ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നു അവൾ ബെല്ലടിച്ചു. പെട്ടെന്ന് തന്നെ ഒരു ജീൻസും ടോപ്പും ഇട്ട പെൺകുട്ടി വാതിൽ തുറന്നു പുറത്തേക്ക് നോക്കി പെട്ടെന്ന് തന്നെ
അടച്ചു. പിന്നെ മുകളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു,
“അപ്പാ…. ആരോ വന്നിട്ടുണ്ട്. “
അല്പസമയം കഴിഞ്ഞപ്പോൾ വാതിൽ തുറന്നു. ആളെ കണ്ടതും അയാൾ ഒന്നു ഞെട്ടി. പിന്നെ സംയമനം വീണ്ടെടുത്ത് അയാൾ ചോദിച്ചു.
“ഉം …. നിന്നോട് ഈ പടി ചവിട്ടരുതെന്ന് പറഞ്ഞിട്ടില്ലേ ? “
“ഇല്ല… ഐസക്, അങ്ങനെയൊരു വാക്ക് നിങ്ങൾ പറഞ്ഞിട്ടില്ല. ” അവൾ ചിരിയോടെ പറഞ്ഞു.
” എന്നാൽ ഇപ്പോൾ പറയുന്നു, ഇറങ്ങണം എൻ്റെ വീട്ടിൽ നിന്ന് ! ” അയാൾ അലറി.
” ഐസക് പ്ലീസ് …. എനിക്കൊരു കാര്യം പറയാനുണ്ട്. “
“ഇവിടെ ആർക്കാടീ നിൻ്റെ കാര്യം കേൾക്കേണ്ടത് ? വാതിൽ തുറന്ന നിൻ്റെ മോള് പറഞ്ഞതു കേട്ടില്ലേ “ആരോ ” വന്നിട്ടുണ്ടെന്ന്. അത്രയേയുള്ളൂ അവർക്ക് നീ. “
അവൾ അതു കേട്ട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,
“നമ്മളുടെ മക്കളോളം സ്വാർത്ഥർ ഈ ഭൂമിയിൽ കാണില്ല ഐസക്. ആദ്യം നമ്മൾ തമ്മിൽ പിരിഞ്ഞപ്പോൾ ജസ്റ്റിനും ജോമോനും ജോമോളും എൻ്റെ കൂടെയായിരുന്നു. അന്നവർ നിങ്ങളെ തള്ളിപ്പറഞ്ഞു. പിന്നെ എനിക്ക് ക്യാൻസർ പിടിച്ചപ്പോൾ ഞാൻ അവരെ അവർ പോലുമറിയാതെ നിങ്ങളിലേക്ക് അടുപ്പിച്ചു. ഇപ്പോൾ അവർ എൻ്റെ മുമ്പിൽ വാതിൽ കൊട്ടിയടയ്ക്കുന്നു. സ്വഭാവികം !”
“നീ വന്ന കാര്യം പറഞ്ഞിട്ട് പോ! കാശ് വല്ലതും വേണമെങ്കിൽ …..”
“ഐസക്, ഞാൻ ഇന്ന് വന്നത് വഴക്ക് ഉണ്ടാക്കാനല്ല. കഴിഞ്ഞ 23 വർഷം നമ്മൾ ഒരുമിച്ച് ജീവിച്ചു. ഇപ്പോൾ വേർപിരിഞ്ഞു ജീവിക്കുന്നു. എനിക്കിനി കൂടിയാൽ ഒരു മാസം… ഈ ഭൂമിയിൽ എനിക്ക് ഏറ്റവും വിശ്വാസമുള്ള ഒരാൾ എന്ന നിലയിൽ അതുകൊണ്ട് ഒരു കാര്യം പറയട്ടെ.”
” പ്രകാശിനി !….. നീ ഒന്നും പറയേണ്ട ! നിന്നെയിനി കേൾക്കാൻ എനിക്ക് താല്പര്യം ഇല്ല ! ഇപ്പോൾ ത്തന്നെ ഇറങ്ങിക്കോ !”
അയാൾ വാതിൽ വലിച്ചടച്ചു. പ്രകാശിനി തിരികെ നടന്നു.
………………………………….
പ്രകാശിനിയുടെ മരിച്ചടക്കിന് ഐസക് മാത്രം പങ്കെടുത്തു. ആരും കരയാത്ത ഒരു മരിച്ചടക്കാണ് ഐസക് പ്രതീക്ഷിച്ചത്. എന്നാൽ അയാളെ ഞെട്ടിച്ചോണ്ട് കരയുന്ന പത്തമ്പത് കുഞ്ഞുങ്ങളെ അയാൾ കണ്ടു. അവരുടെ നിലവിളികൾ കണ്ട് മരിച്ച ടക്കിൽ പങ്കെടുത്ത ഏതാനും പേരും കൂടി കരഞ്ഞു. അനുസ്‌മരണ പ്രസംഗത്തിൽ അച്ചൻ പറഞ്ഞു തുടങ്ങി,
“ഈ പ്രകാശിനിയുടെ മരണം അനാഥമാക്കുന്നത് ഒരു കുടുംബത്തെ മാത്രമല്ല, മറിച്ച് കഴിഞ്ഞ കുറെ വർഷങ്ങളായി നിരവധി ഗവൺമെൻ്റ് സ്‌കൂളുകളിൽ ബേസിക് സൗകര്യങ്ങൾ ഉറപ്പുവരുത്തിയ ഒരു സാമൂഹ്യപരിഷ്കർത്താവായിരുന്നു പ്രകാശിനി . സ്വന്തമായി അമ്പതോളം കുഞ്ഞുങ്ങളെ അവൾ പഠിപ്പിക്കുന്നു. അവർക്കായി ഒരു ഷെൽട്ടർ ഹോമും ഇവിടെ പുത്തോട്ടയിൽ ഒരുക്കിയിരിക്കുന്നു. എങ്കിലും പ്രകാശിനിയുടെ വിൽപത്രത്തിൽ എഴുതിയിരിക്കുന്നതു പോലെ അവളുടെ മരണം ഒന്നിൻ്റെയും അവസാനമല്ല. മറ്റ് പലർക്കും ഇതു പോലെ ജീവിക്കാൻ പ്രചോദനം നൽകുന്ന ഒന്നായിരിക്കും. “
………………….
മരിച്ചടക്കിന് ശേഷം മടങ്ങാൻ നേരം ഒരാൾ ഐസക്കിൻ്റെ ചുമലിൽ വച്ചു.
“ഐസക് ….. നിങ്ങൾക്കറിയാമോ പ്രകാശിനി അനേകം കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന കാര്യം ? “
“അവൾ അവൾക്ക് ഇഷ്‌ടമുള്ളത് ചെയ്യട്ടെ.
ആരാണ് നിങ്ങൾ ?”
“ഞങ്ങൾ ടീം പ്രകാശിനി ആണ് ഐസക്. രണ്ടാഴ്ച മുമ്പ് പ്രകാശിനി ഇതെല്ലാം നിങ്ങളോട് പറയാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ സാധിച്ചില്ല. “
“നിങ്ങൾ എന്തെങ്കിലും ചെയ്യൂ മിസ്റ്റർ. ഇതു പോലുള്ള സാമൂഹ്യ പ്രവർത്തനങ്ങളിൽ അഭിരമിക്കേണ്ടവർ കല്യാണം കഴിക്കുന്നത് എന്തിനാണ് ? അവൾ എൻ്റെയും കുടുംബത്തിൻ്റെയും സന്തോഷം തകർത്തവളാണ്. അവളുടെ പ്രവർത്തനങ്ങളിൽ എൻ്റെ പങ്ക് പ്രതീക്ഷിക്കരുത്.”
“നിങ്ങളുടെ പങ്കൊന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷേ നിങ്ങളുടെ വീടിൻ്റെ ഉടമസ്ഥർ ടീം പ്രകാശിനിയും ഞങ്ങളുടെ കൂടെയുള്ള 34 കുഞ്ഞുങ്ങളും ആണ്. അതു കൊണ്ട് ഇന്നു തന്നെ നിങ്ങളും കുടുംബവും അവിടെ നിന്ന് ഇറങ്ങണം. അവളുടെ ആ വില്പത്രം നിങ്ങളുടെ പേരിലേക്ക് മാറ്റി എഴുതട്ടെ എന്ന് ചോദിച്ചാണ് അവൾ വന്നത്. പക്ഷേ നിങ്ങൾ അത് ചെയ്തില്ല. ഇനി വീട്, പറമ്പ്, വണ്ടി എല്ലാം പ്രകാശിനി ട്രസ്‌റ്റിൻ്റെ പേരിലാണ്. “
ൻ്റെയമ്മേ” പ്രകാശിനിയുടെ പേരിലായിരുന്നു തൻ്റെ സർവസമ്പാദ്യവും എന്ന ചിന്ത ആദ്യമായി അയാൾ ഓർത്തു. പക്ഷേ അയാൾ വൈകിയിരുന്നു.
ജിൻസൺ ജോസഫ് മുകളേൽ


Leave a Reply