അപ്രകാരം ബന്ധിക്കുമ്പോള്‍ ബലിപുരുഷന്‍റെ അസ്ഥികള്‍ തകര്‍ന്നു പോകാന്‍ പാടില്ല.

നാല്: മരണത്തിനു മുമ്പ് ബലി പുരുഷന് “സോമരസം” – പുളിച്ച മദ്യം കുടിക്കാന്‍ കൊടുക്കണം.

അഞ്ച്: മരണശേഷം ബലിപുരുഷനെ പുതപ്പിച്ച ‘കച്ച’ – വസ്ത്രം ഹോതാക്കള്‍ പങ്കിട്ടെടുക്കണം.

ആറ്: മരണശേഷം ബലിപുരുഷന്‍റെ ശരീരം-മാംസം- ഭക്ഷിക്കപ്പെടണം.

ഏഴ്: മരണശേഷം ബലിപുരുഷന്‍റെ രക്തം പാനം ചെയ്യപ്പെടണം.

ഈ ഏഴ് യാഗവിധികളും- ഹൈന്ദവ ഗ്രന്ഥമായ ശതപഥ ബ്രാഹ്മണത്തില്‍ പറയുന്ന ഏഴ് യാഗവിധികളും നസ്രായനായ യേശുവിന്‍റെ ക്രൂശീകരണത്തില്‍ കൃത്യമായി പാലിക്കപ്പെട്ടു എന്നും അതുകൊണ്ടുതന്നെ യേശുവിന്‍റെ മരണം ഒരു സാധാരണ മരണമല്ല, യഥാര്‍ത്ഥ യാഗമാണ്‌, യാഗവിധി പ്രകാരം നടന്ന യാഗമാണ്‌ എന്ന്‍ ഈയിടെ ഒരാള്‍ പ്രസംഗിച്ചു, ഞാന്‍ കേട്ടു. അതുകൊണ്ടാണു സംശയം. പണ്ഡിതന്‍ പറഞ്ഞു: “അങ്ങനെ വരാന്‍ വഴിയില്ല. യേശുവിന്‍റെ മരണം അങ്ങു പാശ്ചാത്യ ദേശത്തല്ലേ, ജറുസലേമിലോ മറ്റോ ഇവിടെയങ്ങുമല്ലല്ലോ.” അറിയാതെ ഒരു കുരുത്തക്കേട് ഞാനാ പണ്ഡിതനോടു പറഞ്ഞു പോയി – പറയരുതായിരുന്നു എന്ന്‍ പിന്നീട് തോന്നി. ആ മനുഷ്യന്‍റെ ദേഷ്യം കണ്ടപ്പോള്‍ “ഇവിടെയായിരിക്കണം എന്നു വേദത്തിലൊന്നും പറഞ്ഞിട്ടില്ല. ദൈവം, മനുഷ്യന്‍, ഭൂമി മൂന്നു പരാമര്‍ശങ്ങളെയുള്ളൂ. ഭൂമിയിലെവിടെ വേണമെങ്കിലുമാകാം, ജെറുസലേമിലുമാകാം” ഇതു പറഞ്ഞപ്പോള്‍ ആ പണ്ഡിതൻ എന്‍റെ നേരെ ചൂടായി. “ഇതു മതപരമായ കാര്യമാണ്. ദൈവകാര്യമാണ്. ദുഃസ്തര്‍ക്കം പാടില്ല, തന്‍റെ യുക്തിവാദമൊന്നും എന്‍റെ അടുത്തിറക്കരുത് പൊയ്ക്കൊള്ളുക”

മനസ്സില്‍ ഈ സംശയങ്ങളുമായി പിന്നീട് ഞാൻ പോയത് എന്നെ വേദം വായിക്കുവാന്‍ പ്രേരിപ്പിച്ച, ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ആ ബ്രാഹ്മണ പണ്ഡിതന്‍റെ അടുത്തേയ്ക്കാണ്. ഞാൻ അദ്ദേഹത്തോടു പറഞ്ഞു: “സംശയമായിരിക്കുന്നു.” ആദ്യം അദ്ദേഹം പറഞ്ഞു: “ഇതു മലയാളത്തിലല്ലേ എഴുതിയിരിക്കുന്നത്, തനിക്കു മനസ്സിലായില്ലേ?” ഞാന്‍ പറഞ്ഞു: “മനസ്സിലാകുന്നൊക്കെയുണ്ട് പക്ഷെ സംശയം തോന്നുന്നു.”

സഹോദരങ്ങളെ, ഹിന്ദുവായി ജനിച്ച് ഹിന്ദുവായി ജീവിച്ച ആ മനുഷ്യന്‍! ഒരു ബ്രാഹ്മണനായി ജീവിച്ച് ബ്രാഹ്മണനായി തന്നെ ജീവിച്ച ആ മനുഷ്യന്‍! അദ്ദേഹമെന്നോടു പറഞ്ഞു: “സംശയിക്കാനൊന്നുമില്ല! ലോകമറിഞ്ഞ് മനുഷ്യനറിഞ്ഞ് ഭൂമിയില്‍ വന്ന്‍ മനുഷ്യ വംശത്തിന്‍റെ പാപമോചനത്തിനും വീണ്ടെടുപ്പിനുമായി പരിശ്രമിച്ച് ആ പരിശ്രമത്തിന്‍റെ അവസാനം സ്വയം യാഗമായിത്തീര്‍ന്ന ഒരാളേയുള്ളൂ. അത് യേശുക്രിസ്തുവാണ്.”
🙏🙏🙏

വിവാഹം എന്ന കൂദാശ – സഭാനിയമങ്ങള്‍

വിവാഹം എന്ന കൂദാശ – സഭാനിയമങ്ങള്‍

The Sacrament of Marriage – Church Laws (Canon Laws)

Jesus Bless Marriage

വിവാഹത്തിനുള്ള ഒരുക്കം

1. വിവാഹിതരാകുന്നവര്‍ക്ക് വേണ്ടത്ര ഒരുക്കമുണ്ടെന്ന് ഇടവക വികാരിമാര്‍ ഉറപ്പുവരുത്തുകയും അതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യണം.
2. വിവാഹത്തിനൊരുക്കമായ കോഴ്സില്‍ സംബന്ധിക്കുന്നതിനും ക്രിസ്തീയ വിശ്വാസ സന്മാര്‍ഗ്ഗ സത്യങ്ങള്‍ പഠിക്കുന്നതിനും വേണ്ട ക്രമീകരണങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ടതാണ്. വിദൂരസ്ഥലങ്ങളില്‍ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന മക്കളെ മുന്‍കൂട്ടി ഇക്കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തേണ്ടതാണ്.
3. വിവാഹാര്‍ത്ഥികള്‍ക്ക് ദാമ്പത്യജീവിതത്തെ സംബന്ധിച്ച് ആവശ്യമായ അറിവുണ്ടായിരിക്കണം. വിവാഹത്തിനൊരുക്കമായ കോഴ്സിന്‍റെ (Marriage Preparation Course) സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പന്ത്രണ്ടാം ക്ലാസ് വരെയുള്ള മതബോധനവും നടത്തിയിരിക്കണം. ഇവ ഇല്ലെങ്കില്‍ രൂപതാകച്ചേരിയില്‍ നിന്ന് പ്രത്യേകം അനുമതി വാങ്ങിയിരിക്കണം.
4. ക്രൈസ്തവ വിവാഹത്തിന്‍റെ അര്‍ത്ഥം, പ്രത്യേകതകള്‍, ദമ്പതികള്‍ക്ക് പരസ്പരമുള്ള അവകാശങ്ങളും കടമകളും മക്കളുടെ ശിക്ഷണം എന്നിവയെക്കുറിച്ചും ക്രിസ്തീയ വിശ്വാസ സത്യങ്ങള്‍, സന്മാര്‍ഗ്ഗമൂല്യങ്ങള്‍ എന്നിവയെക്കുറിച്ചും വിവാഹാര്‍ത്ഥികള്‍ക്ക് അറിവുണ്ടെന്ന കാര്യം ബന്ധപ്പെട്ട വികാരിമാര്‍ ഉറപ്പുവരുത്തേണ്ടതാണ്.
5. വിവാഹം ആശീര്‍വദിക്കാന്‍ അവകാശമുള്ള വികാരി കാനോനിക തടസ്സങ്ങളെ സംബന്ധിച്ച് മുന്‍കൂട്ടി വേണ്ട അന്വേഷണങ്ങള്‍ നടത്തണം. വധൂവരന്മാര്‍ സ്വമനസ്സാലെയാണോ വിവാഹത്തിന് സമ്മതിച്ചിട്ടുള്ളതെന്നും വല്ല തടസ്സവും ഉണ്ടോയെന്നും വികാരി അവരോട് തനിച്ച് വിവേകപൂര്‍വ്വം ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.
6. സ്ഥൈര്യലേപനം സ്വീകരിച്ചിട്ടില്ലാത്തവര്‍ വിവാഹത്തിന് മുമ്പ് ഈ കൂദാശ സ്വീകരിച്ചിരിക്കണം.

വിവാഹത്തിനുള്ള അപേക്ഷാഫോറം

1. ശരിയായ ഒരുക്കത്തോടും സമ്മതത്തോടും അറിവോടും കൂടിയാണ് തങ്ങള്‍ വിവാഹബന്ധത്തിലേര്‍പ്പെടുന്നതെന്നു വ്യക്തമാക്കാനായി വിവാഹാര്‍ത്ഥികള്‍ മനസ്സമ്മതത്തിനു മുമ്പായി തങ്ങളുടെ ഇടവക വികാരിയുടെ മുമ്പില്‍ വെച്ച് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന അന്വേഷണഫോറം പൂരിപ്പിച്ച് നല്‍കേണ്ടതാണ് (PL Art. 160). ഫോറത്തിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കാന്‍ വികാരിമാര്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേക അനുവാദങ്ങള്‍ ലഭിച്ചിട്ടുണ്ട് എങ്കില്‍ റിമാര്‍ക്ക് കോളത്തില്‍ എഴുതണം.
2. അന്വേഷണഫോറം പൂരിപ്പിച്ച് നല്‍കുന്നതോടൊപ്പം താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ സ്വതന്ത്രാവസ്ഥ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും (Free State Certificate) ഹാജരാക്കേണ്ടതാണ്.
a) പ്രായപൂര്‍ത്തിയായവര്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഠനത്തിനും ജോലിക്കും മറ്റുമായി രൂപതയ്ക്ക് പുറത്ത് താമസിച്ചിട്ടുള്ളവരാണെങ്കില്‍ മേല്‍പ്പറഞ്ഞ സ്ഥലത്തെ ഇടവകവികാരിയില്‍ നിന്നും അവരുടെ സ്വതന്ത്രാവസ്ഥ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (Free State Certificate) കൊണ്ടുവരേണ്ടതാണ്.
b) പ്രായപൂര്‍ത്തിയായതിനുശേഷം ഒന്നിലേറെ സ്ഥലങ്ങളില്‍ താമസിച്ചിട്ടുണ്ടെങ്കില്‍ ഏറ്റവും ഒടുവില്‍ ഒരു വര്‍ഷത്തിലേറെ എവിടെ താമസിച്ചോ അവിടുത്തെ വികാരിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. കൂടാതെ മറ്റു സ്ഥലങ്ങളില്‍ താമസിച്ചിരിക്കെ വിവാഹബന്ധത്തിലേര്‍പ്പെട്ടിട്ടില്ല എന്ന സത്യപ്രസ്താവനയും (Affidavit) നല്‍കേണ്ടതാണ്.
c) ഇപ്രകാരം വികാരിമാരുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ സിവില്‍ അധികാരികളുടെയോ വിശ്വസനീയരായ വ്യക്തികളുടെയോ സാക്ഷ്യം മതിയാവുന്നതാണ്.
d) ഇക്കാര്യത്തില്‍ ഒഴിവു കൊടുക്കുവാന്‍ സ്ഥല മേലദ്ധ്യക്ഷനു മാത്രമേ അനുവാദമുള്ളൂ.

വിവാഹവാഗ്ദാനം

1. വിവാഹപരസ്യം നിയമാനുസൃതം നടത്തുന്നതിന് സമയം ലഭിക്കത്തക്കവിധത്തില്‍ വിവാഹത്തിന് മുമ്പായി വിവാഹ വാഗ്ദാനം നടത്തേണ്ടതാണ്. സ്ഥലത്തെ വൈദിക മേലദ്ധ്യക്ഷന്‍റെയോ, ഇടവക വികാരിയുടെയോ, ഇവരില്‍ ആരെങ്കിലും അധികാരപ്പെടുത്തുന്ന വൈദികന്‍റെയോ മുമ്പാകെ രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ ഇടവകപ്പള്ളിയില്‍ വച്ചോ, വധൂവരന്മാര്‍ നിര്‍ദ്ദേശിക്കുന്ന മറ്റേതെങ്കിലും പള്ളിയില്‍ വച്ചോ വിവാഹവാഗ്ദാനം നടത്താവുന്നതാണ്. വിവാഹവാഗ്ദാനം നടത്തേണ്ടത് പള്ളിയില്‍ വച്ചാണ്. മറ്റേതെങ്കിലും സ്ഥലത്തു വച്ച് വിവാഹ വാഗ്ദാനം നടത്തണമെങ്കില്‍ രൂപതാദ്ധ്യക്ഷന്‍റെ അനുവാദം വാങ്ങിയിരിക്കണം.
2. കുറിയോ (Form A) തത്തുല്യമായ രേഖകളോ ലഭിച്ചശേഷം മാത്രമേ വിവാഹവാഗ്ദാനം നടത്താവൂ.
3. വിവാഹവാഗ്ദാനം നടത്തിയ വിവരം വൈദികന്‍ അതിനുള്ള രജിസ്റ്ററില്‍ രേഖപ്പെടുത്തണം. കക്ഷികളും കാര്‍മ്മികനും രണ്ട് സാക്ഷികളും രജിസ്റ്ററില്‍ ഒപ്പിടണം.
4. വിവാഹവാഗ്ദാനത്തിനുശേഷം ഇക്കാര്യം മറ്റേക്കക്ഷിയുടെ ഇടവക വികാരിയെ കുറിയിലൂടെ (Form B) അറിയിക്കണം. ഈ കുറിയില്‍ ജനനതീയതിയും മാമ്മോദീസ തീയതിയും രേഖപ്പെടുത്തിയിരിക്കണം. 

5. ആരാധനാക്രമപുസ്തകത്തില്‍ നല്‍കിയിരിക്കുന്ന ക്രമമനുസരിച്ചാണ് വിവാഹവാഗ്ദാനം നടത്തേണ്ടത്.
6. അസാധാരണ സന്ദര്‍ഭങ്ങളില്‍ രേഖാമൂലം മനസ്സമ്മതം നടത്താന്‍ രൂപതാദ്ധ്യക്ഷന് അനുവദിക്കാവുന്നതാണ്. വരനും വധുവും രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ അവരവരുടെ ഇടവകവികാരിയുടെ മുമ്പാകെ വിവാഹത്തിനുള്ള അവരുടെ സമ്മതം എഴുതി വെളിപ്പെടുത്തുന്നു. ഇരുകൂട്ടരുടെയും സമ്മതം ഇടവക വികാരിമാര്‍ പരസ്പരം അറിയിക്കേണ്ടതാണ്. തുടര്‍ന്ന് മുറപ്രകാരം വിവാഹ പരസ്യം നടത്തേണ്ടതാണ്.
7. ഇരു കക്ഷികളും രേഖാമൂലം നല്‍കുന്ന ന്യായയുക്തവും ഗൗരവവുമായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ഒരു കക്ഷിയുടെ രൂപതാദ്ധ്യക്ഷന് മനസ്സമ്മത കര്‍മ്മത്തില്‍ നിന്ന് ഒഴിവു നല്‍കാവുന്നതാണ്.
8. വിവാഹവാഗ്ദാനം നടത്തി വിവാഹം നടക്കാതെ ഒഴിവാകുമ്പോള്‍ ന്യായമായ നഷ്ടം ഇതരകക്ഷിക്കുകൊടുക്കുവാന്‍ ബാധ്യതയുണ്ട് . ഇതു സംബന്ധിച്ച് ഉണ്ടായേക്കാവുന്ന തര്‍ക്കപരിഹാരത്തിന് ബന്ധപ്പെട്ട വികാരിമാരുടെ ശുപാര്‍ശയോടുകൂടി ഫൊറോനാവികാരിയെ സമീപിക്കേണ്ടതും അദ്ദഹത്തിന്‍റെ തീരുമാനത്തിന്മേല്‍ തര്‍ക്കമുണ്ടായാല്‍ രൂപതാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതുമാണ്.
9. മനസ്സമ്മതത്തിനു മുമ്പുപോലും ഇരുകക്ഷികളുടെയും രേഖാമൂലമായ അപേക്ഷപ്രകാരം, ഏതെങ്കിലും ഒരു കക്ഷിയുടെ മേലദ്ധ്യക്ഷന് വിവാഹനിശ്ചയം പരസ്യപ്പെടുത്താനുള്ള അനുവാദം നല്‍കാവുന്നതാണ്.

വിവാഹകുറികള്‍

1. വിവാഹത്തോടനുബന്ധിച്ച് വധൂവരന്മാരുടെ ഇടവകാവികാരിമാര്‍ തമ്മില്‍ താഴെപ്പറയുന്ന കുറികള്‍ കൈമാറേണ്ടതാണ്.
a) മനസമ്മതത്തിന് മുമ്പ് നല്‍കുന്ന മനസമ്മതക്കുറി (Form A)
b) മനസമ്മതത്തിന് ശേഷം വിവാഹതീയതിയും പരസ്യ തീയതിയും അറിയിക്കുന്ന കുറി (Form B)
c) വിവാഹ ആശീര്‍വാദത്തിന് അനുവദിക്കുന്ന കെട്ടു കുറി (Form C).
d) വിവാഹശേഷം നല്‍കുന്ന വിവാഹസാക്ഷ്യക്കുറി (Form D)
e) വധൂവരന്മാരുടെ ഇടവകകളിലെ വിവാഹരജിസ്റ്ററുകളിലും മാമ്മോദീസ നടന്ന സ്ഥലത്തെ രജിസ്റ്ററുകളിലും വിവാഹം നടന്ന കാര്യം രേഖപ്പെടുത്തിയെന്ന് വിവാഹാശീര്‍വാദം നടന്ന പള്ളിയിലെ വികാരിയെ അറിയിക്കുന്ന കുറി (Form E).

വിവാഹ പരസ്യം

1. വിവാഹത്തിന് കാനോനികമായി എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അറിയുന്നതിനും കൂദാശയുടെ ഭദ്രതയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അവസരം ലഭിക്കുന്നതിനും വേണ്ടിയാണ് വിവാഹപരസ്യം നടത്തുന്നത്. ആയതിനാല്‍ പരസ്യപ്പെടുത്തുന്ന വിവാഹത്തിന് എന്തെങ്കിലും തടസ്സമുണ്ടെന്ന് ബോധ്യമുള്ളവര്‍ക്ക് തത്സംബന്ധമായ വിവരം വികാരിയെ യഥാസമയം അറിയിക്കുവാന്‍ കടമയുണ്ട്.
2. വിവാഹം മൂന്ന് തുടര്‍ച്ചയായ കടമുള്ള ദിവസങ്ങളില്‍ പരസ്യം ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ ഒരു തവണ പള്ളിയില്‍ പരസ്യപ്പെടുത്തിയശേഷം രണ്ടു കടമുള്ള ദിവസങ്ങളില്‍ പള്ളിയിലെ നോട്ടീസ്ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചാലും മതിയാകും. സിവില്‍ നിയമം ആവശ്യപ്പെടുന്നത് ഒരു മാസത്തെ പരസ്യമാണ്. ഇതില്‍ നിന്നും ഒഴിവു നല്കാന്‍ ആര്‍ക്കും അധികാരമില്ല.
3. തക്കകാരണങ്ങളുണ്ടെങ്കില്‍ ഒരു വിവാഹപരസ്യത്തില്‍ നിന്ന് വികാരിക്കും രണ്ടെണ്ണത്തില്‍ നിന്ന് ഫൊറോനാവികാരിക്കും ഒഴിവ് നല്‍കാവുന്നതാണ്. പരസ്യങ്ങളൊന്നും കൂടാതെ വിവാഹം ആശീര്‍വ്വദിക്കുന്നതിനും, ഒരു പ്രാവശ്യം മാത്രം വിളിച്ചുചൊല്ലി അന്നുതന്നെ വിവാഹം ആശീര്‍വ്വദിക്കുന്നതിനും സ്ഥലമേലദ്ധ്യക്ഷന്‍റെ അനുവാദം ആവശ്യമാണ്. എന്നാല്‍ പരസ്യങ്ങള്‍ കൂടാതെയോ, പരസ്യം നടത്തി അന്നുതന്നെയോ വിവാഹം ആശീര്‍വ്വദിക്കാന്‍ സാധാരണ സാഹചര്യങ്ങളില്‍ അനുവാദം നല്കാറില്ല. ഒരു തവണ മാത്രം പരസ്യം ചെയ്യുന്നുള്ളുവെങ്കില്‍ അതിനു ശേഷം അഞ്ചു ദിവസം കഴിഞ്ഞേ വിവാഹം നടത്താന്‍ പാടുള്ളു.
4. ഒന്നിലധികം വൈദികമേലദ്ധ്യക്ഷന്മാര്‍ക്ക് കീഴ്പ്പെട്ടവരുടെ കാര്യത്തില്‍ ഒഴിവുകൊടുക്കേണ്ടത് വിവാഹം നടക്കുന്ന സ്ഥലത്തെ വൈദികമേലദ്ധ്യക്ഷനാണ്. എന്നാല്‍ വിവാഹം നടക്കുന്നത് ഇരുവരുടെയും രൂപതാതിര്‍ത്തിക്ക് പുറത്തുവച്ചാണെങ്കില്‍ വരന്‍റെ രൂപതാദ്ധ്യക്ഷനില്‍ നിന്നാണ് അനുവാദം വാങ്ങേണ്ടത്.
5. വിവാഹപരസ്യത്തിനുശേഷം ആറുമാസത്തിനകം വിവാഹം നടന്നിട്ടില്ലെങ്കില്‍ വീണ്ടും പരസ്യം ചെയ്യേണ്ടതാണ്. ഇക്കാര്യത്തില്‍ രൂപതാദ്ധ്യക്ഷന് ഇളവു നല്‍കാവുന്നതാണ്.
6. വിവാഹപരസ്യത്തിനിടയ്ക്കോ പിന്നീടോ, വിവാഹതടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടെന്ന് സംശയം തോന്നിയാല്‍ വികാരി ഇതേപ്പറ്റി വിശദമായി അന്വേഷണം നടത്തണം. എന്തെങ്കിലും തടസ്സമുണ്ടെന്ന് ബോധ്യമായാല്‍ വിളിച്ചുചൊല്ലല്‍ നിര്‍ത്തി വയ്ക്കേണ്ടതാണ്. എന്നാല്‍ പരസ്യമായ തടസ്സമല്ലെങ്കില്‍ വിളിച്ചുചൊല്ലല്‍ പൂര്‍ത്തിയാക്കാവുന്നതാണ്. പിന്നീട് രൂപതാദ്ധ്യക്ഷനെ വിവരമറിയിക്കുകയും തടസ്സം നീക്കിയശേഷം മാത്രം വിവാഹം നടത്തുകയും ചെയ്യേണ്ടതാണ്.
7. വിവാഹവാഗ്ദാനത്തിനു ശേഷമാണ് പരസ്യം ചെയ്യേണ്ടത്. എന്നാല്‍ അനുവാദത്തോടെ വിവാഹവാഗ്ദാനത്തിനു മുമ്പും പരസ്യം നടത്താവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
7.1 വിളിച്ചുചൊല്ലല്‍ വിവാഹവാഗ്ദാനത്തിനു മുമ്പു നടത്തുമ്പോള്‍, വിവാഹത്തിനു മുമ്പ് പരസ്യംചെയ്യല്‍ പൂര്‍ത്തിയായാല്‍ മതി. പക്ഷേ, വിളിച്ചുചൊല്ലല്‍ മൂന്നില്‍ കുറയാന്‍ പാടില്ല.
7.2 മതിയായ കാരണമുണ്ടെങ്കില്‍ ഏതു വിവാഹവും വിവാഹവാഗ്ദാനത്തിനു മുമ്പു പരസ്യം ചെയ്യാം. (കേരളത്തിനു വെളിയില്‍ ഉള്ളവര്‍ക്കു മാത്രമല്ല ഈ അനുവാദം).
7.3 കാരണം വ്യക്തമായി അപേക്ഷാഫോറത്തില്‍ രേഖപ്പെടുത്തിയിരിക്കണം.

വിവാഹ സംഭാവന

1. വിവാഹ അവസരത്തില്‍ ദമ്പതികള്‍ നല്‍കേണ്ട വിവാഹ സംഭാവന രൂപതകള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ കുടുംബങ്ങളുടെ പരിതഃസ്ഥിതിയനുസരിച്ച് സംഭാവന മുഴുവനായും ഇളവു ചെയ്യുകയോ മേല്‍പ്പറഞ്ഞതിനേക്കാള്‍ കൂടുതല്‍ തരുന്നെങ്കില്‍ വാങ്ങിക്കുകയോ ചെയ്യാവുന്നതാണ്. വിവാഹസംഭാവന ഏത് കാര്യത്തിനാണ് ഉപയോഗിക്കേണ്ടത് എന്നത് രൂപതയില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് തീരുമാനിക്കേണ്ടത്.
2. വധൂവരന്മാര്‍ രണ്ടുപേരും ഒരേ ഇടവകയില്‍ പെട്ടവരാണെങ്കില്‍ ഓരോരുത്തരും വെവ്വേറെ വിവാഹ സംഭാവന നല്‍കേണ്ടതാണ്. ഓരോരുത്തരും സ്വന്തം ഇടവകയില്‍ സംഭാവന നല്‍കണം.
3. പള്ളിയിലേക്ക് കുടിശിഖകള്‍ കൊടുക്കുവാനുണ്ടെങ്കില്‍ വിവാഹത്തോടനുബന്ധിച്ച് അത് കൊടുത്തുതീര്‍ക്കേണ്ടതാണ്.

രൂപതാദ്ധ്യക്ഷന്‍റെ അനുവാദം കൂടാതെ നടത്താന്‍ പാടില്ലാത്ത വിവാഹങ്ങള്‍

1. സ്ഥിരമായ വാസസ്ഥലമില്ലാതെ ദേശാടനം പതിവാക്കിയിട്ടുള്ളവരുടെ വിവാഹം.
2. മൂന്നാം കക്ഷിയോട്, അതായത് നേരത്തെ ബന്ധമുണ്ടായിരുന്ന സഖിയോടും മക്കളോടും സ്വാഭാവികമായ കടമകള്‍ നിറവേറ്റുവാന്‍ ബാധ്യസ്ഥരായിട്ടുള്ളവരുടെ വിവാഹം.
3. മാതാപിതാക്കന്മാരുടെ അറിവോടും സമ്മതത്തോടും കൂടിയല്ലാതെ നടത്തുന്ന വിവാഹം.
4. ഏതെങ്കിലും വ്യവസ്ഥകള്‍ പാലിച്ചതിനുശേഷമല്ലാതെ വിവാഹം പാടില്ലെന്ന് സഭാകോടതിവിധിപ്രകാരം മുടക്കിയിട്ടുള്ള വിവാഹം.
5. കത്തോലിക്കാവിശ്വാസം പരസ്യമായി ത്യജിച്ചിട്ടുള്ളവരുടെ വിവാഹം.

കാനോനികക്രമം

1. സ്ഥലമേലദ്ധ്യക്ഷനോ, കക്ഷികളുടെ ഇടവകവികാരിയോ അസ്തേന്തിയോ ഇവരിലാരെങ്കിലും ചുമതലപ്പെടുത്തുന്ന മറ്റ് വൈദികനോ ആണ് വിവാഹത്തിന്‍റെ കാര്‍മ്മികന്‍. വിവാഹതിരുക്കര്‍മ്മസമയത്ത് വധൂവരന്മാര്‍ തങ്ങളുടെ വിവാഹസമ്മതം രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ പരസ്യമായി പ്രഖ്യാപിക്കുകയും കാര്‍മ്മികന്‍ അവരെ ആശീര്‍വദിക്കുകയും ചെയ്യുന്നതാണ് വിവാഹത്തിന്‍റെ കാനോനികക്രമം.
2. CCEO c. 832- ല്‍ പറയുന്ന മരണാവസ്ഥ, വൈദികരില്ലാത്ത അവസ്ഥ എന്നീ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ ഈ കാനോനികക്രമത്തില്‍ നിന്നും ഒഴിവുള്ളൂ.
3. പൗരസ്ത്യ കത്തോലിക്കാ സഭാംഗമായ ഒരാള്‍ പൗരസ്ത്യ അകത്തോലിക്ക സഭാംഗമായ ഒരാളുമായി വിവാഹത്തില്‍ ഏര്‍പ്പെടുമ്പോള്‍ കത്തോലിക്കാ കാനോനികക്രമം പാലിക്കപ്പെടാതിരുന്നാല്‍ ആ വിവാഹം സാധുവാണെങ്കിലും നിയമാനുസൃതമല്ല.
4. കത്തോലിക്ക കാനോനികക്രമത്തില്‍ നിന്നും ഒഴിവു നല്‍കുന്നതിന് ശ്ലൈഹികസിംഹാസനത്തിനോ, മേജര്‍ ആര്‍ച്ച്ബിഷപ്പിനോ മാത്രമേ അധികാരമുള്ളൂ.
5. കത്തോലിക്കാസഭയും മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സഭയും (യാക്കോബായ/ ബാവകക്ഷി/ പാത്രിയാര്‍ക്കീസ് കക്ഷി) തമ്മില്‍ ഉണ്ടാക്കിയിട്ടുള്ള ധാരണ അനുസരിച്ച് കാനോനികക്രമത്തില്‍ നിന്ന് ഒഴിവു നല്‍കുവാന്‍ അതാത് രൂപതാദ്ധ്യക്ഷന് അധികാരമുണ്ട്.

സ്ഥലം, സമയം

1. നമ്മുടെ പാരമ്പര്യമനുസരിച്ച് ദമ്പതിമാരില്‍ ആരുടെയെങ്കിലും ഇടവകയില്‍വെച്ച് വിവാഹം ആശീര്‍വദിക്കാവുന്നതാണ്. അല്ലെങ്കില്‍ വികാരിയുടെ അനുവാദത്തോടുകൂടി കക്ഷികള്‍ക്ക് സൗകര്യമായ ഏതെങ്കിലും ഇടവകയില്‍ വെച്ചും ആശീര്‍വദിക്കാവുന്നതാണ്. വിവാഹം എവിടെവെച്ച് ആശീര്‍വദിക്കപ്പെടുന്നു എന്ന പരിഗണനയില്ലാതെ മറുകക്ഷിയുടെ വികാരിക്കാണ് കെട്ടുകുറി (Form C) നല്‍കേണ്ടത്. അദ്ദേഹം ആവശ്യമായ രേഖകള്‍ വിവാഹം ആശീര്‍വദിക്കപ്പെടുന്ന സ്ഥലത്തെ വികാരിക്ക് നല്‍കേണ്ടതാണ്. വിവാഹം നടത്തിയത് കക്ഷിയുടെ ഇടവകയില്‍ വച്ചല്ലെങ്കില്‍ വിവാഹം നടത്തിയ പള്ളിയിലെ വികാരി ഇരുകക്ഷിയുടെയും വികാരിമാര്‍ക്ക് വിവാഹസര്‍ട്ടിഫിക്കറ്റ് (Form D) നല്‍കേണ്ടതാണ്. അസാധാരണമായ സാഹചര്യങ്ങളില്‍ ഏതെങ്കിലും അനുയോജ്യമായ സ്ഥലത്തുവച്ച് വിവാഹം ആശീര്‍വദിക്കാന്‍ രൂപതാദ്ധ്യക്ഷന് അനുവാദം നല്‍കാവുന്നതാണ്.
2. സഭാനിയമമനുസരിച്ച് ആഗമനകാലത്തും വലിയ നോമ്പുകാലത്തും വിവാഹാഘോഷം മുടക്കമാണ്. എന്നാല്‍ മതിയായതും നീതിപൂര്‍വ്വകവുമായ കാരണങ്ങളുണ്ടെങ്കില്‍ കക്ഷികള്‍ ആരുടെയെങ്കിലും അപേക്ഷയിന്മേല്‍ ആഘോഷവും ആഡംബരവും ഒഴിവാക്കി വിവാഹം ആശീര്‍വദിക്കുന്നതിന് സ്ഥല മേലദ്ധ്യക്ഷന് അനുവാദം നല്‍കാവുന്നതാണ്. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും വിവാഹാഘോഷങ്ങള്‍ സാധാരണഗതിയില്‍ അനുവദനീയമല്ല. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ രൂപതാകച്ചേരിയില്‍ നിന്നുള്ള അനുവാദത്തോടെ ദേവാലയത്തിലെ കര്‍മ്മങ്ങള്‍ക്കും മതബോധനത്തിനും തടസ്സം വരാതെ നടത്താവുന്നതാണ്.

വിവാഹതടസ്സങ്ങള്‍

1. വയസ്സുകുറവ്
നിലവിലുള്ള കാനോന്‍ നിയമമനുസരിച്ച് പുരുഷന് പതിനാറു വയസ്സും സ്ത്രീക്ക് പതിനാലുവയസ്സും തികഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സാധുവായ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാവുന്നതാണ്. എന്നാല്‍ ഇന്ത്യന്‍ സിവില്‍ നിയമമനുസരിച്ച് പുരുഷന് ഇരുപത്തൊന്ന് വയസ്സും സ്ത്രീക്ക് പതിനെട്ട് വയസ്സും തികഞ്ഞിരിക്കണമെന്നത് ശിക്ഷയില്‍കീഴ് നിര്‍ബന്ധമാക്കിയിട്ടുള്ളതിനാല്‍ ആ വയസ്സ് തികഞ്ഞിട്ടേ വിവാഹം നടത്താവൂ. പതിനെട്ടിനും ഇരുപത്തൊന്നിനും മദ്ധ്യേ പ്രായമുള്ള ഒരു ആണ്‍കുട്ടി പതിനഞ്ചിനും പതിനെട്ടിനും മദ്ധ്യേ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ പതിനഞ്ചുദിവസം തടവോ ആയിരം രൂപ പിഴയോ ശിക്ഷ വിധിക്കാം. ഇരുപത്തൊന്നിനുമേല്‍ പ്രായമുള്ള പുരുഷന്‍ നിശ്ചിതപ്രായം തികയാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ മൂന്നുമാസം തടവോ ആയിരം രൂപ പിഴയോ ആണ് ശിക്ഷ. പ്രായമെത്താത്തവരുടെ വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കുന്നവര്‍ക്കും രക്ഷിതാക്കളാണ് വിവാഹം നടത്തിക്കുന്നതെങ്കില്‍ അവര്‍ക്കും മൂന്നുമാസം തടവോ ആയിരം രൂപ പിഴയോ ശിക്ഷ നല്‍കാം. ചിലപ്പോള്‍ ഈ കേസുകളില്‍ തടവും പിഴയും ഒന്നിച്ച് വിധിക്കാവുന്നതാണ്.
2. ലൈംഗികശേഷിക്കുറവ് (Impotency)
പുരുഷന്‍റെ ഭാഗത്തോ സ്ത്രീയുടെ ഭാഗത്തോ ഉള്ള കേവലമോ, ആപേക്ഷികമോ ആയ ലൈംഗികസംയോഗത്തിനുള്ള ശേഷിക്കുറവ് വിവാഹത്തിന് മുമ്പുള്ളതും ശാശ്വതവുമാണെങ്കില്‍ അതിന്‍റെ സ്വഭാവത്താല്‍തന്നെ വിവാഹത്തെ അസാധുവാക്കുന്നു. ഇതില്‍നിന്നും ഒഴിവുകൊടുക്കുവാന്‍ ആര്‍ക്കും അധികാരമില്ല.
3. രക്തബന്ധം (Consanguinity)
3.1 തായ്പരമ്പരയില്‍ (vertical or direct line) (ഉദാ : അപ്പന്‍, വല്യപ്പന്‍, മകന്‍, പേരക്കുട്ടി എന്നിവര്‍ തമ്മില്‍) ഒരിക്കലും വിവാഹം അനുവദനീയമല്ല. ഈ തടസ്സം ഒരിക്കലും ഒഴിവാക്കാനും അധികാരമില്ല.
3.2 ശാഖാപരമ്പരയില്‍ (collateral line) പൊതുകാരണവരെ ഒഴിവാക്കി ആകെ എത്രപേര്‍ ഉണ്ടെന്ന് നോക്കിയാണ് ഡിഗ്രി അഥവാ കരിന്തല കണക്കാക്കുക.
3.3 ശാഖാപരമ്പരയിലെ (collateral line) രണ്ടാം കരിന്തലയിലെ (ആങ്ങള – പെങ്ങള്‍ ബന്ധം) വ്യക്തികള്‍ക്ക് വിവാഹതടസ്സത്തില്‍ നിന്നും ഒഴിവ് (Dispensation) ഒരിക്കലും അനുവദിക്കുന്നതല്ല.
3.4 ശാഖാപരമ്പരയില്‍ നാലാം കരിന്തല ഉള്‍പ്പെടെ (ഉദാ: ജ്യേഷ്ഠന്‍-അനുജന്‍, ആങ്ങള-പെങ്ങള്‍, ചേച്ചി-അനുജത്തി, എന്നിവരും ഇവരുടെ മക്കള്‍ തമ്മിലും (first cousins) വിവാഹം തടസ്സമാണ്.
4. ചാര്‍ച്ചാബന്ധം (Affinity)
വാസ്തവമായി നടന്ന വിവാഹത്തിലെ ദമ്പതിമാരിലെ ഒരാളും മറ്റെയാളുടെ ബന്ധുക്കളും തമ്മിലുള്ള ബന്ധമാണ് ചാര്‍ച്ചാബന്ധം. തായ്പരമ്പരയിലെ എല്ലാവരുമായും (ഉദാ: ഭാര്യയ്ക്ക് മറ്റൊരു ഭര്‍ത്താവില്‍ നിന്നുള്ള മകള്‍), ശാഖാ പരമ്പരയിലെ രണ്ടാം കരിന്തല ഉള്‍പ്പെടെയും (ഉദാ : ഭാര്യയുടെ അനുജത്തി) ചാര്‍ച്ചാബന്ധത്താല്‍ വിവാഹം തടസ്സമായിരിക്കുന്നു. ലത്തീന്‍ നിയമമനുസരിച്ച് ചാര്‍ച്ചാബന്ധം വിവാഹ തടസ്സമല്ല.
5. നിലവിലുള്ള മുന്‍ വിവാഹബന്ധം
5.1 മുന്‍വിവാഹബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹം നടത്തുന്നത് അസാധുവായിരിക്കും.
5.2 ആദ്യവിവാഹം ഏതെങ്കിലും കാരണത്താല്‍ അസാധുവായിരിക്കുകയോ ബന്ധം വേര്‍പെടുത്തുകയോ ചെയ്തിരുന്നാല്‍ തന്നെയും ഒന്നാമത്തെ വിവാഹത്തിന്‍റെ അസാധുതയോ അല്ലെങ്കില്‍ വേര്‍പെടുത്തലോ നിയമപരമായും (സഭാപരമായും സിവില്‍പരമായും) നിശ്ചിതമായും സ്ഥാപിക്കപ്പെടാതെ മറ്റൊരു വിവാഹം നടത്തുന്നത് നിയമാനുസൃതമല്ല.
6. മതവ്യത്യാസം
മാമ്മോദീസ സ്വീകരിക്കാത്ത ഒരു വ്യക്തിയുമായി സാധുവായ വിവാഹബന്ധത്തിലേര്‍പ്പെടാന്‍ പാടില്ല.
7. ആത്മീയബന്ധം
മാമ്മോദീസായില്‍ തലതൊടുന്നവര്‍ക്ക്, മാമ്മോദീസ സ്വീകരിച്ച വ്യക്തിയുമായോ, അയാളുടെ മാതാപിതാക്കളുമായോ വിവാഹബന്ധം പാടുള്ളതല്ല. ലത്തീന്‍ നിയമസംഹിതയില്‍ ഇത് വിവാഹതടസ്സമല്ല.
8. തട്ടിക്കൊണ്ടുപോകല്‍
വിവാഹം നടത്തുവാനുള്ള ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകപ്പെടുകയോ കുറഞ്ഞപക്ഷം അധീനതയില്‍ വയ്ക്കപ്പെടുകയോ ചെയ്തിരിക്കുന്ന വ്യക്തിയുമായി സാധുവായി വിവാഹം നടത്താന്‍ സാധ്യമല്ല. അല്ലാത്തപക്ഷം പ്രസ്തുത വ്യക്തി അപഹര്‍ത്താവില്‍ നിന്നോ അധീനമാക്കിയ ആളില്‍ നിന്നോ മോചിക്കപ്പെട്ട് സുരക്ഷിതവും സ്വതന്ത്രവുമായ ഒരു സ്ഥലത്തെത്തിയിരിക്കുകയും സ്വതന്ത്രമായി വിവാഹത്തിന് സമ്മതിക്കുകയും വേണം.
9. ദമ്പതിവധം
9.1 ഒരു നിശ്ചിതവ്യക്തിയുമായി വിവാഹത്തില്‍ ഏര്‍പ്പെടുവാനുള്ള ലക്ഷ്യത്തോടുകൂടി ആ വ്യക്തിയുടെ വിവാഹപങ്കാളിയുടെയോ, സ്വന്തം വിവാഹപങ്കാളിയുടെയോ മരണത്തിന് ഇടയാക്കുന്ന വ്യക്തി പ്രസ്തുത വിവാഹത്തില്‍ ഏര്‍പ്പെടുന്നത് അസാധുവായിരിക്കും.
9.2 ശാരീരികമോ ധാര്‍മ്മികമോ ആയ പരസ്പരസഹകരണത്തോടെ വിവാഹപങ്കാളിയെ അപായപ്പെടുത്തുന്നവര്‍ തമ്മില്‍ വിവാഹത്തിന് ശ്രമിക്കുന്നതും അസാധുവായിരിക്കും.
10. പൊതുമാന്യതയുടെ അടിസ്ഥാനത്തിലുള്ള തടസ്സം
അസാധുവായ വിവാഹത്തിനുശേഷമുള്ള കൂട്ടായ ജീവിതം വഴിയോ, കുപ്രസിദ്ധമോ, പരസ്യമോ ആയ ഉപസ്ത്രീ സഹവാസം വഴിയോ, നിയമം നിര്‍ദ്ദേശിക്കുന്ന കാനോനികക്രമമനുസരിച്ച് വിവാഹം നടത്തേണ്ട വ്യക്തികള്‍ അതിനു വിപരീതമായി ഒരു സിവില്‍ ഉദ്യോഗസ്ഥന്‍റെയോ അകത്തോലിക്കാപുരോഹിതന്‍റെയോ മുമ്പാകെ വിവാഹം നടത്തിയതിനുശേഷം നയിക്കുന്ന കൂട്ടായജീവിതം വഴിയോ, പൊതുമാന്യതയുടെ അടിസ്ഥാനത്തിലുള്ള വിവാഹതടസ്സം ഉളവാകുന്നു. ഈ വിവാഹതടസ്സം സ്ത്രീക്ക് പുരുഷന്‍റെയോ, പുരുഷന് സ്ത്രീയുടെയോ തായ്പരമ്പരയില്‍ ഒന്നാം കരിന്തലയില്‍ രക്തബന്ധം ഉള്ളവരുമായുള്ള വിവാഹബന്ധം അസാധുവാക്കുന്നു.
11. ദത്തെടുക്കല്‍
ദത്തെടുക്കലില്‍ നിന്നുളവാകുന്ന നിയമാനുസൃതബന്ധം വഴി തായ്പരമ്പരയിലോ ശാഖാപരമ്പരയിലെ രണ്ടാം കരിന്തലയിലോ ബന്ധപ്പെട്ടിരിക്കുന്നവര്‍ തമ്മില്‍ സാധുവായി വിവാഹത്തിലേര്‍പ്പെടുവാന്‍ സാധ്യമല്ല.
12. തിരുപ്പട്ടങ്ങള്‍
തിരുപ്പട്ടം സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ക്ക് സാധുവായി വിവാഹ ബന്ധത്തിലേര്‍പ്പെടുവാന്‍ കഴിയില്ല.
13. സന്യാസവ്രതം
ഒരു സമര്‍പ്പിതസമൂഹത്തില്‍ പരസ്യനിത്യബ്രഹ്മചര്യവ്രത വാഗ്ദാനം നടത്തിയിരിക്കുന്ന വ്യക്തികള്‍ക്ക് സാധുവായി വിവാഹം നടത്താന്‍ സാധിക്കുകയില്ല.

വിവാഹസമ്മതത്തിനുണ്ടാകുന്ന ന്യൂനതകള്‍

1. വിവാഹബന്ധം സ്ഥാപിക്കുന്നതിനായി സ്ത്രീയും പുരുഷനും അലംഘനീയമായ ഒരു ഉടമ്പടിവഴി പരസ്പരം നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഇച്ഛാശക്തിയുടെ പ്രവൃത്തി (act of will) ആണ് വിവാഹസമ്മതം.
2. താഴെപറയുന്ന സാഹചര്യങ്ങള്‍ വിവാഹസമ്മതത്തെ അസാധുവാക്കുന്നു
a) മതിയായ ആലോചനാശക്തിയില്ലാത്തവര്‍ നല്‍കുന്ന വിവാഹ സമ്മതം.
b) മതിയായ വിവേചനാശക്തിയില്ലാത്തവര്‍ നല്‍കുന്ന വിവാഹ സമ്മതം.
c) മാനസികമായ കാരണങ്ങളാല്‍ വിവാഹജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാന്‍ പ്രാപ്തിയില്ലാത്തവര്‍ നല്‍കുന്ന വിവാഹസമ്മതം.
d) വിവാഹധര്‍മ്മത്തെപ്പറ്റിയുള്ള അജ്ഞത ഉള്ളവര്‍ നല്‍കുന്ന വിവാഹസമ്മതം.
e) വ്യക്തി മാറിപോകുന്ന അവസ്ഥ.
f) ജീവിതപങ്കാളിയുടെ വ്യക്തിത്വത്തെ ബാധിക്കുന്ന ഗുണവിശേഷങ്ങളിലുള്ള തെറ്റിദ്ധാരണ.
g) ദാമ്പത്യ കൂട്ടായ്മയെ ദുഷ്കരമാക്കുന്ന വഞ്ചന.
h) വിവാഹത്തെതന്നെയോ അതിന്‍റെ കാതലായ ഏതെങ്കിലും ഘടകത്തെയോ സവിശേഷതകളെയോ മനഃപൂര്‍വ്വം വേണ്ടെന്നു വയ്ക്കുന്ന കപടസമ്മതം.
i) ബലപ്രയോഗം, ഭീഷണി എന്നിവയുടെ അടിസ്ഥാനത്തില്‍ കൊടുക്കുന്ന സമ്മതം.
j) ഏതെങ്കിലും വ്യവസ്ഥയോടുകൂടി വിവാഹസമ്മതം

മിശ്രവിവാഹം (Mixed Marriage)

1. കത്തോലിക്കരും മാമ്മോദീസ സ്വീകരിച്ചിട്ടുള്ള അകത്തോലിക്കരും തമ്മിലുള്ള വിവാഹത്തെയാണ് മിശ്രവിവാഹമെന്ന് പറയുന്നത്. ഇങ്ങനെയുള്ള വിവാഹത്തിന് രൂപതാദ്ധ്യക്ഷന്‍റെ അനുവാദം ആവശ്യമാണ്.
2. വ്യത്യസ്ത ക്രൈസ്തവ വിഭാഗത്തില്‍പ്പെടുന്നവര്‍ തമ്മിലുള്ള വിവാഹം കുടുംബഭദ്രതയേയും മക്കളുടെ വളര്‍ത്തലിനെയും ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള മാനസിക ഐക്യത്തേയും വിശ്വാസ ജീവിതത്തെയും സാരമായി ബാധിക്കുവാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ വ്യത്യസ്ത ക്രൈസ്തവ വിഭാഗത്തില്‍പ്പെടുന്നവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നത് വികാരിമാര്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്.
3. കത്തോലിക്കാവിശ്വാസിയുമായി വിവാഹിതനാകാന്‍ പോകുന്ന അകത്തോലിക്കാ വ്യക്തി കത്തോലിക്കാവിശ്വാസം സ്വീകരിക്കാത്ത സാഹചര്യത്തില്‍ വിവാഹങ്ങള്‍ നടത്തുന്നതിന് താഴെ ചേര്‍ക്കുന്ന വ്യവസ്ഥകള്‍ പാലിക്കണം.
a) കത്തോലിക്കാവിശ്വാസി തന്‍റെ വിശ്വാസത്തിന് കോട്ടം വരുത്തിയേക്കാവുന്ന പ്രതികൂലസാഹചര്യങ്ങളെല്ലാം ഒഴിവാക്കുന്നതിന് തയ്യാറാണെന്ന് പ്രതിജ്ഞ ചെയ്യുന്നതോടൊപ്പം സന്താനങ്ങളെ കത്തോലിക്കാസഭയില്‍ മാമ്മോദീസായും ശിക്ഷണവും നല്‍കി വളര്‍ത്തുന്നതിനുവേണ്ട എല്ലാ ക്രമീകരണങ്ങളും തന്‍റെ കഴിവിന്‍റെ പരമാവധി ചെയ്യുന്നതാണെന്ന് ആത്മാര്‍ത്ഥതയോടെ വാഗ്ദാനം ചെയ്യുക.
b) കത്തോലിക്കാവിശ്വാസി ചെയ്യേണ്ടതായ വാഗ്ദാനങ്ങളെയും തജ്ജന്യമായുണ്ടാകുന്ന കടമകളെയും സംബന്ധിച്ച് മറുഭാഗം പങ്കാളി ബോധവാനോ ബോധവതിയോ ആയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിലേക്ക് പ്രസ്തുത വാഗ്ദാനങ്ങളെപ്പറ്റി കഴിയും വേഗം പ്രസ്തുത വ്യക്തിയെ ധരിപ്പിക്കുക.
c) വിവാഹത്തിന്‍റെ സാരവത്തായ ഉദ്ദേശ്യലക്ഷ്യങ്ങളെയും ഗുണലക്ഷണങ്ങളെയും സംബന്ധിച്ച് ഇരുവരെയും വേണ്ടവിധം ബോധവത്ക്കരിക്കണം.
d) മേല്‍പ്പറഞ്ഞ വ്യവസ്ഥകളില്‍ വിഭാവനം ചെയ്തിട്ടുള്ള വാഗ്ദാനവും ഉറപ്പും വധൂവരന്മാര്‍ രേഖാമൂലം നല്‍കണമെന്നാണ് കാനന്‍നിയമം അനുശാസിക്കുന്നത്. ആയതിനാല്‍ മിശ്രവിവാഹം നടത്തുന്നതിന് ആധാരമായ കാരണങ്ങളും പ്രസ്തുത വിവാഹം സംബന്ധിച്ച് നല്‍കുന്ന വാഗ്ദാനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് രൂപതാദ്ധ്യക്ഷന്‍റെ അനുവാദത്തിനായി കത്തോലിക്കാ വിശ്വാസി ഒപ്പിട്ട് സമര്‍പ്പിക്കണം.
e) കത്തോലിക്കരും അകത്തോലിക്കരും തമ്മിലുള്ള വിവാഹം കത്തോലിക്കാപ്പള്ളിയില്‍ വച്ചാണ് നടത്തേണ്ടത്.
f) മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കാത്തപക്ഷം കത്തോലിക്കാവിശ്വാസിക്ക് ഇടവകവികാരി മാമ്മോദീസാക്കുറി ഒഴികെ യാതൊരുവിധ കുറിയും സര്‍ട്ടിഫിക്കറ്റും കൊടുക്കുവാന്‍ പാടുള്ളതല്ല. സഭാനിയമങ്ങള്‍ക്ക് വിരുദ്ധമായി വിശ്വാസികള്‍ ആരെങ്കിലും വിവാഹം നടത്തിയാല്‍ ആ വിവരം ഇടവകവികാരി രൂപതാകച്ചേരിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. സഭയ്ക്ക് പുറത്ത് വിവാഹിതരാകുന്നവരും പ്രസ്തുത വിവാഹത്തോട് സഹകരിക്കുന്നവരും ശിക്ഷാര്‍ഹരാണ്.

1. കത്തോലിക്കരും സിറിയന്‍ ഓര്‍ത്തഡോക്സുകാരും (യാക്കോബായ / ബാവകക്ഷി / പാത്രീയര്‍ക്കീസ് കക്ഷി) നടത്തുന്ന വിവാഹങ്ങള്‍

1. മേല്‍പ്പറഞ്ഞ ഇരുസഭകളിലുമുള്ള യുവതീയുവാക്കള്‍ മിശ്രവിവാഹത്തിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
a) കുടുംബത്തിന്‍റെ സന്തുഷ്ടിക്കും കുട്ടികളുടെ വളര്‍ത്തലിനും അതാതുസഭകളില്‍ത്തന്നെയുള്ള വിവാഹമാണ് ഏറ്റം അനുയോജ്യമായിട്ടുള്ളത് എന്ന് അവരെ ധരിപ്പിക്കുക.
b) അവര്‍ മിശ്രവിവാഹം നടത്തുക എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സഭയും കത്തോലിക്കാസഭയും തമ്മില്‍ ഇക്കാര്യത്തിലുണ്ടായിട്ടുള്ള ധാരണയെ സംബന്ധിച്ച് അവര്‍ക്കു വ്യക്തമായ അറിവു നല്‍കുക.
c) ഓരോ പങ്കാളിയും തങ്ങളുടെ സഭാവിശ്വാസത്തെ പരമ പ്രധാനമായി കണക്കാക്കുന്നതോടൊപ്പംതന്നെ പങ്കാളിയുടെ സഭാവിശ്വാസത്തെ ആദരിക്കേണ്ടതാണെന്ന കാര്യം ഊന്നിപ്പറയേണ്ടതാണ്.
d) വിവാഹത്തിന് ഒരുക്കമായുള്ള കോഴ്സും കൗണ്‍സിലിംഗും നിര്‍ബന്ധമായി ശുപാര്‍ശ ചെയ്യണം.
e) വരന്‍/വധു വിവാഹത്തിനു യോഗ്യതയുള്ള വ്യക്തിയാണെന്ന് ഉറപ്പുവരുത്തണം.
f) വരന്‍/വധു മാമ്മോദീസ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
g) വരന്‍/വധു സഭാപാരമ്പര്യം അനുസരിച്ചു പള്ളിക്ക് നല്‍കേണ്ട വിഹിതം നല്‍കിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
h) വരനും വധുവും പരസ്പരമുള്ള ചര്‍ച്ചകള്‍ക്കുശേഷം ഏതു പള്ളിയില്‍വെച്ചാണ് വിവാഹം നടത്തേണ്ടത് എന്നു തീരുമാനിക്കേണ്ടതാണ്.
i) വരനും വധുവും മിശ്രവിവാഹത്തിനുള്ള അനുവാദം അവരവരുടെ മെത്രാനില്‍ നിന്നും രേഖാമൂലം വാങ്ങിച്ചിരിക്കേണ്ടതാണ്.
j) അവരവരുടെ പള്ളിയില്‍ ഈ വിവാഹങ്ങള്‍ വിളിച്ചുചൊല്ലുകയും മിശ്രവിവാഹമാണെന്ന കാര്യം അറിയിക്കുകയും വേണം.
k) മെത്രാനില്‍ നിന്നും ആവശ്യമായ അനുവാദം ലഭിച്ചു കഴിഞ്ഞാല്‍ വിവാഹം നടത്തുന്നതിനാവശ്യമായ രേഖകള്‍ ഇടവക വികാരിമാര്‍ നല്‍കേണ്ടതാണ്.

2. മിശ്രവിവാഹ കര്‍മ്മങ്ങള്‍

മിശ്രവിവാഹം നടത്തുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
a) കാര്‍മ്മികന്‍, വിവാഹം നടക്കുന്ന പള്ളിയുടെ വികാരിയോ അദ്ദേഹം അധികാരപ്പെടുത്തിയ അതേ സഭാസമൂഹത്തില്‍പ്പെട്ട മറ്റൊരു വൈദികനോ ആയിരിക്കണം.
b) രണ്ടു സഭകളുടെയും വൈദികര്‍ ഒന്നിച്ച് കൂദാശ പരികര്‍മ്മം നടത്തുവാന്‍ പാടില്ല. വിവാഹം ആശീര്‍വദിക്കേണ്ടത് കത്തോലിക്കാ സഭയിലെയോ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെയോ വൈദികനായിരിക്കണം. എന്നാല്‍ ഇതര സഭയിലെ വൈദികന്‍ വേദപുസ്തകം വായിക്കുക, പ്രസംഗം പറയുക മുതലായ രീതികളില്‍ വിവാഹകര്‍മ്മത്തില്‍ പങ്കാളിത്തം വഹിക്കാവുന്നതാണ്.
c) പള്ളി രജിസ്റ്ററുകളില്‍ ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ഇതര പള്ളിയിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിനുവേണ്ടി വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യേണ്ടതാണ്.

3. മിശ്രവിവാഹകുടുംബങ്ങളുടെ അജപാലനത്തില്‍ ശ്രദ്ധിക്കേണ്ടവ

1. സാധിക്കുന്നിടത്തോളം പങ്കാളിയുടെ സമ്മതത്തോടെ തങ്ങളുടെ കുട്ടികള്‍ക്ക് ശരിയായ കത്തോലിക്കാപരിശീലനം നല്‍കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിനു തങ്ങള്‍ക്ക് ഗൗരവമായ ഉത്തരവാദിത്വമുണ്ടെന്നു കത്തോലിക്കാ പങ്കാളികളെ അജപാലകര്‍ ഓര്‍മ്മിപ്പിക്കേണ്ടതാണ്. ഈ പരിശീലനം അവര്‍ അംഗമായിരിക്കുന്ന കത്തോലിക്കാ പാരമ്പര്യവുമായി പൂര്‍ണ്ണമായി പൊരുത്തപ്പെട്ടിരിക്കണം.
2. മിശ്രവിവാഹ കുടുംബങ്ങള്‍ക്ക് അവരുടെ വിശുദ്ധിയും ഐക്യവും പൊരുത്തവും പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ അജപാലന സൗകര്യങ്ങള്‍ നല്‍കുവാന്‍ ഇരുസഭകളുടെയും വികാരിമാര്‍ മനഃസ്സാക്ഷിയില്‍ കടപ്പെട്ടിരിക്കുന്നു.
3. ഓരോ പങ്കാളിയും തങ്ങളുടെ സഭയിലെ ആരാധനാക്രമങ്ങളില്‍ പങ്കെടുക്കേണ്ടതാണ്. എന്നാല്‍, പ്രത്യേക സാഹചര്യങ്ങളില്‍ വി. കുര്‍ബാനയില്‍ ഒന്നിച്ച് പങ്കെടുക്കേണ്ടത് സാമൂഹ്യ ആവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍ അപ്രകാരം ചെയ്യാവുന്നതാണ്.
4. വിവാഹത്തിന്‍റെ സാധുതയെപ്പറ്റിയുള്ള കേസുകളില്‍ രണ്ടു സഭകളിലെയും മെത്രാന്മാരുടെ അനുവാദത്തോടെ മാത്രമേ തീരുമാനങ്ങള്‍ എടുക്കാവൂ.

മതാന്തരവിവാഹം (Inter-religious Marriage)

1. കത്തോലിക്കരും മാമ്മോദീസ സ്വീകരിച്ചിട്ടില്ലാത്തവരും തമ്മിലുള്ള വിവാഹത്തിന് മതാന്തരവിവാഹമെന്ന് പറയുന്നു. ഇപ്രകാരമുള്ള വിവാഹത്തിന് വളരെ അത്യാവശ്യമായ സാഹചര്യങ്ങളില്‍ മാത്രമേ രൂപതാദ്ധ്യക്ഷന്‍ അനുവാദം നല്‍കുകയുള്ളൂ. ഇത്തരം വിവാഹങ്ങള്‍ കൗദാശികമല്ല. ഇത്തരം വിവാഹത്തിന് മതാന്തരവിവാഹത്തിനുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതാണ്. ഇത്തരം വിവാഹങ്ങള്‍ വി. കുര്‍ബാനയോടുകൂടി നടത്തപ്പെടാന്‍ പാടില്ല.
2. വൈദികന്‍റെ സാന്നിധ്യത്തിലും ആശീര്‍വാദത്തോടുംകൂടി രണ്ടു സാക്ഷികളുടെ മുമ്പാകെ പരസ്പരം വെളിപ്പെടുത്തുന്ന വിവാഹ സമ്മതം ഉള്‍ക്കൊള്ളുന്ന ഏതെങ്കിലുമൊരു കര്‍മ്മക്രമം സ്വീകരിക്കാവുന്നതാണ്.

വിവാഹകേസും സഭാകോടതിയും

1. മാമ്മോദീസ സ്വീകരിച്ചിട്ടുള്ള ഏതൊരു വ്യക്തിയുടെയും വിവാഹ സംബന്ധമായ എല്ലാ കേസുകളും കൈകാര്യം ചെയ്യാന്‍ സഭയ്ക്ക് അധികാരമുണ്ട്. എന്നാല്‍ വിവാഹത്തിന്‍റെ സിവില്‍ ഫലങ്ങളെക്കുറിച്ച് മാത്രമുള്ള കേസാണെങ്കില്‍ അവ സിവില്‍ കോടതിയാണ് കൈകാര്യം ചെയ്യേണ്ടത്.
2. വിവാഹത്തിന്‍റെ പരിശുദ്ധിയും ദമ്പതികളുടെ നന്മയും പരിപാലിക്കുക എന്നതാണ് വിവാഹകോടതിയുടെ ലക്ഷ്യം. വിവാഹക്കേസ്സുകളുമായി ബന്ധപ്പെട്ട് സഭാകോടതികളില്‍ പ്രധാനമായും താഴെപറയുന്ന കാര്യങ്ങളിലുള്ള അന്വേഷണമാണ് നടക്കാറുള്ളത്.
a) അനുരഞ്ജന ശ്രമം
b) ദമ്പതികളുടെ സഹവാസം വേര്‍പെടുത്തല്‍.
c) മരണത്തെക്കുറിച്ചുള്ള അനുമാനം.
d) കാനോനികക്രമത്തിന്‍റെ പോരായ്കയാല്‍ വിവാഹം അസാധുവായി പ്രഖ്യാപിക്കല്‍.
e) വിവാഹതടസ്സമുള്ളതിനാല്‍ വിവാഹം അസാധുവായി പ്രഖ്യാപിക്കല്‍.
f) പൗളിന്‍ ആനുകൂല്യം.
g) വിശ്വാസാനുകൂല്യം.
h) ദാമ്പത്യസംയോഗം നടക്കാത്ത വിവാഹബന്ധം ഒഴിവാക്കല്‍.
i) വിവാഹസമ്മതത്തിന്‍റെ പോരായ്മയുള്ള വിവാഹം അസാധുവായി പ്രഖ്യാപിക്കല്‍.
3. വിവാഹം അസാധുവായി പ്രഖ്യാപിക്കാന്‍ അപേക്ഷിച്ചുകൊണ്ട് പരാതി സമര്‍പ്പിക്കുന്ന ദമ്പതി, പരാതിയുടെ 2 കോപ്പി സഹിതം ബഹു. വികാരിയുടെ സാക്ഷിപത്രത്തോടെ അധികാരമുള്ള രൂപതാ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കണം.

✍️– Noble Thomas Parackal

വിശുദ്ധരുടെ തിരുനാളുകള്‍

Queenship of Mary

വിശുദ്ധരുടെ തിരുനാളുകള്‍ ഞായാറാഴ്‌ച്ച ആഘോഷിക്കുന്നത്‌ ദൈവകല്‌പനയുടെ ലംഘനമാണ്‌ !! ( ഞായാറാഴ്‌ച്ച ദിവസം പരിശുദ്ധ അമ്മയുടേയും വിശുദ്ധരുടേയും തിരുനാള്‍ ആഘോഷിക്കുന്നത്‌ കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം എന്ന ദൈവകല്‌പനയുടെ ലംഘനമാണ്‌. മാത്രമല്ല വിശുദ്ധരെ അവര്‍ക്കായി നിശ്ചയിച്ച ദിവസത്തിൽ വണങ്ങാത്തതുകൊണ്ട് അവരെ നിന്ദിക്കുകയാണ്‌ നാം ചെയ്യുന്നത്‌…)

ജനുവരി മാസം പ്രത്യേകിച്ച്‌ സീറോ മലമ്പാര്‍ സഭയിൽ തിരുനാള്‍ ആഘോഷങ്ങളുടെ മാസമാണ്‌. കത്തോലിക്കസ്സഭയിൽ വിശുദ്ധരോടുള്ള വണക്കത്തിന്‌ വളരെ സുപ്രധാനമായ സ്ഥാനമാണ്‌ നല്‌കിവരുന്നത്‌. അത്‌ ദൈവം അഗ്രഹിക്കുന്നത്‌ തന്നെയാണ്‌. കാരണം ദൈവത്തെ പൂര്‍ണ്ണമനസ്സോടെ അനുകരിക്കുകയും തന്നെതന്നെ സംമ്പുര്‍ണ്ണമായി സമര്‍പ്പിച്ച്‌ വിശ്വാസം രക്തം ചിന്തികൊണ്ടുപോലും ഏറ്റു പറഞ്ഞ്‌ വിശുദ്ധി പ്രാപിച്ചവരാണ്‌ വിശുദ്ധര്‍.

“അവര്‍ തങ്ങളുടെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിച്ചപ്പോള്‍ പല കാര്യങ്ങളുടെയും മേലുള്ള ചുമതല അവര്‍ക്കു നൽകപ്പെട്ടു. അവരുടെ മധ്യസ്ഥപ്രാര്‍ത്ഥന ദൈവികപദ്ധതിക്കുവേണ്ടി അവര്‍ നല്‌കുന്ന ഏറ്റവും ഉദാത്തമായ സേവനമാണ്‌. നമുക്കും ലോകം മുഴുവനുംവേണ്ടി മാധ്യസ്ഥ്യം വഹിക്കാന്‍ നമുക്ക്‌ അവരോട്‌ അഭ്യര്‍ഥിക്കാന്‍ സാധിക്കും, അഭ്യര്‍ത്ഥിക്കണം” (CCC 2683).

ആണ്ടുവട്ടത്തിൽ ആരാധനക്രമവൽസരാചരണത്തിലൂടെ കത്തോലിക്കസ്സഭയിൽ എല്ലാ വിശുദ്ധരേയും വര്‍ഷത്തിൽ ഒരിക്കലെങ്കിലും പ്രത്യേകമായി വണങ്ങിവരുന്നുണ്ട് അവര്‍ക്കായി ഒരോ പ്രത്യേക ദിവസം തിരുനാളായി ആചരിക്കുന്നു. നിശ്ചിത ദിവസങ്ങളിൽ വിശുദ്ധരെ അനുസ്‌മരിക്കുതിന്റെ പ്രാധാന്യം കത്തോലിക്കസ്സഭയുടെ മതബോധനഗ്രന്ഥം തന്നെ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്‌ കാണുക… “ആരാധനാവത്സരത്തിലെ നിശ്ചിതദിവസങ്ങളിൽ വിശുദ്ധന്‍മാരുടെ- പരിശുദ്ധ ദൈവമാതാവിന്റെയും പിന്നീടു രക്തസാക്ഷികളുടെയും മറ്റു വിശുദ്ധരുടെയും-അനുസ്‌മരണങ്ങള്‍ നിലനിര്‍ത്തികൊണ്ടു ഭൂമിയിലെ സഭ, താന്‍ സ്വര്‍ഗ്ഗത്തിലെ ആരാധനയുമായി ഐക്യപ്പെട്ടിരിക്കുന്നുവെന്നു കാണിക്കുന്നു. ക്രിസ്‌തു തന്റെ മഹത്വീകൃതാംഗങ്ങളിൽ തന്റെ രക്ഷാകര്‍മ്മം പൂര്‍ത്തിയാക്കിയതിന്‌ അവള്‍ അവിടുത്തെ മഹത്വപ്പെടുത്തുന്നു. പിതാവിലേയ്‌ക്കുള്ള അവളുടെ വഴിയിൽ അവരുടെ മാതൃക അവളെ ധൈര്യപ്പെടുത്തുന്നു” (CCC 1195). പരിശുദ്ധ അമ്മയേയും രക്തസാക്ഷികളേയും വിശുദ്ധരേയും അവര്‍ക്കായി പ്രത്യേകം നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളിൽ തന്നെ അവരെ അനുസ്‌മരിക്കുന്നതിന്റെ പ്രാധാന്യം വളരെ വലുതാണ്‌ എന്ന് ഇതിൽ നിന്ന് വ്യക്തം. പരിശുദ്ധ അമ്മയയേയും രക്തസാക്ഷികളേയും വിശുദ്ധരേയും അതാത്‌ ദിവസത്തിൽ അനുസ്‌മരിക്കുന്നതിലൂടെ ഭൂമിയിലെ സഭ, സ്വര്‍ഗ്ഗത്തിൽ നടന്നുകൊണ്ടിരിക്കുന്ന ആരാധനയുമായി ഐക്യപ്പെട്ടിരിക്കുന്നു എന്നു കാണിക്കുന്നു. (… on the fixed days of liturgical year, the Church on earth shows that she is united with the liturgy of Heavan…) മാത്രവുമല്ല ഇവരിൽ യേശുവിന്റെ രക്ഷാകര്‍മ്മം പൂര്‍ത്തികരിച്ചതിനാൽ അവരുടെ പേരിൽ ആ നിശ്ചയിക്കപ്പട്ട ദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു ( … the Church on earth gives Glory to Christ for having accomplished his Salvation in His Glorified members… ). അവരുടെ മാതൃക അന്നേദിവസം അനുസ്‌മരിക്കുന്നതിലൂടെ പിതാവിലേയ്‌ക്കുള്ള വഴിയിൽ തീര്‍ഥാടനം ചെയ്യുന്ന ഭൂമിയിലെ സഭ ധൈര്യം സംഭരിക്കുന്നു (… their example encourages the Church on earth on her way to Father ). അതിനാൽ പരിശുദ്ധ അമ്മയേയും രക്തസാക്ഷികളേയും വിശുദ്ധരേയും അനുസ്‌മരിക്കുന്നതിലും അത്‌ കത്തോലിക്കസ്സഭ ഒരോരുത്തര്‍ക്കും നിശ്ചയിച്ച ദിവസത്തിൽ തന്നെ അനുസ്‌മരിക്കുന്നതിലും വളരെയേറെ പ്രധാന്യമുണ്ട്.

മാനുഷികമായി ഇങ്ങനെ ചിന്തിച്ചു നോക്കാം. ഒരുവന്റെ ജന്മദിനം അനുസ്‌മരിക്കുന്ന ദിനത്തിൽ അയാള്‍ക്ക്‌ ആശംസ കൊടുക്കുന്നവരുടെ ഉദാഹരണം എടുക്കുക. എന്റെ ജന്മദിനത്തിൽ എന്നെ കണ്ടിട്ടും ആശംസയൊന്നും തരാതെ കുറച്ച്‌ ദിവസം കഴിഞ്ഞ്‌ അതും എന്റെ അപ്പന്റെ ജന്മദിനം ആഘോഷിക്കുന്ന ദിവസത്തിൽ അദ്ദേഹത്തെ ഗൗനിക്കാതെ എന്നെ ആശംസിച്ചാൽ എനിക്ക്‌ ആ വ്യക്തിയോട്‌ തോന്നുന്ന മനോഭാവം എന്തായിരിക്കും ? . ഈ ജാതി പ്രവര്‍ത്തിതന്നെയല്ലേ വിശുദ്ധരെ നിശ്ചയിക്കപ്പെട്ട ദിവസത്തിൽ അനുസ്‌മരിക്കാതെ സാമ്പത്ത്‌ ദിവസത്തിൽ കര്‍ത്താവിന്റെ കല്‌പന ലംഘിച്ച്‌ വിശുദ്ധരുടെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ സംഭവിക്കുന്നത്‌ ?. ദൈവീക തീരുമാനങ്ങളെ ധിക്കരിക്കുകയല്ല ബഹുമാനിക്കുകയാണ്‌ നാം ചെയ്യേണ്ടത്‌.

ഉദാഹരണത്തിന്‌ തിരുനാള്‍ ആഘോഷങ്ങളിൽ ഏറ്റവും ‘പോപ്പുലര്‍’ ആയിട്ടുള്ള വിശുദ്ധ സെമ്പസ്‌ത്യാനോസിന്റെ തിരുനാള്‍ എടുക്കുക. ജനുവരി മാസം 20ാം തിയ്യതിയാണ്‌ ക്രിസ്‌തീയ വിശ്വാസത്തിന്‌ വേണ്ടി രക്തസാക്ഷിത്വം വരിച്ച്‌ മരിച്ച ആ വിശുദ്ധന്റെ തിരുനാള്‍ കത്തോലിക്കസ്സഭയിൽ ആഘോഷിക്കേണ്ടത്‌. അന്നത്തെ ആരാധന സ്വര്‍ഗ്ഗത്തിലെ ആരാധനയുമായി ഐക്യപ്പെട്ടിരിക്കുന്നു എന്ന് കാണിച്ചുകൊണ്ട് ആ വിശുദ്ധനെ അന്നേദിവസം അനുസ്‌മരിക്കുന്നു. ദൈവത്തിന്റെ രക്ഷാകര്‍മ്മം ആ വിശുദ്ധനിൽ പൂര്‍ത്തിയായതിന്റെ പേരിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നതും അന്നേ ദിവസമാണ്‌. സ്വര്‍ഗ്ഗം ലക്ഷ്യമാക്കി യാത്രചെയ്യുന്ന വിശ്വാസികള്‍ അന്നേ ദിവസം ആ വിശുദ്ധന്‍ വിശ്വാസം ഏറ്റുപറയുന്നതിൽ കാണിച്ച ധൈര്യം കണ്ട് എനിക്കും ദൈവകൃപയാൽ ആങ്ങനെ സാധിക്കും എന്ന് പ്രത്യാശിക്കുന്നതും ധൈര്യം സംഭരിക്കുന്നതും ആ ദിവസം ആ വിശുദ്ധനെ അല്ലെങ്കിൽ അന്നേ ദിവസം തന്നെ കത്തോലിക്കസ്സഭയിൽ തിരുനാള്‍ ആഘോഷിക്കുന്ന മറ്റു വിശുദ്ധരെ അനുസ്‌മരിക്കുബോഴാണ്‌. എന്നാൽ അന്നേ ദിവസം വളരെ വളരെ ചുരുക്കം പള്ളികളിലേ ആ വിശുദ്ധനെ അനുസ്‌മരിക്കാറുള്ളൂ എന്നതാണ്‌ യാഥാര്‍ത്ഥ്യം. സാമ്പത്ത്‌ ലംഘിച്ച്‌ മുമ്പോ പിമ്പോ ഉള്ള ഞായാഴ്‌ചകളിലാണ്‌ ആ വിശുദ്ധന്റെ തിരുനാള്‍ ആഘോഷിച്ചിരിക്കുക. അതും എങ്ങനെ ആഘോഷിച്ചു എന്ന് പറയാതിരിക്കുകയാണ്‌ ഭേദം. ക്രിസ്‌തീയമല്ലാത്ത പാട്ടുകള്‍ പാടികൊണ്ടുള്ള വീടുകളിലേക്കുള്ള ഒരമ്പ്‌ കയറ്റൽ – മദ്യപാനം- അടിപിടി- എല്ലാതരത്തിലുള്ള മാംസാഹാരവും ഒരുമിച്ച്‌ ഭക്ഷിച്ചുകൊണ്ടുള്ള ബന്ധുമിത്രങ്ങളായിട്ടുള്ള ഒരു സദ്യ- വഴക്കുകള്‍-വെടിക്കെട്ട് – പള്ളിയങ്കണത്തിൽ വൈകീട്ട് എല്ലാതരം സിനിമാപാട്ടുകളും ആലപിച്ചുകൊണ്ടുള്ള ഒരു ഗാനമേള- അങ്ങനെ അതങ്ങ്‌ ആഘോഷിച്ച്‌ തീര്‍ക്കും… ആ വിശുദ്ധനെ ഇത്രമാത്രം അവഹേളിക്കാന്‍ വിശുദ്ധ സെമ്പാസ്‌ത്യാനോസ്‌ എന്ത്‌ പാതകമാണ്‌ നമ്മോട്‌ ചെയ്‌തത്‌ ? ഒരോ പള്ളികളിലും കൊട്ടിയാഘോഷിക്കുന്ന വിശുദ്ധരുടെ തിരുനാളുകള്‍ മാറ്റിനിര്‍ത്തിയാൽ മറ്റു ദിവസങ്ങളിൽ അന്നത്തെ വിശുദ്ധരുടെ പേരുപോലും (കത്തോലിക്കസ്സഭയിൽ വേറെ വിശുദ്ധരില്ല എന്ന് തോന്നിക്കുമാറ്‌ ! ) ദേവാലയങ്ങളിൽ കേള്‍ക്കാറേയില്ല.

വിശുദ്ധി, മനുഷ്യന് മനസ്സ്‌ വെച്ചാൽ കര്‍ത്താവിന്റെ കൃപയാൽ പ്രാപിച്ചെടുക്കാവുന്ന ഓന്നാണെന്ന് മനുഷ്യരെ ബോധ്യപ്പടുത്തുക എന്നതാണല്ലോ കത്തോലിക്കസ്സഭ വിശുദ്ധര്‍ എന്ന് പ്രഖ്യാപിക്കുന്നതിന്റെ ഉദ്ദേശ്യം തന്നെ. ദൈവത്തെ അനുകരിച്ച വിശുദ്ധരെ വണങ്ങുന്നതു വഴി വിശുദ്ധിയോടുള്ള ഒരാഗ്രഹം മനുഷ്യരിൽ ജനിക്കും. “അവന്‌ ഒരു പുണ്യവാനും അവള്‍ക്ക്‌ ഒരു പുണ്യാവതിയുമാകാമെങ്കിൽ എനിക്കെന്തുകൊണ്ട് ഒരു പുണ്യാവാനായിക്കൂടാ ? ” എന്ന് സ്വയം ചോദിച്ച്‌ വിശുദ്ധിയിലേക്കുയര്‍ന്ന വിശുദ്ധനായ ഇഗ്നേഷ്യസ്‌ ലയോള തന്നെ ഇതിന്‌ ഉത്തമുദാഹരണമാണ്‌.

എന്നാൽ വിശുദ്ധരുടെ തിരുനാള്‍ കര്‍ത്താവിന്റെ ദിവസമായ ഞായാഴ്‌ച തന്നെ ശത്രുവായ പിശാച്‌ വിശ്വാസികളെകൊണ്ട് ‘പെരുന്നാളാക്കി’ ആഘോഷിപ്പിക്കുമ്പോള്‍ അവന്‌ ‘ഒരു വെടിക്ക്‌ രണ്ട്‌ പക്ഷികളെ’ ലഭിക്കുകയാണ്‌ എന്ന് നാം തിരിച്ചറിയുന്നുണ്ടോ ? സാമ്പത്ത്‌ ആചരിക്കുക എന്ന് പറഞ്ഞാൽ എല്ലാത്തിൽ നിന്നും ഒഴിഞ്ഞ്‌ നില്‌ക്കുക എന്നതല്ല മറിച്ച്‌ ദൈവത്തോടുകൂടെ പ്രാര്‍ത്ഥനയിൽ വിശ്രമിക്കുക എതാണ്‌. സാമ്പാത്താചരണത്തെ കുറിച്ച്‌ ദൈവവചനം പറയുത്‌ ശ്രദ്ധിക്കുക. “നിന്റെ ദൈവമായ കര്‍ത്താവു കൽപിച്ചതുപോലെ സാമ്പത്ത്‌ ആചരിക്കുക-വിശുദ്ധമായി കൊണ്ടാടുക. ആറുദിവസം അധ്വാനിക്കുകയും എല്ലാ ജോലികളും നിര്‍വ്വഹിക്കുകയും ചെയ്‌തുകൊള്ളുക. എന്നാൽ ഏഴാം ദിവസം നിന്റെ ദൈവമായ കര്‍ത്താവിന്റെ സാമ്പത്താണ്‌. അന്ന് ഒരു ജോലിയും ചെയ്യരുത്‌… നീ ഈജിപ്‌തിൽ ദാസനായിരുന്നുവെന്നും നിന്റെ ദൈവമായ കര്‍ത്താവു തന്റെ കരുത്തുറ്റ കരം നീട്ടി അവിടെ നിന്ന് നിന്നെ മോചിപ്പിച്ചു കൊണ്ടുവന്നുവെന്നും ഓര്‍മിക്കുക. അതുകൊണ്ട് സാമ്പത്തുദിനം ആചരിക്കാന്‍ അവിടുന്നു നിന്നോടു കൽപിച്ചിരിക്കുന്നു (നിയമാ 5:12-15). ദൈവത്തിന്റെ സ്വന്തം ജനം അയിരുന്നിട്ടുപോലും ഈജിപ്‌തിൽ അവര്‍ അടിമകളായിരുന്നു. ആ അടിമത്വത്തിൽ നിന്ന് ദൈവത്തിന്റെ കരുത്തുറ്റ കരം നീട്ടി അവരെ മോചിപ്പിച്ചു. ആ മോചിപ്പിക്കലിന്റെ പൂര്‍ണ്ണതയായി സാത്താന്റെ അടിമത്വത്തിൽ നിന്നും സ്വന്തം ജീവന്‍ നല്‌കികൊണ്ട് അവിടുന്ന് തന്റെ ജനത്തെ മോചിപ്പിച്ചു. എന്നിട്ടും ഇപ്പോള്‍ അടിമ കണക്കെ നീ പെരുമാറുന്നുവെങ്കിൽ നീ അവിടുത്തെ കരുത്തുറ്റതും വിലയേറിയതുമായ രക്ഷാകരകര്‍മ്മത്തെ നിഷേധിക്കുകയാണ്‌. അതായത്‌ അതുവഴി നീ ദൈവത്തെ നിഷേധിക്കുകയാണ്‌. അതുകൊണ്ടാണ്‌ സാമ്പത്താചരണത്തിന്‌ ഇത്രമാത്രം പ്രാധാന്യമേറുന്നതും അത്‌ പരിശുദ്ധമായി ആചരിച്ചില്ലെങ്കിൽ ഒരുവന്റെ ജീവിതത്തിലേക്ക്‌ ശാപാവസ്ഥ കൊണ്ടുവരുന്നതും. അതുകൊണ്ടു കത്തോലിക്കസ്സഭയുടെ മതബോധന ഗ്രന്ഥത്തിൽ സഭാ പിതാക്കന്മാര്‍ ഇങ്ങനെ പ്രഖ്യാപിക്കുന്നു. “ഞായാറാഴ്‌ച്ച അനുഗ്രഹീതമാണ്‌. എന്തെന്നാൽ, അന്നു സൃഷ്‌ടികര്‍മ്മം …ലോകത്തിന്റെ രക്ഷ… മനുഷ്യവംശത്തിന്റെ നവീകരണം …എന്നിവ ആരംഭിച്ചു ( CCC 1167). അത്‌ പരിശുദ്ധമായി ആചരിക്കണം എന്ന് ദൈവം കല്‌പനയിട്ടത് അതുകൊണ്ടാണ്‌.

ഞായാഴ്‌ചകളിൽ കൂദാശപരികര്‍മ്മങ്ങളോടൊപ്പം ആഘോഷങ്ങളും ( പെരുന്നാള്‍ മാത്രമല്ല, മാമോദീസ, വിവാഹം , ജന്മദിനം, വീട്‌ മാറ്റം തുടങ്ങിയവ) കൂട്ടിച്ചേര്‍ത്താൽ പ്രാര്‍ത്ഥനയിലും ദൈവവചനപാരായണത്തിലും കാരുണ്യ പ്രവര്‍ത്തികളിലും ആയിരിക്കേണ്ട സമയത്ത്‌ “തിന്നാനും കുടിക്കാനുമായി ജനം ഇരിക്കുകയും, നൃത്തം ചെയ്യാനായി എഴുന്നേൽക്കുകയും ചെയ്‌തു ” (1 കൊറി 10:7) എന്ന വചനത്തെ അന്വര്‍ത്ഥമാക്കികൊണ്ട് വിശ്വാസികള്‍ വിശുദ്ധരുടെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ അവരിലൂടെ വിശ്വാസികള്‍ക്ക്‌ ലഭിക്കുന്നത്‌ അനുഗ്രഹമല്ല മറിച്ച്‌ ശാപമാണ്‌. തിന്നാനും കുടിക്കാനും ഒരുക്കുവാനുമല്ലേ വിശുദ്ധരുടെ തിരുനാളുകള്‍ ഞായാറാഴ്‌ച ആഘോഷിക്കുമ്പോള്‍ നാം സമയം ചിലവിടുന്നത്‌. കര്‍ത്താവിനായ്‌ നിക്കി വെയ്‌ക്കപ്പെട്ട ഞായാഴ്‌ച തങ്ങളുടെ തിരുനാള്‍ ആഘോഷിക്കണമെന്ന് വിശുദ്ധര്‍പ്പോലും ആഗ്രഹിക്കില്ല !. എല്ലാ ദൈവിക സംവിധാനങ്ങളേയും അനുസരിക്കുന്നവരാണ്‌ വിശുദ്ധര്‍. പരിശുദ്ധ അമ്മയുടെപ്പോലും തിരുനാള്‍, തിയ്യതി വെച്ച്‌ ഞായാഴ്‌ച വന്നാൽ ആ തിരുനാള്‍ ശനിയാഴ്‌ചയോ തിങ്കളാഴ്‌ച്ചയോ ആചരിക്കുന്ന പാരമ്പര്യം ആണ്‌ ലത്തീന്‍ റീത്തിൽ അനുവര്‍ത്തിച്ചുപോരുന്നത്‌. ആരാധനക്രമം പരിശോധിച്ചാൽ അത്‌ മനസ്സിലാക്കാവുന്നതാണ്‌. അതാണ്‌ അതിന്റെ ശരിയും. കാരണം “പരിശുദ്ധ അമ്മയും വിശുദ്ധരും അന്വേഷിക്കുന്നത്‌ സ്വന്തം മഹത്വമല്ല മറിച്ച്‌ കര്‍ത്താവിന്റെ മഹത്വമാണ്‌ “.

പിന്നെ ആര്‍ക്കുവേണ്ടിയാണ്‌ നാം സാമ്പത്തിനെ ഈ വിധം ചവിട്ടി മെതിച്ച്‌ കൊണ്ട് വിശുദ്ധരുടെ തിരുനാള്‍ ഞായാറാഴ്‌ച കൊട്ടിയാഘോഷിക്കുന്നത്‌ ? വിശുദ്ധര്‍ക്ക്‌ കത്തോലിക്കസ്സഭ അവര്‍ക്കായ്‌ നിശ്‌ചയിക്കപ്പെട്ട ദിനത്തിൽ വണക്കം അനുവദിച്ചിട്ട് വിശ്വാസി അത്‌ ആ ദിവസത്തിൽ വിശുദ്ധര്‍ക്ക്‌ കൊടുക്കാതെ, കത്തോലിക്കസ്സഭയുടെ മതബോധനഗ്രന്ഥത്തിൽ അനുശാസിക്കുന്നതനുസരിച്ച്‌ പരിശുദ്ധ അമ്മയേയും രക്തസാഷികളേയും വിശുദ്ധരേയും നിശ്ചിത ദിവസത്തിൽ അനുസ്‌മരിക്കുന്നതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ കാറ്റിൽപറത്തിയും സാമ്പത്ത്‌ പരിശുദ്ധമായി ആചരിക്കണം എന്ന കര്‍ത്താവിന്റെ കൽപന ലംഘിച്ചും ഞായാറാഴ്‌ച വിശുദ്ധരെയും പരിശുദ്ധ അമ്മയേയും വണങ്ങിയാൽ അവന്‌ ശാപം തന്നെയല്ലേ ന്യായമായും കിട്ടേണ്ടത് ?

ഇതിനൊക്കെ പരിഹാരമായിട്ടെന്നവണ്ണമാണോ ‘പെരുനാള്‌’ ആഘോഷിച്ച്‌ കഴിഞ്ഞ്‌ വരുന്ന ദിനം ഇടവകയിൽ നിന്ന് മരിച്ചുപോയവരെ അനുസ്‌മരിച്ച്‌ കുര്‍ബ്ബാന ചൊല്ലുന്നത്‌ ? ഈ അകൃത്യത്തിന്‌ അത്‌ പരിഹാരമാവില്ല !
അതിനാൽ നമ്മുക്ക്‌ വിശുദ്ധരേയും പരിശുദ്ധ അമ്മയേയും അവര്‍ക്ക്‌ കത്തോലിക്കസ്സഭ അനുവദിച്ചിട്ടുള്ള ദിനത്തിൽ തന്നെ അവരുടെ തിരുനാള്‍ ആഘോഷിച്ച്‌ വണങ്ങാം. ആ ദിനം ഒരു വര്‍ഷം ഞായാറാഴ്‌ച ആയി വരുകയാണെങ്കിൽ തൊട്ടടുത്തെ ദിവസത്തിൽ അത്‌ ആഘോഷിക്കാം. ഞായാറാഴ്‌ച കര്‍ത്താവിന്റെ കൽപനയനുസരിച്ച്‌ സാമ്പത്തായി പരിശുദ്ധമായി ആചരിക്കാം. ഞായാഴ്‌ച വിശുദ്ധരുടെ തിരുനാള്‍ ആഘോഷിച്ചാൽ അത്‌ ഒരിക്കലും സാമ്പത്ത്‌ പരിശുദ്ധമായി ആചരിക്കുക എന്ന കല്‌പനയുടെ അനുസരണം ആകില്ല, മറിച്ച്‌ ആ കല്‌പനയുടെ ലംഘനം ആകും എന്ന് തിരിച്ചറിയുക. പരിശുദ്ധ അമ്മ സന്ദേശമായി നല്‌കിയിട്ടുള്ളതുപോലെ ഞായാറാഴ്‌ചയെ ഒരു ഒഴിവു ദിനമാക്കാതെ( Holiday), പരിശുദ്ധ ദിനമായി ( Holyday) ആചരിക്കാം. സ്‌തുതിയും മഹത്വവും ദൈവത്തിന്‌ മാത്രമുള്ളതാണ്‌ !.

20-01-2018, വിശുദ്ധ സെമ്പസ്‌ത്യാനോസിന്റെ തിരുനാള്‍,
വിമലഹ്യദയത്തിന്റെ മക്കള്‍

Vertatis Gaudium – Apostolic Constitution

Pope Francis

Vertatis Gaudium – Apostolic Constitution by Pope Francis

Pope Francis released a new apostolic constitution “Vertatis Gaudium”,  on 29th January 2018 calling for a “radical” reform to the nature and curriculum of ecclesiastical universities and institutions. “The primary need today is for the whole People of God to be ready to embark upon a new stage of Spirit-filled evangelization,” the Pope said in the document.

Vertatis Gaudium – Apostolic Constitution by Pope Francis

Click on the Link to Download as PDF or Read On-line

പാപത്തിന്‍റെ ശിക്ഷ, ശാപം, ദൈവസ്നേഹം

പാപത്തിന്‍റെ ശിക്ഷ, ശാപം, ദൈവസ്നേഹം
(കത്തോലിക്കാപ്രബോധനങ്ങള്‍)

Love of God

“എവിടെ പാപങ്ങളുണ്ടോ, അവിടെ വിഭജനങ്ങളും ശീശ്മകളും പാഷണ്ഡതകളും തര്‍ക്കങ്ങളുമുണ്ടാകും. എവിടെ സുകൃതമുണ്ടോ അവിടെ യോജിപ്പും ഐക്യവുമുണ്ടാകും. അവയില്‍ നിന്ന് എല്ലാ വിശ്വാസികളുടേതുമായ ഏകഹൃദയവും ഏകാത്മാവും ഉടലെടുക്കും” – ഒരിജന്‍

അണക്കര ധ്യാനകേന്ദ്രത്തിലെ ബഹുമാനപ്പെട്ട ഡൊമിനിക് വാളമ്നാലച്ചന്‍റെ വചനപ്രഘോഷണങ്ങളും സന്ദേശങ്ങളും കത്തോലിക്കാവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ ലേഖനം. ഡൊമിനിക്ക് അച്ചന്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന തന്‍റെ ധ്യാന-കണ്‍വെന്‍ഷന്‍ പ്രോഗ്രാമുകളുടെ ഇടക്ക് പറഞ്ഞ ഏതാനും മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ വച്ചുകൊണ്ട് അച്ചനെ വിധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് അപകടകരമാണ്. അത് യഥാര്‍ത്ഥ കത്തോലിക്കാവിശ്വാസത്തെക്കുറിച്ച് ജനങ്ങള്‍ക്കിടില്‍ സംശയങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍, സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ അച്ചന്‍ നല്കുന്ന സന്ദേശത്തെ കത്തോലിക്കാസഭയുടെ പ്രബോധനങ്ങളുടെയും പഠനങ്ങളുടെയും വിശ്വാസത്തിന്‍റെയും അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടത് സഭയിലെ ദൈവശാസ്ത്രജ്ഞരും അധികാരികളുമാണ്. വിവാദമാകുന്ന ഈ വിഷയങ്ങളില്‍ കത്തോലിക്കാവിശ്വാസവും പ്രബോധനവും എന്തു പഠിപ്പിക്കുന്നു എന്നതു മാത്രമാണ് ഇവിടെ പ്രദിപാദിക്കുന്നത്.

പാപവും ശിക്ഷയും

പുണ്യത്തിന് അനുഗ്രഹവും പാപത്തിന് ശിക്ഷയും ലഭിക്കുമെന്നത് സഭയുടെ വിശ്വാസത്തിന്‍റെ ആധാരശിലകളിലൊന്നാണ്. എന്നാല്‍ പാപത്തിന്‍റെ ശിക്ഷ എന്താണ് എന്ന് മനസ്സിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും സഭക്ക് വ്യക്തമായ കാഴ്ചപ്പാടുള്ളപ്പോഴും വ്യക്തിപരമായ അനുഭവങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ വേറിട്ട വ്യാഖ്യാനങ്ങള്‍ പലരും നല്കുന്നത് കാണാറുണ്ട്. പാപത്തിന് ശിക്ഷ ലഭിക്കുമെന്നത് തന്നെയാണ് വിശുദ്ധ ഗ്രന്ഥം നല്കുന്ന സന്ദേശവും സഭയുടെ പ്രബോധനവും. എന്നാല്‍ പാപത്തിന്‍റെ ശിക്ഷ പാപം തന്നെയാണ് എന്ന് ദൈവശാസ്ത്രപരമായി പറയാം. പാപം വഴി പാപിക്ക് ദൈവവുമായുള്ള ബന്ധം നഷ്ടപ്പെടുന്നു. ദൈവത്തിനായി സൃഷ്ടിക്കപ്പെട്ട മനുഷ്യരെ സംബന്ധിച്ചിടത്തോളം ദൈവത്തെ നഷ്ടപ്പെടുന്നതിനേക്കാള്‍ വലിയ ശിക്ഷ ലഭിക്കാനില്ല. നിത്യമായി പാപത്തില്‍ തുടരുന്നവര്‍ക്ക് നരകമാണ് പ്രതിഫലമെന്ന പഠനം പോലും പാപത്തിന്‍റെ ബാഹ്യമാത്രമായ ശിക്ഷയെയല്ല സൂചിപ്പിക്കുന്നത്. ദൈവത്തെ നഷ്ടപ്പെടുന്നതില്‍ മനുഷ്യാത്മാവിനനുഭവപ്പെടുന്ന തീവ്രമായ വേദനയും വ്യഥയുമാണ് നരകമെന്ന് തിരുസ്സഭ പഠിപ്പിക്കുന്നുണ്ട്. പാപത്തിന്‍റെ ഫലങ്ങള്‍ എന്തൊക്കെയാണ് എന്ന് തിരുസ്സഭ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്

1. ദൈവച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന് അത് നഷ്ടപ്പെടുന്നു. അവന്‍റെ മനുഷ്യത്വത്തിന്‍റെ സൗന്ദര്യമായ ദൈവച്ഛായ നഷ്ടമാകുന്നതിലൂടെ പാപവും മരണവും അവനെ വികൃതനാക്കുന്നു. ഇത് ദൈവികകൃപാവരത്തെക്കുറിച്ചാണ്, ബാഹ്യമായ വൈരൂപ്യത്തെക്കുറിച്ചല്ല. (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, നം.705).
2. ക്രിസ്തുവിന്‍റെ ശരീരത്തിനുണ്ടാകുന്ന മുറിവുകള്‍ക്ക് പാപം കാരണമായിട്ടുണ്ട്. പാഷണ്ഡത, മതത്യാഗം, ശീശ്മകള്‍ എന്നിവയാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, നം.817).
3. മനുഷ്യര്‍ പാപത്താല്‍ ചിതറിക്കപ്പെടുകയും വഴിതെറ്റിക്കപ്പെടുകയും ചെയ്തു. സത്യത്തിന്‍റെ കൂട്ടായ്മയിലും പ്രബോധനത്തിലും നിന്ന് അവര്‍ അകന്നുപോകുന്നു (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, നം.845).
4. വിശുദ്ധരുടെ ഐക്യത്തില്‍ നിന്ന് പാപം മൂലം സ്വയം പുറത്താകുന്നതിനാല്‍ പുണ്യവാന്മാരുടെ ഐക്യത്തിന് ക്ഷതം സംഭവിക്കുന്നു (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, നം.953).
5. മരണം പാപത്തിന്‍റെ ഫലമാണ്. പാപം മൂലമാണ് മരണം ലോകത്തില്‍ പ്രവേശിച്ചതെന്ന് കത്തോലിക്കാസഭയുടെ വിശ്വാസം പ്രബോധിപ്പിക്കുന്നു (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, നം.1008).
6. മാരകപാപം ദൈവവുമായുള്ള നമ്മുടെ ഐക്യത്തെ ഇല്ലായ്മ ചെയ്യുന്നു. അതിനാല്‍ അത് നമ്മെ നിത്യജീവന് യോഗ്യതയില്ലാത്തവരാക്കിത്തീര്‍ക്കുന്നു. (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, നം.1472)
സ്നേഹത്തിന്‍റെ നഷ്ടപ്പെടുത്തലും വിശുദ്ധീകരണകൃപാവരത്തിന്‍റെ അസാന്നിദ്ധ്യവുമാണ് അതിന്‍റെ അന്ത്യഫലം (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, നം.1861).
7. ലഘുപാപം സ്നേഹത്തെ ദുര്‍ബലപ്പെടുത്തുന്നു. സൃഷ്ടവസ്തുക്കളോട് ക്രമരഹിതമായ ആസക്തി ജനിപ്പിക്കുന്നു. സുകൃതങ്ങളുടെയും ധാര്‍മ്മികനന്മകളുടെയും പരിശീലനത്തിലുള്ള പുരോഗതി തടയുന്നു (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, നം.1863).

പാപവും ശാപവും

പാപത്തിന്‍റെ ശിക്ഷയെ ശാപത്തില്‍ നിന്ന് വേര്‍തിരിച്ചു കാണണം. പാപത്തിന്‍റെ ഫലമായി പാപി അനുഭവിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ശാപത്തിന്‍റെ രൂപത്തില്‍ വിശുദ്ധഗ്രന്ഥം അവതരിപ്പിക്കുന്നത്. അവയെല്ലാം നിറവേറിയവയാകണമെന്നില്ല. കാരണം, പാപഫലത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ പാപത്തെക്കുറിച്ച് അനുതപിക്കാനുള്ള ക്ഷണമാണ് വിശ്വാസിക്ക് നല്കുന്നത്. പഴയനിയമഭാഗങ്ങളില്‍ ശാപവചനങ്ങള്‍ നാം കാണുന്നുണ്ടെങ്കിലും പുതിയ നിയമത്തില്‍ അത് വളരെ കുറവാണ്. അതിനു കാരണം വിശുദ്ധഗ്രന്ഥത്തിലെ വെളിപാടുകള്‍ക്കുള്ള പ്രോഗ്രസ്സീവ് പ്രകൃതമാണ്. ദൈവികവെളിപാട് കാലഘട്ടങ്ങളിലൂടെ നൂറ്റാണ്ടുകളിലൂടെ മനുഷ്യന് വെളിപ്പെട്ടു കിട്ടുകയും നൂറ്റാണ്ടുകള്‍ പിന്നിടുന്തോറും ആ വെളിപാടുകളെ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും വിധം അവരുടെ ദൈവാനുഭവങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തു. അങ്ങനെ മിശിഹായില്‍ പൂര്‍ണ്ണാകുന്ന ദൈവികവെളിപാടുകളെ പഴയനിയമത്തിലെ ഏതെങ്കിലും ഒന്നോ രണ്ടോ വചനങ്ങളുടെയോ പശ്ചാത്തലങ്ങളുടെയോ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാന്‍ പാടില്ല. അത് മിശിഹായുടെ തിരുവചനങ്ങളുമുള്‍പ്പെടുന്ന പുതിയനിയമത്തിന്‍റെയും മുഴുവന്‍ പാരന്പര്യത്തിന്‍റെയും സഭാപ്രബോധനങ്ങളുടെയും അടിസ്ഥാനത്തില്‍ കൂടി വേണം വ്യാഖ്യാനിക്കേണ്ടത്.

പുതിയനിയമത്തില്‍ ശാപവും ശാപത്തിന്‍റെ ബന്ധനങ്ങളും നിലനില്ക്കുന്നില്ല

ദൈവത്തില്‍ നിന്ന് അകന്നു കഴിയുന്ന (പാപം ചെയ്യുന്ന) ഒരുവനില്‍ സംജാതമാകുന്ന പൈശാചികസ്വാധീനമോ ശക്തിയോ ആണ് (അത്ര ഗൗരവമേറിയതും സ്ഥിരമായതും ദൈവദൂഷണപരവുമൊക്കെയായ പാപങ്ങളിലാണ് ഇത് ദൃശ്യമാകുന്നത്) ശപിക്കപ്പെട്ട അവസ്ഥ എന്നു പറയുന്നത്. ഈശോയുടെ മരണം ഇത്തരത്തിലുള്ള ശാപത്തിന്‍റെ ബന്ധനങ്ങളില്‍ നിന്ന് മനുഷ്യനെ രക്ഷിച്ചു എന്നാണ് വി. പൗലോസ് പഠിപ്പിക്കുന്നത് (റോമ 8,2). ക്രിസ്തു നമ്മെ പ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുകൊണ്ട് പാപത്തിന്‍റെ ശാപത്തില്‍ നിന്ന് നമ്മെ രക്ഷിച്ചു (ഗലാ 3,13). അതിനാല്‍ ഈശോയില്‍ വിശ്വസിക്കുന്ന ആര്‍ക്കും നിയമത്തിലെ ശാപങ്ങളൊന്നും ബാധകമല്ല (കൊളോ. 2,14).

പാപവും ശാപവും തമ്മിലുള്ള ബന്ധത്തെ ദൈവവചനം അംഗീകരിക്കുന്നില്ല എന്നു കണ്ടു. എങ്കിലും കുടുംബങ്ങളിലെ തകര്‍ച്ചകള്‍, സാന്പത്തികപരാജയങ്ങള്‍, രോഗങ്ങള്‍ എന്നിവയെ ഈ പശ്ചാത്തലത്തില്‍ ഇന്ന് വ്യാഖ്യാനിക്കുന്നത് നാം കാണാറുണ്ട്. അതില്‍ കാവ്യനീതിയുടേതെന്ന് തോന്നിപ്പിക്കുന്ന യുക്തിയുമുണ്ട്. പക്ഷേ ഇവക്കൊന്നും തന്നെ ദൈവശാസ്ത്രപരമോ ക്രൈസ്തവവിശ്വാസപരമോ ആയ യാതൊരു ന്യായീകരണവുമില്ല എന്നതാണ് സത്യം.

ശാപത്തെയും ശിക്ഷയെയും കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ എന്തിന്?

മാനസാന്തരം ഉണ്ടാകാന്‍ എന്ന് ഒറ്റവാക്കില്‍ പറയാം. മാനസാന്തരം ഉണ്ടാകാന്‍ പാപത്തെപ്പറ്റിയുള്ള പശ്ചാത്താപം ആവശ്യമാണ്. അതില്‍ മനസ്സാക്ഷിയുടെ ആന്തരികവിധിതീര്‍പ്പ് അടങ്ങിയിരിക്കുന്നു. (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, നം.1848). ശിക്ഷയെയും പാപത്തെയും കുറിച്ച് പഴയനിയമത്തില്‍ പിതാക്കന്മാരും പ്രവാചകന്മാരും ഇന്ന് മിശിഹായുടെ അജഗണം ഭരമേത്പിക്കപ്പെട്ടിരിക്കുന്ന പുരോഹിതരും ഓര്‍മ്മിപ്പിക്കുന്നത് അവരെ അനുതാപത്തിലേക്ക് നയിച്ച് മിശിഹാ സാധിതമാക്കിയ രക്ഷയില്‍ അവരെ പങ്കുചേര്‍ക്കുന്നതിനുവേണ്ടിയാണ്. അതൊരിക്കലും പക്ഷേ അജഗണങ്ങളില്‍ ഭീതിയോ ആശങ്കകളോ ജനിപ്പിച്ചുകൊണ്ടാകരുത് എന്നത് അവര്‍ ശ്രദ്ധിക്കണം. പാപത്തിന്‍റെ ശിക്ഷയെക്കുറിച്ച് പറയുന്പോള്‍ അത് ദൈവം നല്കുന്നതാണ് എന്ന രീതിയില്‍ പഠിപ്പിക്കാതിരിക്കാനും അവര്‍ക്ക് കഴിയണം. കാരണം പാപത്തിന്‍റെ ശിക്ഷ പാപം തന്നെയാണ്. അത് ആ പ്രവൃത്തിയാല്‍ത്തന്നെ രൂപപ്പെടുന്നതാണ്. മനുഷ്യന്‍റെ തിരഞ്ഞെടുപ്പിന്‍റെ ഫലമാണ്. ദൈവം അവന് നല്കുന്നതല്ല.

പാപിയോടുള്ള ദൈവത്തിന്‍റെ ബന്ധം

ഏറ്റവും ഉത്തമമായ വ്യാഖ്യാനം ലൂക്കാ സുവിശേഷകന്‍ നല്കുന്ന ധൂര്‍ത്തപുത്രന്‍റെ പിതാവിന്‍റെ ചിത്രമാണ്. പടിയിറങ്ങിപ്പോയ പുത്രനെ കാത്തിരിക്കുന്ന സ്നേഹധനനായ പിതാവ്. പാപത്തെക്കുറിച്ചോര്‍ക്കാതെ അവഗണിച്ചിറങ്ങിപ്പോയവനെ സ്നേഹിക്കുക മാത്രം ചെയ്യുന്ന നല്ല അപ്പന്‍. കരുണയുടെ അസാധാരണ ജൂബിലി പ്രഖ്യാപിച്ചുകൊണ്ട് മാര്‍പാപ്പ നല്കിയ കല്പനയില്‍ ഈ ചിത്രം നിറഞ്ഞു നില്ക്കുന്നുണ്ട്.

1. പാപത്തിന്‍റെ ഗൗരവത്തെ അഭിമുഖീകരിച്ചപ്പോള്‍ കാരുണ്യത്തിന്‍റെ പൂര്‍ണ്ണത കൊണ്ട് ദൈവം പ്രത്യുത്തരിച്ചു. കാരുണ്യം ഏതു പാപത്തേക്കാളും വലുതായിരിക്കും (കാരുണ്യത്തിന്‍റെ മുഖം, നം.3).
2. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ഉദ്ഘാടനപ്രസംഗത്തില്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ പറഞ്ഞ വാക്കുകളെ ഫ്രാന്‍സിസ് പാപ്പാ വീണ്ടും അവതരിപ്പിക്കുന്നുണ്ട്. കാഠിന്യത്തിന്‍റെ കരവാളെടുക്കുന്നതിനേക്കാള്‍ കാരുണ്യത്തിന്‍റെ ഔഷധം പ്രയോഗിക്കാനാണ് ക്രിസ്തുവിന്‍റെ മണവാട്ടി ഇഷ്ടപ്പെടുന്നത് (കാരുണ്യത്തിന്‍റെ മുഖം, നം.4).
3. കര്‍ത്താവിന്‍റെ കാരുണ്യം ഒരു അമൂര്‍ത്ത ആശയമല്ല. മറിച്ച്, തന്‍റെ കുഞ്ഞിനോുള്ള സ്നേഹത്തെപ്രതി ആഴങ്ങളിലേക്ക് നീങ്ങുന്ന ഒരു മാതാവിന്‍റെയോ പിതാവിന്‍റെയോ സ്നേഹം പോലെയുള്ള തന്‍റെ സ്നേഹം അവിടുന്ന് വെളിപ്പെടുത്തുന്ന സമൂര്‍ത്ത യാഥാര്‍ത്ഥ്യമാണ് (കാരുണ്യത്തിന്‍റെ മുഖം, നം. 6).
4. കാരുണ്യമാണ് സഭയുടെ ജീവിതത്തിന്‍റെ അടിസ്ഥാനം . . . അവളുടെ പ്രഘോഷണങ്ങളില്‍ യാതൊന്നും കാരുണ്യരഹിതമായിക്കൂടാ. (കാരുണ്യത്തിന്‍റെ മുഖം, നം. 10)

കാരുണ്യവര്‍ഷത്തിന്‍റെ സമാപനം കുറിച്ചുകൊണ്ട് പരിശുദ്ധപിതാവ് എഴുതിയ കത്തിലും കാരുണ്യം നിറഞ്ഞ ദൈവസ്നേഹത്തെ പ്രകടമാക്കുന്ന ഒരു ചിത്രമുണ്ട്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയുടേതാണത് (യോഹ 8,1-11). പാപിയെ കണ്ടുമുട്ടുന്ന ദൈവസ്നേഹത്തിന്‍റെ രഹസ്യം പ്രകാശിപ്പിക്കുന്ന സന്ദര്‍ഭമായിട്ടാണ് ഈ വചനത്തെ പാപ്പാ അവതരിപ്പിക്കുന്നത്. (കരുണയും കരുണാര്‍ഹയും, നം.1). ഈ തിരുവെഴുത്തിന്‍റെ സമാപനത്തില്‍ പാപത്തെയും പാപിയെയും അവന് ദൈവത്തോടും സഭയോടുമുള്ള ബന്ധത്തെയും മനോഹരമായി മാര്‍പാപ്പാ അവതരിപ്പിക്കുന്നുണ്ട്.

ഓരോ വ്യക്തിയെ സംബന്ധിച്ചും ഇത് കാരുണ്യത്തിന്‍റെ സമയമാണ്. എന്തെന്നാല്‍ ദൈവത്തിന്‍റെ അവഗാഢമായ അടുപ്പത്തില്‍ നിന്നും താന്‍ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു എന്നു ചിന്തിക്കാന്‍ ആര്‍ക്കും കഴിയുകയില്ല . . . ഇത് കാരുണ്യത്തിന്‍റെ സമയമാണ്. എന്തെന്നാല്‍, ഒരു പാപിയും ക്ഷമ ചോദിച്ചു മടുക്കാന്‍ പാടില്ല. എല്ലാവര്‍ക്കും പിതാവിന്‍റെ സ്വീകരിക്കുന്ന ആശ്ലേഷം അനുഭവിക്കാന്‍ കഴിയണം (കരുണയും കരുണാര്‍ഹയും, നം.21).

സമാപനം

ഡൊമിനിക് അച്ചന്‍റെ സന്ദേശം സഭാപരമായ വിശലകലനങ്ങള്‍ക്ക് വിശകലനമാകേണ്ടതുണ്ട്. എങ്കിലും അത് നല്കപ്പെട്ടത് വിശ്വാസികളുടെ ഒരു സമൂഹത്തിനാണ്. അഴുക്കും ദുര്‍ഗന്ധവുമുള്ള സാമൂഹ്യമാധ്യമങ്ങളുടെ ഓവുചാലില്‍ അത് നിക്ഷേപിക്കപ്പെട്ടത് ആശാസ്യമല്ല. വൈദികരും സന്യസ്തരും (എത്ര ഉന്നതരാണെങ്കിലും) വര്‍ത്തമാനകാലലോകത്തെയും അതിന്‍റെ മാറ്റങ്ങളെയും സാമൂഹ്യമാധ്യമങ്ങളുടെ അതിവേഗതയിലുള്ള വിവരകൈമാറ്റശേഷിയെയും കാര്യബോധത്തോടെ പരിഗണിക്കുകയും അതനുസരിച്ച് ജീവിതക്രമവും ശുശ്രൂഷാരീതികളും ചിട്ടപ്പെടുത്തുകയും ചെയ്യണം. കത്തോലിക്കാവിശ്വാസത്തെക്കുറിച്ചുള്ള ഓരോ പ്രബോധനവും സത്യസഭയോട് ചേര്‍ന്നു നിന്നുകൊണ്ടു തന്നെ നടത്തുകയും വേണം. അല്ലെങ്കില്‍ തെരുവുപട്ടികള്‍ക്ക് കടികൂടാനിട്ടുകൊടുക്കുന്ന എല്ലിന്‍കഷണങ്ങളായി വാക്കുകളും പ്രഘോഷണങ്ങളും ശുശ്രൂഷകളും അധപതിക്കും.

സഹായകഗ്രന്ഥങ്ങള്‍

1. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, (പി.ഒ.സി,,2006)
2. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, എഡി., വഴിതെറ്റുന്ന വിശ്വാസം, നവസഭാവിഭാഗങ്ങളും തിരുസ്സഭാപഠനങ്ങളും (എസ്.എച്ച്. ലീഗ്, ആലുവ), 2010.
3. ഡോ. വിന്‍സെന്‍റ് കുണ്ടുകുളം, എഡി., ജനകീയ ആത്മീയപ്രസ്ഥാനങ്ങള്‍, സത്യവും മിഥ്യയും (എസ്.എച്ച്. ലീഗ്, ആലുവ), 2013.
4.ഡോ. ജോസഫ് പാംപ്ലാനി, വിശ്വാസവും വ്യാഖ്യാനവും (ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട്, തലശ്ശേരി) 2012.
5. Karl Rahner, ed., Encyclopedia of Theology (St. Pauls, Mumbai) 2004, pp1589-1593.
6. ഫ്രാന്‍സിസ് പാപ്പാ, കരുണയും കരുണാര്‍ഹയും (പി.ഒ.സി., കൊച്ചി) 2016.
7. ഫ്രാന്‍സിസ് പാപ്പാ, കാരുണ്യത്തിന്‍റെ മുഖം (കാര്‍മ്മല്‍, തിരുവനന്തപുരം) 2015.

✍️Noble Thomas Parackal

മരണവും മരണാനന്തരചടങ്ങുകളും

മരണവും മരണാനന്തരചടങ്ങുകളും നസ്രാണിപാരന്പര്യത്തില്‍

Love Alone.jpg
“In the Evening of the Life We will be Judged on Love Alone” St. John of the Cross

ഫാ. റോബര്‍ട്ട് ചവറനാനിക്കല്‍ വി. സി.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം മരണം എന്ന യാഥാര്‍ത്ഥ്യം ഈ ലോകത്തിലെ സുഖദുഖങ്ങളോട് ശ്വാശ്വതമായി വിടപറഞ്ഞ് നിത്യജീവിതത്തിലേയ്ക്കു പ്രവേശിക്കാനുള്ള വാതിലാണ്. നാമെല്ലാം സുനിശ്ചിതമായി അഭിമുഖീകരിക്കേണ്ട ഈ ഈ നിമിഷങ്ങള്‍ ഏറ്റവും അനുഗ്രഹപ്രദമാക്കാന്‍ സഹായിക്കുന്ന നിരവധി ഘടകങ്ങള്‍ മാര്‍ത്തോമ്മാ നസ്രാണികളുടെ പാരമ്പര്യത്തിലുണ്ട്. അവയുടെ ചൈതന്യം മനസിലാക്കുകയും പ്രിയപ്പെട്ടവരുടെ മരണനിമിഷങ്ങളിലും അതിനുശേഷവും ഉചിതമായി അവരെ യാത്രയയ്ക്കുകയും ചെയ്യുകയെന്നത് വിശ്വാസികളായ നമ്മുടെ കടമയാണ്. വിശ്വാസികളുടെ മരണത്തോടനുബന്ധിച്ച് നാം ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

A. മരണത്തിനൊരുക്കം

1. രോഗീലേപനം

രോഗിക്ക് രോഗസൗഖ്യം ലഭിക്കാനും രോഗത്തിന്‍റെ അസ്വസ്ഥതകളെ ശാന്തമായി സ്വീകരിക്കാനും പാപങ്ങള്‍ക്കു മോചനം ലഭിക്കാനും രോഗീലേപനം എന്ന കൂദാശ സഹായിക്കുന്നു. രോഗീലേപനാവസരത്തില്‍ രോഗിക്കു സുബോധമുണ്ടെങ്കില്‍ അനുരഞ്ജനകൂദാശ പരികര്‍മ്മം ചെയ്യുന്നു. അല്ലെങ്കില്‍ രോഗീലേപനം പരികര്‍മ്മം ചെയ്ത് വിശുദ്ധ കുര്‍ബാന നല്കുന്നു. (വൈദികന്‍ രോഗിലേപനത്തിനായി വരുമ്പോള്‍) സാധാരണ രോഗി കിടക്കുന്ന മുറിയിലല്ല വി. കുര്‍ബാന വയ്ക്കുവാന്‍ സൗകര്യം ഒരുക്കേണ്ടത്. വീടിന്‍റെ പ്രധാനമുറിയില്‍ ഒരു മേശമേല്‍ വെള്ളത്തുണി വിരിച്ച് സ്ലീവായും വി. ഗ്രന്ഥവും കത്തിച്ച തിരികളും തയ്യാറാക്കി വയ്ക്കുക. പുഷ്പങ്ങള്‍ വയ്ക്കുന്നതും ഉചിതമാണ്. വൈദികന്‍ വി. കുര്‍ബാനയും വി. തൈലവുമായി ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ ഉചിതമായിനിന്ന് ഈശോയെ ഭവനത്തിലേയ്ക്കു സ്വീകരിക്കുന്നു. രോഗിയെ കുമ്പസാരിപ്പിക്കുന്നുണ്ടെങ്കില്‍ ആ സമയത്ത് കുടുംബാംഗങ്ങള്‍ വിശുദ്ധ കുര്‍ബാനയുടെ മുമ്പില്‍ ആയിരിക്കുന്നത് ഉചിതമാണ്.

2. ചെകിട്ടോര്‍മ്മ (നന്മരണത്തിനുള്ള ഒരുക്കം)

മരണം സ്വര്‍ഗത്തിലേയ്ക്കുള്ള യാത്രയായതിനാല്‍ മരണസമയത്ത് യാത്ര പുറപ്പെടുന്നതുപോലെ മരിക്കുന്ന വ്യക്തിയെ ആത്മീയമായി ഒരുക്കണം. രോഗിയുടെ ചെവിയില്‍ ഈശോ മറിയം യൗസേപ്പേ, ഈ ആത്മാവിന് കൂട്ടായിരിക്കണമേയെന്ന് അടുത്തിരുന്ന് ചൊല്ലി ക്കൊടുക്കും. ഇതിനെയാണ് ചെകിട്ടോര്‍മ്മچ എന്നു വിളിക്കുന്നത്. അതൊരു പ്രാര്‍ത്ഥനാ മന്ത്രമായി രോഗിയുടെ അബോധ, ഉപബോധ, ബോധമനസുകളില്‍ നിലനില്ക്കും.

B. മരണാനന്തരം

1. മരിച്ചയുടന്‍ ചെയ്യേണ്ടത്

ഒരു വ്യക്തി മരിച്ചാലുടന്‍ സ്ലീവാ ചുംബിപ്പിക്കുന്നു. തുടര്‍ന്ന് വാ അടപ്പിച്ച് വെള്ളത്തുണികൊണ്ട് തലയും താടിയും ചേര്‍ത്തുകെട്ടും. കണ്ണു തിരുമ്മി അടയ്ക്കണം. കാലുകള്‍ നിവര്‍ത്തി ചേര്‍ത്തുവയ്ക്കണം. കൈകള്‍ നിവര്‍ത്തി കൂട്ടിപ്പിടിപ്പിക്കണം. ശരീരത്തിലെ ചൂട് പിരിയുന്നതിനുമുമ്പ് ഇതെല്ലാം ചെയ്യണം.

ഒരു വിശ്വാസി മരിച്ചാല്‍ ആദ്യം അറിയിക്കേണ്ടത് ഇടവകകൂട്ടായ്മയുടെ പിതാവായ വികാരിയച്ചനെയാണ്. ഇടവക കൂട്ടായ്മയിലെ ഒരു വിശ്വാസി സ്വര്‍ഗത്തിലേയ്ക്കു കടന്നുപോയി എന്നറിയിക്കാന്‍ ദേവാലയമണി മുഴക്കും. അപ്പോള്‍ മരിച്ച വിശ്വാസിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെല്ലാവരും ശ്രദ്ധിക്കണം. തുടര്‍ന്ന് വികാരിയച്ചനോട് ആലോചിച്ച് മൃതസംസ്ക്കാര സമയം നിശ്ചയിക്കുകയും അടക്കാനുള്ള കല്ലറ നിശ്ചയിച്ച് തയ്യാറാക്കുകയും വേണം.

2. മൃതശരീരം ക്രമീകരിക്കുന്ന വിധം

മരിച്ചയുടനെ മൃതശരീരത്തില്‍നിന്ന് ആഭരണങ്ങളെല്ലാം മാറ്റി പടിഞ്ഞാറ് തല വച്ച് കിഴക്ക് ദര്‍ശനം വരത്തക്ക വിധത്തില്‍ വെള്ള വിരിച്ച കട്ടിലില്‍ കിടത്തി, വെള്ള വസ്ത്രം പുതപ്പിക്കും. സ്ലീവാ കൈയില്‍ പിടിപ്പിക്കും. ആ സ്ലീവാ ദര്‍ശിച്ചാണ് മരിച്ച വ്യക്തി കിടക്കുന്നത്. കിഴക്കുനിന്നും വരുന്ന മിശിഹായെ ദര്‍ശിക്കുന്നതിന്‍റെ പ്രതീകമാണത്. ജപമാല കൈയിലും വെന്തിങ്ങ കഴുത്തിലും ധരിപ്പിക്കുന്ന പതിവും ഇപ്പോഴുണ്ട്.

മൃതദേഹത്തിന്‍റെ തലയുടെ പിന്‍ഭാഗത്ത് പീഠത്തിന്മേല്‍ സ്ലീവായും തിരികളും ക്രമീകരിക്കണം. ഊറാറയും മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനാ പുസ്തകവും ഹന്നാന്‍ വെള്ളവും പള്ളിയില്‍നിന്ന് സ്വീകരിച്ച് ഈ പീഠത്തിന്മേല്‍ വച്ചിരിക്കണം. മൃതദേഹത്തിന്‍റെ ശിരസില്‍ അണിയിക്കാനുള്ള പുഷ്പമുടിയും ആശീര്‍വദിക്കാനുള്ള പനിനീരും അവിടെ ക്രമീകരിക്കണം. കുടുംബാംഗങ്ങളും അയല്‍ക്കാരുമെല്ലാം പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊണ്ട് മൃതദേഹത്തിനു സമീപത്തുണ്ടാകണം. കുടുംബകൂട്ടായ്മാ അംഗങ്ങള്‍ ഒരുമിച്ച് യാമപ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതും ഉചിതമായ കാര്യമാണ്. യാക്കോബായ, ഓര്‍ത്തഡോക്സ്, മലങ്കര സഭകളില്‍ വൈദികരുടെ നേതൃത്വത്തില്‍ മൃതദേഹത്തിനു സമീപം ഏഴുനേര യാമപ്രാര്‍ത്ഥനകളും ചൊല്ലുന്ന പാരമ്പര്യം ഇപ്പോഴും നിലനില്ക്കുന്നുണ്ട്. മരിച്ച വ്യക്തിക്ക് സഭയുടെ പ്രാര്‍ത്ഥനകള്‍ സമൃദ്ധമായുണ്ടാകണമെന്ന ചിന്തയാണ് അതിനു പിറകിലുള്ളത്.

അയല്‍വാസികളോ ചാര്‍ച്ചക്കാരോ ആണ് മരിച്ചയാളെ കുളിപ്പിച്ച് വൃത്തിയാക്കുന്നത്. മക്കള്‍ കുളിപ്പിക്കാറില്ല. തുടര്‍ന്ന് വെള്ളവസ്ത്രം ധരിപ്പിക്കുന്നു. മാമ്മോദീസായിലും വിശുദ്ധ കുര്‍ബാനയിലുമെല്ലാം വെള്ള വസ്ത്രം ധരിക്കുന്ന വിശ്വാസികള്‍ സ്വര്‍ഗയാത്രയിലും വെള്ളവസ്ത്രം ധരിച്ച് തങ്ങള്‍ പ്രകാശത്തിന്‍റെ മക്കളും വിശുദ്ധരുമാണെന്ന് പ്രഘോഷിക്കുകയാണ്. അയല്‍ ക്കാരുംചാര്‍ച്ചക്കാരും ചേര്‍ന്നാണ് മൃതദേഹം പെട്ടിയിലേയ്ക്കു മാറ്റുന്നത്. മൃതദേഹം പന്തലില്‍ കിഴക്കോട്ട് ദര്‍ശനമായി ക്രമീകരിക്കുന്നു.

വിവാഹിതരായ സ്ത്രീകളുടെ വാഴ്ത്തിയ താലി മാത്രം കുറുകിയ രീതിയില്‍ ചരടില്‍ ധരിപ്പിക്കാറുണ്ട്. മൃതദേഹം പള്ളിയില്‍നിന്ന് എടുക്കുമ്പോള്‍ താലി ദേവാലയഭണ്ഡാരത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ നിക്ഷേപിക്ക പ്പെടുന്ന താലികൊണ്ടാണ് തിരുശരീരരക്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാസയും പീലാസയും പള്ളിയിലെ മറ്റു തിരുപാത്രങ്ങളും പൂശിയിരുന്നത്.

3. കച്ച ഇടല്‍

ഈശോയുടെ മൃതദേഹം പരിമളസസ്യങ്ങളും സുഗന്ധദ്രവ്യങ്ങളുമുപയോഗിച്ച് പൊതിഞ്ഞതിന്‍റെ ഓര്‍മ്മയിലാണ് മൃതദേഹത്തില്‍ കച്ച ഇടുന്നത്. പുനരുത്ഥാനം പ്രതീക്ഷിച്ചു കഴിയുന്ന ശരീരത്തോടുള്ള ബഹുമാനസൂച കമായിട്ടാണ് കച്ച ഇടുന്നത്. നമ്മുടെ പാരമ്പര്യത്തില്‍ കച്ച ഇടുന്നത് ബന്ധുക്കളുടെ അവകാശമാണ്. മക്കളുടെ ജീവിതപങ്കാളിയുടെ അപ്പന്‍, അമ്മ, വല്യപ്പന്‍, വല്യമ്മ മുതലായവര്‍ മരിക്കുമ്പോഴാണ് കച്ച ഇടുന്നത്. കല്യാണസമയത്ത് വരന്‍ അമ്മായിയമ്മയ്ക്കു കൊടുത്തിരുന്ന അഞ്ചുമീറ്റര്‍ നീളമുള്ള വെള്ളത്തുണിയാണ് കച്ച (പുടവ). അതിനു പകരമായി മകളുടെയോ മകന്‍റെയോ അമ്മായിയപ്പനോ അമ്മായിയമ്മയോ മരിക്കുമ്പോള്‍ തിരിച്ചു നല്കുന്നതാണ് പട്ട്. ബന്ധുക്കളല്ലാത്തവര്‍ പുഷ്പങ്ങളാണ് മൃതദേഹത്തില്‍ സമര്‍പ്പിക്കുന്നത്.

4. മൃതസംസ്ക്കാര ശുശ്രൂഷ

ഭവനത്തില്‍ വൈദികന്‍റെ നേതൃത്വത്തില്‍ ഔദ്യോഗികമായ മൃതസംസ്ക്കാരശുശ്രഷകള്‍ കഴിയുമ്പോള്‍ മൃതദേഹം പള്ളിയിലേയ്ക്ക് സംവഹിക്കുന്നതിനുമുമ്പ് കുടുംബാംഗങ്ങളും ബന്ധുക്കളും ചാര്‍ച്ചക്കാരും പ്രായമനുസരിച്ചും സ്ഥാനക്രമമനുസരിച്ചും അന്ത്യോപചാരം അര്‍പ്പിച്ചുകൊണ്ട് മൃതദേഹം ചുംബിക്കുന്നു. വീട്ടില്‍നിന്ന് മൃതദേഹം എടുത്താല്‍പിന്നെ അതു സഭയുടെതാണ്. അത് ഉയിര്‍പ്പിക്കപ്പെടേണ്ട ശരീരമാണ്. അതുകൊണ്ടാണ് വൈദികര്‍ വീട്ടില്‍വന്ന് മുടി ധരിപ്പിച്ച് തിരുനാള്‍ പ്രദക്ഷിണത്തിലെന്നതുപോലെ മൃതദേഹം പള്ളിയിലേയ്ക്കു കൊണ്ടു പോകുന്നത്. അതു പള്ളിയുടെതായതുകൊണ്ടാണ് പള്ളിയില്‍ നിന്ന് ഔദ്യോഗികമായി വികാരിയച്ചനോ ഉത്തരവാദിത്വപ്പെട്ടവരോ വന്നിട്ടുമാത്രം വീട്ടിലെ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്.

പള്ളിയിലേയ്ക്കു സംവഹിക്കുമ്പോള്‍ പള്ളിയിലേക്കു യാത്ര ചെയ്യുന്നതിന്‍റെ പ്രതീകമായി മൃതശരീരത്തിന്‍റെ കാല് മുമ്പിലും തല പുറകിലുമായാണ് നീങ്ങുന്നത്. വാഹനത്തില്‍ മൃതദേഹം പള്ളിയിലേക്കു കൊണ്ടുപോകുമ്പോഴും ഇപ്രകാരമാണ് വയ്ക്കേണ്ടത്. പള്ളിയില്‍ മൃതദേഹം വയ്ക്കുമ്പോള്‍, മരിച്ചയാള്‍ ബലിപീഠത്തിലേയ്ക്കുനോക്കി കിടക്കുന്ന രീതിയില്‍ കാല്‍ മുമ്പില്‍ വരത്തക്ക രീതിയില്‍ കിടത്തണം. പള്ളിയില്‍നിന്ന് പുറത്തേയ്ക്കു സംവഹിക്കുമ്പോള്‍ മൃതശരീരത്തിന്‍റെ കാല് മുമ്പിലും തല പിമ്പിലുമായാണ് പിടിക്കേണ്ടത്.

5. മുഖം മൂടല്‍

സിമിത്തേരിയില്‍ മൃതശരീരത്തിന്‍റെ മുഖം മൂടിയ തിനുശേഷം ചുംബിക്കുന്നതിന് ആരോഗ്യപരമായ കാരണങ്ങളേക്കാള്‍ ദൈവശാസ്ത്രപരമായ മാനമാണുള്ളത്. മാമ്മോദീസായും മറ്റു കൂദാശകളും സ്വീകരിച്ച് വിശുദ്ധമായ ഈ ശരീരം പൂജ്യമായി കരുതപ്പെടേണ്ടതാണ്. അതിനാല്‍ ഇന്നു കാണുന്നതുപോലെ ഓരോരുത്തരും തൂവാലയിട്ട് ചുംബിക്കുന്നതിനേക്കാള്‍ അര്‍ത്ഥവത്തായ രീതി സ്ലീവായുടെ അടയാളമുള്ള ഒരു തൂവാലകൊണ്ട് വികാരിയച്ചനോ മരിച്ചയാളുടെ മൂത്തമകനോ അല്ലെങ്കില്‍ മുതിര്‍ന്ന ആരെങ്കിലുമോ മൃതശരീരത്തിന്‍റെ മുഖം മൂടുകയും ഉത്ഥാനത്തിലുള്ള പ്രത്യാശയോടെ ആ സ്ലീവാമേല്‍ ബന്ധുക്കളെല്ലാം ചുംബിക്കുകയും ചെയ്യുകയെന്നതാണ്. കല്ലറയില്‍ കിടത്തുന്നതും പടിഞ്ഞാറ് തലവച്ച് കിഴക്കോട്ടു ദര്‍ശനമായിട്ടാണ്.

6. മൃതസംസ്ക്കാരത്തിനു ശേഷം

മൃതസംസ്ക്കാരത്തിനുശേഷം നാളോത്ത്, പഷ്ണി (പട്ടിണി) കഞ്ഞി ഭക്ഷിക്കല്‍ എന്നി രണ്ടു കര്‍മ്മങ്ങള്‍ ചിലയിടങ്ങളില്‍ നടത്താറുണ്ട്. മൃതസംസ്ക്കാരത്തിനുശേഷം അന്നുതന്നെ വൈദികന്‍റെ നേതൃത്വത്തില്‍ മരിച്ചയാളുടെ ആത്മശാന്തിക്കായും ഭവനത്തിന്‍റെ വിശുദ്ധീകരണത്തിനായും ഭവനത്തില്‍ നടത്തുന്ന കര്‍മ്മമാണ് നാളോത്ത്. നാളോത്ത് പ്രാര്‍ത്ഥനയ്ക്കുശേഷം വീട്ടില്‍ അടുപ്പില്‍ തീ പിടിപ്പിച്ച് കട്ടന്‍കാപ്പി തയ്യാറാക്കി എല്ലാവര്‍ക്കും കൊടുത്തിരുന്നു. അതുപോലെ മൃതസംസ്ക്കാരത്തിനുശേഷം വീട്ടില്‍വന്ന് കഞ്ഞി തയ്യാറാക്കി എല്ലാവരും ഭക്ഷിക്കുന്നു. മുന്‍കാലങ്ങളില്‍ മരണശേഷം 24 മണിക്കൂറിനുള്ളില്‍ മൃതസംസ്ക്കാരം നടത്തിയിരുന്നു. അതിനാല്‍ കുടുംബാംഗങ്ങളെല്ലാവരും വെള്ളം മാത്രം കുടിച്ച് ആ ദിവസം ഉപവസിക്കുകയായിരുന്നു പതിവ്. അതുകൊണ്ടാണ് മൃതസംസ്ക്കാര ത്തിനുശേഷം തയ്യാറാക്കുന്ന കഞ്ഞിക്ക് പഷ്ണി (പട്ടിണി) കഞ്ഞി എന്ന പേരുവന്നത്.

7. മരണാനന്തര കര്‍മ്മങ്ങള്‍

മന്ത്രാവരെ മരിച്ച വ്യക്തിയുടെ കട്ടിലില്‍ ആരും ഇരിക്കുകയോ കിടക്കുകയോ ചെയ്യാറില്ല. മരിച്ച വ്യക്തിയോടുള്ള ബഹുമാനസൂചകമായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. കട്ടിലില്‍ വെള്ള വിരിയിട്ട് മൃതദേഹത്തിന്‍റെ കൈയില്‍ പിടിപ്പിച്ചിരുന്ന സ്ലീവാ അയാളുടെ ഓര്‍മ്മയ്ക്കായി ആ കട്ടിലില്‍ വയ്ക്കുന്നു. സാധാരണ 7-ാം ദിവസമോ (പ്രഭാ. 22,12) 41-ാം ദിവസമോ (ഈശോ ഉത്ഥാനശേഷം നാല്പതാംദിവസം സ്വര്‍ഗാരോഹണം ചെയ്തതിന്‍റെ ഓര്‍മ്മ) ആണ് വീട്ടിലെ പ്രാര്‍ത്ഥനകള്‍ നടത്തുന്നത്.

വിശുദ്ധ ഗ്രന്ഥപ്രകാരം മരണം പിതാക്കന്മാരോടുചേരലാണ്. അതിനാല്‍ കുടുംബത്തില്‍ പിതാക്കന്മാര്‍ ജീവിച്ചിരിക്കുമ്പോള്‍ മക്കള്‍ മരിച്ചാല്‍ പള്ളിയിലെ കര്‍മ്മങ്ങള്‍ മാത്രമേ നടത്താറുള്ളു. വീട്ടിലെ കര്‍മ്മങ്ങളില്‍ വീടുവെഞ്ചരി പ്പുമാത്രമേ നടത്തുകയുള്ളു. പിതാക്കന്മാരുടെ മരണശേഷം മരിച്ചുപോയ മക്കള്‍ക്കായി വീട്ടില്‍ ചരമവാര്‍ഷികത്തിന്‍റെ ചടങ്ങുകള്‍ നടത്താ വുന്നതാണ്.

8. ഏഴാം/നാല്പത്തിയൊന്നാം ചരമദിനത്തിന്‍റെ ആചരണം

വീട്ടിലെ ചടങ്ങുകള്‍ നടത്തുന്നതുവരെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സസ്യാഹാരം മാത്രം കഴിച്ച് നോമ്പു നോക്കണം. പുരുഷന്മാര്‍ ദീക്ഷ നീട്ടാറുണ്ട്. എല്ലാ ദിവസവും പള്ളിയില്‍പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് കബറിടത്തിങ്കല്‍ പോയി പ്രാര്‍ത്ഥിക്കുന്നു.

ഏഴാം ചരമദിനത്തിലെ പ്രാര്‍ത്ഥനകള്‍ ഭവനത്തില്‍വച്ചു മാത്രമേ നടത്താറുള്ളു. എന്നാല്‍ ഏഴിന് വീട് വെഞ്ചരിച്ചതാണെങ്കില്‍ 41 ആചരണം പാരീഷ് ഹാളില്‍വച്ചു വേണമെങ്കിലും നടത്താം. പള്ളിയിലെ വിശുദ്ധ കുര്‍ബാനയും സിമിത്തേരിയിലെ പ്രാര്‍ത്ഥനകളും കഴിഞ്ഞാണ് വീട്ടിലെ പുലയടിയന്തിര പ്രാര്‍ത്ഥന. അതിനുവേണ്ടി വെള്ളതുണിയിട്ട മേശയില്‍ സ്ലീവായും തിരികളും വിശുദ്ധ ഗ്രന്ഥവും തയ്യാറാക്കി വയ്ക്കുക. ഒപ്പം ഒരു പാത്രത്തില്‍ ജീരകവും മറ്റൊരു പാത്രത്തില്‍ നെയ്യപ്പവും മറ്റൊന്നില്‍ പഴവും വയ്ക്കുക. കൂടാതെ സ്തോത്രക്കാഴ്ച്ചയിടുന്നതിന് വേറൊരു പാത്രവും തയ്യാറാക്കി വയ്ക്കുക. വിവാഹിതരായ പെണ്‍മക്കള്‍ നെയ്യപ്പവും ആണ്‍മക്കള്‍ പഴവും കൊണ്ടുവരണം.

പ്രാര്‍ത്ഥനകള്‍ക്കുശേഷം കാര്‍മ്മികന്‍ ഒന്നില്‍ കൂടുതല്‍ പഴവും കൈനിറയെ അപ്പവും എടുത്ത് മൂത്ത മകനു കൊടുക്കുന്നു. സമൃദ്ധിയുണ്ടാകട്ടെ എന്നതാണ് ഇതിന്‍റെ അര്‍ത്ഥം. പിന്നീട് ഒരോ പഴവും മൂന്ന് അപ്പവും വീതം കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കും കൊടുക്കുന്നു. ആദ്യം പഴവും പിന്നീട് അപ്പവുമാണ് നല്കേണ്ടത്. പഴയനിയമത്തില്‍ പഴത്തിനാല്‍ പറുദീസ നഷ്ടപ്പെട്ട മനുഷ്യന് പുതിയ നിയമത്തില്‍ വിശുദ്ധ കുര്‍ബാനയാകുന്ന അപ്പത്തിനാല്‍ അതു വീണ്ടും ലഭിച്ചു എന്ന വലിയ ദൈവശാസ്ത്രചിന്തയാണ് അതിനു പിറകിലുള്ളത്. അതിനാല്‍ തുടര്‍ന്നു ക്ഷണിക്കപ്പെട്ടവര്‍ക്കു ഭക്ഷണം വിളമ്പുമ്പോഴും ആദ്യം ഒരു പഴവും പിന്നീട് മൂന്ന് അപ്പവുമാണ് വിളമ്പേണ്ടത്. കാര്‍മ്മികന്‍ കുടുംബാംഗങ്ങള്‍ക്കു പഴവും അപ്പവും കൊടുത്ത തിനുശേഷം എല്ലാവരും സ്ലീവാ ചുംബിച്ച് സ്തോത്രക്കാഴ്ചയിട്ട് ജീരകമെടുത്ത് ഭക്ഷണത്തിനായി തയ്യാറാകുന്നു. അവിടെ ലഭിക്കുന്ന സ്തോത്രക്കാഴ്ചയുടെ പകുതി മരിച്ചയാളുടെ ആത്മശാന്തിക്കു വേണ്ടി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്നതിനും ബാക്കി ജീവകാരുണ്യ പ്രവൃത്തികള്‍ക്കുവേണ്ടിയുമുള്ളതാണ്.

(നസ്രാണി പാരമ്പര്യത്തിലെ മരിച്ചവര്‍ക്കുവേണ്ടിയുള്ള ഭക്താനുഷ്ഠാനങ്ങള്‍, ഉപവാസം, പ്രാര്‍ത്ഥന, ദാനധര്‍മ്മം, Compiled and edited by Nazrani Research Centre, Nallathanny. സഹായകഗ്രന്ഥം ‘നസ്രാണികളുടെ ആചാരങ്ങളും പാരമ്പര്യങ്ങളും’)

(“ദര്‍ശകന്‍” മാസികയില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം പ്രാധാന്യം മനസ്സിലാക്കി പുനപ്രസിദ്ധീകരിക്കുന്നു. ദര്‍ശകനോട് കടപ്പാട്)

എന്താണ്‌ യഥാര്‍ത്ഥത്തില്‍ തിരുസഭ?

ഫാ. അരുൺ കലമറ്റത്തിൽ 04-11-2017 – Saturday

ഇന്ന്‌ തിരുസഭയെ ‘കുറ്റമില്ലാത്തവളാക്കാന്‍’ പരിശ്രമിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്‌!! കുറ്റം കണ്ടുപിടിക്കലും വിമർശിക്കലും അതു ചര്‍ച്ച ചെയ്യലും ഒരു ആത്മീയ ശുശ്രൂഷയായി പോലും അവതരിപ്പിക്കപ്പെടുന്നു! തിരുസഭയെ നവീകരിക്കുവാനുള്ള ആഗ്രഹം പരിശുദ്ധാത്മ പ്രേരിതമാണ്‌. എന്നാല്‍ മറ്റേതു നന്മയുടെ കാര്യത്തിലുമെന്നപോലെ ഇതിലും തിന്മയുടെ ഇടപെടലും ആജ്ഞതയുടെയും മാനുഷികമായ പാപ പ്രവണതയുടെയും സ്വാധീനവും വിവേക പൂര്‍വ്വം തിരിച്ചറിയണം! തിരുസഭയെ വിമര്‍ശിക്കുന്നവരില്‍ കാണാറുള്ള പ്രധാന കുറവ്‌ തിരുസഭ എന്താണ്‌ എന്നതിനെക്കുറിച്ചു തന്നെയുള്ള അജ്ഞതയാണ്‌.

എന്താണ്‌ യഥാര്‍ത്ഥത്തില്‍ തിരുസഭ?

ദൈവജനം എന്നോ, വിശ്വാസികളുടെ സമൂഹം എന്നൊ ഒക്കെ ഉത്തരം പറയുമെങ്കിലും തിരുസഭ അതിനുമൊക്കെ ഏറെ ഉപരിയാണ്‌ എന്നോര്‍ക്കണം. (വിശാലമായ അര്‍ത്ഥത്തില്‍ എല്ലവരും ദൈവജനവും സമൂഹവുമൊക്കെത്തന്നെയാണ്) എന്നാൽ തിരുസഭയെക്കുറിച്ചു വി.ഗ്രന്ഥം ഇങ്ങനെ പഠിപ്പിക്കുന്നു:

– “അത് ക്രിസ്തുവിന്റെ ശരീരമാണ്‌”!!! എന്തെന്നാൽ, ക്രിസ്തു “തന്റെ ശരീരമായ” സഭയുടെ…(എഫേ‌ 5:23)

– “സഭയാകുന്ന തന്റെ ശരീരത്തെ”പ്രതി ക്രിസ്തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ…(കൊളോ‌ 1:24)

– അവന്‍ സഭയാകുന്ന ശരീരത്തിന്റെ…..(കൊളോ‌ 1:18)

എന്നിങ്ങനെ അനേകം തവണ വി. ഗ്രന്ഥം ആവർത്തിച്ചു പഠിപ്പിക്കുന്ന ദൈവിക രഹസ്യമാണ്‌ തിരുസഭ ക്രിസ്തുവിന്റെ ശരീരമാണ്‌” എന്നത്‌. ആ ശരീരം സ്വർഗ്ഗത്തിലും ശുദ്‌ധീകരണ സ്ഥലത്തും ഈ ഭൂമിയിലുമായി വ്യാപിച്ചു കിടക്കുന്ന ദൈവിക ശരീരമാണ്‌. അതിനാലാണ്‌ സഭയെ “തിരു”സഭ എന്നു നാം വിളിക്കുന്നതും. ഈ ബോധ്യത്തിൽ അടിയുറച്ചു വേണം തിരുസഭയെക്കുറിച്ചു ചിന്തിക്കാനും പരാമർശിക്കാനും അതിൽ അംഗമാകാനും. അതീവ ഗൗരവമുള്ള ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ്‌. വിമർശ്ശിക്കുന്നവരും സഭയെ സ്നേഹിക്കുന്നവരും

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാവൂ!

1. തിരുസഭ ഈശോയുടെ ശരീരമാണെന്ന തിരിച്ചറിവില്ലാത്ത, ആദരവില്ലാത്ത ആര്‍ക്കും തിരുസഭയെ നവീകരിക്കാനാവില്ല!

തിരുസഭയെ ഒരു പാര്‍ട്ടിപോലെയൊ ക്ലബ്ബ് പോലെയൊ കണക്കാക്കുന്നവരുണ്ട്. പാര്‍ട്ടിയിലോ ക്ലബ്ബിലൊ ഒക്കെ സംസാരിക്കുന്നതു പോലെയായിരിക്കും ഇവര്‍ തിരുസഭയെക്കുറിച്ച് സംസാരിക്കുന്നത്. അധികാരം, പങ്കാളിത്തം, സ്ഥാനം, സ്വത്തിന്റെ വിനിയോഗം തുടങ്ങിയ വിഷയങ്ങളായിരിക്കും ഇവരുടെ വാക്കുകളില്‍ മുഴങ്ങിക്കേള്‍ക്കുക. തിരുസഭയെക്കുറിച്ചു പറയുമ്പോള്‍ ദൈവ ഭയമുണ്ടാകണം! ക്രിസ്തു ശരീരത്തെയാണു ഞാന്‍ വിധിക്കുന്നതെന്നും പരാമര്‍ശിക്കുന്നതെന്നും ഓര്‍മ്മയുണ്ടാവണം!

2. വിധേയത്വം എന്ന പുണ്യം കൂടാതെ തിരുസഭയെ തിരുത്താന്‍/നവീകരിക്കാന്‍ ശ്രമിക്കുന്ന ആരും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരല്ല! അവര്‍ ചെയ്യുന്നത് സ്വന്തം ‘അഹ’ത്തിന്റെ ശുശ്രൂഷയാണ്‌. സ്വന്തം പ്രശസ്തിക്കു വേണ്ടി തിരുസഭയെ വിമര്‍ശിക്കുന്നവരെ കാണാം. അതുവഴി പലരാലും അംഗീകരിക്കപ്പെടുമെന്നും മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാമെന്നും കരുതുന്നവരുണ്ട്. മോശമായ പദപ്രയോഗങ്ങളും, എല്ലാത്തിനോടും എല്ലാവരോടും പുച്ഛവും, “ഞാനല്ലാതെ മറ്റൊരു ശരിയില്ല” എന്ന ഭാവവും, ആരെയും (തിരുസഭാധികാരികളെയൊ അവരുടെ തീരുമനങ്ങളെയൊ പോലും) വിധിക്കാനുള്ള അധികാരമുണ്ടെന്ന ചിന്തയും ഇതിന്റെ ലക്ഷണമാണ്‌. പലപ്പോഴും തിരുസഭയുടെ കുറവുകള്‍ സമൂഹ മധ്യത്തില്‍ വിളിച്ചു പറയുന്നതിന്റെ ലക്ഷ്യം തന്നിലേക്കു ശ്രദ്ധ ആകര്‍ഷിക്കുക തന്നെയാണ്‌!

3. അശുദ്ധമായ ജീവിതവും പലതരം പാപങ്ങളും അതുണ്ടാക്കുന്ന കുറ്റബോധവും ചിലരില്‍ “കുറ്റം കണ്ടെത്തല്‍ ശുശ്രൂഷ”യായി മാറുന്നു

മദ്യപിച്ചു വീട്ടില്‍ വന്ന്‌ ഭാര്യയെ എടുത്തിട്ടു തല്ലുന്ന ചില ഭര്‍ത്താക്കന്മാരെ കണ്ടിട്ടില്ലെ? ഇനിയൊരിക്കലും കുടിക്കില്ലന്നു പലതവണ പ്രതിജ്ഞ ചെയ്തിട്ടു വീണ്ടും കുടിച്ചു വീട്ടിലെത്തുമ്പൊ ദരിദ്രമായ കൂരയും കെട്ടിക്കാറായ മകളുടെ മുഖവും പാവം ഭാര്യയുടെ ദൈന്യതയും ഒടുങ്ങാത്ത കുറ്റ ബോധം അയാളില്‍ നിറയ്ക്കും. അപ്പോഴാണയാള്‍ ഭാര്യയെ എടുത്തിട്ടു തല്ലുന്നത്‌!!! “എന്നേക്കാള്‍ വലിയ കുറ്റക്കാരി നീയാ” ണെന്നാണ്‌ അയാള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്‌. അതുകൊണ്ടാണ്‌ നീയിങ്ങനെ തല്ലു കൊള്ളുന്നതെന്നാണ്‌ അയാള്‍ പറയാതെ പറയുന്നത്!!

(“മന്ത്രിമാർ വരെ എന്നേക്കാൾ വലിയ കള്ളന്മാരാ. അതൊക്കെ വച്ചു നോക്കുമ്പൊ ഞാനെത്ര ഭേദമാ”ണെന്നു പറയുന്ന മോഷ്ടാവിന്റെ മനോഭാവം തന്നെ)

നമ്മുടെ തിന്മകളും വിശുദ്ധിയില്ലായ്മയും നമ്മെ ലജ്ജിതരാക്കുമ്പോഴാണു നാം തിരുസഭയെ കുറ്റം പറയാൻ തുടങ്ങുന്നത്‌. എന്നെക്കാൾ കുറവുകൾ സഭക്കുണ്ടെന്നു സ്ഥാപിക്കുന്നതു വഴി സ്വയം ന്യായീകരിക്കപ്പെട്ടതായി നമുക്കു തോന്നുന്നു. തിരുസഭക്ക്‌ എന്നും കുറവുകളുണ്ടായിരുന്നു. പക്ഷേ വിശുദ്ധർ ഒരിക്കലും അതു പറഞ്ഞു നടന്നിരുന്നില്ല. അവർ സഭയെ സ്നേഹിച്ചു, അനുസരിച്ചു, സഭയുടെ ക്രമീകരണങ്ങളെ ആദരിച്ചു. എപ്പോഴും നന്മകളെക്കുറിച്ചു ദൈവത്തെ സ്തുതിച്ചു. എന്നാൽ സഭയെ സ്നേഹിക്കാത്തവരും പാപത്തിൽ വസിക്കുന്നവരും കുറവുകളും കുറ്റങ്ങളും എപ്പോഴും പറഞ്ഞു നടന്നു.

ഞാൻ സത്യം തുറന്നു പറഞ്ഞ്‌ സഭയെയും സഭാധികാരികളെയും നന്നാക്കാൻ ശ്രമിക്കുകയാണെന്ന നാട്യത്തോടെ തന്നെ! പലരിലും അതിന്നും തുടരുന്നു. നന്നായി കണ്ണുനീരോടെ ഒന്നു കുമ്പസാരിച്ചാല്‍ പരിശുദ്ധാത്മാവ്‌ അവരെ ഈ മേഖലയില്‍ സഹായിക്കുക തന്നെ ചെയ്യും!

4. പരിശുദ്ധാത്മാവിലുള്ള വിശ്വസക്കുറവാണ്‌ മറ്റൊരു കാരണം.

തിരുസഭയെ നയിക്കുന്നത്‌ പരിശുദ്ധാത്മാവല്ലാതെ മറ്റാരുമല്ല! വിശുദ്ധീകരിക്കുന്നവനായ റൂഹാദ് കൂദാശയില്‍ വിശ്വസിക്കാത്തവര്‍ ഇതെല്ലാം ഞാന്‍ തന്നെ ശരിയാക്കേണ്ടതാണെന്നു കരുതി “ഇപ്പ ശരിയാക്കിത്തരാം” എന്നും പറഞ്ഞു വാളുമായി ഇറങ്ങുന്നതു കാണാം! തിരുസഭയുടെ കുറവുകളെക്കുറിച്ചുള്ള അമിതമായ ആകുലത ദൈവീകമല്ല! ഒരു ശരീരം എങ്ങനെയാണു തന്റെ മുറിവുകള്‍ സുഖപ്പെടുത്തുന്നത്‌? സ്വയം സൗഖ്യപ്പെടാനുള്ള ഒരു സംവിധാനം ദൈവം ശരീരത്തില്‍ തന്നെ ഒരുക്കിയിട്ടുള്ളതു കണ്ടിട്ടില്ലേ. മുറിവുണ്ടായാലും മെല്ലെ അതു സ്വയം സുഖമാവും. അതു ദൈവിക ക്രമീകരണമാണ്‌. ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരമായ തിരുസഭയെ സ്വയം സൗഖ്യപ്പെടുത്താനുള്ള സംവിധാനം പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട് ദൈവം സഭയില്‍ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് അമിത ആകുലത ദൈവികമല്ല തന്നെ!

പണ്ട് ചില കുറവുകള്‍ കണ്ട് സഹിക്കവയ്യാതെ തിരുത്താനിറങ്ങിയ ലൂഥറിനെയും അനുചരന്മാരെയും മറക്കാതിരിക്കാം! അവരുടെ ലക്ഷ്യം നല്ലതായിരുന്നെങ്കിലും സ്വന്തം ആത്മനാശവും സഭയുടെ വിഭജനവുമായിരുന്നു ഫലം! എന്നാല്‍ തിരുസഭ കാലക്രമത്തില്‍ ആ കുറവുകളെ മറികടന്ന് ഇന്നും വിരാജിക്കുന്നു! (എന്നാല്‍ നമുക്കു നിഷ്ക്രിയരാകാം എന്നല്ല ഇതിനര്‍ത്ഥം. വിശുദ്ധര്‍ ദൈവസന്നിധിയില്‍ സമര്‍പ്പിച്ച തങ്ങളുടെ സഹനങ്ങളും പ്രര്‍ത്ഥനകളും ക്രിയാത്മകവും വിശുദ്ധവുമായ ഇടപെടലുകളും നമുക്കു വേണം!)

5. വിശ്വാസവും ദൈവഭയവും നഷ്ടപ്പെടുന്നിടത്ത്‌ ‘കളപറിക്കല്‍’ കൂടും. പലപ്പോഴും വലിയ സഭാ വിചാരണ നടത്തുന്നവര്‍ അടിസ്ഥാന വിശ്വാസമോ ദൈവ ശാസ്ത്രപരമായ അറിവൊ ഇല്ലാത്തവരാണ്‌. അല്പം ലിറ്റര്‍ജിയോ ചെറിയൊരു ദൈവശാസ്ത്ര കോഴ്സോ കൂടിയത് ആരെയും വിമര്‍ശിക്കാനൊരു ലൈസന്‍സായി കരുതുന്നവരും ഉണ്ട്. മുറി വൈദ്യന്‍ ആളെ കൊല്ലും എന്നത് തന്നെ! വൈദികരോടൊ തിരുസഭാ സംവിധാനങ്ങളോടോ ഉള്ള അടുപ്പം ചിലര്‍ക്കൊക്കെ sense of the sacred നഷ്ടപ്പെടാന്‍ കാരണമാകാറുണ്ട്. familiarity breads contempt എന്ന്‌ നാം കേട്ടിട്ടുണ്ട്. ദൈവഭയമില്ലാതെ ആരെയും എന്തും പറയാമെന്നു കരുതാന്‍ പാടില്ല. തിരുസഭയേയും അതില്‍ അവിടുന്നു നിയമിച്ചിരിക്കുന്ന ശുശ്രൂഷകരെയും ആദരിക്കാനും മാനിക്കാനും നമുക്കു കടമയുണ്ട്. കാരണം ക്രിസ്തു അവയെ മാനിക്കുന്നു എന്നതു തന്നെ!

6. ദൈവിക ശിക്ഷയെക്കുറിച്ചുള്ള പ്രബോധനം കാലഹരണപ്പെട്ടു എന്നു കരുതരുത്‌! നാം പറഞ്ഞുവരുന്ന ഇക്കാര്യത്തില്‍ പ്രത്യേകിച്ചും! പരി. പിതാവ് ബെനഡിക്ട് പാപ്പാ ആവര്‍ത്തിച്ചു പഠിപ്പിച്ചിരുന്ന ഒന്നുണ്ട്: “തിരുസഭ എന്റെയോ നിന്റെയോ അല്ല, അവന്റേതാണ്‌” എന്ന്‌! സഭ അവിടുത്തേതാണ്‌! അവന്റെ ശരീരമാണത്! അവന്റെ മണവാട്ടിയാണവള്‍! അതുകൊണ്ട് “അവനെ” ഭയപ്പെടുന്നത് വിവേകമാണ്! അവന്റെ മണവാട്ടിയെ ദൂഷണം പറയുന്നതും പൊതുജനമധ്യത്തില്‍ വിചാരണ ചെയ്യുന്നതും സൂക്ഷിക്കണം! വിവേകികളായ പണ്ടത്തെ നല്ല കുടുംബ നാഥന്മാരായ കാരണവന്‍മാര്‍ ഇതൊക്കെ മക്കളെ പഠിപ്പിച്ചിരുന്നു.

7. “ആരും വിമര്‍ശനത്തിന്‌ അതീതരല്ല” എന്ന്‌ പലരും ആവര്‍ത്തിക്കുന്നതു കേട്ടിട്ടുണ്ട്. അഹന്ത എന്ന പാപം ഭംഗിയായി അവതരിപ്പിക്കുന്ന ഒരു വാചകമാണത്‌! “എല്ലാവരും എനിക്കു കീഴില്‍” എന്നാണതിന്റെ ധ്വനി. നമുക്കു വിമര്‍ശിക്കാന്‍ പാടില്ലാത്തവര്‍, അഥവാ “എന്റെ” വിമര്‍ശനത്തിന്‌ അതീതരായവരൊക്കയുണ്ട് ലോകത്തില്‍ എന്നോര്‍ക്കണം. തിരുസഭയേക്കാളും ജ്ഞാനവും മെത്രാന്‍ സംഘത്തേക്കാള്‍ ആധികാരികതയും അവകാശപ്പെടുന്നവരുണ്ട്! മറ്റൊന്നുകൂടിയുണ്ട്: “ആരും വിമര്‍ശനത്തിന്‌ അതീതരല്ല” എന്നവര്‍ത്തിക്കുന്ന ആരെങ്കിലും തന്നെ ആരെങ്കിലും വിമര്‍ശിക്കുന്നത് അനുവദിച്ചുകൊടുക്കുന്നതു കണ്ടിട്ടുണ്ടോ? വിമര്‍ശനങ്ങളില്‍ ഏറ്റവും അസഹിഷ്ണുത കാട്ടുന്നതും അവരായിരിക്കും.

8. ഉദ്ദേശ്യം എത്ര നല്ലതാണെങ്കിലും സോഷ്യല്‍ മീഡിയയിലുള്ള കുറ്റവിചാരണകളെ ഒരുവിധത്തിലും ന്യയീകരിക്കാനാവില്ല! “നാലുപേരറിഞ്ഞാലെങ്കിലും നന്നാവട്ടേ!”, “ഇതൊക്കെ നേരിട്ടു പറഞ്ഞു മടുത്തു!” തുടങ്ങിയ മറുവാദങ്ങളൊന്നും ദൈവ സന്നിധിയില്‍ വിലപ്പോവില്ല! കാരണം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരും closed group കളില്‍ ഉള്ളവരും എല്ലാം ഒരേ പക്വതയിലുള്ളവരല്ല എന്നോര്‍ക്കണം! അവരില്‍ കുട്ടികളുണ്ട്, ദുര്‍ബല മന്‍സ്കരുണ്ട്, വിശ്വസ ബോധ്യങ്ങളില്ലാത്തവരുണ്ട്, സഭ വിട്ടുപോകാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നവരുണ്ട്, ചില ദുരനുഭവങ്ങളാല്‍ സഭയില്‍ നിന്നകന്നു കഴിയുന്നവരുണ്ട്, സഭാ ശത്രുക്കളുമുണ്ട്!!!

അവരെയൊക്കെ ഈ വിമര്‍ശനങ്ങള്‍ എങ്ങനെയൊക്കെ ബാധിക്കും എന്നതിനേക്കുരിച്ച് എന്തു ധാരണയാണ്‌ നമുക്കുള്ളത്?? ഈ വിമര്‍ശനങ്ങള്‍ മൂലം ഒരാത്മാവെങ്കിലും നഷ്ടപ്പെടാന്‍ ഇടവന്നാല്‍ കര്‍ത്താവതു നിസ്സാരമായെടുക്കും എന്നു കരുതരുത്! “വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന്‌ ഇടര്‍ച്ചഹ്ന വരുത്തുന്നവന്‍ ആരായാലും, അവനു കൂടുതല്‍ നല്ലത്‌, ഒരു വലിയ തിരികല്ലു കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്‌.”!! (മര്‍ക്കോ 9.42) എന്നുപറഞ്ഞത്‌ കർത്താവാണ്‌. !!!

കിണറ്റിന്‍ കരയിലും ചായക്കടയിലും ‘ഒരുമിച്ചിരുന്നു കുറ്റം പറയുന്ന’ വെറും ‘പരദൂഷണ സംഘത്തെക്കാള്‍ പല കത്തോലിക്കാ ഗ്രൂപ്പുകളും അധപതിച്ചിട്ടുണ്ട്. പലരും തിരുസഭയെ സ്നേഹിക്കുന്നവരല്ല. തിരുസഭാ നിയമങ്ങളോ, സഭാ പിതാക്കന്മാരുടെ പഠനങ്ങളോ, സഭാ ചരിത്രമോ, സഭാ പ്രബോധനങ്ങളൊ ഒന്നും ആഴത്തില്‍ അറിയാതെ എന്തിനേക്കുറിച്ചും ആരും കേറി അഭിപ്രായം പറയുന്ന പരിതാപാവസ്ഥ! പലര്‍ക്കും പല അജണ്ടകള്‍. ചിലര്‍ക്കു liturgy യുടെ പേരില്‍ മറ്റുള്ളവരെ അവഹേളിക്കണം. ചിലര്‍ക്ക് അഭി. പിതാക്കന്മാരെ അനുസരണ പഠിപ്പിക്കണം, ചിലര്‍ക്ക് സ്വയമൊരു ദൈവശാസ്ത്രജ്ഞന്റെ പരിവേഷം ഉണ്ടാക്കിയെടുക്കണം… ഈ മുഴുനേര ഓണ്‍ലൈന്‍ വിമര്‍ശ്ശകരെ “വിമര്‍ശന തൊഴിലാളികള്‍” എന്നാരെങ്കിലും വിളിച്ചുകൂടായ്കയില്ല.

ചരിത്രത്തില്‍ വന്നു കടന്നു പോയ പല പാഷണ്ഡതകളും പലരുടെയും എഴുത്തുകളില്‍ പ്രതിഫലിക്കുന്നതു കാണാം. പഠനം കൂടാതെ വായില്‍ വരുന്നത് എഴുതി വിടുന്നതിന്റെ കുഴപ്പമാണ്‌. യൂറോപ്പിനെ നശിപ്പിച്ച റിഫോര്‍മേഷന്‍- ലൂഥറന്‍ ആശയങ്ങള്‍ പുത്തന്‍ ദര്‍ശനങ്ങളായി എഴുതിവിടുന്നവരുണ്ട്. രാജകീയ പൗരോഹിത്യവും ശുശ്രൂഷാ പൗരോഹിത്യത്തെയും ഒന്നായി കാണാനുള്ള പ്രവണത, അന്റി ക്ലെറിക്കലിസം, സെക്കുലര്‍ അഡ്മിനിസ്റ്റ്രേഷന്‍ വാദം… ഇവയൊക്കെ ഇക്കൂട്ടത്തില്‍ പെടും. ചിലര്‍ കറ കളഞ്ഞ ലിബറേഷന്‍ തിയോളജിയുടെ വക്താക്കളാണ്‌. ഇതൊക്കെ തിരുസഭയെ ഓരോ കാലത്ത് എങ്ങനെയൊക്കെ തകര്‍ത്തുവെന്ന് അറിയാഞ്ഞിട്ടാണോ അതോ ബോധപൂര്‍വ്വം അതിനിറങ്ങിത്തിരിച്ചിരിക്കുകയാണോ ആവോ!

9. വിഭാഗീയതയാണ്‌ അപകടകരമായ മറ്റൊന്ന്!. “പരിശുദ്ധാത്മാവില്ലാത്തവരും കേവലം ലൗകികരുമാണ്‌ വിഭാഗീയത ഉണ്ടാക്കുന്നതെന്ന് വി. യൂദാസ് (യൂദാ 1. 19) പഠിപ്പിക്കുന്നു. പിളര്‍പ്പുകള്‍ ഉണ്ടാക്കുന്നവരെ നിരാകരിക്കണമന്ന് വി. പൗലോസ് (റോമ 16.17) ഓര്‍മ്മിപ്പിക്കുന്നു. ചിലര്‍ക്ക് റീത്ത് വിരോധം, ചിലര്‍ക്ക് പ്രാദേശിക വാദം. ചിലര്‍ക്ക് കരിസ്മാറ്റിക് വിരോധം…!! എല്ലാം തിരുസഭയുടേതാണെന്ന് ചിന്തിക്കാത്തവര്‍ തിരുസഭയെ പടുത്തുയര്‍ത്തുന്നില്ല! എല്ലാ റീത്തും തിരുസഭയുടേതാണ്‌.

ലിറ്റര്‍ജി യുടെ വൈവിധ്യവും പ്രാദേശിക വൈവിധ്യങ്ങളും ഒക്കെ തിരുസഭയുടെ മനോഹാരിത തന്നെയാണ്‌. കരിസ്മാറ്റിക് മാത്രമല്ല സഭാ ചരിത്രത്തില്‍ വളര്‍ന്ന എല്ലാ ആധ്യാത്മിക-പ്രാര്‍ത്ഥനാ രീതികളും ദൈവാത്മാവിന്റെ ദാനമാണ്‌. അവയെ വളര്‍ത്തുന്നത് പരിശുദ്ധാത്മാവാണ്‌!! നാമതിനെ ആദരിച്ചേ മതിയാവൂ. അല്ലാത്തവ കത്തോലികമല്ല! എനിക്കിഷ്ടമില്ലാത്തതിനെ എല്ലാം അവഹേളിക്കുന്നത് നന്മയല്ല.

10. വിമർശ്ശനം മാത്രം നടത്തുന്ന ആളുകളുണ്ട്‌. ചിലരുടെ വാക്കുകളിൽ ശക്തമായ വെറുപ്പ്‌ പ്രകടമാണ്‌. അതു വൈദികരോടൊ സംവിധാനങ്ങളോടോ ആകാം. തിരുസഭാ ശുശ്രൂഷകരിൽ നിന്നോ സഭാ സംവിധാനങ്ങളിൽ നിന്നോ പല കാരണങ്ങളാൽ മുറിവേറ്റതിന്റെ ലക്ഷണമാണിത്‌. ഏറെ വേദനാജനകമായ കാര്യമാണിത്‌ . പക്ഷേ, ചൂടുവെള്ളത്തിൽ വീണ പൂച്ചയുടെ കാര്യം പറഞ്ഞതുപോലെ ഒരു ദുരനുഭവത്തിൽ നിന്നും എല്ലായിടത്തും തിന്മയാണെന്ന പൊതു നിഗമനത്തിലേക്ക്‌ ഒരാൾ എത്താനിടയുണ്ട്‌. എന്തിരുന്നാലും മുറിവേറ്റവർ ശുശ്രൂഷിക്കപ്പെടേണ്ടതുണ്ട്‌. ഒപ്പം അവർ സൗഖ്യം പ്രാപിക്കാൻ ശ്രമിക്കുകയും വേണം. അല്ലെങ്കിൽ അവർ അനേകരെ മുറിപ്പെടുത്തുകയേയുള്ളൂ.

11. മാതാപിതാക്കളിൽ നിന്നും ചെറുപ്പകാലത്ത്‌ തീവ്രമായ ദുരനുഭവങ്ങളുണ്ടായിട്ടുള്ളവർ പിൽക്കാലത്ത്‌ വലിയ സഭാ വിരോധികളായി മാറാറുണ്ട്‌. ഇതൊരു ഫ്രോയിഡിയൻ തിയറിയാണ്‌. ഹിറ്റ്ലറും ലൂഥറും ഒക്കെ ഉദാഹരണങ്ങൾ. ബാല്യത്തിൽ അപ്പനോടുണ്ടായിരുന്ന പ്രകടിപ്പിക്കാൻ കഴിയാത്ത പകയും ദേഷ്യവും പിന്നീട്‌ കാലാന്തരത്തിൽ പിതൃ ഭാവത്തിലുള്ള സകലതിനോടുമുള്ള പകയായി പരിണമിക്കുന്നു. അത്‌ വൈദികരാകാം, മേലധികാരികളാകാം, തിരുസഭ തന്നെയുമാകാം. എളിമയോടെ ദൈവ സന്നിധിയിൽ ആത്മശോധന ചെയ്യേണ്ട വിഷയമാണിത്‌.

തിരുസഭയെ വിമര്‍ശ്ശിക്കുന്നവരൊക്കെ സഭാ ശത്രുക്കളല്ലന്ന് നന്നായി അറിയാവുന്നതു കൊണ്ടാണ്‌ ഇത്രയും എഴുതിയതു തന്നെ. തിരുസഭയെ വിശുദ്ധീകരിക്കാനുള്ള പരിശ്രമത്തിനും പരാക്രമത്തിനുമിടയില്‍ വന്നുഭവിക്കാവുന്ന കൂടുതല്‍ മാരകമായ വിപത്തുകളെക്കുറിച്ച് നാം ഉത്കണ്ഠപ്പെടുക തന്നെ വേണം! കള പറിക്കാന്‍ വെമ്പല്‍കൊണ്ട ശിഷ്യന്മാരോട് ഈശോ ഇങ്ങനെ പറഞ്ഞു: “ഞങ്ങള്‍പോയി കളകള്‍ പറിച്ചുകൂട്ടട്ടേ? അവന്‍ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോൾ അവയോടൊപ്പം ഗോതമ്പു ചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും” (മത്തായി 13:28-29).

കള പറിക്കുന്നതിനേക്കാള്‍ വിളകള്‍ വളര്‍ത്താന്‍ നമുക്കു പരിശ്രമിക്കാം. അതാണ്‌ ദൈവീകം. കള പറിക്കാനുള്ള ശ്രമത്തിനിടെ അനേകര്‍ അധ്വാനിച്ച വിളകള്‍ നഷ്ടപ്പെടാതിരിക്കട്ടെ! ഫെയ്സ് ബുക്കില്‍ ഗ്രൂപ്പ് ചര്‍ച്ചകളില്‍ ‘സദുദ്ദേശ്യത്തൊടെ’ ഓരോരുത്തരും ഓരോ കുറ്റങ്ങളോ ദുരനുഭവങ്ങളൊ ആകും പങ്കുവക്കുന്നത്. പക്ഷേ അതെല്ലാം കൂട്ടിച്ചേര്‍ത്തു വായിക്കുന്ന ഒരാള്‍ക്കുണ്ടാവുന്ന ധാരണ എന്തായിരിക്കും? തിരുസഭ തിന്മയുടെ കൂമ്പാരമാണെന്നല്ലേ!

ഇതെല്ലാം വായിച്ച് ഞാനൊരു വൈദികനാകാനില്ല എന്നു തീരുമാനിച്ച, ദൈവവിളി ഉപേക്ഷിച്ച കുട്ടികളെ എനിക്കറിയാം. കുട്ടികളെ സന്യാസത്തിനയക്കില്ല എന്നു തീരുമാനിച്ച കാര്‍ന്നൊന്മാരെയും അറിയാം! ഇതിനൊക്കെ ദൈവ തിരുമുന്‍പില്‍ കണക്കു കൊടുക്കേണ്ടി വരില്ലന്നാണോ? വി. ഗ്രന്ഥം അവതരിപ്പിക്കുന്ന കാനാനെയും ഷേമിനെയും യാഫെത്തിനെയും ഓർക്കുന്നത്‌ ഉചിതമാണ്‌. അത്‌ നമുക്കൊരു പാഠമാണ്‌.

കാനാന്റെ പിതാവായ ഹാം തന്റെ പിതാവിനെ നഗ്‌നനായി കാണുകയും അക്കാര്യം പുറത്തുണ്ടായിരുന്നതന്റെ രണ്ടു സഹോദരന്‍മാരോടും പറയുകയും ചെയ്‌തു. ഷേമുംയാഫെത്തും ഒരു തുണിയെടുത്ത്‌ തങ്ങളുടെ തോളിലിട്ട്‌, പുറകോട്ടു നടന്നുചെന്ന്‌ പിതാവിന്റെ നഗ്‌നത മറച്ചു. അവര്‍ മുഖം തിരിച്ചുപിടിച്ചിരുന്നതുകൊണ്ട്‌ പിതാവിന്റെ നഗ്‌നത കണ്ടില്ല. ലഹരി വിട്ടുണര്‍ന്ന നോഹ തന്റെ ഇളയ മകന്‍ ചെയ്‌തതെന്തെന്നറിഞ്ഞു. അവന്‍ പറഞ്ഞു: കാനാന്‍ ശപിക്കപ്പെടട്ടെ. അവന്‍ തന്റെ സഹോദരര്‍ക്കു ഹീനമായ ദാസ്യ വേല ചെയ്യുന്നവനായിത്തീരും. അവന്‍ തുടര്‍ന്നു പറഞ്ഞു:ഷേമിന്റെ കര്‍ത്താവായ ദൈവം വാഴ്‌ത്തപ്പെട്ടവനാകട്ടെ. കാനാന്‍ ഷേമിന്റെ ദാസനായിരിക്കട്ടെ. യാഫെത്തിനെ ദൈവം പുഷ്‌ടിപ്പെടുത്തട്ടെ. ഷേമിന്റെ കൂടാരങ്ങളില്‍ അവന്‍ പാര്‍ക്കും. കാനാന്‍ അവനും അടിമയായിരിക്കും (ഉല്‍പത്തി 9:22-27).

പ്രിയ കുഞ്ഞുങ്ങളേ, യുവജനങ്ങളെ, തിരുസഭയെ സ്നേഹിക്കുന്നവരെ,

തിരുസഭക്ക്‌ തീർച്ചയായും കുറവുകളൊക്കെയുണ്ട്‌ ഈ ഭൂമിയിൽ. മുറിവുകളുള്ള, മുറിവേറ്റ, നഗ്നമാക്കപ്പെട്ടവന്റെ ശരീരമാണത്‌. ആ മുറിവുകളും കുറവുകളും വീണ്ടും നഗ്നമാക്കി ആഘോഷിക്കാനുള്ളതല്ല!! നമ്മുടെ ത്യാഗത്താലും പ്രാർത്ഥനയാലും വിശുദ്ധ ജീവിതത്താലും സുഖപ്പെടുത്താനുള്ളവയാണ്‌. അവശ്യ സന്ദർഭങ്ങളിൽ അറിയിക്കേണ്ടവരെ സ്നേഹത്തോടെ, ആദരവോടെ അറിയിക്കാൻ നമുക്കു കടമയുമുണ്ട്‌. അതിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിച്ചുകൊണ്ടു തന്നെ. ഓരോ ദിവസവും പലതവണ പാപത്തിൽ വീഴുന്ന സ്വന്തം ബലഹീനതയുടെ ഓർമ്മ എളിമയോടെ അതു ചെയ്യാൻ നമ്മെ സഹായിക്കും. എങ്കിൽ പോലും യുഗാന്ത്യത്തിൽ വിരുന്നിനിരിക്കുംവരെ അതൊക്കെ ആശരീരത്തിന്റെ ഭാഗം തന്നെയാണ്‌.

മിശിഹായുടെ ശരീരമായ തിരുസഭയെ തീക്ഷണതയോടെ സ്നേഹിക്കാൻ, ആദരവോടെ സമീപിക്കാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

നിഴൽപ്പോലൊരു സ്‌നേഹിതൻ

നിഴൽപ്പോലൊരു സ്‌നേഹിതൻ
Written by മാർക്ക് വിൻസ്റ്റൺ

ഈശോസഭാ വൈദികനായ ഫാ. ഹസ്ലെൻ എഴുതുന്നു; ”ദൈവം നല്കിയിരിക്കുന്ന കാവൽമാലാഖയെ അംഗീകരിക്കുന്നതുകൊണ്ടും നമുക്കൊരു കാവൽമാലാഖ ഉണ്ടെന്ന് മനസിലാക്കുന്നതുകൊണ്ടും മാത്രം തൃപ്തിപ്പെടരുത്. ഓരോ വ്യക്തിക്കും പ്രത്യേക കാവൽദൂതനുണ്ട്. ഈ ദൂതന് ദൈവം കൃത്യമായ നിർദേശങ്ങൾ നല്കിയിട്ടുണ്ട്. ഒരു വ്യക്തിയുടെ ബലഹീനതകളും പോരായ്മകളും സാഹചര്യങ്ങളും കൃത്യമായും വ്യക്തമായും മനസിലാക്കിയതിനുശേഷമാണത്.” തോബിത്തിന്റെ പ്രാർത്ഥന ദൈവസന്നിധിയിൽ എത്തിയപ്പോൾ റഫായേൽ മാലാഖ അവർക്കുവേണ്ടി അയക്കപ്പെടുന്നുണ്ട്. റഫായേൽ എന്താണ് ചെയ്യേണ്ടിയിരുന്നത് എന്നു കല്പിക്കപ്പെട്ടിരുന്നു. ”ഇരുവരുടെയും പ്രാർത്ഥന ദൈവത്തി ന്റെ മഹനീയ സന്നിധിയിൽ എത്തി. അവർ ഇരുവർക്കും ഉപശാന്തി നല്കാൻ – തോബിത്തിന്റെ കണ്ണുകളിലെ വെളുത്ത പടലം നീക്കം ചെയ്യാനും, റഗുവേലിന്റെ പുത്രി സാറായെ തോബിത്തിന്റെ പുത്രൻ തോബിയാസിനു വധുവായി നല്കാനും, അസ്‌മോദേവൂസ് എന്ന ദുഷ്ടഭൂതത്തെ ബന്ധിക്കാനും – റഫായേൽ നിയുക്തനായി” (തോബിത് 3:16-17).

അതുകൊണ്ട് നമ്മുടെ കാവൽമാലാഖയ്ക്ക് നമ്മെ സഹായിക്കാൻ സാധിക്കുന്നതുപോലെ മറ്റാർക്കും, മറ്റൊരു മാലാഖയ്ക്കുപോലും നമ്മെ സഹായിക്കാനാവില്ല. മാത്രമല്ല, ഇക്കാര്യത്തിൽ ദൈവം യാതൊരു പക്ഷപാതവും കാട്ടുന്നില്ല. നീതിമാനോ പാപിയോ മുതിർന്നവരോ കുട്ടികളോ ക്രൈസ്തവരോ അക്രൈസ്തവരോ എന്നുള്ള വ്യത്യാസം കൂടാതെ ഓരോരുത്തർക്കും കാവൽമാലാഖയുണ്ട്. ഇത് തീർച്ചയുള്ള കാര്യമാണ്. നമുക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന കാവൽമാലാഖക്ക് മറ്റാരുടെയും ആവശ്യങ്ങൾ അന്വേഷിക്കണ്ട കാര്യംപോലുമില്ല. അത്ര വ്യക്തിപരമായി ദൈവം ഓരോരുത്തരെയും സ്‌നേഹിക്കുന്നുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും അപകടകരമായ സാഹചര്യങ്ങളിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടാനിടയായ ഒരു സംഭവമെങ്കിലും ചൂണ്ടിക്കാണിക്കാൻ ഇല്ലാത്തവരായി ആരുമുണ്ടാവില്ല. അവിടെ ഇടപെട്ടത് നമ്മുടെ കാവൽമാലാഖയാണ്. ദൈവഹിതമല്ലാതെ നമ്മുടെ ജീവിതത്തിൽ യാതൊന്നും സംഭവിക്കാൻ അവർ അനുവദിക്കില്ല; സ്വതന്ത്ര മനസുകൊണ്ട് നാം ചെയ്യുന്ന പാപങ്ങൾ ഒഴികെ. നമ്മുടെ പാപങ്ങൾ കാവൽമാലാഖയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. അവ ദൈവഹിതമല്ല എന്നതുതന്നെയാണ് പ്രധാന കാരണം. മറിച്ച്, എന്തെല്ലാം വേദനകളും ദ്രോഹങ്ങളും നമ്മുടേതല്ലാത്ത കുറ്റത്താൽ നേരിടേണ്ടി വന്നാലും കാവൽമാലാഖ അവയിലൂടെ നമ്മുടെ കരം പിടിച്ചു നടത്തും.

ജീവിതത്തിൽ ഉണ്ടാകുന്ന തിക്താനുഭവങ്ങളിലും കാവൽമാലാഖ തുണയായുണ്ട്. നമ്മെ മറ്റുള്ളവർ ദ്രോഹിക്കുമ്പോൾ അവരുടെ കാവൽമാലാഖയും നമ്മുടെ കാവൽമാലാഖയും ദുഃഖിക്കും. ഇതുതന്നെയാണല്ലോ ഈശോയുടെ വാക്കുകളും വ്യക്തമാക്കുന്നത്; ”ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ നിങ്ങളോട് പറയുന്നു” (മത്താ. 18:10). മറ്റൊരാളെ ദ്രോഹിക്കുമ്പോൾ നാം അസ്വസ്ഥപ്പെടുത്തുന്നത് സ്വർഗത്തെ മുഴുവനുമാണ്. ദൈവവും മാലാഖമാരും വിശുദ്ധരും അതിൽ വേദനിക്കുന്നുണ്ട്. അതുകൊണ്ടാണ് കുമ്പസാരത്തിനുള്ള ജപത്തിൽ നാം ദൈവത്തോടും സകലവിശുദ്ധരോടും മാപ്പപേക്ഷിക്കുന്നത്.

നമ്മുടെ കാവൽമാലാഖ എന്തുചെയ്യുന്നു?
കാവൽമാലാഖമാരുടെ ദൗത്യങ്ങൾ പലതാണ്. ശരീരത്തിന്റെയും ആത്മാവിന്റെയും അപകടങ്ങളെ തടയുന്നു. നാമുറങ്ങുമ്പോഴും കാവൽമാലാഖ ജാഗ്രതയോടെ കാവലിരിക്കുന്നു. പിശാചിന്റെ ദുഷിച്ച ചിന്തകളെ നിലയ്ക്കുനിർത്തുകയും പാപസാഹചര്യങ്ങളെ ഒഴിവാക്കുകയും പ്രലോഭനങ്ങളെ അതിജീവിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഒരമ്മ തന്റെ കുഞ്ഞിനെ നോക്കിയിരിക്കുന്നതുപോലെ മാലാഖ നമ്മെ നോക്കുന്നു. ”നിന്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടുന്ന് തന്റെ ദൂതന്മാരോടു കല്പിക്കും. നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും” (സങ്കീ. 91:11,12). നമ്മെ പ്രകാശിപ്പിക്കുകയും വിശുദ്ധമായ ചിന്തകളും നല്ല ആഗ്രഹങ്ങളും നമ്മിൽ നിറയ്ക്കുകയും ചെയ്യുന്നു. നല്ല വ്യക്തികളെ നമുക്ക് പരിചയപ്പെടുത്തുകയും ആത്മീയ ഉണർവു നല്കുന്ന പുസ്തകങ്ങളും ലേഖനങ്ങളും കാട്ടിത്തരികയും ചെയ്യുന്നു. ഇങ്ങനെ നല്ലൊരു ആത്മീയ പിതാവിന്റെ ജോലിയും കാവൽമാലാഖ നിർവഹിക്കുന്നുണ്ട്. നമ്മുടെ പ്രാർത്ഥനകൾ ദൈവസന്നിധിയിൽ അർപ്പിക്കുകയും നമുക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. പാപം ചെയ്താൽ നമ്മെ തിരുത്തുന്നു. മരണസമയത്ത് നമ്മെ ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ ആത്മാക്കളെ സ്വർഗത്തിലേക്ക് നയിക്കുകയോ ശുദ്ധീകരണസ്ഥലത്തിൽ ആശ്വാസം കണ്ടെത്തുന്നതിനായി എത്തിക്കുകയോ ചെയ്യും. ഇപ്രകാരമാണ് നമ്മുടെ കാവൽ മാലാഖമാർ നമ്മെ സംരക്ഷിക്കുകയും സൂക്ഷിക്കുകയും നയിക്കുകയും ചെയ്യുന്നത്. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവയായതിനാൽ ആത്മാക്കളുടെ അളവില്ലാത്ത വിലയെക്കുറിച്ച് മാലാഖമാർക്ക് ശരിയായ ബോധ്യമുണ്ട്. ഒരാത്മാവ് നരകത്തിൽ പോകുന്നതിനെക്കാൾ ദുഃഖകരമായി യാതൊന്നും അവർക്കില്ല. കാവൽമാലാഖയും ആത്മാവും വേർപെടുന്ന ഒരേ ഒരു നിമിഷമാണത്. ആ മാലാഖയുടെ കണ്ണുനീർ തടയാൻ ആർക്കുമാവില്ല. അതുകൊണ്ടാണ് അനുതാപിയുടെ തിരിച്ചുവരവിൽ സ്വർഗം അത്രയധികം സന്തോഷിക്കുന്നത്.

കാവൽമാലാഖയ്ക്ക് രഹസ്യങ്ങൾ അറിയാമോ?
ദൈവം തനിക്കായി മാറ്റിവച്ചിരിക്കുന്ന മനുഷ്യഹൃദയത്തിന്റെ ഉള്ളറകളിലേക്ക് മാലാഖമാർക്ക് പ്രവേശനമില്ല. എങ്കിലും തങ്ങൾക്കാവുന്നതെല്ലാം അവർ നമുക്കാ യി ചെയ്തുതരുന്നു. നമ്മുടെ ചിന്തകൾ കാവൽമാലാഖയ്ക്ക് വെളിപ്പെടുത്തിക്കൊടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. അപ്രകാരം നമ്മുടെ കാവൽമാലാഖയുമായി നിരന്തര സമ്പർക്കം പുലർത്തുന്നത് ആത്മാവിന്റെ സുസ്ഥിതിക്ക് പ്രയോജനകരമാണ്. ഈശോയ്ക്കും മാതാവിനും ശേഷം കാവൽമാലാഖയായിരിക്കണം നമ്മുടെ ഏറ്റവും നല്ല സുഹൃത്ത്. കാവൽമാലാഖയെ ഏറെ സ്‌നേഹിക്കുന്നുവെങ്കിൽ അവനിൽനിന്നു മറച്ചുവയ്ക്കുവാൻ യാതൊരു രഹസ്യവുമുണ്ടാകില്ല. പ്രത്യക്ഷത്തിൽ നമുക്ക് മാലാഖയെ കാണാനാവില്ല. നമ്മുടെ കാതുകളിൽ അവരുടെ താക്കീത് കേൾക്കാനുമാവില്ല. കരങ്ങൾ അവരെ സ്പർശിക്കുകയോ കണ്ണുകൾ അവരെ കാണുകയോ ചെയ്യാറില്ല. എന്നാൽ, അദൃശ്യനായി അവൻ നമ്മോടൊപ്പമുണ്ട്. ജീവന്റെ ആദ്യനിമിഷം മുതൽ നാം പ്രത്യാശിക്കുന്നതുപോലെ ദൈവത്തെ മുഖാമുഖം കാണുന്നതുവരെ അവരുടെ ദൗത്യം അവസാനിക്കുന്നില്ല.

നാമറിയാതെ നമുക്കുവേണ്ടി യുദ്ധം ചെയ്യുന്നവർ
നമ്മുടെ കാവൽമാലാഖമാരുടെ ഉൽക്കണ്ഠകളെക്കുറിച്ച് ഫാദർ ഫേബർ വളരെ ഹൃദയസ്പർശിയായി വിവരിക്കുന്നുണ്ട്; ”നമ്മുടെ തൊട്ടടുത്ത് ഒരു സ്വർഗീയ ജീവനുണ്ട്. ദൈവത്തിന്റെ മഹത്വം ദർശിച്ചുകൊണ്ട് നമ്മുടെ കൈപ്പാടകലത്തെക്കാൾ അടുത്ത് ഈ ദൈവദൂതൻ വസിക്കുന്നു. നമ്മുടെ പാദങ്ങൾക്കു ചുറ്റും കാണപ്പെടാത്ത ഒരു യുദ്ധം നടക്കുന്നു. പക്ഷേ, കാവൽമാലാഖ അതിന്റെ ശബ്ദംപോലും നമ്മെ കേൾപ്പിക്കുന്നില്ല. അവൻ നമുക്കുവേണ്ടി യുദ്ധം ചെയ്യുന്നു. നന്ദിപ്രകാശനം അവൻ ആഗ്രഹിക്കുന്നില്ല. തന്റെ വിജയങ്ങളെല്ലാം ദൈവമഹത്വത്തിനായി സമർപ്പിച്ച് പിതാവിനെത്തന്നെ അവൻ ആസ്വദിക്കുന്നു. നമ്മോടുള്ള അവന്റെ കരുതൽ വാക്കുകൾക്ക് വർണിക്കാവുന്നതല്ല. കല്ലറയ്ക്കപ്പുറത്തേക്കും ഈ ബന്ധം നീളുന്നു. സ്വർഗീയമായൊരു തുല്യത നമുക്കവിടെ കാണാം. ഒരിക്കലും അസ്തമിക്കാത്ത സ്വർഗീയ സ്‌നേഹത്താൽ പരസ്പരം ബന്ധപ്പെടുന്ന നിമിഷങ്ങൾ ഉത്ഥാനത്തിന്റെ ആദ്യസമയങ്ങളിൽ നമുക്കുണ്ടാകും. അന്നുവരെ നമ്മെ എത്ര അപകടങ്ങളിൽ നിന്ന് അവൻ രക്ഷിച്ചിട്ടുണ്ടെന്നോ, നമ്മുടെ രക്ഷയ്ക്കായി അവനോട് നാം എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്നോ നമുക്ക് മനസിലാകില്ല. തന്റെ ദൗത്യത്തിന് ഈ ദൂതന് യാതൊരു പ്രതിഫലവുമില്ല. ദൈവത്തിന്റെ മുഖം ദർശിക്കുന്ന മാലാഖയ്ക്ക് മറ്റെന്ത് പ്രതിഫലമാണ് അധികമായി നല്കപ്പെടുക? ഈ മാലാഖയുടെ പ്രവർത്തനം സ്വഭാവികമായ സ്‌നേഹത്തിന്റെ പ്രതിഫലനം മാത്രമാണ്. കാരണം, നമ്മുടെ ആത്മാക്കളോടുള്ള ദൈവത്തിന്റെ നിത്യമായ സ്‌നേഹത്തെക്കുറിച്ച് അവർ നന്നായറിയുന്നു.”
അവനിൽ നമുക്ക് കാണപ്പെടാത്ത ഒരു സുഹൃത്തും സഹായകനും ഒരിക്കലും വീഴ്ചവരുത്താത്ത കാവൽക്കാരനുമുണ്ട്. എത്രമാത്രം അവിടുത്തെ സാന്നിധ്യം അനുഭവിക്കുവാനും അപകടങ്ങളിൽനിന്നും രക്ഷിച്ച സന്ദർഭങ്ങൾ മനസിലാക്കുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്?

മാലാഖമാർക്കുവേണ്ടി നമുക്കും ചെയ്യാനുണ്ട്!
മാലാഖമാർ നമ്മോട് കാണിച്ച സ്‌നേഹത്തിന് പ്രത്യുപകാരമായി നമുക്കെന്താണ് നല്കാനുള്ളത്? എളിയവരായ നമ്മുടെ സ്‌നേഹത്തെ അവർ വിലമതിക്കുന്നുണ്ടാവുമോ? തീർച്ചയായും. വിശുദ്ധ ജെർത്രൂദ് ഒരിക്കൽ തന്റെ ദിവ്യകാരുണ്യസ്വീകരണം ഒൻപതു വൃന്ദം മാലാഖമാർക്കും വേണ്ടിയാണ് കാഴ്ചവച്ചത്. ഈ സ്‌നേഹത്തെപ്രതി മാലാഖമാർ എത്ര സന്തോഷിച്ചു എന്ന് കാണുവാൻ ദൈവം അവൾക്ക് ഇടനല്കി. അന്ന് മാലാഖമാർ സ്വർഗത്തിൽ തുള്ളിച്ചാടുകയും ആനന്ദനൃത്തം ചെയ്യുകയും ചെയ്തത്രേ. അവർക്ക് ഇതിലൂടെ ഇത്രയും സന്തോഷം ലഭിക്കുമെന്ന് അവൾ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഒരു ദിവ്യകാരുണ്യസ്വീകരണം മാലാഖമാർക്കായി കാഴ്ചവച്ചപ്പോൾ അവർക്ക് ഇത്ര ആനന്ദമുണ്ടായെങ്കിൽ നാം അവരെ എത്രകണ്ട് പരിഗണിക്കേണ്ടിയിരിക്കുന്നു. ദൈവം മാലാഖമാർക്ക് നല്കിയ സൗന്ദര്യവും പരിശുദ്ധിയും മഹത്വവും ഓർത്ത് യേശുക്രിസ്തുവിന്റെ തിരുരക്തം പിതാവിന് സമർപ്പിച്ച് നന്ദിയോടെ പ്രാർത്ഥിക്കാം. അപ്രകാരം ചെയ്താൽ ആയിരം മടങ്ങായി അവർ നമുക്ക് പ്രത്യുപകാരം ചെയ്യാതിരിക്കില്ല. ഈ സുഹൃദ്ബന്ധത്തിനും സ്‌നേഹത്തിനും പകരമായി മാലാഖമാരുടെ സ്തുതിക്കായി നമ്മുടെ സത്കൃത്യങ്ങൾ നിത്യപിതാവിന് കാഴ്ചവയ്ക്കാം. അനുദിന ജീവിതത്തിൽ കാവൽമാലാഖയുടെ സഹായം കൂടുതലായി തേടുകയും ചെയ്യാം.

വിശുദ്ധരെ രൂപക്കൂട്ടില്‍ നിന്നും താഴെയിറക്കുക

*വിശുദ്ധരെ രൂപക്കൂട്ടില്‍ നിന്നും താഴെയിറക്കുക!*

അനേകം വിശുദ്ധരുള്ള സഭയാണ് കത്തോലിക്കാ സഭ. വിശുദ്ധരുടെ പേരില്‍ നൊവേനകള്‍ക്കും പെരുനാളുകള്‍ക്കും നല്ല ഡിമാന്‍ഡുമുണ്ട് കത്തോലിക്കാ പള്ളികളില്‍.

യഥാര്‍ത്ഥത്തില്‍ ജനങ്ങളും ഈ വിശുദ്ധരും തമ്മില്‍ നിലനില്‍ക്കുന്ന അകലത്തെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ഒരു ചില്ലുപാളിയുടെ അകലം. വിശുദ്ധന്‍ അകത്തും നമ്മള്‍ പുറത്തും. രൂപക്കൂട്ടിലേക്ക് ഈ വിശുദ്ധരെ ഒതുക്കി നിര്‍ത്താനാണ് പലര്‍ക്കും താല്പര്യം. അഭയം തേടിയെത്തുന്നവരുടെ പ്രാര്‍ത്ഥന കേട്ട് മറുത്തൊരു വാക്കു പറയാതെ, ഒന്നും ചോദ്യം ചെയ്യാതെ ആ കൂട്ടിനകത്ത് ഇരിക്കുന്ന വിശുദ്ധരെയാണ് ഭക്തര്‍ക്കും പ്രിയം. സത്യത്തില്‍ ഈ വിശുദ്ധരെ രൂപക്കൂട്ടില്‍ നിന്നും ഇറക്കേണ്ട കാലം അതിക്രമിച്ചിട്ടില്ലേ?

ഈ രൂപക്കൂട്ടിനു മുന്നില്‍ നേര്‍ച്ചയിട്ടു പ്രാര്‍ത്ഥിക്കുന്ന എത്ര പേര്‍ എനിക്കു പരീക്ഷ പാസാകണമെന്നല്ലാതെ, എന്റെ മകളുടെ വിവാഹം നടക്കണമെന്നല്ലാതെ, എന്റെ വീടുപണി പൂര്‍ത്തിയാകണമെന്നല്ലാതെ ആ വിശുദ്ധ ജീവിത രീതിയെ കുറിച്ച്, സഹിച്ച യാതനകളെ കുറിച്ച്, അദ്ദേഹം യേശുവിനെ പിന്‍തുടര്‍ന്ന വഴികളെ കുറിച്ച് അറിയാനോ ധ്യാനിക്കാനോ ശ്രമിക്കുന്നുണ്ട്?

ഓരോ വിശുദ്ധരും ഓരോ ചൈതന്യമാണ്. അനുകരണീയമായ ഒരു ജീവിത ശൈലിയാണ്. ഓരോ വിശുദ്ധ ജീവിതവും ആഴമായ ധ്യാനം ആവശ്യപ്പെടുന്നു. വി. ഫ്രാന്‍സിസ് അസ്സീസിയെ ധ്യാനിക്കുമ്പോള്‍ അനുപമമായ ആത്മപരിത്യാഗവും ദാരിദ്ര്യവുമാണ് നാം ധ്യാനിക്കേണ്ടത്. വി. കൊച്ചുത്രേസ്യയെ ധ്യാനിക്കുമ്പോള്‍ ചെറിയ കാര്യങ്ങള്‍ പോലും ദൈവസ്‌നേഹത്തെ പ്രതി നിര്‍വഹിച്ച് പൂര്‍ണത വരുത്തുന്നതിനെ കുറിച്ചാണ് നാം ശ്രദ്ധിക്കേണ്ടത്. വി. യൗസേപ്പിതാവിന്റേത് നീതിപൂര്‍വമായ നിശബ്ദതയാണ്. വി. അല്‍ഫോന്‍സാമ്മ സഹനത്തിലൂടെ ദൈവത്തെ സ്‌നേഹിച്ച ഹൃദയമാണ്.

വി. അന്തോണീസിന്റെ ദേവാലയങ്ങള്‍ക്കു മുന്നില്‍ അന്തമില്ലാത്ത നിരയാണ്. അദ്ഭുതപ്രവര്‍ത്തകന്‍ എന്നാണ് നാം അദ്ദേഹത്തെ വാഴ്ത്തുന്നത്. അദ്ദേഹം വെറും അത്ഭുതപ്രവര്‍ത്തകന്‍ മാത്രം ആയിരുന്നോ? അതിനുപരി എന്തൊക്കെ ആയിരുന്നു, വിശുദ്ധ അന്തോണീസ്! ജീവനില്‍ പേടിയില്ലാതെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ച അന്തോണീസിനെ എത്ര പേര്‍ക്കറിയാം? ഫ്രാന്‍സിസ്‌കനായിരുന്ന അദ്ദേഹത്തിന്റെ ദാരിദ്ര്യ സ്‌നേഹത്തെ കുറിച്ച് അറിയാന്‍ നൊവേനകളില്‍ മുടങ്ങാതെ പങ്കെടുക്കുന്ന എത്ര പേര്‍ക്ക് താല്പര്യമുണ്ട്?

വിശുദ്ധരെ ഇനി നാം രൂപക്കൂട്ടില്‍ നിന്നും പുറത്തിറക്കണം. അവിടെ ചില്ലുകൂട്ടിനുള്ളില്‍ നിശബ്ദരാക്കി ഇരുത്താനുള്ള നിര്‍ജീവ രൂപങ്ങളല്ല, അവര്‍. അവര്‍ നമ്മോടൊപ്പം ഓരോ നിമിഷവും ജീവിക്കാനുള്ളവരാണ്. നമുക്കു മുന്‍പേ ക്രിസ്തുവിനെ അനുകരിച്ച് നടന്നു പോയവരാണ്. അവര്‍ നടന്നു പോയ വഴികളിലെ കാലടികള്‍ നോക്കി നടക്കാനാണ് നമ്മുടെ വിളി. നാം വിശുദ്ധരുടെ കൂടെ നടക്കുകയും വിശുദ്ധര്‍ സുഹൃത്തുക്കളെ പോലെ നമ്മുടെ കൂടെ നടക്കുകയും വേണം.

വിശുദ്ധരെ ഉപകാരസ്മരണാ രൂപങ്ങളാക്കി മാത്രം ഒതുക്കുന്നതു കൊണ്ടാണ് നമ്മുടെ നൊവേനകള്‍ മൃതമാകുന്നത്. വിശുദ്ധരുടെ തിരുനാളുകള്‍ വെറും കോഴി നേര്‍ച്ച മാത്രമായൊക്കെ ചെറുതാകുന്നത്. നേര്‍ച്ച നേരുക, അത് കൊടുക്കാതിരുന്നാല്‍ പുണ്യാളന്‍ ശിക്ഷിക്കും! ഇത്രയേയുള്ളൂ നമുക്കു പലര്‍ക്കും വിശുദ്ധരുമായുള്ള ബന്ധം. ഈ നേര്‍ച്ച-ശിക്ഷാ ബന്ധത്തില്‍ നിന്നും സത്യമായും കര കയറുന്നില്ലെങ്കില്‍ നമ്മുടെ വിശ്വാസവും ഭക്തിയുമൊക്കെ ക്രിസ്തീയം പോലുമാകില്ല! നേര്‍ച്ചകള്‍ക്കുപ്പുറത്തേക്കു നാം പോയേ തീരൂ.

വിശുദ്ധരുടെ ജീവചരിത്രങ്ങള്‍ വായിക്കുമ്പോള്‍ നമ്മില്‍ പകരുന്ന അരൂപി ഏതാണ്? ക്രിസ്തുവിനു വേണ്ടിയുള്ള ആവേശമാണോ ഉണരുന്നത്? ദാരിദ്ര്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച, സ്വന്തം ഉടുവസ്ത്രം പോലും വേണ്ടെന്നു വച്ച ഫ്രാന്‍സിസ് അസീസ്സിയോട് എനിക്കു സാമ്പത്തിക ഉന്നമനം ഉണ്ടാകണമെന്നു പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ ഫലിതകരമായി എന്തുണ്ട്?

അസാധാരണ പ്രവര്‍ത്തികള്‍ ചെയ്ത വിശുദ്ധരിലാണ് നമുക്കു കമ്പം. ഒരു വിരോധാഭാസം നോക്കൂ! ആധുനിക കാലത്തെ ഏറ്റവും വലിയ വിശുദ്ധ എന്നു വാഴ്ത്തപ്പെടുന്ന വി. കൊച്ചു ത്രേസ്യ ജീവിത കാലത്ത് ഒരത്ഭുതവും ചെയ്തില്ലെന്നോര്‍ക്കുക. ജനങ്ങള്‍ക്ക് എടുത്തു പറയാവുന്ന അസാധാരണായ ഒരു പ്രവര്‍ത്തിയും ചെയ്തില്ല. എന്നിട്ടും മനുഷ്യരുടെ കണ്ണില്‍ അസാധാരണമായ കാര്യങ്ങള്‍ ചെയ്ത എല്ലാ വിശുദ്ധരെയും കാള്‍ കൊച്ചുത്രേസ്യ വലുതായി. ഇത് ഒരു പാഠമാണ്. അസാധാരണത്വമോ അത്ഭുതപ്രവര്‍ത്തിയോ അല്ല നാം വിശുദ്ധരില്‍ അന്വേഷിക്കേണത്. അവര്‍ ക്രിസ്തുവിനെ അനുഗമിച്ച രീതിയാണ്. എത്ര സമര്‍പ്പണത്തോടെ, എത്ര സ്‌നേഹത്തോടെ അവര്‍ ക്രിസ്തുവിനെ പിന്‍ചെന്നു? അതാണ് വിശുദ്ധിയുടെ അളവുകോല്‍. ഇതു തന്നെയാണ് വിശുദ്ധരോടുള്ള ഭക്തിയില്‍ നമ്മെയും വിധിക്കുന്ന അളവുകോല്‍. എത്ര രൂപക്കൂടുകള്‍ തൊട്ടു മുത്തി, എത്ര നൊവേനകളില്‍ പങ്കെടുത്തു എന്നല്ല, എത്ര സ്‌നേഹത്തോടെ ആ വിശുദ്ധ ജീവിത ചൈതന്യം ധ്യാനിച്ച് അവയെ പിന്‍തുടര്‍ന്നു എന്നാണ്!.
🙏🙏

തിരുവോസ്തിയിൽ ഈശോയുണ്ടോ

#മനുഷ്യൻ_കാണാത്തത്_മൃഗങ്ങൾ_കാണുന്നു! #മനുഷ്യൻ_അനുഭവിച്ചറിയാത്തത്_മൃഗങ്ങൾ #അനുഭവിച്ചറിയുന്നു_ദിവ്യകാരുണ്യത്തിൽ #യേശുവിന്റെ_സജീവസാന്നിധ്യം_നാം #അനുഭവിച്ചറിഞ്ഞിരുന്നുവെങ്കിൽ_സക്രാരിയുടെ #മുമ്പിൽനിന്ന്_നമ്മെ_പിന്തിരിപ്പിക്കാൻ #ആർക്കെങ്കിലും_കഴിയുമായിരുന്നോ?

‘സ്നിഫർ ഡോഗ്’സിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അമേരിക്കയിലെ സുരക്ഷാസൈന്യത്തിൽ സജീവസേവനം നടത്തുന്ന ഈ പട്ടികൾ ബഹുമിടുക്കന്മാരാണ്.

മനുഷ്യജീവന്റെ നേരിയ സ്പന്ദനങ്ങൾപോലും മണത്തറിയാൻ പ്രത്യേക വൈഭവം ലഭിച്ചിട്ടുള്ളവയാണ് ഈ പട്ടികൾ. ഇവയ്ക്ക് ആറാമതായി ഒരു ഇന്ദ്രിയംകൂടി ഉണ്ടുപോലും. ഈ ഇന്ദ്രിയം ഉപയോഗിച്ചാണ് അവർ ഭൂകമ്പത്തിലും മറ്റും മണ്ണിനടിയിലും കോൺക്രീറ്റ് കെട്ടിടങ്ങളുടെ ഇടയിലും കുടുങ്ങിപ്പോയ മനുഷ്യജീവനെ തിരിച്ചറിയുന്നത്. ഒളിപ്പിച്ചുവച്ച ആയുധങ്ങളും ഒളിച്ചിരിക്കുന്ന കുറ്റവാളികളെയും അവ സെക്കന്റുകൾകൊണ്ട് മണത്തറിയും. ഈ പട്ടികൾ കെ-9 നായ്ക്കൾ എന്നാണ് അറിയപ്പെടുന്നത്.

ഒരിക്കൽ ഈ പോലീസ്നായ്ക്കൾക്ക് മനുഷ്യന് ലഭിക്കാത്ത അത്യത്ഭുതകരമായ ഒരു സൗഭാഗ്യം തങ്ങളുടെ ദൗത്യനിർവഹണത്തിനിടയിൽ വീണുകിട്ടി. സക്രാരിയിൽ ഒളിഞ്ഞിരിക്കുന്ന ദിവ്യകാരുണ്യനാഥനെ മുഖത്തോടുമുഖം കാണാനും ആരാധിക്കാനുമുള്ള സൗഭാഗ്യം!

1995 ഒക്ടോബർ 8 ഞായറാഴ്ച. അമേരിക്കയിലെ ബാൾട്ടിമോറിൽ റോളന്റ് പാർക്കിലുള്ള സെന്റ് മേരീസ് സെമിനാരിയിലെ വൈദികവിദ്യാർത്ഥികൾക്കും സെമിനാരി അധികാരികൾക്കും ആനന്ദത്തിന്റെയും ആർപ്പുവിളികളുടെയും ദിവസമായിരുന്നു. ലോകാരാധ്യനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി സെന്റ് മേരീസ് സെമിനാരി സന്ദർശിക്കുന്ന ദിവസം.

നീണ്ട പ്രോഗ്രാമുകളുടെ തിരക്കും ക്ഷീണവും ഉണ്ടായിരുന്നെങ്കിലും പാപ്പാ സെമിനാരി വിദ്യാർത്ഥികളെയും വൈദികരെയും ഹസ്തദാനം ചെയ്ത് കുശലപ്രശ്നങ്ങൾ പങ്കുവച്ചു. അവസാനമെന്നോണം പാപ്പാ സെമിനാരിയിലെ ചാപ്പലിലേക്ക് ദിവ്യകാരുണ്യനാഥനെ വണങ്ങാനായി മുന്നോട്ടു നീങ്ങി. സുരക്ഷാഭടന്മാർ പരിഭ്രമിച്ചു. അവർ മുമ്പേ ഓടി, തങ്ങളുടെ കെ-9 നായ്ക്കളുമായി ചാപ്പലിലേക്ക്. സെമിനാരിയിലെ ചാപ്പലിലുള്ള വിസീത്ത പാപ്പായുടെ സന്ദർശനപരിപാടികളിൽ പെട്ടതായിരുന്നില്ല. അതുകൊണ്ടുതന്നെ ചാപ്പൽ അരിച്ചുപെറുക്കി സുരക്ഷ ഉറപ്പാക്കുന്നതിൽ ശ്രദ്ധിക്കാൻ സുരക്ഷാഭടന്മാർ, മറന്നുപോയിരുന്നു.

പാപ്പായെ തടഞ്ഞുനിർത്തി കെ-9 നായ്ക്കളുമായി ചാപ്പലിൽ എത്തിയ സുരക്ഷാഭടന്മാർ എവിടെയെങ്കിലും ആരെങ്കിലും ഒളിച്ചിരിക്കുന്നുണ്ടോ എന്ന് തിരക്കിട്ട് പരിശോധിച്ചു. അതിനിടയിൽ അവർ ഒരു കാര്യം ശ്രദ്ധിച്ചു. ചാപ്പലിന്റെ വലതുഭാഗത്തുള്ള ചെറിയ സൈഡ്ചാപ്പലിൽ ദിവ്യകാരുണ്യം സൂക്ഷിച്ചിരിക്കുന്നിടത്തേക്ക് തങ്ങളുടെ കെ-9 നായ്ക്കൾ ഓടിക്കയറുന്നു. ആരുടെയോ സാന്നിധ്യം അറിഞ്ഞാലെന്നതുപോലെ അവ മണം പിടിക്കാനും മുരളാനും തുടങ്ങി. മറഞ്ഞിരിക്കുന്ന ആരുടെയോ ഹൃദയസ്പന്ദനം അറിഞ്ഞാലെന്നതുപോലെ അവ ശബ്ദമുണ്ടാക്കാൻ തുടങ്ങി. അടുത്തനിമിഷം അവ സക്രാരിക്കുനേരേ തിരിഞ്ഞു. എല്ലാ നായ്ക്കളും തങ്ങളുടെ ഹാൻഡ്ലേഴ്സിനെ സഹായിക്കാനെന്നവണ്ണം സക്രാരിയുടെ മധ്യഭാഗത്ത് ഒരു പോയന്റിലേക്ക് ദൃഷ്ടിയുറപ്പിച്ച് ഇതുവരെ അവ പുറപ്പെടുവിച്ചിട്ടില്ലാത്ത ഒരു പ്രത്യേകസ്വരത്തിൽ മുരളാൻ തുടങ്ങി.

സുരക്ഷാഭടന്മാർ സക്രാരി തുറക്കാൻ വൈദികരോട് ആവശ്യപ്പെട്ടു. സക്രാരി തുറക്കപ്പെട്ടു. അവിടെ കുസ്തോദിയും അതിനകത്ത് ദിവ്യകാരുണ്യവും മാത്രം! ജാള്യതയോടെ കെ-9 നായ്ക്കളുടെ ഹാൻഡ്ലേഴ്സ് പിൻവാങ്ങി. എന്നാൽ നായ്ക്കൾ പിൻവാങ്ങാൻ തയാറായില്ല. അവ ഏറ്റവും കൂർമതയോടെ സക്രാരിയുടെ മധ്യത്തിൽ കണ്ണുകൾ കേന്ദ്രീകരിച്ച് കൂടുതൽ ശക്തിയോടെ ഒരു പ്രത്യേകതരം ഒച്ച പുറപ്പെടുവിക്കാൻ തുടങ്ങി. അവിടെനിന്ന് പിൻവാങ്ങാനുള്ള സിഗ്നൽ നല്കിയിട്ടും അവയൊന്നുപോലും അല്പംപോലും പിൻവാങ്ങിയില്ല. അവസാനം ബലപ്രയോഗത്തിലൂടെയാണ് അവയെ അവിടെനിന്ന് പിന്തിരിപ്പിച്ചത്.

മനുഷ്യൻ കാണാത്തത് മൃഗങ്ങൾ കാണുന്നു! മനുഷ്യൻ അനുഭവിച്ചറിയാത്തത് മൃഗങ്ങൾ അനുഭവിച്ചറിയുന്നു! ദിവ്യകാരുണ്യത്തിൽ യേശുവിന്റെ സജീവസാന്നിധ്യം നാം അനുഭവിച്ചറിഞ്ഞിരുന്നുവെങ്കിൽ സക്രാരിയുടെ മുമ്പിൽനിന്ന് നമ്മെ പിന്തിരിപ്പിക്കാൻ ആർക്കെങ്കിലും കഴിയുമായിരുന്നോ?

നമ്മെപ്രതിയുള്ള സ്നേഹത്താൽ നിർവികാരമായ ഒരു ഗോതമ്പപ്പത്തോളം ചെറുതായി അതിൽ മറഞ്ഞിരിക്കാൻ തക്കവണ്ണം തന്നെത്തന്നെ ശൂന്യനാക്കിയ പൊന്നുതമ്പുരാന്റെ നമ്മുടെ നേർക്കുള്ള ദിവ്യസ്നേഹവും അവിടുത്തെ സാന്നിധ്യവും തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ നമ്മുടെയൊക്കെ ദൈവാലയങ്ങൾ ജനശൂന്യമായി പകൽ മുഴുവനും അടഞ്ഞു കിടക്കുമായിരുന്നോ?

കൈയെത്താവുന്നത്ര അകലത്തിൽ ദിവ്യകാരുണ്യസാന്നിധ്യം ഉണ്ടായിരുന്നിട്ടും പലപ്പോഴും ഒരു വിസീത്തയെങ്കിലും കഴിക്കാൻ മടികാണിക്കുന്ന സമർപ്പിതരും വിശ്വാസികളും നമ്മുടെയിടയിൽ ഉണ്ടാകുമായിരുന്നില്ല. #നായ്ക്കൾ_തിരിച്ചറിയുന്നതുപോലും #തിരിച്ചറിയാൻ_ഓ_ദൈവമേ_ഞങ്ങൾക്ക് #കഴിയാതെ_പോകുന്നല്ലോ!

എൽ.പി. സ്കൂളിൽ പഠിച്ചിരുന്ന സമയം. ഉച്ചയ്ക്കത്തെ ചോറൂണിന് മുമ്പ് കന്യാസ്ത്രീകളായ അധ്യാപകർ ചോദിച്ചിരുന്നു: ഇന്ന് ഉച്ചയൂണിനുശേഷം നമ്മൾ ഈശോയെ കാണാൻ പോകുന്നുണ്ട്. ആരൊക്കെ പോരുന്നുണ്ട് ഇന്നെന്റെ കൂടെ ഈശോയെ കാണാൻ? ഇഷ്ടമുള്ളവർ മാത്രം പോന്നാൽ മതി. ഈശോയെ കാണാൻ കൊതിയുള്ളവർ കൈ പൊക്കിക്കേ… എല്ലാവരും കൈ പൊക്കും. ഉച്ചയൂണിനുശേഷം പള്ളിമുറ്റത്തുള്ള സ്കൂളിൽനിന്ന് വരിവരിയായി ഒച്ചയുണ്ടാക്കാതെ കൈകൾ കൂപ്പി ദൈവാലയത്തിൽ പോയി മുട്ടുകുത്തി ഈശോയെ കണ്ടിരുന്നത് ഞാൻ ഓർക്കുന്നു. ഈശോയെ, അങ്ങയെ ഞാൻ സ്നേഹിക്കുന്നു എന്നതായിരുന്നു അന്ന് അധ്യാപകർ ചൊല്ലിത്തരുന്ന ഏക പ്രാർത്ഥന.

അവിടെനിന്ന് വരിവരിയായി ഒച്ചയുണ്ടാക്കാതെ കൈകൾ കൂപ്പി ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു എന്നുരുവിട്ടുകൊണ്ട് ഉച്ചമണിയടിക്കുന്നതിനുമുമ്പ് സ്കൂളിൽ തിരിച്ചെത്തുമായിരുന്നു. കൂടെക്കൂടെ വിസീത്ത കഴിക്കുന്നത് ഈശോയ്ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണെന്ന് അധ്യാപകരിൽനിന്നും കേട്ടറിഞ്ഞ് ഉച്ചയ്ക്ക് മുമ്പും ഉച്ചകഴിഞ്ഞും ഒക്കെയുള്ള ഇടവേളകളിൽ കൂട്ടുകാർ ഒന്നിച്ച് ദിവ്യകാരുണ്യ വിസീത്ത കഴിക്കാൻ പോകുന്നത് ഇന്നും ഓർക്കുന്നു. പള്ളിമുറ്റത്തെ ആ പള്ളിക്കൂടത്തെയും ഈശോയെ സ്നേഹിക്കാൻ പഠിപ്പിച്ച അധ്യാപകരെയും ഓർത്ത് യേശുവേ നിനക്ക് ആയിരമായിരം നന്ദി!

ഇന്നോ, കാലം മാറി. ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നുവെന്ന് ചൊല്ലിക്കൊടുക്കാൻ നിയോഗിക്കപ്പെട്ടവർപോലും ശങ്കിക്കുന്നു, സംശയിക്കുന്നു,, തിരുവോസ്തിയിൽ ഈശോയുണ്ടോ എന്ന്!

#ഓ_ദിവ്യകാരുണ്യശോയെ
#ലോകം_മുഴുവൻ_അങ്ങേക്കെതിരെ_ചെയ്യുന്ന
#എല്ലാ_പാപരാധങ്ങൾക്കും_ഞങ്ങൾ
#മാപ്പുചോദിക്കുന്നു_ഓ_ദിവ്യകാരുണ്യശോയെ #ഞങ്ങളോട്_ക്ഷമിക്കണമേ.

ലോകം മുഴുവൻ അറിയട്ടെ ദിവ്യകാരുണ്യത്തിന്റെ മഹത്വം, ആമേൻ

ഓരോ നിമിഷവും നമ്മെ അനുഗ്രഹിക്കുന്ന പരിശുദ്ധ പരമദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ*. ആമ്മേൻ

പ്രജാപതി

ഒരിക്കല്‍ തമിഴ്നാട്ടിലെ സേലം എന്ന പട്ടണത്തില്‍ ദൈവനിഷേധം പറഞ്ഞു കൊണ്ടുള്ള എന്‍റെ പ്രസംഗം കേട്ടിട്ട് ഒരാള്‍ എന്നെ കാണാന്‍ വന്നു. ഒരു ബ്രാഹ്മണനായി ജനിച്ച് ദാരിദ്ര്യത്തില്‍ വളര്‍ന്ന്, സ്വന്തം അധ്വാനം കൊണ്ട് പഠിച്ച് വക്കീലായി. ജഡ്ജിയായി, ഹൈക്കോടതിയുടെ ജഡ്ജിയായി, ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയി പെന്‍ഷന്‍ പറ്റി പിരിഞ്ഞ ഒരു ബ്രാഹ്മണന്‍. സംസ്കൃതത്തിലും ഇംഗ്ലീഷിലും അഗാധമായ പാണ്ഡിത്യമുള്ള പണ്ഡിതനായ ഒരു ബ്രാഹ്മണന്‍. ദൈവനിഷേധം പറഞ്ഞുകൊണ്ടുള്ള എന്‍റെ പ്രസംഗം കേട്ടിട്ട് അദ്ദേഹമെന്നോടു പറഞ്ഞു: “തനിക്ക് ജീവിതത്തില്‍ രണ്ടു പ്രാവശ്യം തെറ്റു പറ്റി. ജീവിതത്തില്‍ വലിയ ദുഃഖവും ദുരിതവുമൊക്കെയുണ്ടായപ്പോള്‍ ദൈവത്തിലേക്കു തിരിയുന്നു എന്ന ധാരണയോടെ താന്‍ തിരിഞ്ഞത് ദൈവത്തിലേക്കൊന്നുമായിരുന്നില്ല. ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളിലേക്കുമായിരുന്നു. തെറ്റിപ്പോയി.” എനിക്ക് വലിയ അത്ഭുതം തോന്നി.

ഈ മനുഷ്യന്‍ ബ്രാഹ്മണനാണ്. ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളെ പൂജിച്ച് ആ പൂജകൊണ്ട് ഉപജീവനം കഴിക്കുന്ന ഒരു വംശത്തില്‍ ജനിച്ചു വളര്‍ന്നവനാണ്. അദ്ദേഹം തന്നെ എന്നോട് പറയുന്നു: “താന്‍ ക്ഷേത്രങ്ങളില്‍ പോയി വിഗ്രഹങ്ങളെ പൂജിച്ചത് തെറ്റിപോയി.” രണ്ടാമത് ക്ഷേത്രങ്ങളില്‍ പോയി വിഗ്രഹങ്ങളുടെ മുന്നില്‍ നേര്‍ച്ച കാഴ്ചകള്‍ വച്ചു പൂജിച്ചിട്ട് പ്രയോജനമൊന്നും കിട്ടാതെ വന്നപ്പോള്‍ താന്‍ ദൈവനിഷേധത്തിലേക്കും നിരീശ്വര വാദത്തിലേക്കും തിരിഞ്ഞു. അതും തെറ്റിപ്പോയി. രണ്ടു തെറ്റുകളും തിരുത്തണം. ഞാനൊരു ഹിന്ദുവായി ജനിച്ചവനാണ്. ഹൈന്ദവനായി ജനിച്ചതില്‍ അഭിമാനിക്കേണ്ടവനാണ്. ഹിന്ദുവായി ജനിച്ചതില്‍ അഭിമാനിക്കണമെങ്കില്‍ ഹിന്ദുമതത്തിന്‍റെ മതഗ്രന്ഥങ്ങള്‍ വായിക്കണം.” വലിയ അഹങ്കാരത്തോടെ ഞാനദ്ദേഹത്തോടു പറഞ്ഞു: “മതഗ്രന്ഥങ്ങള്‍ വായിക്കുകയല്ല, കാണാതെ പഠിച്ചിട്ട് നടക്കുകയാണ് ഞാന്‍. രാമായണം, മഹാഭാരതം, മഹാഭാഗവതം ഏതില്‍ നിന്നു വേണമെങ്കിലും ഉറക്കത്തില്‍ വിളിച്ചു ചോദിച്ചാല്‍ മറുപടി പറയാം. അതുപോലെ അതൊക്കെ പഠിച്ചു മനസ്സില്‍ കൊണ്ടു നടക്കുകയാണ്. ഇനി അതൊന്നും വായിച്ചു രക്ഷപെടുന്ന പ്രശ്നമില്ല.” അപ്പോള്‍ അദ്ദേഹം എന്നെ കളിയാക്കി. എനിക്ക് വിവരമില്ലെന്ന് പറഞ്ഞു ആദ്യം. എന്നിട്ട് പറഞ്ഞു: “താനീ പറഞ്ഞതൊന്നും മതഗ്രന്ഥങ്ങളേയല്ല. രാമായണവും മഹാഭാരതവും ഭാഗവതവുമൊന്നും മതഗ്രന്ഥങ്ങളല്ല. അവയൊക്കെ വെറും കഥപുസ്തകങ്ങളാണ്. മനുഷ്യന്‍റെ വിശ്വാസം വര്‍ധിപ്പിക്കാന്‍ വേണ്ടി മനുഷ്യന്‍ തന്നെ എഴുതിയുണ്ടാക്കിയ കഥകളാണ് ഇതിഹാസങ്ങള്‍! ഇതൊന്നുമല്ല മതഗ്രന്ഥങ്ങള്‍. ഹിന്ദുമതത്തിന്‍റെ ആധികാരികമായ മതഗ്രന്ഥങ്ങള്‍ വേദങ്ങളാണ്. എഴുതപ്പെട്ട നാലു വേദങ്ങള്‍ ഋഗ്വേദം, യജുര്‍‌വേദം, സാമവേദം, അഥര്‍വ വേദം.

ഇതില്‍ ആദ്യത്തെ മൂന്നു വേദങ്ങളില്‍ പ്രത്യക്ഷമായും അഥര്‍വ വേദത്തില്‍ ‍ പരോക്ഷമായും ആരാണു ദൈവം? ആരാണു മനുഷ്യന്‍? എന്തിനാണു മനുഷ്യന്‍ ദൈവത്തെ ആരാധിക്കുന്നത്? എങ്ങനെയാണ് ആരാധിക്കേണ്ടത്? ഇതെല്ലാം വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. അതൊക്കെ വായിക്കണം. തനിക്കു വെളിച്ചം കിട്ടും. സത്യം കണ്ടെത്താന്‍ കഴിയും. സമാധാനം ഉണ്ടാകും, അദ്ദേഹമെന്നെ ഉപദേശിച്ചു.

അദ്ദേഹത്തിന്‍റെ ഉപദേശം കേട്ടിട്ട് എനിക്കു ദൈവവിശ്വാസമുണ്ടായൊന്നുമില്ല. എങ്കിലും അദ്ദേഹം പറഞ്ഞതിലെന്തോ കാര്യമുണ്ട്. അതെന്താണെന്നു മനസ്സിലാക്കണം എന്ന വിചാരത്തോടെ ഞാന്‍ കോട്ടയത്തെ പബ്ലിക് ലൈബ്രറിയില്‍ നിന്നും ഋഗ്വേദത്തിന്‍റെ മലയാള പരിഭാഷ, ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട്‌ എന്ന പണ്ഡിതന്‍ എഴുതിയ ഋഗ്വേദഭാഷാ ഭാഷ്യം” ആ പുസ്തകമെടുത്തു വായിക്കുവാന്‍ തുടങ്ങി. കുറച്ചു വായിച്ചു കഴിഞ്ഞപ്പോള്‍ അദേഹം പറഞ്ഞ ഒരു കാര്യം സത്യമാണെന്ന് മനസ്സിലായി. “വെളിച്ചം കിട്ടാന്‍ തുടങ്ങി” ഹിന്ദുമതത്തിന്‍റെ ആധികാരിക മതഗ്രന്ഥമായ ഋഗ്വേദത്തില്‍ നിന്നും എനിക്കു കിട്ടിയ ആദ്യത്തെ വെളിച്ചം; “എന്‍റെ ദുഃഖത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും കഷ്ടപ്പാടുകളുടെയും കാലത്ത് ഞാന്‍ ഏതൊക്കെ ദൈവങ്ങളുടെ മുന്നില്‍ പോയി നേര്‍ച്ച കാഴ്ചകള്‍ കൊടുത്തു പ്രാര്‍ത്ഥിച്ചിട്ടുണ്ടോ, അവരാരും ദൈവങ്ങളല്ല എന്നു മനസ്സിലായി. അങ്ങനെ ദൈവങ്ങളില്ല. ഹിന്ദുമതത്തിന്‍റെ ആധികാരിക മതഗ്രന്ഥമായ ഋഗ്വേദത്തില്‍ പ്രപഞ്ച സ്രഷ്ടാവായ ഏകദൈവത്തെക്കുറിച്ചു മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ,

“ഏകം സത് വിപ്രാ, ബഹുധാവദന്തി”

(സത്യമായ ദൈവം ഒന്നേയുള്ളൂ. പണ്ഡിതന്‍മാര്‍ അതിനെ പല രൂപങ്ങളില്‍ കാണുന്നു എന്നുമാത്രം!)

ദൈവം ഈ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവാണ്. സകല സൃഷ്ടികള്‍ക്കും പിതാവാണ്. ഭൂമിയിലെ സകല മനുഷ്യവംശങ്ങള്‍ക്കും ആദിപിതാവായ, പരമ പിതാവായ ഈശ്വരന്‍, ബ്രഹ്മം! അങ്ങനെ ഒരേയൊരു ദൈവമേയുള്ളൂ. ആ ദൈവത്തെ മാത്രമേ ആരാധിക്കാവൂ. പരമപിതാവായ ഈശ്വരന്‍ സര്‍വവ്യാപിയാണ്. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതുകൊണ്ടു തന്നെ ദൈവത്തിനു രൂപമില്ല. അരൂപിയാണ്. അരൂപിയായ ദൈവത്തിന്‍റെ രൂപമുണ്ടാക്കാന്‍ സാദ്ധ്യമല്ലാത്തതു കൊണ്ട് ദൈവത്തിന്‍റേത് എന്നു പറഞ്ഞ് രൂപങ്ങളുണ്ടാക്കി വച്ച് വിഗഹങ്ങളുണ്ടാക്കി വച്ച്, അവയോടു പ്രാര്‍ത്ഥിക്കരുത്. തെറ്റാണ് നിഷ്പ്രയോജനമാണ്.

“മൃത്ശിലാ ധാതുദാര്‍വ്വാദി, മൂര്‍ത്താ വിശ്വമവിദ്യയാ, ക്ളിശ്യന്തി തപസാ മൂഢാ, പരാം ശാന്തീം നയാന്തിതേ”

കല്ല്‌, മണ്ണ്‍, മരം, ലോഹം ഇവ കൊണ്ടുണ്ടാക്കുന്ന വിഗ്രഹങ്ങളില്‍ ദൈവമുണ്ട് എന്നു വിചാരിച്ചു പ്രാര്‍ത്ഥിക്കുന്നവന്‍ മൂഢനാകുന്നു. സ്വന്തം ഭക്തി കൊണ്ട് അവന്‍ ദുഃഖം സമ്പാദിക്കുന്നു. മോചനം പ്രാപിക്കുന്നതുമില്ല. ഇങ്ങനെയുള്ള തത്വങ്ങളൊക്കെ മനസ്സിലായി, കാണിച്ചതൊക്കെയും അബദ്ധമായി എന്നും മനസ്സിലായി. വിശുദ്ധ ബൈബിളിന് 66 പുസ്തകങ്ങളുള്ളതു പോലെ ഋഗ്വേദത്തിനു പത്തു പുസ്തകങ്ങളുണ്ട്.- പത്ത് മണ്ഡലങ്ങള്‍. ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള മണ്ഡലങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍, നിരവധി സന്ദര്‍ഭങ്ങളില്‍ ആരാണു ദൈവം, ആരാണു മനുഷ്യന്‍, മനുഷ്യന്‍ എന്തിനാണു ദൈവത്തെ ആരാധിക്കുന്നത് എങ്ങനെയാണ് ആരാധിക്കേണ്ടത് ഇതെല്ലാം വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. ഇതില്‍ ഒരു കാര്യം എന്‍റെ സവിശേഷമായ ശ്രദ്ധയെ ആകര്‍ഷിച്ചു. പരമപിതാവായ ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്ന്‍ ഒരു പുത്രന്‍ ജനിക്കുന്നു. സകല‍ സൃഷ്ടികള്‍ക്കും മുന്‍പേ ഉണ്ടായവന്‍ ഈ പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പുതന്നെ ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്നു പുറപ്പെട്ട് ദൈവത്തോടൊപ്പം, ദൈവത്തെപ്പോലെ തന്നെ അരൂപിയായി നിലനില്‍ക്കുന്നവന്‍ ദൈവപുത്രന്‍. ഹിരണ്യഗര്‍ഭന്‍ എന്നും പ്രജാപതി എന്നും അറിയപ്പെടുന്ന ഈ ദൈവപുത്രന്‍ യഥാസമയം ഭൂമിയില്‍ വരും. ഇഹലോകത്തില്‍ മനുഷ്യന്‍റെ പാപങ്ങള്‍ വര്‍ദ്ധിച്ച്, മനുഷ്യന് അവനവനാല്‍ പാപമോചനം നേടാന്‍ സാദ്ധ്യമല്ല എന്ന ഘട്ടമെത്തുമ്പോള്‍ അരൂപിയായ ദൈവപുത്രന്‍ മനുഷ്യനായി അവതരിക്കുന്നു.

“സോകാമയതമേധ്യം മഇദം സ്യാത്, ആത്മന്വയനേന സ്യാമിതി” (ബൃഹദരണ്യകോപനിഷത് 1:2:7).

(പ്രജാപതി പിതാവായ ദൈവത്തോട് തനിക്ക് യജ്ഞയോഗ്യമായ ഒരു ശരീരം തരണമെന്നും ആ ശരീരത്താല്‍ താന്‍ രൂപം പ്രാപിക്കട്ടെ എന്നും ആഗ്രഹിച്ചു.)

പിതാവായ ദൈവം തന്‍റെ അനന്തമായ ജ്ഞാനത്തെ സ്ത്രീയായി, കന്യകയായി, ഭൂമിയില്‍ അവതരിപ്പിച്ച് അവളില്‍ ഗര്‍ഭമായി ഭ്രൂണമായി തന്‍റെ പുത്രന്‍ പ്രജാപതിയെ ഉരുവാക്കി ജനിപ്പിച്ച് വളര്‍ത്തുന്നു. വേദവേദാംഗ ശാസ്ത്രങ്ങളില്‍ പാരംഗതനായി വളരുന്ന ദൈവപുത്രന്‍ പ്രജാപതി മനുഷ്യവംശത്തിനു സാരോപദേശങ്ങള്‍ നല്‍കുന്നു. എന്താണു പാപം, എന്താണു പുണ്യം, ഏതാണു തെറ്റ് ഏതാണു ശരി, എന്താണ് ചെയ്യേണ്ടത്. എന്താണ് ചെയ്യരുതാത്തത്‌ എന്നു മനുഷ്യനെ ഉപദേശിച്ചു കൊണ്ട് സഞ്ചരിക്കുന്നു. മനുഷ്യന് പാപബോധം നല്‍കി, മനുഷ്യനു പാപമോചനം നല്‍കി. മനുഷ്യനെ പാപത്തില്‍ നിന്നു വീണ്ടെടുക്കുന്നതിനുള്ള ഈ യജ്ഞത്തിന്‍റെ പൂര്‍ത്തീകരണത്തിനായി ദൈവപുത്രനായ പ്രജാപതി തന്‍റെ നിയോഗ കാലത്തിനു ശേഷം സ്വയം യാഗമായിത്തീരുന്നു. ബലിയായിത്തീരുന്നു. ഋഗ്വേദത്തിന്‍റെ പത്താം മണ്ഡലം തൊണ്ണൂറാം സൂക്തം ഏഴാം മന്ത്രത്തില്‍ ദൈവപുത്രനായ പ്രജാപതി മനുഷ്യ വംശത്തിന്‍റെ പാപമോചനത്തിനായി എപ്രകാരമാണ് ബലിയായിത്തീരുന്നത് എന്ന്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ഭൂമിയില്‍ താഴ്ത്തിയ മരത്തൂണില്‍ ചേര്‍ത്ത് കരചരണങ്ങള്‍ ഇരുമ്പാണി കൊണ്ട് ബന്ധിച്ചു. രക്തം വാര്‍ന്നു മരിച്ച്, മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗാരോഹണം ചെയ്യുന്ന ദൈവപുത്രനായ പ്രജാപതി!
ഹൈന്ദവ മതഗ്രന്ഥമായ ഋഗ്വേദത്തില്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപമോചനത്തിനുവേണ്ടി ബലിയായിത്തീര്‍ന്നു മരിക്കുന്ന ഒരു ദൈവ പുത്രനെക്കുറിച്ച് വായിച്ചപ്പോള്‍ എനിക്ക് വലിയ സംശയം! വലിയ ചിന്താക്കുഴപ്പം! അപ്പോള്‍ ഞാന്‍ ചില വേദപണ്ഡിതന്‍മാരെ പോയിക്കണ്ടു ചോദിച്ചു. “ആരാണ് ദൈവപുത്രന്‍, ആരാണ് പ്രജാപതി? എന്താണിതിന്‍റെ അര്‍ത്ഥം?” അതിലൊരു പണ്ഡിതന്‍ പറഞ്ഞു: “ഉണ്ട്, പ്രജാപതി സങ്കല്പമുണ്ട്. പ്രജ എന്നു പറഞ്ഞാല്‍ മനുഷ്യന്‍; പതി എന്നു പറഞ്ഞാല്‍ രക്ഷകന്‍. മനുഷ്യന്‍റെ രക്ഷകനായി ദൈവത്തില്‍ നിന്നു ജനിക്കുന്ന ഒരു പുരുഷന്‍ വരും, ഇതുവരെ വന്നിട്ടില്ല. നാമിപ്പോഴും പ്രതീക്ഷിക്കുകയാണ്.” ഈ സമയമത്രയും യേശുക്രിസ്തുവിന്‍റെ രൂപം എന്‍റെ മനസ്സിലുണ്ട്. എന്നാല്‍ എന്നിലെ ശക്തനായ ഹിന്ദു അതംഗീകരിക്കാന്‍ തയാറായില്ല. അങ്ങനെയൊന്നു ചിന്തിക്കുവാന്‍ പോലും തയാറായില്ല. എങ്കിലും ഞാന്‍ ഒരു ഹിന്ദു മാത്രമല്ല, ഞാന്‍ നിരീശ്വരവാദിയാണ്, യുക്തിവാദിയാണ്. ആ ഒരു തന്‍റേടത്തില്‍ ഞാന്‍ ആ പണ്ഡിതനോടു ചോദിച്ചു: “യേശുക്രിസ്തുവിനെക്കുറിച്ചെങ്ങാനുമായിരിക്കുമോ ഈ പരാമര്‍ശം?”

“അങ്ങനെ ചിന്തിക്കാനെന്താ കാര്യം?” ഞാന്‍ പറഞ്ഞു: “ലക്ഷണങ്ങള്‍!” ഋഗ്വേദത്തില്‍ രണ്ടു ലക്ഷണങ്ങള്‍ പറയുന്നുണ്ട്, ദൈവ പുത്രനായ പ്രജാപതിയുടെ രണ്ട് ലക്ഷണങ്ങള്‍!

ഒന്ന്‍: “ദൈവപുത്രനായ പ്രജാപതി രൂപത്തില്‍ മനുഷ്യനും, പ്രകൃതത്തില്‍ ദൈവം തന്നെയുമായിരിക്കും.”

രണ്ട്: ദൈവപുത്രനായ പ്രജാപതി മനുഷ്യ രൂപത്തില്‍ ഭൂമിയില്‍ വന്ന്‍, മനുഷ്യ വംശത്തിന്‍റെ പാപം മുഴുവന്‍ സ്വന്ത ശരീരത്തില്‍ ആവഹിച്ച് ബലിയായിത്തീര്‍ന്ന്‍ യാഗമായിത്തീര്‍ന്നു മരിക്കും. പക്ഷെ ദൈവപുത്രനായതുകൊണ്ട് മരണമില്ലാത്തവനാണ് അമരനാണ്. അതുകൊണ്ട് യാഗശേഷം വീണ്ടും ജീവനെ പ്രാപിക്കും.”

യജുര്‍‌വേദത്തിന്‍റെ ബ്രാഹ്മണ ഗ്രന്ഥമായ ശതപഥ ബ്രാഹ്മണത്തില്‍ യാഗത്തെക്കുറിച്ച് ഏഴ് യാഗവിധികളുണ്ട്.

ഒന്ന്‍: യാഗസമയത്ത് ബലിപുരുഷന്‍റെ തലയില്‍ ബലൂസിച്ചെടിയുടെ വള്ളികള്‍ കൊണ്ട് മെനഞ്ഞ ഒരു കിരീടം ധരിപ്പിക്കണം (ബലൂസി: മുള്ളുകളുള്ള ഒരു കാട്ടുവള്ളി)

രണ്ട്: കരചരണങ്ങളില്‍ ഇരുമ്പാണിയടിച്ച് യുപത്തില്‍ ബന്ധിക്കണം (യുപം: യാഗശാലയില്‍ ബലിമൃഗത്തെ ബന്ധിക്കാന്‍ വേണ്ടി ഭൂമിയില്‍ താഴ്ത്തിയ മരത്തൂണ്)

മൂന്ന്‍: അപ്രകാരം ബന്ധിക്കുമ്പോള്‍ ബലിപുരുഷന്‍റെ അസ്ഥികള്‍ തകര്‍ന്നു പോകാന്‍ പാടില്ല.

നാല്: മരണത്തിനു മുമ്പ് ബലി പുരുഷന് “സോമരസം” – പുളിച്ച മദ്യം കുടിക്കാന്‍ കൊടുക്കണം.

അഞ്ച്: മരണശേഷം ബലിപുരുഷനെ പുതപ്പിച്ച ‘കച്ച’ – വസ്ത്രം ഹോതാക്കള്‍ പങ്കിട്ടെടുക്കണം.

ആറ്: മരണശേഷം ബലിപുരുഷന്‍റെ ശരീരം-മാംസം- ഭക്ഷിക്കപ്പെടണം.

ഏഴ്: മരണശേഷം ബലിപുരുഷന്‍റെ രക്തം പാനം ചെയ്യപ്പെടണം.

ഈ ഏഴ് യാഗവിധികളും- ഹൈന്ദവ ഗ്രന്ഥമായ ശതപഥ ബ്രാഹ്മണത്തില്‍ പറയുന്ന ഏഴ് യാഗവിധികളും നസ്രായനായ യേശുവിന്‍റെ ക്രൂശീകരണത്തില്‍ കൃത്യമായി പാലിക്കപ്പെട്ടു എന്നും അതുകൊണ്ടുതന്നെ യേശുവിന്‍റെ മരണം ഒരു സാധാരണ മരണമല്ല, യഥാര്‍ത്ഥ യാഗമാണ്‌, യാഗവിധി പ്രകാരം നടന്ന യാഗമാണ്‌ എന്ന്‍ ഈയിടെ ഒരാള്‍ പ്രസംഗിച്ചു, ഞാന്‍ കേട്ടു. അതുകൊണ്ടാണു സംശയം. പണ്ഡിതന്‍ പറഞ്ഞു: “അങ്ങനെ വരാന്‍ വഴിയില്ല. യേശുവിന്‍റെ മരണം അങ്ങു പാശ്ചാത്യ ദേശത്തല്ലേ, ജറുസലേമിലോ മറ്റോ ഇവിടെയങ്ങുമല്ലല്ലോ.” അറിയാതെ ഒരു കുരുത്തക്കേട് ഞാനാ പണ്ഡിതനോടു പറഞ്ഞു പോയി – പറയരുതായിരുന്നു എന്ന്‍ പിന്നീട് തോന്നി. ആ മനുഷ്യന്‍റെ ദേഷ്യം കണ്ടപ്പോള്‍ “ഇവിടെയായിരിക്കണം എന്നു വേദത്തിലൊന്നും പറഞ്ഞിട്ടില്ല. ദൈവം, മനുഷ്യന്‍, ഭൂമി മൂന്നു പരാമര്‍ശങ്ങളെയുള്ളൂ. ഭൂമിയിലെവിടെ വേണമെങ്കിലുമാകാം, ജെറുസലേമിലുമാകാം” ഇതു പറഞ്ഞപ്പോള്‍ ആ പണ്ഡിതൻ എന്‍റെ നേരെ ചൂടായി. “ഇതു മതപരമായ കാര്യമാണ്. ദൈവകാര്യമാണ്. ദുഃസ്തര്‍ക്കം പാടില്ല, തന്‍റെ യുക്തിവാദമൊന്നും എന്‍റെ അടുത്തിറക്കരുത് പൊയ്ക്കൊള്ളുക”

മനസ്സില്‍ ഈ സംശയങ്ങളുമായി പിന്നീട് ഞാൻ പോയത് എന്നെ വേദം വായിക്കുവാന്‍ പ്രേരിപ്പിച്ച, ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ആ ബ്രാഹ്മണ പണ്ഡിതന്‍റെ അടുത്തേയ്ക്കാണ്. ഞാൻ അദ്ദേഹത്തോടു പറഞ്ഞു: “സംശയമായിരിക്കുന്നു.” ആദ്യം അദ്ദേഹം പറഞ്ഞു: “ഇതു മലയാളത്തിലല്ലേ എഴുതിയിരിക്കുന്നത്, തനിക്കു മനസ്സിലായില്ലേ?” ഞാന്‍ പറഞ്ഞു: “മനസ്സിലാകുന്നൊക്കെയുണ്ട് പക്ഷെ സംശയം തോന്നുന്നു.”

സഹോദരങ്ങളെ, ഹിന്ദുവായി ജനിച്ച് ഹിന്ദുവായി ജീവിച്ച ആ മനുഷ്യന്‍! ഒരു ബ്രാഹ്മണനായി ജീവിച്ച് ബ്രാഹ്മണനായി തന്നെ ജീവിച്ച ആ മനുഷ്യന്‍! അദ്ദേഹമെന്നോടു പറഞ്ഞു: “സംശയിക്കാനൊന്നുമില്ല! ലോകമറിഞ്ഞ് മനുഷ്യനറിഞ്ഞ് ഭൂമിയില്‍ വന്ന്‍ മനുഷ്യ വംശത്തിന്‍റെ പാപമോചനത്തിനും വീണ്ടെടുപ്പിനുമായി പരിശ്രമിച്ച് ആ പരിശ്രമത്തിന്‍റെ അവസാനം സ്വയം യാഗമായിത്തീര്‍ന്ന ഒരാളേയുള്ളൂ. അത് യേശുക്രിസ്തുവാണ്.”

Forwarded me

പ്രാർത്ഥനയുടെ ശക്തി

*_പ്രാർത്ഥനയുടെ ശക്തി!!!_*

പ്രാര്‍ത്ഥനയുടെ ശക്തി ദൈവത്തോളം വലുതാണ്‌. ഈ തിരിച്ചറിവ്‌ ലഭിക്കുന്നവര്‍ ജീവിതത്തില്‍ ഒരിക്കലും പരാജിതരാകുകയില്ല. കുറച്ച്‌ നാളുകള്‍ക്ക്‌ മുന്‍പ്‌ `ടൈം സ്‌ ഓഫ്‌ ഇന്ത്യ’യില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.
അമേരിക്കയിലുള്ള നിരീശ്വരവാദികളായ കുറച്ച്‌ ബുദ്ധിജീവികള്‍ പ്രാര്‍ത്ഥനയ്‌ക്ക്‌ എന്തെങ്കിലും ഫലമുണ്ടോയെന്നറിയാന്‍ പരീക്ഷണം നടത്തി. ഒരു ആശുപത്രിയിലെത്തി 100കിടപ്പുരോഗികളുടെ മേല്‍വിലാസവും രോഗവിവരങ്ങളും അവര്‍ ശേഖരിച്ചു. എന്നിട്ട്‌ അവയില്‍ ഒന്നിടവിട്ടുള്ള മേല്‍വിലാസങ്ങള്‍ ഒരു പ്രാര്‍ത്ഥനാഗ്രൂപ്പിലെ അംഗങ്ങള്‍ക്ക്‌ പ്രാര്‍ത്ഥിക്കുവാനായി നല്‌കി. ഈ പ്രാര്‍ ത്ഥനാഗ്രൂപ്പിലെ അംഗങ്ങള്‍ ആശുപത്രിയുമായി യാതൊരു ബന്ധവും സ്ഥാപിക്കാതിരിക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു. ഒരു മാസത്തെ പരീക്ഷണത്തിന്‌ ശേഷം ആശുപത്രിയിലെത്തിയ നിരീശ്വരവാദികള്‍ അത്ഭുതപ്പെട്ടു. പ്രാര്‍ത്ഥിക്കാന്‍ മേല്‍വിലാസം നല്‌കിയ എല്ലാ രോഗികളും സുഖം പ്രാപിച്ച്‌ ഭവനത്തിലേക്ക്‌ മടങ്ങിയിരിക്കുന്നു! നിരീശ്വരവാദികളുടെ കൈവശമിരുന്ന മേല്‍വിലാസങ്ങളിലുള്ള രോഗികളില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ്‌ വീടുകളിലേക്ക്‌ മടങ്ങിയത്‌. ഇത്‌ അവര്‍ക്ക്‌ ഒരു തിരിച്ചറിവ്‌ നല്‌കി. ദൈവമുണ്ടോ എന്നറിയില്ല, പക്ഷേ, പ്രാര്‍ത്ഥനയ്‌ക്ക്‌ ശക്തിയുണ്ട്‌ എന്ന്‌ അവര്‍ക്ക്‌ മനസിലായി.
അമേരിക്കയില്‍ വിജയകരമായ പ്രവചനങ്ങള്‍ നടത്തിയിരുന്ന ഒരു സ്‌ത്രീയുണ്ടായിരുന്നു. ആദ്യമൊക്കെ അവര്‍ പ്രവചിക്കുന്ന ദുരന്തങ്ങള്‍ മുഴുവന്‍ സംഭവിക്കുമായിരുന്നു. എന്നാല്‍, പിന്നീട്‌ പ്രവചനങ്ങള്‍ ഫലിക്കാതെയായി. കുറച്ച്‌ നാളുകള്‍ കഴിഞ്ഞ്‌ പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ അവര്‍ നല്‌കിയ മറുപടിയിതാണ്‌. “കഴിഞ്ഞകാലങ്ങളിലും ഇപ്പോഴും ഞാന്‍ പ്രവചിക്കുന്നവ സത്യം തന്നെ. പക്ഷേ, എന്റെ പ്രവചനങ്ങള്‍ സത്യമാണെന്നറിഞ്ഞതോടുകൂടി അനേകര്‍ ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കുന്നതിനായി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. അതുകൊണ്ട്‌ പല ദുരിതങ്ങളും മാറിപ്പോയി. പ്രവചനങ്ങള്‍ നിറവേറാനുള്ളവയാണ്‌. അതിനെക്കാള്‍ ഉപരി പ്രാര്‍ത്ഥനയുടെ ശക്തിയിലാണ്‌ ഞാനും വിശ്വസിക്കുന്നത്‌.”
പ്രാര്‍ത്ഥനയ്‌ക്ക്‌ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തില്‍ മാറ്റം വരുത്തുവാന്‍ സാധിക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. വിശുദ്ധ കൊച്ചുത്രേസ്യ പറയുന്നു, “മുട്ടിന്മേല്‍ നില്‌ക്കു ന്ന മിഷനറിയാണ്‌, പ്രാര്‍ത്ഥിക്കുന്ന വ്യക്തി.” പല സുവിശേഷ മുന്നേറ്റങ്ങളുടെയും ശക്തി മുന്‍നിരയില്‍ നില്‌ക്കുന്ന പ്രഘോഷകരെക്കാള്‍ പിന്‍നിരയില്‍ നടക്കുന്ന ശക്തമായ മധ്യസ്ഥ പ്രാര്‍ത്ഥനയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമ്മുടെ പ്രവൃത്തികളില്‍ സ്ഥായിയായ നല്ലഫലങ്ങള്‍ ദര്‍ശിക്കുവാന്‍ കൊതിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും നാം പ്രാര്‍ത്ഥിക്കണം.
ജീവിതവിജയത്തിന്‌ രണ്ടേ രണ്ടു നിയമങ്ങളെ ഉള്ളൂ. ആദ്യത്തെ നിയമം – പ്രാര്‍ത്ഥിക്കുക. രണ്ടാമത്തെ നിയമം – ആദ്യത്തെ നിയമം ഒരിക്കലും മറക്കാതിരിക്കുക. പ്രാര്‍ത്ഥിക്കേണ്ട ചില വ്യത്യസ്‌തമായ മേഖലകളെക്കുറിച്ച്‌ കൂടി നമുക്ക്‌ വിചിന്തനം നടത്താം. നമ്മുടെ സ്വഭാവത്തില്‍ ചില പോരായ്‌മകളൊക്കെയുണ്ടാകാം. മറ്റുള്ളവരില്‍ അസ്വസ്ഥത ജനിപ്പിക്കുന്ന സ്വഭാവ സവിശേഷതകളില്‍നിന്ന്‌ മോചനം നേടണമെന്നാഗ്രഹിക്കാത്തവരായി അധികമാരും ഉണ്ടാവില്ല. നമ്മുടെതന്നെ മാനസാന്തരത്തിനായി ദിവസവും ഓരോ `നന്മനിറഞ്ഞ മറിയമേ’ എങ്കിലും ചൊല്ലുവാനായാല്‍ കുറച്ചുനാളുകള്‍ കഴിയുമ്പോള്‍ നാം ഏറെ നന്മയുള്ളവരായി മാറുമെന്നതിന്‌ സംശയമില്ല. നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തില്‍ ദൈവഹിതം മാത്രം നിറവേറുവാന്‍ നാം പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ പാപം ഒഴിവാക്കുവാന്‍ നമുക്കെളുപ്പം സാധിക്കും. നമ്മോട്‌ മറ്റുള്ളവര്‍ ചെയ്യുന്ന അനീതിയും വഞ്ചനയും കുറയ്‌ക്കുവാനും കൂടുതല്‍ നന്മയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും ഇതിലൂടെ സാധിക്കും. നന്മചെയ്യുവാനുള്ള തീക്ഷ്‌ണത നമുക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കണം. അങ്ങനെ പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ ആപത്തില്‍ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി നമ്മില്‍ രൂപപ്പെടും.
മാത്രമല്ല നമുക്ക്‌ ഒരാവശ്യം വരുമ്പോള്‍ നന്മചെയ്യുന്നതില്‍ തീക്ഷ്‌ണതയുള്ള അനേകരെ നമ്മുടെ ചുറ്റും കണ്ടെത്താന്‍ സാധിക്കും. നമ്മുടെ മക്കളോ മാതാപിതാക്കളോ സഹോദരങ്ങളോ ഒരു പ്രതിസന്ധിയില്‍ പെടുമ്പോള്‍ അവരെ സഹായിക്കുവാന്‍ സന്മനസുള്ള വ്യക്തികളെ ദൈവം ഒരുക്കുന്നതിനും ഇതിടയാക്കും. എളിമയുണ്ടാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ നമുക്കും മറ്റുള്ളവര്‍ക്കും അഹങ്കാരമുള്ളതുകൊ ണ്ട്‌ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എളുപ്പം പരിഹരിക്കാന്‍ കഴിയും.
ചിലപ്പോള്‍ നാം പറഞ്ഞേക്കാം. `എനിക്ക്‌ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നില്ല. അതിനു ഞാനെന്തു ചെയ്യണം.’ ഇതിന്‌ ഒരു പ്രതിവിധിയേയുള്ളൂ. കൂടുതല്‍പ്രാര്‍ത്ഥിക്കുന്നതിനുള്ള തീ ക്ഷ്‌ണതയും ശക്തിയും ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുക. സുവിശേഷപ്രഘോഷകരൊക്കെ രോഗശാന്തിപ്രാര്‍ത്ഥനയും മറ്റും നടത്തുമ്പോള്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കുന്നത്‌ നാം കാണാറില്ലേ? പക്ഷേ, ചെറിയ പ്രാര്‍ത്ഥനാസഹായംപോലും ആരും നമ്മോട്‌ ചോദിക്കാത്തതില്‍ നാം ദുഃഖിതരാണോ?
ഏതെങ്കിലും ഒരു വ്യക്തി നമ്മോട്‌ പ്രാര്‍ത്ഥനാ സഹായം ചോദിച്ചാല്‍ ആത്മാര്‍ത്ഥമായി ആ വ്യക്തിയുടെ നിയോഗം സാധിച്ചുകിട്ടുവോളം പ്രാര്‍ത്ഥിക്കുക. ചെറിയ കാര്യങ്ങളോ വലിയ കാര്യങ്ങളോ എന്തുമാകട്ടെ അത്‌. വരും നാളുകളില്‍ അനേകര്‍ നമ്മുടെ പ്രാര്‍ത്ഥനയിലൂടെ അനുഗ്രഹിക്കപ്പെടുന്നത്‌ കാണാന്‍ കഴിയും. ഏലിയാ നമ്മെപ്പോലുള്ള ഒരു മനുഷ്യനായിരുന്നു. മഴ പെയ്യാതിരിക്കാന്‍ അവന്‍ തീക്ഷ്‌ണതയോടെ പ്രാര്‍ത്ഥിച്ചു. ഫലമോ മൂന്നുവര്‍ഷവും ആറുമാസവും ഭൂമിയില്‍ മഴ പെയ്‌തില്ല. വീണ്ടും അവന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ആകാശം മഴ നല്‌കുകയും ഭൂമി ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്‌തു” (യാക്കോ. 4:17). ജെസെബെല്‍ രാജ്ഞിയെ ഭയന്ന്‌ ജീവനും കൊണ്ടോടിയപ്പോള്‍ ഏലിയാ നമ്മെപ്പോലെ കുറവുകളും പോരായ്‌മകളുമുള്ള ഒരു മനുഷ്യനായിരുന്നു. അതേസമയം ബാലിന്റെ നാനൂറ്റി അമ്പതോളം വരുന്ന പ്രവാചകര്‍ക്കെതിരെ ഒറ്റയ്‌ക്കുനിന്ന്‌ തന്റെ ദൈവത്തെ വിളിച്ചപ്പോഴും അദ്ദേഹം നമ്മെപ്പോലെ മനുഷ്യന്‍ തന്നെയായിരുന്നു. ആഗ്നേയരഥങ്ങളും ആഗ്നേയാശ്വങ്ങളും അയച്ച്‌ ദൈവം ഏലിയായെ സ്വര്‍ഗത്തിലേക്കെടുത്തപ്പോഴും ഏലിയാ നമ്മെപ്പോലെ ഒരു മനുഷ്യന്‍ മാത്രമായിരുന്നു. സകലതി നുംവേണ്ടി അവന്‍ പ്രാര്‍ത്ഥിച്ചു എന്നതാണ്‌ ഏക വ്യത്യാസം. പ്രാര്‍ത്ഥിക്കുന്ന മനുഷ്യരായിത്തീരുന്നുവെങ്കില്‍ ഈ ലോകത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കും. വിശുദ്ധ കുര്‍ബാനയോ ജപമാലയോ ഉച്ചത്തിലുള്ള സ്‌തുതിപ്പോ നിശബ്‌ദമായ ആരാധനയോ, എന്തുമാകട്ടെ പ്രാര്‍ത്ഥനയ്‌ക്ക്‌ അതിന്റെ ശക്തിയുണ്ട്‌. ഏതുകാര്യത്തിലും അത്‌ ഫലദായകവുമാണ്‌.
ഒത്തിരി പ്രാര്‍ത്ഥിച്ച്‌ പ്രാര്‍ത്ഥനയ്‌ക്ക്‌ അടിമകളായിപ്പോയ ആരെങ്കിലും നമ്മുടെ ഇടയിലുണ്ടോ? വര്‍ഷങ്ങളോളം ദിവസവും ജപമാല ചൊല്ലുന്ന വ്യക്തിയാണ്‌ നാമെങ്കിലും അതു മുടങ്ങാതിരിക്കണമെങ്കില്‍ ബലപ്രയോഗം നടത്തണമെന്നല്ലാതെ, എളുപ്പത്തില്‍ അത്‌ തുടര്‍ന്നുപോകുവാന്‍ നമുക്കാവില്ലല്ലോ?
ഒരുകാര്യം മനസിലാക്കുക, പ്രാര്‍ത്ഥനയും നന്മപ്രവൃത്തികളും സത്യസന്ധമാണെങ്കില്‍, അവ തുടര്‍ന്നുപോകുന്നതിനായി ബലപ്രയോഗം നടത്തേണ്ടിവരും എന്നകാര്യത്തില്‍ സംശയമില്ല. എന്തുകൊണ്ടാണ്‌ സത്യസന്ധമായി പ്രാര്‍ത്ഥിക്കുന്നതിനും നന്മചെയ്യുന്നതിനും നാമൊരിക്കലും അടിമകളാകാത്തത്‌ എന്നുള്ള ചിന്ത വളരെ പ്രസക്തമാണ്‌.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിവസ്‌തുക്കളുടെയും കാര്യമെടുത്താല്‍, പ്രതിരോധിച്ച്‌ നില്‌ക്കുവാനുള്ള ശക്തി നഷ്‌ടപ്പെടുമ്പോഴാണ്‌ ഒരുവന്‍ അടിമയാകുന്നത്‌ എന്നു മനസിലാകും. പ്രാര്‍ത്ഥനയെ പ്രതിരോധിക്കുന്ന ശക്തി ഒരിക്കലും അവസാനിക്കുന്നില്ലാത്തതിനാല്‍ നാമാരും പ്രാര്‍ത്ഥനയ്‌ക്ക്‌ അടിമകളാകാറില്ല. നന്മചെയ്‌ത്‌ ചെയ്‌ത്‌, നന്മപ്രവൃത്തി ചെയ്യാതിരിക്കാന്‍ സാധിക്കില്ല എന്ന അവസ്ഥയിലെത്തിയവരെയും നാം കണ്ടുമുട്ടില്ല. പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥ ശത്രു പിശാചാണ്‌. അവ ന്‍ ഒരിക്കലും ഉറങ്ങുന്നില്ല. പ്രാര്‍ത്ഥന എല്ലായ്‌പ്പോഴും ഒരു യുദ്ധമാണ്‌. ഈ ആത്മീയസത്യം തിരിച്ചറിഞ്ഞെങ്കില്‍ മാത്രമേ പ്രാര്‍ത്ഥനാ ജീവിതത്തില്‍ പോരാടി വിജയം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.
വിശുദ്ധ അമ്മത്രേസ്യ പ്രാര്‍ത്ഥനാജീവിതത്തിന്റെ അഭിവൃദ്ധിയെക്കുറിച്ച്‌ പറയുന്നതിപ്രകാരമാണ്‌. ആദ്യമൊക്കെ കിണറ്റില്‍നിന്ന്‌ വെള്ളം കോരി ചെടി നനച്ച്‌ പൂക്കള്‍ക്കായി കാത്തിരിക്കുന്നതുപോലെ വിഷമകരമായിരിക്കും പ്രാര്‍ത്ഥന. അതില്‍ നിങ്ങള്‍ സ്ഥിരതയോടെ നില്‌ക്കുന്നുവെങ്കില്‍ മോട്ടര്‍ ഉപയോഗിച്ച്‌ ടാങ്കില്‍ വെള്ളം എത്തിച്ചതിനുശേഷം പൈപ്പ്‌ ഉപയോഗിച്ച്‌ ചെടി നനയ്‌ക്കുന്നതുപോലെ അത്‌ എളുപ്പമുള്ളതായിത്തീരും. അതിലും നിങ്ങള്‍ സ്ഥിരതയോടെ നില്‌ക്കുന്നുവെങ്കില്‍ അവസാന ഘട്ടത്തില്‍ മഴപെയ്‌ത്‌ ചെടികള്‍ നനയുന്നതുപോലെ പ്രാര്‍ത്ഥന വളരെ സരളമായിത്തീരും. ഒത്തിരി പ്രാര്‍ത്ഥിക്കുന്നതുകൊണ്ട്‌ പ്രാര്‍ത്ഥന എളുപ്പം വഴങ്ങുന്നതായിത്തീരുമെങ്കി ലും അതിനായി നാം കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ടെന്ന വസ്‌തുതയില്‍ മാറ്റമില്ല. നമുക്ക് പ്രാർഥിക്കാം,,,,
കര്‍ത്താവേ, എന്നെ പ്രാര്‍ത്ഥനയുടെ മനുഷ്യനാക്കിത്തീര്‍ക്കണമേ. എന്റെ ജീവിതത്തിലെ സകല കാര്യങ്ങളെയും പ്രാര്‍ത്ഥനയോടെ സമീപിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ. കൂടുതല്‍ പ്രാര്‍ത്ഥിക്കുക എന്നത്‌ മാത്രമാണ്‌ കൂടുതല്‍ ശക്തിയിലേക്കും അഭിഷേകത്തിലേക്കും കടന്നുവരുന്നതിനുള്ള ഏകവഴി എന്ന്‌ എന്നെ ബോധ്യപ്പെടുത്തണമേ. നാഥാ, പ്രതിസന്ധികള്‍ക്ക്‌ മുന്നില്‍ തളര്‍ന്നിരിക്കാതെ, പ്രാര്‍ത്ഥനയാകുന്ന ആയുധമെടുത്ത്‌ അവയെ നേരിടുവാനുള്ള ജ്ഞാനം ഞങ്ങള്‍ക്ക്‌ നൽകേണമേ,,,ആമ്മേന്‍
ലോകസുവിശേഷവൽക്കരണത്തിൽ നമുക്കും പങ്കുചേരാം… ഈശോയേ മഹത്വപ്പെടുത്താം. ആമേൻ.

വിശുദ്ധരുടെ തിരുമൊഴികൾ

Saints on the Most Holy Eucharist

Eucharistic Quotes in Malayalam

“വിശുദ്ധ കുർബ്ബാന വിശുദ്ധ ജനത്തിന്”

വിശുദ്ധരുടെ തിരുമൊഴികൾ, !!

1) “വിശുദ്ധ കുർബ്ബാന അൽത്താരയിൽ അർ‍പ്പിക്കപ്പെടുമ്പോൾ, ദിവ്യകാരുണ്യത്തെ ആദരിച്ചു എണ്ണമറ്റ മാലാഖമാരാൽ ദേവാലയം നിറയും”
– വിശുദ്ധ ജോണ്‍ ക്രിസോസ്തോം.

2) “വിശുദ്ധ കുർബ്ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കിൽ നമ്മൾ ആനന്ദം കൊണ്ട് മരിക്കും”
– വിശുദ്ധ ജോണ്‍ മരിയ വിയാന്നി.

3) “പുരോഹിതൻ വിശുദ്ധ കുര്‍ബ്ബാന അർ‍പ്പിക്കുമ്പോൾ മാലാഖമാർ അവനു ചുറ്റും കൂടുകയും അവനെ സഹായിക്കുകയും ചെയ്യും.”
– വിശുദ്ധ അഗസ്റ്റിൻ,

4) “സൂര്യനുദിക്കാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയിലെങ്കിലും എനിക്ക് ഓർക്കാൻ കഴിയും. എന്നാൽ വിശുദ്ധ കുർബ്ബാന ഇല്ലാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയിൽ പോലും ഓർക്കാൻ കഴിയില്ല”
– വിശുദ്ധ പാദ്രെ പിയോ.

5) “മരണശേഷം ആത്മാവിന്റെ ആശ്വാസത്തിനു വേണ്ടി വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നതിനേക്കാൾ നേട്ടകരമാണ് ആളുകൾ തങ്ങളുടെ ജീവിതകാലത്ത് വിശുദ്ധ കുർ‍ബാന അർപ്പിക്കുന്നത്.”
– ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പാ.

6) “ഈ ലോകത്തെ മുഴുവൻ നന്മപ്രവൻ ത്തികളും ഒരു വിശുദ്ധ കുർബ്ബാനക്ക് പകരമായി വെക്കുക; ആ നന്മകൾ വിശുദ്ധ കുർബ്ബാന എന്ന പർവ്വതത്തിനു മുമ്പിലെ മണൽതരിക്ക്‌ സമമായിരിക്കും”.
– വിശുദ്ധ ജോണ്‍ മരിയ വിയാനി.

7) “ജീവിക്കുന്ന ദൈവത്തിന്റെ മകനായ യേശു അൽത്താരയിലെ പുരോഹിതന്റെ കയ്യിലായിരിക്കുമ്പോൾ സ്വര്‍ഗ്ഗം ആഹ്ലാദിക്കട്ടെ. ആരാധനയുടെ ഔന്നത്യവും എളിമയുടെ ആശ്ചര്യവും വിനയത്തിന്റെ കൊടുമുടിയുമായ ലോകത്തിന്റെ നാഥന്‍, നമ്മുടെ രക്ഷയ്ക്കായി ഒരു കഷണം അപ്പത്തിൽ സന്നിഹിതനായിരിക്കുവാൻ മാത്രം എളിമയുള്ളവനായി.”
– അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസ്‌.

8) “വിശുദ്ധ കുർബ്ബാന വഴി ലഭിക്കുന്ന അനുഗ്രഹങ്ങളെ എണ്ണുവാൻ മനുഷ്യ നാവുകൾക്ക് സാധ്യമല്ല. പാപി ദൈവവുമായി അനുരജ്ഞനത്തിലാകുന്നു; നീതിമാൻ കൂടുതല്‍ നീതിനിഷ്ഠനാകുന്നു; പാപങ്ങൾ വേരോടെ പിഴുതെറിയപ്പെടുന്നു; നന്മകളും യോഗ്യതകളും വർദ്ധിക്കുന്നു; ഒപ്പം പിശാചിന്റെ പദ്ധതികൾ തകർക്കപ്പെടുന്നു.”
– വിശുദ്ധ ലോറന്‍സ്‌ ജെസ്റ്റീനിയൻ,!!

9) “പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ നമുക്ക്‌ പലതും അസാധാരണമായി അനുഭവപ്പെടും.അത് ആനന്ദം, സുഗന്ധം, ശരീരത്തെ ത്രസിപ്പിക്കുന്ന ഒരു ഉന്മേഷം ഇവയിൽ ഏതുമാകാം”
– വിശുദ്ധ ജോണ്‍ മരിയ വിയാനി. !!

10) “വിശുദ്ധ കുർബ്ബാന അർപ്പിക്കുമ്പോൾ സ്വർഗ്ഗം തുറക്കപ്പെടുകയും അസഖ്യം മാലാഖമാർ ഇറങ്ങി വരികയും ചെയ്യും”.
– മഹാനായ വിശുദ്ധ ഗ്രിഗറി. !!

11) “വിശുദ്ധ കുർ‍ബ്ബാനയിൽ സംബന്ധിക്കുവാൻ പോകുന്ന ഒരാത്മാവിനെ അകമ്പടി സേവിക്കുന്ന കാവൽ ‍ മാലാഖ എത്രയോ ഭാഗ്യവാന
– വിശുദ്ധ ജോണ്‍ മരിയ വിയാനി, !!

12) “ക്രിസ്ത്യാനികളെ അറിയുക, വിശുദ്ധ കുർബ്ബാന ഏറ്റവും വിശുദ്ധമായ പ്രവർത്തിയാകുന്നു. വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കുന്നതിനേക്കാൾ അധികമായി ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി ഒന്നും തന്നെ ചെയ്യുവാൻ നിങ്ങൾക്ക്‌ സാധിക്കുകയില്ല, നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല.”
– വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മർഡ്‌.!!

13) “വിശുദ്ധ കുർബ്ബാനയുടേതല്ലാതാകുന്ന ആ നിമിഷം തന്നെ, മുഴുവൻ ലോകവും അഗാധഗർത്തത്തിൽ പതിക്കുമെന്നാണ് ഞാൻ‍ വിശ്വസിക്കുന്നത്.”
– പോര്‍ട്ട്‌ മോറിസിലെ വിശുദ്ധ ലിയോണാർഡ്‌, !!

തെസ്സലോനിക്ക 4:7
“അശുദ്ധിയിലേക്കല്ല വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.”

ആ വിളിയുടെ മഹത്വപൂർണ്ണമായ പുർണ്ണതയാണ് വിശുദ്ധ കുർബാന.!!

ആരാധനകളിൽ ആരാധനയാണ്…
സ്നേഹത്തിന്റെ പൂർണ്ണതയാണ്…
കൂദാശകളിൽ കൂദാശയാണ്,,,
ത്യാഗത്തിന്റെയും സഹനത്തിന്റെയും
പുർണ്ണതയാണ് വിശുദ്ധകുർബ്ബാന, !!

വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു.”

ആമേൻ, ആവേ, ആവേ, ആവേമരിയ, !!

പരിശുദ്ധ പരമദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ …….ആമേൻ..🙏🙏🙏🙏🙏

ജപമാലയുടെ ശക്തി- വിശുദ്ധരുടെ 13 വാക്യങ്ങള്‍

ജപമാലയുടെ അസാധാരണമായ ശക്തിയെ പറ്റി വിശുദ്ധരുടെ 13 വാക്യങ്ങള്‍

Holy Rosary

പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ സഹായത്തിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗമാണ് ജപമാലയെന്നു നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. ഇംഗ്ലീഷിൽ Rosary എന്ന് അറിയപ്പെടുന്ന കൊന്തയുടെ അർത്ഥം ‘Garland Of Roses’ ( റോസാപ്പൂക്കൾ കൊണ്ടുള്ള മാല) എന്നാണ്. ജപമാലയിലെ ഒാരോ പ്രാർത്ഥനകളും ബൈബിൾ നിവേശിതമാണ്. ഈശോയുടെ ജീവിതത്തിലെ രക്ഷാകര സംഭവങ്ങൾ ഓരോന്നും ഓർമ്മിപ്പിക്കുന്ന ഒരു പ്രാര്‍ത്ഥന കൂടിയാണ് ജപമാല.

അനേകം കുടുംബങ്ങളിലും അനേകരുടെ വ്യക്തിജീവിതത്തിലും ജപമാല പ്രാര്‍ത്ഥനയുടെ അത്ഭുതകരമായ ശക്തി വഴി വലിയ ദൈവീക ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്ന് നമ്മില്‍ പലര്‍ക്കും അറിയാം. സഭയിലെ ഏതാനും വിശുദ്ധര്‍ ജപമാല പ്രാര്‍ത്ഥനയുടെ അത്ഭുതശക്തിയെ പറ്റി പറഞ്ഞ വാക്കുകളാണ് ഇനി നാം ധ്യാനിക്കുന്നത്.

1) “ജപമാല ചൊല്ലികൊണ്ടിരിക്കുന്ന ഒരു സൈന്യത്തെ എനിക്ക് തരൂ, ഞാന്‍ ഈ ലോകത്തെ കീഴടക്കും”

(വാഴ്ത്തപ്പെട്ട പിയൂസ്‌ ഒമ്പതാമന്‍ മാര്‍പാപ്പാ).

2) “ഈ കാലഘട്ടത്തിനു പറ്റിയ ഏറ്റവും ശക്തമായ ആയുധമാണ് ജപമാല”

(വിശുദ്ധ പാദ്രെ പിയോ).

3) “പരിശുദ്ധ ജപമാല ഒരു ശക്തമായ ആയുധമാണ്. ഇത് ആത്മവിശ്വാസത്തോടു കൂടി ഉപയോഗിക്കുകയാണെങ്കില്‍ അതിന്റെ ഉദ്ധിഷ്ട്ടഫലത്തില്‍ നിങ്ങള്‍ വിസ്മയഭരിതരാകും.”

(വിശുദ്ധ ജോസ് മരിയ എസ്ക്രിവ).
4) “ജപമാല മറ്റ് എല്ലാ പ്രാര്‍ത്ഥനകളെക്കാളും അധികമായി അനുഗ്രഹങ്ങളാല്‍ സമ്പുഷ്ടമാണ്; ദൈവമാതാവിന്റെ ഹൃദയത്തെ ഏറ്റവും കൂടുതലായി സ്പര്‍ശിക്കുന്ന ഒരു പ്രാര്‍ത്ഥനയാണിത്‌. നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളില്‍ സമാധാനം വാഴുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കുടുംബമായി ജപമാല ചൊല്ലുവിന്‍.”

(പിയൂസ്‌ പത്താമന്‍ മാര്‍പാപ്പാ).

5) “പിശാചിനെ ആട്ടിപ്പായിക്കുവാനും, ഒരുവനെ പാപത്തില്‍ നിന്നും അകറ്റി നിര്‍ത്തുവാനും തക്ക ശക്തമായ ആയുധമാണ് ജപമാല. നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലും, കുടുംബത്തിലും, രാജ്യത്തിലും സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍, എല്ലാ സായാഹ്നത്തിലും ഒരുമിച്ച് ചേര്‍ന്ന് ജപമാല ചൊല്ലുവിന്‍. ജപമാല ചൊല്ലാതെ ഒരു ദിവസവും കടന്നുപോകുവാന്‍ അനുവദിക്കരുത്, ജോലിഭാരത്താല്‍ എത്രമാത്രം ക്ഷീണിതനാണെങ്കില്‍ പോലും”.

(പിയൂസ്‌ പതിനൊന്നാമന്‍ മാര്‍പാപ്പാ).

6) “എല്ലാ സന്ധ്യാ സമയങ്ങളിലും ജപമാല ചൊല്ലുന്ന കുടുംബം എത്ര മനോഹരമായ കുടുംബമാണ്”.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ).

7) “ദൈവത്താല്‍ പ്രചോദിതമായ ഒരു അമൂല്യ നിധിയാണ് ജപമാല.”

(വിശുദ്ധ ലൂയീസ്‌ ഡെ മോണ്ട്ഫോര്‍ട്ട്)
8) “പരിശുദ്ധ കന്യകാമാതാവിന്റെ അടുക്കല്‍ പോവുക. അവളെ സ്നേഹിക്കുക! നിങ്ങള്‍ക്ക്‌ സാധിക്കുമ്പോഴൊക്കെ ഭക്തിപൂര്‍വ്വം ജപമാല ചൊല്ലുക! അങ്ങനെ പ്രാര്‍ത്ഥനയുടെ ആത്മാക്കളാവുക. അത് നമുക്കാവശ്യമായ അനുഗ്രഹങ്ങള്‍ നേടി തരുന്നു!”

(വിശുദ്ധ പാദ്രെ പിയോ)

9) “പ്രാര്‍ത്ഥിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ജപമാല ചൊല്ലുക എന്നതാണ്”

(വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസ്‌)

10) “സാത്താനെതിരെയുള്ള ചമ്മട്ടിയാണ് ജപമാല.”

(അഡ്രിയാന്‍ ആറാമന്‍ മാര്‍പാപ്പാ).

11) “പത്തു ലക്ഷത്തോളം കുടുംബങ്ങള്‍ എല്ലാദിവസവും ജപമാല ചൊല്ലുകയാണെങ്കില്‍, മുഴുവന്‍ ലോകവും രക്ഷപ്പെടും.”

(വിശുദ്ധ പിയൂസ്‌ പത്താമന്‍ മാര്‍പാപ്പാ)

12) “ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ത്ഥനാ രീതിയും, നിത്യജീവന്‍ നേടുന്നതിനു ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗവുമാണ് ജപമാല. നമ്മുടെ എല്ലാ തിന്മകള്‍ക്കുമുള്ള ഒരു പരിഹാരമാണത്. ഒപ്പം എല്ലാ അനുഗ്രഹങ്ങളുടേയും ഉറവിടവും. ഇതിലും ശ്രേഷ്ഠമായ മറ്റൊരു പ്രാര്‍ത്ഥനാ മാര്‍ഗ്ഗവും ഇല്ല.”

(ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പാ)

13) “യഥാര്‍ത്ഥ ക്രിസ്തീയ പരിപൂര്‍ണ്ണതയുടെ ഒരു വിദ്യാലയമാണ് ജപമാല പ്രാര്‍ത്ഥന”

(വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പാ).
സ്നേഹിതരെ, ജപമാലയുടെ അത്ഭുതശക്തിയെ പറ്റി സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ വിശുദ്ധരുടെയും മാര്‍പാപ്പമാരുടെയും വാക്കുകളാണ് നാം ധ്യാനിച്ചത്. നമ്മുടെ ഏത് പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഏറ്റവും ശക്തമായ ആയുധം നമ്മുടെ കൈകളില്‍ തന്നെയുണ്ട്. അത് ജപമാലയെന്ന അമ്പത്തിമൂന്നു മണി ജപമാണ്.

ഒരു നിമിഷം നമ്മുക്ക് ചിന്തിക്കാം. നമ്മുടെ ഇത്രയും നാളത്തെ ജീവിതത്തിനിടയില്‍ ഒരു ജപമാല പ്രാര്‍ത്ഥന എങ്കിലും ഹൃദയം തുറന്നു പ്രാര്‍ത്ഥിക്കാന്‍ നമ്മുക്ക് സാധിച്ചിട്ടുണ്ടോ? നമ്മുടെ യാത്രവേളകളിലും ഒഴിവ് സമയങ്ങളിലും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ നമ്മുക്ക് അവസരമുണ്ടായിട്ടും മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്ന് ചിന്തിച്ച് നാം നിസംഗത പുലര്‍ത്തിയിട്ടുണ്ടോ? ജപമാല നമ്മുക്ക് ഒരു അധരവ്യായാമ പ്രാര്‍ത്ഥന മാത്രമാണോ? സ്വയം വിചിന്തനത്തിന് വിധേയമാക്കുക