രാസവസ്തുക്കളില്ലാതെ, ഈജിപ്തിലേതല്ലാത്ത സ്വാഭാവിക മമ്മികളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

മമ്മികൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഈജിപ്തും അവരുടെ പിരമിഡുകളുമാണ്, അല്ലേ? എന്നാൽ ഒരു നഗരത്തിലെ കാലാവസ്ഥയും മണ്ണും മാത്രം കാരണം സ്വാഭാവികമായി മമ്മികളായി മാറിയ നൂറിലധികം മനുഷ്യശരീരങ്ങൾ ഇന്നും മെക്സിക്കോയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയാമോ? ഒരു നികുതി അടയ്ക്കാത്തതിന്റെ പേരിൽ കല്ലറയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെറിയപ്പെടുക, പിന്നീട് അത് കാണാൻ ആളുകൾ പണം നൽകി വരിക… കേൾക്കുമ്പോൾ അത്ഭുതം തോന്നാമെങ്കിലും ഗ്വാനഹുവാത്തോയിലെ മമ്മി മ്യൂസിയത്തിന്റെ ചരിത്രം ഇങ്ങനെയാണ്.

വായിക്കാം ഗ്വാനഹുവാത്തോയിലെ ആ വിചിത്രമായ ചരിത്രം… 👇

തുടക്കം 1865-ൽ മെക്സിക്കോയിലെ ഗ്വാനഹുവാത്തോയിലുള്ള സാന്താ പോള സെമിത്തേരിയിൽ കല്ലറകൾക്ക് നികുതി ഏർപ്പെടുത്തിയതാണ് ഇതിന്റെയെല്ലാം തുടക്കം. നികുതി അടയ്ക്കാൻ ബന്ധുക്കളില്ലാത്തവരുടെ ശരീരങ്ങൾ പുറത്തെടുത്തപ്പോൾ, അവ അഴുകിപ്പോകുന്നതിന് പകരം പ്രകൃതിദത്തമായി ഉണങ്ങി മമ്മികളായി മാറിയിരിക്കുന്നു!

ഈജിപ്തിലേതുപോലെ ആരും കൃത്രിമമായി ചെയ്തതല്ല ഇവ. അവിടുത്തെ വരണ്ട കാലാവസ്ഥയും മണ്ണിലെ പ്രത്യേക ധാതുക്കളുമാണ് ഈ മനുഷ്യശരീരങ്ങളെ വർഷങ്ങളോളം കേടുകൂടാതെ സംരക്ഷിച്ചത്.

മമ്മികളുടെ കൂട്ടത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ഒന്നാണ് ഇഗ്നാസിയ അഗ്യുലാർ എന്ന സ്ത്രീയുടെ കഥ. മരിച്ചു എന്ന് തെറ്റിദ്ധരിച്ച് അടക്കം ചെയ്ത ഇവർ, പിന്നീട് കല്ലറയ്ക്കുള്ളിൽ വെച്ച് ബോധം വന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന്റെ ഞെട്ടിക്കുന്ന പാടുകൾ ഇന്നും ആ ശരീരത്തിലുണ്ട്.

ഗർഭാവസ്ഥയിൽ (ഏകദേശം 24 ആഴ്ചകൾ വളർച്ചയെത്തിയ) മരിച്ചുപോയ ഒരു കുഞ്ഞിന്റെ മമ്മിയാണിത്. അമ്മയോടൊപ്പം (അൽഫോൻസിന എന്ന സ്ത്രീ) അടക്കം ചെയ്ത ഈ കുഞ്ഞിന്റെ മമ്മി മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

കല്ലറകളിൽ നിന്ന് പുറത്തെടുത്ത ഈ ശരീരങ്ങൾ കാണാൻ അന്ന് ആളുകൾ തടിച്ചുകൂടിയതോടെ, അത് പിന്നീട് ‘മ്യൂസിയോ ഡി ലാസ് മമിയാസ്’ എന്ന ലോകപ്രശസ്ത മ്യൂസിയമായി മാറി.

മരണത്തെ ഭയമായല്ല, മറിച്ച് ചരിത്രത്തിന്റെയും സംസ്കാരത്തിന്റെ ഭാഗമായാണ് മെക്സിക്കോക്കാർ ഇതിനെ കാണുന്നത്. എങ്കിലും, ഇത്തരം ശരീരങ്ങൾ വിനോദസഞ്ചാരത്തിനായി തുറന്നുവെക്കുന്നതിലെ ധാർമ്മികതയെക്കുറിച്ചുള്ള ചർച്ചകളും ഇന്ന് സജീവമാണ്.

ഈ അടുത്ത കാലത്ത്, ചില മമ്മികളിൽ അപൂർവ്വമായി കാണപ്പെടുന്ന ഫംഗസ് (Fungus) കോളനികൾ വളരുന്നത് സന്ദർശകർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം എന്ന് മെക്സിക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററി (INAH) മുന്നറിയിപ്പ് നൽകിയിരുന്നു.

✍️ Sreekala Prasad

Leave a Reply