ഒന്നു നിർത്താമോ?

എഴുത്തുകാർ സയൻ്റിഫിക്കായ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയാൽ സാധാരണ ആളുകൾ ശ്രദ്ധിക്കില്ല. എന്നിട്ടും കനേഡിയൻ എഴുത്തുകാരായ വില്യം സ്ട്രോസും നെയ്ൽ ഹോവേയും മില്ലേനിയൽസ് എന്ന വാക്ക് 2000- നോട് അടുത്ത് ഹൈസ്‌കൂൾ വിദ്യാഭ്യാസം നേടുന്നവരെ സൂചിപ്പിക്കാൻ ഉപയോഗിച്ചപ്പോൾ മാധ്യമങ്ങളും മാർക്കറ്റിംഗ് വിദഗ്ധരും അത് ഏറ്റെടുത്തു. അതിൻ്റെ മറ്റൊരു പേരായി Y ജനറേഷൻ. Y ജനറേഷൻ എന്ന പേര് ക്ലച്ച് പിടിച്ച് വന്നതു കണ്ടപ്പോൾ മാധ്യമങ്ങൾ അടുത്ത ഗ്രൂപ്പിന് തട്ടിക്കൂട്ടിയിട്ട പേരാണ് Z ജനറേഷൻ (ഇന്നത്തെ ജെൻസീ). ഓസ്ട്രേലിയൻ റിസേർച്ചർ മാർക്ക് ക്രിൻഡിൽ 2008-ൽ ജൻ ആൽഫ എന്ന പേരും കണ്ടുപിടിച്ചു. കാരണം ഇംഗ്ലീഷിലെ അക്ഷരങ്ങൾ തീർന്നു പോയതു കൊണ്ട് ഗ്രീക്കിലേക്ക് കടന്നു എന്നേയുള്ളൂ. ഇനി ഇത് പണ്ടേ ഉണ്ടെന്ന് കേൾക്കാൻ മോട്ടിവേഷൻ ക്ലാസ് എടുക്കുന്നവർ 1900-ൽ ഉള്ള തലമുറയ്ക്ക് പേരിട്ട് തുടങ്ങിയിട്ടുണ്ട്.

മനുഷ്യാവസ്ഥകൾ

ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം എന്നിവയാണ് പ്രാചീന ആചാര്യൻമാരുടെ ജീവിതാവസ്‌ഥകൾ. ഏത് നൂറ്റാണ്ടിലും വ്യക്തികൾ കടന്നു പോകേണ്ട അവസ്ഥകൾ ഇതു തന്നെയാണ്. അതല്ലാതെ ജെൻസികൾ പൊട്ടിത്തെറിക്കുന്നു. ജനറേഷൻ ആൽഫയ്ക്ക് ടെക്നോളജി മാത്രമേയുള്ളൂ എന്ന രീതിയിൽ ആണ് ചർച്ചകൾ മുന്നോട്ടു പോകുന്നത്.

മാധ്യമങ്ങളുടെ ഇഷ്‌ടവാക്കുകൾ

ഇന്ന് മാധ്യമങ്ങൾ കേസ് അന്വേഷിക്കുന്നു. വിധി പ്രസ്താവിക്കുന്നു. പുതിയ സംസ്‌കാരം രൂപപ്പെടുത്തുന്നു. അങ്ങനെ പല നവീന കാര്യങ്ങളും ചെയ്യുന്നു. അങ്ങനെ അവരും ബിസിനസ്‌ക്കാരും കൂടെ രൂപപ്പെടുത്തിയ സംസ്‌കാരമാണ്
ജെൻസീ സംസ്‌കാരം.
ഇരുപത്തിമൂന്ന് വയസ് ഉള്ള മേയർ ആയാൽ ഉടനെ തലക്കെട്ട് വരുകയാണ്
” ജെൻസീ മേയർ “
ആ പ്രായത്തിൽ ഉള്ളവർ സമരം നടത്തിയാൽ അത്
ജെൻസീ സമരം ! ഇങ്ങനെ വാക്കുകളുടെ ആറാട്ട് നടന്നു കൊണ്ടേയിരിക്കുന്നു.

മനുഷ്യൻ്റെ സ്വഭാവം തലമുറയുടെ സ്വഭാവമാണോ ?

സാമൂഹ്യ ശാസ്‌ത്രജ്ഞർ അടിവരയിട്ട് പറയുന്ന കാര്യം ഉണ്ട് , ഒരു വ്യക്തിയുടെ സ്വഭാവം മാറുന്നത് അയാൾ 1995-ൽ ജനിച്ചോ 2015-ൽ ജനിച്ചോ എന്നതിൻ്റെ അടിസ്ഥാനത്തിൽ അല്ല. മറിച്ച് അയാളുടെ ജനിതകഘടനയും സാമൂഹിക ഘടനയും പിന്നെ സ്വന്തമായി രൂപപ്പെടുത്തുന്ന വ്യക്തിത്വവും ഉൾച്ചേർന്നാണ്. 2015-ൽ ജനിച്ച ആളുടെ ജീവിതത്തിൽ ഫോണിൻ്റെ സ്വാധീനം കൂടുതൽ ആയിരിക്കും. ആ വ്യക്തി ഒരു കുട്ടി എന്ന നിലയിൽ കടന്നു പോകേണ്ട അനേകം കാര്യങ്ങൾ ഉണ്ട്. അത് ലോകത്തിൽ ജനിക്കുന്ന എല്ലാ കുട്ടികളും അഭിമുഖീകരിച്ചതും അഭിമുഖികരിക്കുന്നതുമായ കാര്യങ്ങൾ ആണ്. എന്നാൽ ജനറേഷൻ ആൽഫ എന്ന പേര് കുഞ്ഞുങ്ങൾക്ക് ഇടുമ്പോൾ അത് ഒരു സവിശേഷ സ്റ്റാറ്റസായി മാറുന്നു. അവർ ചെയ്യുന്ന ശരികളും തെറ്റുകളും ജനറേഷൻ ആൽഫ എന്ന ബാനറിലേക്ക് എത്തുന്നു. എട്ടാം ക്ലാസുകാരി കൊലപാതകം നടത്തുന്നതിനെ സാമൂഹിക മാധ്യമങ്ങൾ വിശകലനം ചെയ്തത് ജനറേഷൻ ആൽഫയുടെ ക്രൂരകൃത്യങ്ങൾ എന്നാണ്. അല്ല, ഒരു കുട്ടിയുടെ കുറ്റകൃത്യം എന്ന പൊളിച്ചെഴുത്താണ് നമുക്കാവശ്യം.

കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളാവട്ടെ

യുവാക്കളെ വഴിതെറ്റിക്കുന്നു എന്ന ആരോപണം ആണ് സോക്രട്ടീസ് കേട്ടത്.
യുവാക്കൾ നിയമങ്ങൾ അനുസരിക്കുന്നില്ല എന്നതായിരുന്നു ആ പരാതിയുടെ അടിസ്ഥാനം. എല്ലാ കാലഘട്ടത്തിലും യൗവനം ക്ഷുഭിതമായിരുന്നു. എ.ഡി 3000-ലും അത് അങ്ങനെ തന്നെയായിരിക്കും. മറിച്ച് ജെൻസീ അങ്ങനെയാണ് എന്നു പറയുമ്പോൾ നമ്മൾ അവരെ ഒരു പ്രത്യേക കാറ്റഗറിയാക്കുന്നു. അവരെ തിരുത്താൻ പറ്റില്ല എന്ന് പറയാതെ പറയുന്നു. ആ പോക്ക് അപകടത്തിലേക്ക് തന്നെയാണ്.

മാർക്കറ്റിംഗ്

യുവത്വമാണ് മാർക്കറ്റിംഗുകാരുടെ ഇരകൾ എന്ന് കല്പറ്റ നാരായണൻ വെള്ള സോക്‌സിട്ട മുടിനാരുകൾ എന്ന ലേഖനത്തിൽ പറയുന്നതിനു മുമ്പേ നമുക്കറിയാം. അവരാണ് വിപണിയിൽ ഇടപെടുന്നത്. ഇരകളാക്കപ്പെടുന്നത്.
അതുകൊണ്ടു തന്നെ ഇതൊക്കെയാണ് ജെൻസികളും ജെൻ ആൽഫകളും കാണേണ്ടത്, ധരിക്കേണ്ടത്, സംസാരിക്കേണ്ടത്, ഉപയോഗിക്കേണ്ടത്
മേടിച്ചു കൊടുക്കേണ്ടത്
എന്നും പറഞ്ഞു മാർക്കറ്റിംഗ് തന്ത്രങ്ങളുടെ പരീക്ഷണ ശാലയിലെ കഥാപാത്രങ്ങൾ ആയി ഇവിടെ എല്ലാവിധ തലമുറകളും പരിണമിക്കുന്നു.

വേ ഔട്ട്

നമ്മുടെ കുഞ്ഞുങ്ങളെ കാലാനുസൃതമായി വളർത്തേണ്ടത് അത്യാവശ്യം തന്നെയാണ്. എന്നാൽ ആത്യന്തികമായി അവർ കുട്ടികളും കൗമാരക്കാരുമാണെന്ന കാര്യം നമ്മൾ മറക്കരുത്. അതുകൊണ്ടുതന്നെ
അവരെ വളർത്തേണ്ട വിധത്തെപ്പറ്റി നവമാധ്യമങ്ങളും ബിസിനസ് സ്ഥാപനങ്ങളും നമുക്ക് സിലബസ് ഉണ്ടാക്കിത്തരാൻ അനുവദിക്കരുത്. ഓരോ കുട്ടിയുടെയും പ്രത്യേകതകൾ അറിഞ്ഞു പെരുമാറാൻ മാതാപിതാക്കൾക്കും അധ്യാപകർക്കും സാധിക്കട്ടെ. വ്യക്തിത്വ തനിമ വളർത്തുന്ന വിദ്യാഭ്യാസമാണ് നമുക്കാവശ്യം.

ജിൻസൺ ജോസഫ് മുകളേൽ

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading