മനുഷ്യ കമ്പ്യൂട്ടറുകൾ

കാൽക്കുലേറ്ററുകൾ ഇല്ലാതിരുന്ന കാലത്ത് നാസയെ വിജയത്തിലെത്തിച്ച കറുത്ത വർഗ്ഗക്കാരായ ആ ‘മനുഷ്യ കമ്പ്യൂട്ടറുകൾ’! 🚀✨

‎ഇന്ന് ഒരു ചെറിയ കണക്കുകൂട്ടലിന് പോലും നമ്മൾ കാൽക്കുലേറ്ററോ സ്മാർട്ട്‌ഫോണോ ആണ് ആശ്രയിക്കുന്നത്. എന്നാൽ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തുന്നതിനും ബഹിരാകാശ ദൗത്യങ്ങൾ വിജയകരമാക്കുന്നതിനും പിന്നിൽ പ്രവർത്തിച്ച സങ്കീർണ്ണമായ ഗണിത കണക്കുകൂട്ടലുകൾ മുഴുവൻ നടത്തിയതാരറിയാമോ? യന്ത്രങ്ങളായിരുന്നില്ല, മറിച്ച് അക്കാലത്ത് ‘ഹ്യൂമൻ കമ്പ്യൂട്ടറുകൾ’ എന്നറിയപ്പെട്ടിരുന്ന ഒരുസംഘം മിടുക്കികളായ വനിതകളായിരുന്നു ആ ദൗത്യങ്ങളുടെ വിജയം ഉറപ്പാക്കിയത്. വർണ്ണവിവേചനത്തിന്റെയും പ്രതിസന്ധികളുടെയും നടുവിൽ നിന്ന് നാസയുടെ ചരിത്രം തന്നെ മാറ്റിമറിച്ച ആ അവിശ്വസനീയമായ കഥയിലേക്ക്…

‎1935-ൽ നാസയുടെ മുൻഗാമിയായ നാഷണൽ അഡ്വൈസറി കമ്മിറ്റി ഫോർ ഏറോനോട്ടിക്സ് (NACA) എഞ്ചിനീയറിംഗ് കണക്കുകൂട്ടലുകൾക്കായി ആദ്യമായി വനിതകളെ ‘കമ്പ്യൂട്ടറുകൾ’ ആയി നിയമിച്ചു. 1943 ആയപ്പോഴേക്കും വിമാനങ്ങളുടെയും റോക്കറ്റുകളുടെയും പരീക്ഷണ ഡാറ്റ വിശകലനം ചെയ്യാൻ കൂടുതൽ സ്ത്രീകളെ ജോലിക്കെടുത്തു.

‎​വെസ്റ്റ് ഏരിയ കമ്പ്യൂട്ടറുകൾ (West Area Computers): വർണ്ണവിവേചനം ശക്തമായിരുന്ന കാലഘട്ടമായതിനാൽ, വിർജീനിയയിലെ ലാംഗ്ലി റിസർച്ച് സെന്ററിൽ കറുത്ത വർഗ്ഗക്കാരായ വനിതാ ഗണിതശാസ്ത്രജ്ഞരെ വെളുത്ത വർഗ്ഗക്കാരിൽ നിന്ന് വേർതിരിച്ചാണ് ഇരുത്തിയിരുന്നത്. ഇവർ ‘വെസ്റ്റ് ഏരിയ കമ്പ്യൂട്ടറുകൾ’ എന്നറിയപ്പെട്ടു. ഓഫീസിലെയും കാന്റീനിലെയും വാഷ്‌റൂമുകൾ പോലും ഇവർക്കായി പ്രത്യേകം തിരിച്ചിട്ടുണ്ടായിരുന്നു.

‎ഈ സംഘത്തിലെ ഏറ്റവും പ്രശസ്തയായ ഗണിതശാസ്ത്രജ്ഞയായിരുന്നു കാതറിൻ ജോൺസൺ. ജോൺ ഗ്ലെൻ ഭൂമിയെ വലംവെച്ച 1962-ലെ ചരിത്രപരമായ ഫ്രണ്ട്ഷിപ്പ് 7 ദൗത്യത്തിനായി, അന്ന് പുതുതായി നിലവിൽ വന്ന ഇലക്ട്രോണിക് കമ്പ്യൂട്ടറുകൾ നൽകിയ ഭ്രമണപഥ ഡാറ്റ കൃത്യമാണോ എന്ന് പരിശോധിക്കാൻ നാസ അധികാരികൾ ചുമതലപ്പെടുത്തിയത് കാതറിനെയായിരുന്നു. കമ്പ്യൂട്ടറുകൾ തകരാറിലായാൽ പോലും തന്റെ കൃത്യമായ കണക്കുകളിൽ വിശ്വാസമർപ്പിച്ചാണ് ജോൺ ഗ്ലെൻ യാത്ര പുറപ്പെട്ടത്. 1969-ലെ അപ്പോളോ 11 ചന്ദ്രനിലേക്കുള്ള യാത്രയ്ക്കും കാതറിന്റെ കണക്കുകൂട്ടലുകൾ നിർണായകമായിരുന്നു.

‎ഡോറോതി വോൺ (Dorothy Vaughan) നടത്തിയ വിപ്ലവം: വെസ്റ്റ് കമ്പ്യൂട്ടർ വിഭാഗത്തിന്റെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായ സൂപ്പർവൈസറായിരുന്നു ഡോറോതി വോൺ. ഐബിഎം (IBM) ഇലക്ട്രോണിക് കമ്പ്യൂട്ടറുകൾ ലാംഗ്ലി സെന്ററിൽ എത്തിയപ്പോൾ, ഭാവിയിൽ തന്റെ സഹപ്രവർത്തകർക്ക് തൊഴിൽ നഷ്ടപ്പെടാതിരിക്കാൻ അവർ സ്വന്തമായി ‘ഫോർട്രാൻ’ (FORTRAN) പ്രോഗ്രാമിംഗ് ഭാഷ പഠിക്കുകയും തന്റെ കൂടെയുള്ള മറ്റ് സ്ത്രീകളെയും അത് പഠിപ്പിക്കുകയും ചെയ്തു.

‎​മേരി ജാക്സൺ (Mary Jackson): നാസയുടെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായ വനിതാ എഞ്ചിനീയർമാരിൽ ഒരാളാണ് മേരി ജാക്സൺ. കമ്പ്യൂട്ടർ ഡിവിഷനിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അവർ, പിന്നീട് എഞ്ചിനീയറിംഗ് ബിദ്യാഭ്യാസത്തിനായി കഠിനമായ നിയമപോരാട്ടങ്ങൾ നടത്തിയാണ് ആ പദവി നേടിയെടുത്തത്.

‎ഹിഡൻ ഫിഗേഴ്സ്’ (Hidden Figures) സിനിമ: ദശകങ്ങളോളം ലോകം അറിയാതെപോയ ഈ വനിതകളുടെ ധീരവും അസാധാരണവുമായ ജീവിതകഥ Margot Lee Shetterly എഴുതിയ ‘ഹിഡൻ ഫിഗേഴ്സ്’ എന്ന പുസ്തകത്തിലൂടെയാണ് പുറംലോകം അറിയുന്നത്. പിന്നീട് ഇത് ഇതേ പേരിൽ തന്നെ ഒരു പ്രശസ്ത ഹോളിവുഡ് ചലച്ചിത്രമായും പുറത്തിറങ്ങി ഓസ്കാർ നാമനിർദ്ദേശങ്ങൾ ഉൾപ്പെടെ നേടി.

✍️ Sreekala Prasad

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading