കൈയടക്കമുളള കഥകളുമായി റോയി കാരയ്ക്കാട്ട് കപ്പൂച്ചിന്‍
പുസ്തകപരിചയം: നോഹയുടെ പക്ഷി
പ്രസാധകര്: ജി.എം. ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ്
വില: 110

കൈയടക്കമുള്ള എഴുത്തിലൂടെ കാമ്പുള്ള കഥകള്‍ പറഞ്ഞ് ശ്രദ്ധനേടിയ കഥാകാരനാണ് റോയി കാരയ്ക്കാട്ട് കപ്പൂച്ചിന്‍. “നോഹയുടെ പക്ഷി” എന്ന പേരില്‍ പ്രസിദ്ധീകരിച്ച അന്‍പത്തിരണ്ട് കഥകളുടെ സമാഹാരം വായനക്കാര്‍ക്ക് പ്രിയപ്പെട്ടതാകുന്നതും അതുകൊണ്ടുതന്നെ. ആഴവും പരപ്പുമുളള കഥകളാണിവ. നാം കണ്ടുമുട്ടുന്ന പല കഥകളില്‍നിന്നും വ്യത്യസ്തമായി ഈ കഥകള്‍ക്കു ജീവനുണ്ട്. തുടിക്കുന്നൊരു ഹൃദയമുണ്ട് ഈ അക്ഷരക്കൂട്ടങ്ങളില്‍.
മനക്കോട്ടയില്‍ കെട്ടിപ്പൊക്കിയ വെറും സങ്കല്പ്പങ്ങളല്ല ഈ കഥകള്‍. നമുക്കു ചുറ്റും നടന്നതും നടക്കാനിരുന്നതുമായ കാര്യങ്ങള്‍ നാം കാണാതെ പോയ കാര്യങ്ങള്‍, നാം അറിയാതെ പോയ സംഭവങ്ങള്‍ അതിന് പുതിയ മാനങ്ങള്‍ നല്കി അക്ഷരങ്ങളിലൂടെ നമുക്കു മുന്നില്‍ നിരത്തിവയ്ക്കുകയാണ് കഥാകാരന്. നമ്മുടെയൊക്കെ ഹൃദയങ്ങളെ പൊള്ളിക്കാനാവുന്നത്ര ചൂടുണ്ട് ഇതിലെ കഥകള്‍ക്ക്. ഒഴുക്കില്‍ വായിച്ചുതീര്‍ത്ത് വലിച്ചെറിയേണ്ട ഒരു പുസ്തകമല്ല ഇത്. കൈമാറി വായിക്കാനും ആവര്ത്തിച്ചുവായിക്കാനും നമ്മെ പ്രേരിപ്പിക്കുന്ന ചെറിയ കഥകളാണ്.
ഉള്ളില്‍ വെളിച്ചമുള്ള സന്യാസിമാരെക്കുറിച്ചും അമ്മമാരുടെ സ്നേഹത്തിന്റെ ആഴങ്ങളെക്കുറിച്ചുമുള്ള കഥകള്‍ ആരെയും ആകര്‍ഷിക്കും. യാത്രകള്‍ നല്കിയ കാഴ്ചകളില്‍നിന്നും അനുഭവങ്ങളില്‍നിന്നും കണ്ടെടുത്ത അക്ഷരങ്ങളാണ് കഥകളായി രൂപപ്പെട്ടിരിക്കുന്നത്. കുറിക്കുകൊള്ളുന്ന നര്‍മ്മത്തിന്റെ തെളിമയുള്ള ഒട്ടേറെ കഥകളുണ്ട് ഇതില്‍. കൊച്ചിയിലെ ജി.എം. ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സാണ് പ്രസാധകര്. വില 110 രൂപ. കോപ്പികള്‍ക്ക്. 9447551322 എന്ന നമ്പരിലേയ്ക്ക് എസ്എംഎസ് അയയ്ക്കുക. email: globalmalayalam@gmail.com
Like this:
Like Loading...