അലായ് മിനാർ | Alai Minar

ചരിത്രത്തിന്റെ നെറുകയിൽ എത്താതെ പാതിവഴിയിൽ നിലച്ചുപോയ ഒരു കൽക്കെട്ടിന്റെ രഹസ്യം

അലായ് മിനാർ (Alai Minar)

കുത്തബ് മിനാർ കാണാൻ പോകുന്ന പലരും തൊട്ടടുത്തുള്ള ഈ വലിയ കുന്നുകൂട്ടിയിരിക്കുന്ന പോലെയുള്ള അപൂർണ്ണ നിർമ്മിതി എന്തിനാണെന്ന് ശ്രദ്ധിക്കാറുമില്ല. എന്നാൽ അത് അതിമോഹങ്ങളുടെയും പരാജയത്തിന്റെയും ചരിത്രശേഷിപ്പാണ്. ഡൽഹിയിലെ കുത്തബ് മിനാർ കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന അലായ് മിനാറിന്റെ (Alai Minar) ചരിത്രവും അതിനു പിന്നിലെ രസകരമായ വസ്തുതകളും 👇

‎ഡൽഹി സുൽത്താനേറ്റ് ഭരിച്ചിരുന്ന ഖിൽജി വംശത്തിലെ ഏറ്റവും ശക്തനും എന്നാൽ അതിമോഹിയുമായ ഭരണാധികാരിയായിരുന്നു അലാവുദ്ദീൻ ഖിൽജി (Alauddin Khilji) (1296–1316 CE). തന്റെ ദക്ഷിണേന്ത്യൻ പടയോട്ടങ്ങളുടെ വിജയത്തിന്റേയും സമ്പത്തിന്റെയും ഓർമ്മയ്ക്കായി അദ്ദേഹം കുത്തബ് മിനാറിനേക്കാൾ ഇരട്ടി വലുപ്പമുള്ള ഒരു കൂറ്റൻ ഗോപുരം പണിയാൻ തീരുമാനിച്ചു. അന്നത്തെ പ്രശസ്തനായ സൂഫി കവിയും ചരിത്രകാരനുമായ അമീർ ഖുസ്രു തന്റെ ‘താരീഖ്-ഇ-അലായ്’ എന്ന കൃതിയിൽ ഈ അതിമോഹ പദ്ധതിയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

‎അന്നത്തെ കാലത്ത് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ വിജയസ്തൂഭങ്ങളിൽ ഒന്നായി കണക്കാക്കപ്പെട്ടിരുന്ന കുത്തബ് മിനാറിന്റെ (ഏകദേശം 73 മീറ്റർ ഉയരം) ഇരട്ടി ഉയരത്തിൽ (ഏകദേശം 140 മീറ്ററിലധികം) ഇത് പണിയാനായിരുന്നു പദ്ധതി.

‎കുത്തബ് മിനാറിനോട് ചേർന്നുനിൽക്കുന്ന ചരിത്രപ്രസിദ്ധമായ ‘ഖുവ്വത്-ഉൽ-ഇസ്ലാം മസ്ജിദിന്റെ’ (Quwwat-ul-Islam Mosque) വിസ്തൃതി നാലിരട്ടിയായി വർദ്ധിപ്പിക്കാനും, അതിന്റെ ഭാഗമായി കൂറ്റൻ പ്രവേശന കവാടങ്ങളും ഈ പുതിയ മിനാറും നിർമ്മിക്കാനും സുൽത്താൻ ഉത്തരവിട്ടു

‎1300-കളിൽ നിലവിലുണ്ടായിരുന്ന സാങ്കേതികവിദ്യ വെച്ച് അത്രയും വലിയ ഭാരമുള്ള ഒരു ഗോപുരത്തിന്റെ ആദ്യ നില പണിതു കഴിഞ്ഞപ്പോഴേക്കും അതിന്റെ അടിത്തറയ്ക്ക് ബലക്ഷയം നേരിട്ടുതുടങ്ങി. ഭാരം താങ്ങാൻ കഴിയില്ലാത്ത വിധം ഘടനയിൽ പ്രശ്നങ്ങൾ വന്നു.

‎1316-ൽ അലാവുദ്ദീൻ ഖിൽജി അദ്ദേഹത്തിന്റെ വിശാസ്തനായ ജനറൽ മാലിക് കഫൂറിനാൽ വധിക്കപ്പെട്ടു. അദ്ദേഹത്തിനുശേഷം അധികാരത്തിൽ വന്ന പിൻഗാമികൾക്ക് കടുത്ത രാഷ്ട്രീയ അസ്ഥിരതകളും അധികാര വടംവലികളും കാരണം ഈ വലിയ പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ആ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു.

‎നിലവിൽ 24.5 മീറ്റർ (ഏകദേശം 80 അടി) ഉയരത്തിൽ പരുക്കൻ കല്ലുകളും ചെങ്കല്ലും കൂട്ടിയിട്ട ഒരു കൂറ്റൻ തടിയുടെ രൂപത്തിലാണ് ഇത് അവശേഷിക്കുന്നത്.പുറമെ കാണുന്ന വലിയ കല്ലുകൾക്ക് മുകളിൽ കൊത്തുപണി ചെയ്ത വെളുത്ത മാർബിളോ മറ്റ് മിനുക്കുകളോ വയ്ക്കാനിരുന്നതാണ്, എന്നാൽ അതൊന്നും നടപ്പായില്ല.

‎ചരിത്രവിനോദസഞ്ചാരികൾ കുത്തബ് മിനാർ കാണാൻ എത്തുമ്പോൾ തൊട്ടടുത്തുള്ള ഈ ഭീമാകാരമായ അപൂർണ്ണ നിർമ്മിതി മനുഷ്യന്റെ അതിമോഹങ്ങളുടെയും പരാജയത്തിന്റെയും ശേഷിപ്പായി നിശബ്ദമായി നിലകൊള്ളുന്നത് കാണാം.

✍️ Sreekala Prasad

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading