Independence day speech Malayalam2022|| സ്വാതന്ത്ര്യ ദിന പ്രസംഗം മലയാളം|Shravan&Shreya s Garden

Independence day speech Malayalam2022 || സ്വാതന്ത്ര്യ ദിന പ്രസംഗം മലയാളം | Shravan & Shreya s Garden

Advertisements

അരവിന്ദ് കെജ്‍‍രിവാള്‍ കിഴക്കമ്പലത്തു നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം

അരവിന്ദ് കെജ്‍‍രിവാള്‍ കിഴക്കമ്പലത്തു നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം
🙏🙏🙏🙏

കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണ്. ദൈവങ്ങൾ കേരളത്തെ ഏത്രമേൽ സ്നേഹിക്കുന്നു. എത്ര സുന്ദരമാണ് ഈ നാട്. ദൈവം എന്നെയും അനുഗ്രഹിച്ചിട്ടുണ്ടെന്ന് തോന്നാറുണ്ട്. കാരണം ഒരു മാജിക് പോലെ തോന്നിയ അവസരങ്ങൾ എന്‍റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഒരു എംഎൽഎയാവാൻ പോലും പല‍ർക്കും ഒരു ജീവിതം മുഴുവനാണ് കഷ്ടപ്പെടേണ്ടി വരിക. 10 വർഷങ്ങൾക്ക് മുൻപ് അരവിന്ദ് കെജ‍്‍രിവാളിനെയോ ആംആദ്മി പാർട്ടിയെക്കുറിച്ചോ ആർക്കും അറിയില്ലായിരുന്നു. അന്ന് ഞങ്ങൾ ഒരു പാർട്ടി തുടങ്ങി ഒരു വർഷം കൊണ്ടാണ് ദില്ലിയിൽ അധികാരത്തിലേറിയത്. അത് മാജിക്കല്ലേ? ജനങ്ങൾ പറയുന്നു കെജ‍്‍രിവാളാണ് ഇത് സാധ്യമാക്കിയതെന്ന്. അങ്ങനെയല്ല, ഇത് ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ടാണ്. ഒരിക്കലല്ല. മൂന്ന് തവണ സ‍‍ർക്കാരുണ്ടാക്കി. പഞ്ചാബിലും സർക്കാരുണ്ടാക്കി. കേരളത്തിലും സ‍ർക്കാരുണ്ടാക്കണ്ടേ?

ഞങ്ങൾ സത്യസന്ധതയുടെ വഴിയിലൂടെയാണ് പോവുന്നത്. മനുഷ്യത്വത്തിന്‍റെ വഴിയിലൂടെയാണ് പോവുന്നത്. അതുകൊണ്ടാണ് ദൈവത്തിന്‍റെ അനുഗ്രഹം ഉള്ളത്. എന്‍റെ ജീവിതത്തിൽ പല മാജിക്കുകളും നടന്നെന്ന് പറഞ്ഞല്ലോ. അതിലൊന്നായിരുന്നു അണ്ണാ ഹസാരെയ്ക്കൊപ്പം നടത്തിയ നിരാഹാര സത്യഗ്രഹം. അന്ന് 15 ദിവസം നിരാഹാരം കിടന്നു. എനിക്ക് കടുത്ത പ്രമേഹമുണ്ട്. ഭക്ഷണം കഴിക്കാതെ മൂന്ന് മണിക്കൂർ നിന്നാൽ പോലും രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞ് മരണം വരെ സംഭവിക്കാം. 15 ദിവസം നിരാഹാരം കിടന്നാൽ മരിച്ച് പോവുമെന്ന് എല്ലാ ഡോക്ടർമാരും അന്ന് പറഞ്ഞു . ഇന്നിതാ ഞാൻ നിങ്ങൾക്ക് മുന്നിൽ ജീവനോടെ നിൽക്കുന്നു. ഇത് മാജിക്കല്ലേ?

ദില്ലിയിൽ ഞങ്ങൾ അന്ന് തെരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ ഒരു പുതിയ പാർട്ടിയായിരുന്നു. പണമില്ല കയ്യിൽ. സ്ഥാനാർഥികൾ പോലുമില്ല. ഷീലാ ദീക്ഷിത്തിനെ പോലെ ദില്ലിയിൽ നാലും അഞ്ചും തവണ എംഎൽഎമാർ ആയ ആളുകളാണ് മറുവശത്ത്. ഞങ്ങളുടെ സ്ഥാനാർഥികൾ ആരൊക്കെയാണെന്ന് അറിയാമോ. ശാലിമാർ മാർഗ് മണ്ഡലത്തിൽ ഒരു വീട്ടമ്മ. അവർ നാല് തവണ എംഎൽഎയായ ആളെ തോൽപിച്ചു. അഖിലേഷ് തൃപാഠിയെന്ന ഒരു വിദ്യാ‍‍ർഥിയുണ്ടായിരുന്നു, മോഡൽ ടൗണിൽ. അദ്ദേഹവും നാല് തവണ എംഎൽഎയായ ആളെ തോൽപിച്ചു. ഇപ്പോൾ പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടന്നു. ഭഗവന്ത് മാന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി. മൊബൈൽ ഫോൺ നന്നാക്കുന്ന കടയിലെ ടെക്നീഷ്യൻ ആണ് പഞ്ചാബിന്‍റെ മുഖ്യമന്ത്രിയെ തോൽപ്പിച്ചത്. അമൃത്സറിൽ ന‍വ്‍ജ്യോത് സിംഗ് സിന്ധുവായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. അകാലി ദളിന്‍റെ കരുത്തനായ മജീദിയ ആയിരുന്നു മറ്റൊരു സ്ഥാനാർഥി. ഇവരെ രണ്ട് പേരെയും ഈ മണ്ഡലത്തിൽ തോൽപിച്ചത് നമ്മുടെ ഒരു ചെറിയ വനിതാ പ്രവർത്തകയാണ്. സത്യത്തിന്‍റെ വഴിയിൽ പോയാൽ ദൈവം നിങ്ങൾക്കൊപ്പമെന്നതിന് തെളിവാണിത്.

നമ്മുടെ രാജ്യത്തെ ഭരണ സംവിധാനം അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. ഞങ്ങൾ ദില്ലിയിൽ ആദ്യം ചെയ്തത് അഴിമതി അവസാനിപ്പിക്കുകയാണ്. ദില്ലിയിൽ എന്തെങ്കിലും സർക്കാർ സേവനം ലഭിക്കണമായിരുന്നെങ്കിൽ മുൻപ് കൈക്കൂലി നൽകണമായിരുന്നു. കേരളത്തിലും ഉണ്ടോ ഇത് പോലെ അഴിമതി? ഇന്ന് ദില്ലിയിൽ സർക്കാർ സേവനങ്ങൾക്ക് പണം നൽകേണ്ടതില്ല. എങ്ങനെയാണ് അത് സാധ്യമാക്കിയത്.? 1076എന്നൊരു ഫോൺ നമ്പർ ജനങ്ങൾക്ക് നൽകി. സർക്കാരിൽ നിന്ന് എന്ത് സേവനം വേണമെങ്കിലും ജനങ്ങൾക്ക് ഈ നമ്പറിൽ വിളിക്കാം. ഉദാഹരണത്തിന് വൈദ്യുതി കണക്ഷൻ വേണമെന്ന് വിചാരിക്കുക. ഈ നമ്പറിൽ വിളിച്ചാൽ കണക്ഷനായി എന്തൊക്കെ രേഖകൾ വേണമെന്ന് പറഞ്ഞത് തരും. ഏത് സമയം കണക്ഷൻ നൽകാൻ വീട്ടിൽ വരണമെന്ന് പോലും ചോദിക്കും. അവധി എടുത്ത് കാത്ത് നിൽക്കേണ്ട അവസ്ഥയില്ല, സർക്കാർ ഓഫീസിൽ ക്യൂ നിൽക്കേണ്ട. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകേണ്ട. സർക്കാർ സേവനം വീട്ടിൽ വന്ന് സൗജന്യമായി നൽകും.

ഞങ്ങൾ വലിയ അഴിമതികളും അവസാനിപ്പിച്ചു. മുൻപ് 100 കോടിയുടെ പദ്ധതി 1000 കോടിക്കാണ് ചെയ്ത് കൊണ്ടിരുന്നത്. അധിക തുക രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം വീതം വച്ചെടുക്കും. ഇന്ന് ഞങ്ങൾ ഒരു രൂപ പോലും ഇത്തരത്തിൽ തട്ടാൻ അനുവദിക്കുന്നില്ല. ഇങ്ങനെ ലാഭിക്കുന്ന പണം കൊണ്ട് വൈദ്യുതി സൗജന്യമായി നൽകുന്നു. പണ്ട് ഓരോ എട്ട് മണിക്കൂറിലും പവർ കട്ടായിരുന്നു. 5000ഉം 10000ഉം ഒക്കെയായിരുന്നു ജനങ്ങൾക്ക് കിട്ടിയിരുന്ന ബിൽ. എന്നാൽ ദില്ലിയിൽ ഇന്ന് പവർ കട്ടില്ല. എല്ലാവർക്കും സൗജന്യ വൈദ്യുതി. ദില്ലിയിൽ ഇൻവേർട്ടറിന്‍റെയും ജനറേറ്ററിന്‍റെ കച്ചവടം പോലും പൂട്ടിപ്പോയി.! കേരളത്തിനും വേണ്ടേ സൗജന്യ വൈദ്യുതി.?? ദില്ലിയിൽ സാധിക്കുമെങ്കിൽ ഇവിടെയും സാധിക്കും. ഒന്ന് മാത്രം മതി. സത്യസന്ധതയുള്ള സർക്കാർ.

ദില്ലിയിൽ രണ്ട് കോടി ജനങ്ങളുണ്ട്. ജാതിയോ മതമോ ലിംഗമോ വ്യത്യാസമില്ലാതെ എല്ലാവരുടേയും ചികിത്സ ഞങ്ങൾ സൗജന്യമാക്കി. ദില്ലിയിലെ മൊഹല്ലാ ക്ലിനിക്കുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇവിടെ മരുന്നും ചികിത്സയും ടെസ്റ്റും എല്ലാം സൗജന്യമാണ്. അർബുദം വന്നെന്ന് വിചാരിക്കുക അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണമെന്ന് കരുതുക. 30ഉം 40 ലക്ഷം ചെലവ് വന്നാൽ പോലും പേടിക്കേണ്ട. ദില്ലി സർക്കാർ മുഴുവൻ പണവും നൽകും. ദില്ലിക്കാരുടെ എന്ത് ചികിത്സയും സർക്കാ‍‍ർ ആശുപത്രികളിൽ സൗജന്യമാണ്. ഗുരുതരമായ അസുഖം വന്നാൽ എല്ലാം വിറ്റ് ചികിത്സ നടത്തേണ്ടി വരുമായിരുന്നു ഇടത്തരം കുടുംബങ്ങൾക്ക് പോലും. അവരുടെയെല്ലാം പ്രാർഥനയാണ് ഇന്ന് ഞങ്ങൾക്കൊപ്പമുള്ളത്. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് ഞാൻ സമ്പാദിച്ചത് ഇത് മാത്രമാണ്.

മുൻപ് ദില്ലിയിലെ സ‍‍ർക്കാർ സ്കൂളുകൾ വളരെ മോശമായിരുന്നു. 14 ലക്ഷം കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നു. പൊട്ടിപ്പൊളിഞ്ഞ ചുവരുകൾ. ഡെസ്കുകളും ബെഞ്ചുകളും ആവശ്യത്തിനില്ല. അധ്യാപകർ പോലും മര്യാദയ്ക്ക് വരില്ല. പാവങ്ങളുടെ മക്കളായിരുന്നു ഇവിടെ പഠിച്ചിരുന്നവരിൽ ഭൂരിഭാഗം. അവരുടെ ഭാവി എന്താണ്? റിക്ഷക്കാരന്‍റെ മകൻ റിക്ഷക്കാരൻ, തൊഴിലാളിയുടെ മകൻ തൊഴിലാളി . ഇതായിരുന്നു സംഭവിച്ച് കൊണ്ടിരുന്നത്. പക്ഷേ അഞ്ച് വ‌ർഷം കൊണ്ട് ഞങ്ങൾ ഈ അവസ്ഥ മാറ്റി മറിച്ചു. ഇന്ന് സർക്കാർ സ്കൂളുകൾ മികച്ച നിലവാരത്തിലാണ്. വിജയ ശതമാനം 99.9 ശതമാനത്തിലെത്തി. ഈ വർഷം നാല് ലക്ഷം കുട്ടികളാണ് സ്വകാര്യ സ്കൂളുകളിൽ നിന്ന് സർക്കാർ സ്കൂളിലേക്ക് എത്തിയത്. ആലോചിച്ച് നോക്കൂ ഈ 14 ലക്ഷം കുട്ടികളുടെ രക്ഷിതാക്കളുടെ പ്രാർഥന ‌ഞങ്ങൾക്കൊപ്പമില്ലേ? ഇതാണ് ദൈവത്തിന് നൽകേണ്ട യഥാർഥ പൂജ.

ദില്ലിയിൽ കുറഞ്ഞത് 15,000 രൂപ മാസ വരുമാനമുള്ളയാൾക്കും ഇന്ന് അന്തസ്സോടെ ജീവിക്കാം. മക്കളുടെ വിദ്യാഭ്യാസം സൗജന്യമാണ്, വൈദ്യുതി സൗജന്യമാണ്, വെള്ളം സൗജന്യമാണ്, ചികിത്സ സൗജന്യമാണ്, റേഷൻ സൗജന്യമാണ്, സ്ത്രീകൾക്ക് പൊതുഗതാഗതം സൗജന്യമാണ്. ഇതൊന്നും നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമല്ല. ദില്ലിയിൽ സത്യത്തിന്‍റെ മാർഗത്തിൽ പോവുന്ന ഒരു സർക്കാരുള്ളത് കൊണ്ടാണ്.

ദില്ലിയിൽ കഴിഞ്ഞ അഞ്ച് വ‌ർഷത്തിനുള്ള 12 ലക്ഷം യുവാക്കൾക്ക് ജോലി നൽകി. കേരളത്തിൽ 40 ലക്ഷം പേരാണ് തൊഴിലില്ലാതെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റ‍ർ ചെയ്തിരിക്കുന്നത്. ഇവിടെ ഒരു രാഷ്ട്രീയ പാർട്ടിയും ജോലി നൽകില്ല. അവർക്ക് തല്ലുണ്ടാക്കാനും ഗുണ്ടാപണി ചെയ്യാനും ആളുവേണം. അതുകൊണ്ടാണ്.

സാബു എം ജേക്കബ് വിജയിച്ച ഒരു വ്യവസായി ആണ്. വലിയ വ്യവസായിയാണ്. വൻകിട വ്യവസായികളെ വേറെയും നമുക്ക് അറിയാം. പക്ഷേ ഇദ്ദേഹം കിഴക്കമ്പലം പഞ്ചായത്തിൽ നല്ല റോഡുണ്ടാക്കുന്നു. പാവങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്നു. സ്കൂളുകൾ നന്നാക്കുന്നു. അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളിൽ ഞാൻ ആശ്ചര്യവാനാണ്. ഇങ്ങനെയുള്ള നല്ല മനുഷ്യരുടെ സഖ്യമാണ് വേണ്ടത്. കേരളത്തിൽ ആംആദ്മി പാർട്ടിയും ട്വന്‍റിട്വന്‍റി പാർട്ടും സഖ്യമുണ്ടാക്കാൻ പോവുന്നു. എല്ലാവരെയും ഒപ്പം ചേർത്ത് കേരളത്തിലും സർക്കാരുണ്ടാക്കാൻ പോവുന്നു. ദില്ലിയിലും പഞ്ചാബിലും കൊണ്ട് വന്ന മാറ്റം കേരളത്തിനും വേണ്ടേ…🙏🙏🙏

ജയ് PWA. 💪💪

Advertisements
Arvind Kejriwal
Advertisements

ഇത് എന്റെ വിമർശനം അല്ല, എന്റെ ഭയമാണ് – രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി ഇന്ന് പാർലമെന്റിൽ നടത്തിയ 50 മിനുട്ട് പ്രസംഗം കണ്ട ശേഷം ഞാൻ തയാറാക്കിയ സ്വതന്ത്ര മലയാള പരിഭാഷയാണ് ഇത്. എല്ലാവരും വായിക്കുക. ഷെയർ ചെയ്യുക.

“ഇത് എന്റെ വിമർശനം അല്ല, എന്റെ ഭയമാണ്, ഇത് ഒരു വിമർശനം ആയി നിങ്ങൾ എടുക്കരുത്. ഈ രാജ്യത്തിനെപ്പറ്റി ആശങ്കയുള്ള ഒരു പൗരന്റെ അഭിപ്രായം ആയി കണ്ടാൽ മതി നിങ്ങൾ ഇതിനെ..”

രാഹുൽ സംസാരിച്ചു തുടങ്ങി….

“രണ്ട് ഇന്ത്യ ആണ് ഇന്നുള്ളത്. ഒന്ന് പണക്കാർക്കും, മറ്റൊന്ന് പാവപ്പെട്ടവർക്കും. അധികാരം ഉള്ളവർക്കും, ഇല്ലാത്തവർക്കും. ഒന്ന്​ ധനികർ, മറ്റേത്​ ദരിദ്രർ. ഇവർക്കിടയിലുള്ള വിടവ്​ വളരെ വലുതാണ്​. ബിഹാറിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ ഇതുവരെ സംസാരിച്ചില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തിൽ തൊഴിലില്ലായ്മയെക്കുറിച്ച് ഒരു വാചകം പോലും ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ യുവാക്കൾ ഒന്നാകെ തൊഴിൽ ചോദിക്കുന്നു. എന്നാൽ നിങ്ങളുടെ സർക്കാരിന് ജോലി നൽകാൻ സാധിക്കുന്നില്ല. 2021ൽ മാത്രം മൂന്ന് കോടി യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. 50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണ്​ ഇന്ത്യ ഇപ്പോൾ അനുഭവിക്കുന്നത്​. നിങ്ങൾ മെയ്ഡ് ഇൻ ഇന്ത്യ, മെയ്ഡ് ഇൻ ഇന്ത്യ എന്നൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും. മെയ്ഡ് ഇൻ ഇന്ത്യ ഇനി സാധ്യമല്ല. നിങ്ങൾ ‘മെയ്ഡ് ഇൻ ഇന്ത്യ’യെ നശിപ്പിച്ചു. ചെറുകിട, ഇടത്തരം വ്യവസായങ്ങളെയാണ് നിങ്ങൾ പിന്തുണക്കേണ്ടത്. അല്ലാത്തപക്ഷം ‘മെയ്ഡ് ഇൻ ഇന്ത്യ’ ഒരിക്കലും സാധ്യമല്ല. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് മാത്രമേ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയൂ. നിങ്ങൾ മെയ്ഡ് ഇൻ ഇന്ത്യ, സ്റ്റാർട്ട്-അപ്പ് ഇന്ത്യ മുതലായവയെക്കുറിച്ച് മാത്രം നിരന്തരം സംസാരിച്ചുകൊണ്ടേയിരിക്കുന്നു. തൊഴിലില്ലായ്മ വർദ്ധിക്കുകയാണ്…”

“ഈ രാജ്യത്ത് എല്ലാവർക്കും തുല്യ അവകാശം ആണുള്ളത്. പക്ഷേ നിങ്ങൾ അത് സമ്മതിക്കുന്നില്ല. നിങ്ങൾക്ക് ഈ രാജ്യം അടക്കി ഭരിക്കാൻ ആണ് ആവേശം. ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു, നിങ്ങൾ ഒരിക്കലും ഈ രാജ്യം അടക്കി ഭരിക്കാൻ പോകുന്നില്ല. അത് നിങ്ങളുടെ ദിവാസ്വപ്നം മാത്രം. ഇന്ത്യ എന്നത് ഒരു സർവാധിപത്യ ഭരണകൂടം നിലവിലുള്ള രാജ്യമല്ല. ഇന്ത്യ എന്നത് യൂണിയൻ ഓഫ് സ്റ്റേറ്‌സ് ആണ്. അഥവാ അനേകം സംസ്ഥാനങ്ങളുടെ ഏകോപനം കൊണ്ട് സാധ്യമായ ഏകീകൃതമായ രാജ്യം. അതിനെ എന്നെങ്കിലും അടക്കി ഭരിക്കാം എന്ന് നിങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ എനിക്ക് നിങ്ങളോട് പറയാനുള്ളത് അത് ഒരിക്കലും നടക്കാൻ പോകുന്നില്ല എന്നാണ്. ഇന്ത്യയെ സംബന്ധിച്ച് രണ്ട് ദർശനങ്ങളുണ്ട്. ഒന്ന്, ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്, അതായത് ചർച്ചകൾ, സംഭാഷണങ്ങൾ ഒക്കെ നടക്കേണ്ട ഒരു യൂണിയൻ. അതൊന്നും ഇപ്പോൾ ഉണ്ടാവുന്നില്ല. ഈ രാജ്യത്തിന്റെ 3000 വർഷത്തെ ചരിത്രം നിങ്ങൾ പരിശോധിക്കൂ. ഒരിക്കലും, ഒരു ഭരണാധികാരിക്കും ഈ രാജ്യത്തെ അടക്കി ഭരിക്കാൻ സാധിച്ചിട്ടില്ല. എല്ലായ്പ്പോഴും ഈ രാജ്യം അനേകം സംസ്ഥാനങ്ങളുടെ ഏകോപനത്താൽ സൃഷ്ടിക്കപ്പെട്ട ഒന്നായിരുന്നു. നിങ്ങൾ കരുതുന്നത് നിങ്ങൾക്ക് എല്ലാവരെയും അടിച്ചമർത്താം എന്നാണ്. നോക്കൂ, തമിഴ്നാടിന് ഒരു സംസ്ക്കാരം ഉണ്ട്. വ്യത്യസ്തമായ ഒരു സങ്കൽപം ഉണ്ട്. ഒരു സംസ്‌ഥാനം എന്നനിലയിൽ അവരുടെ ആ വ്യത്യസ്തമായ ഐഡൻറിറ്റി ഉൾക്കൊണ്ട് തന്നെ അവർക്ക് ഇന്ത്യയെപ്പറ്റിയും, ഈ രാജ്യത്തെ പറ്റിയും കൃത്യമായ ബോധമുണ്ട്. അതുപോലെ തന്നെ കേരളവും, ഞാൻ അവിടുത്തെ ജനപ്രതിനിധിയാണ്. കേരളത്തിന് ഒരു സംസ്ക്കാരം ഉണ്ട്, ഒരു അന്തസ് ഉണ്ട്, ചരിത്രം ഉണ്ട്, ജീവിത വഴിയുണ്ട്. അങ്ങനെ അനേകം സംസ്കാരവും ചരിത്രവും ചേരുമ്പോഴാണ് ഇന്ത്യയുണ്ടാവുന്നത്. അതാണ് ഇന്ത്യയുടെ അഴകും കരുത്തും…”

“കേന്ദ്രീകൃതമായ ഒരു വടി കൊണ്ട് ഇന്ത്യയെ അടക്കി ഭരിക്കാം എന്നാണ് നിങ്ങളുടെ ചിന്ത. നിങ്ങൾ അങ്ങനെ ചിന്തിക്കുമ്പോൾ ഇവിടെ രണ്ട് ഇന്ത്യകൾ ഉണ്ടാവുകയാണ്. വിവിധങ്ങളായ സംസ്കാരമുള്ള, ചരിത്രമുള്ള ഒട്ടനേകം സംസ്ഥാനങ്ങളെ വില വെയ്ക്കാതെ, അവരെ ഉൾക്കൊള്ളാതെ, അവരുടെ അഭിപ്രായങ്ങൾക്ക് വില നൽകാതെ ഈ രാജ്യം മൊത്തത്തിൽ അടക്കി ഭരിച്ചു കളയാം എന്ന ചിന്ത ഒരിക്കലും നടക്കാത്ത ദിവാസ്വപ്നം മാത്രമാണ്. വ്യത്യസ്തങ്ങളായ പൂക്കളുള്ള ഒരു പൂക്കൂടയെ നിങ്ങൾ സങ്കൽപ്പിക്കുക, അതാണ് ഈ രാജ്യവും ഈ രാജ്യത്തെ സംസ്ഥാനങ്ങളും. അവരുടെ അഭിപ്രായങ്ങൾക്ക് വില നൽകാതെ അവരെ അടിച്ചമർത്താൻ ഒരു ശക്തിക്കും ഒരിക്കലും കഴിയുകയില്ല എന്നത് ഞാൻ എടുത്തു പറയാൻ ആഗ്രഹിക്കുന്നു. ഈ രാജ്യത്തെ ഓരോ സംവിധാനങ്ങളെയും നിങ്ങൾ അക്രമിക്കുകയാണ്. തമിഴ്‌നാടിന്റെ ആശയത്തെ ഈ രാജ്യത്തിന്റെ ആശയങ്ങളിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുകയാണ്. പഞ്ചാബിലെ കർഷകർ 3 വികൃതമായ നിയമങ്ങൾ എടുത്തു മാറ്റാനുള്ള ആവശ്യവുമായി മാസങ്ങളോളം തെരുവിൽ സമരം ചെയ്തു. നിങ്ങൾ അവരെ കേട്ടില്ല. അവരിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു, അവരിൽ പലർക്കും കൊറോണ ബാധിച്ചു, എന്നിട്ടും അവർ പിന്മാറിയില്ല. എന്നിട്ട് ഒടുക്കം എന്തായി, നിങ്ങൾക്ക് നാണംകെട്ട് പിന്മാറേണ്ടി വന്നു. ഈ രാജ്യത്ത് ഇപ്പോൾ ഒരു സർവ്വാധിപതിയായ രാജാവിന്റെ ശബ്ദം മാത്രമേ കേൾക്കാൻ പാടുള്ളൂ എന്നാണ് അവസ്ഥ. എതിർ സ്വരങ്ങളെ ആ രാജാവ് ഒരിക്കലും കാര്യമാക്കുന്നില്ല എന്നതാണ് സ്ഥിതി. 1947 ൽ കോണ്ഗ്രസ് എടുത്തു മാറ്റിയ രാജഭരണം തിരികെ വരാൻ ആണ് നിങ്ങളുടെ ഇപ്പോഴത്തെ ശ്രമം. അത് വിഫലം ആവുകയെ ഉള്ളൂ എന്ന് നിങ്ങളെ ഞാൻ ഓർമ്മിപ്പിക്കുന്നു. നിങ്ങൾ ആരെയും കേൾക്കുന്നില്ല. ബിജെപിയിലെ ആരും ആരെയും കേൾക്കാനോ അഭിപ്രായങ്ങൾ സ്വീകരിക്കാനോ തയ്യാർ ആവുന്നില്ല. 3000 വർഷത്തോളം ആരാണ് ദളിതുകളെ അടിച്ചമർത്തിയത് എന്ന് എന്റെ സുഹൃത്തായ പസ്വാന് അറിയാം. പക്ഷേ അദ്ദേഹം അതിനെപ്പറ്റി ചിന്തിക്കുന്നില്ല. കാരണം, അദ്ദേഹം തെറ്റായ പാർട്ടിയിൽ ആണ് ഉള്ളത് എന്നത് കൊണ്ട്…”

“ഈ രാജ്യത്തെ നിയമ സംവിധാനങ്ങൾ ഓരോന്നായി അക്രമിക്കപ്പെടുകയാണ്. ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി ഔദ്യോഗികമായി, വ്യക്തിപരമായി ഇസ്രയേലിൽ പോയി പെഗാസസ് എന്ന ഡിജിറ്റൽ ആയുധം, വ്യക്തികളെ അവർ അറിയാതെ നിരീക്ഷിക്കാനും ചാരപ്രവർത്തനം നടത്താനുമുള്ള ആയുധം ഇവിടേയ്ക്ക് കൊണ്ടു വരുമ്പോൾ അതുമൂലം ആക്രമിക്കപ്പെടുന്നത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുമാണ്. ഇന്ത്യയുടെ ഒരുമായും ഐക്യവുമാണ്. ഈ ചെയ്യുന്നതിനൊക്കെ നിങ്ങൾക്ക് വലിയ തിരിച്ചടികൾ കിട്ടും. എന്റെ മുതുമുത്തശ്ശൻ ഈ രാജ്യത്തിനു വേണ്ടി 15 വർഷം ജയിലിൽ കിടന്നയാളാണ്. എന്റെ അമ്മൂമ്മ 32 തവണയാണ് വെടിയേറ്റു കൊല്ലപ്പെട്ടത്. എന്റെ പ്രിയപ്പെട്ട അച്ഛൻ കഷണങ്ങൾ ആയാണ് ചിതറി തെറിച്ചു പോയത്. എല്ലാം ഈ രാജ്യത്തിന് വേണ്ടിയായിരുന്നു. അവർ ഉയർത്തി പിടിക്കാൻ ശ്രമിച്ച ഈ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഇല്ലാതെ ആവുമ്പോൾ ഉള്ള കഠിനമായ വേദന എത്രത്തോളം എന്ന് എനിക്ക് നന്നായി അറിയാം…”

“കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മണിപ്പൂരിൽ നിന്ന് ചില രാഷ്ട്രീയ നേതാക്കൾ എന്റെ അടുക്കൽ വന്നു. അവർ വളരെ അസ്വസ്ഥരായിരുന്നു. അവർ ചില ആവശ്യങ്ങളുമായി ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിൽ ചെന്നപ്പോൾ അവരോട് ചെരുപ്പ് അഴിക്കാൻആവശ്യപ്പെട്ടു. അപ്പോൾ തങ്ങൾക്ക് വലിയ അപമാനം തോന്നിയെന്ന് അവർ പറഞ്ഞു. എന്നാൽ അകത്ത് അമിത് ഷാ ഷൂ ധരിച്ചിരുന്നു. ഇന്ത്യയിലെ ജനങ്ങളുമായി ഇടപഴകാനുള്ള വഴി ഇതല്ല. അതിന് എല്ലാവരെയും ഉൾക്കൊള്ളുന്ന മനസ് ഉണ്ടാവണം..”

“റിപ്പബ്ലിക് ദിനത്തിന് നമ്മുടെ രാജ്യം സന്ദർശിക്കാൻ നമുക്കൊരു അതിഥിയെ കിട്ടാത്തത് എന്തുകൊണ്ടെന്ന് നിങ്ങൾ സ്വയം ചോദിക്കുക. കാരണം ഇന്ത്യ ഇന്ന് പൂർണ്ണമായും ഒറ്റപ്പെട്ടതും ചുറ്റപ്പെട്ടതുമായ ഒരു പ്രദേശം ആയി മാറിയിരിക്കുന്നു. നമ്മൾ ദുർബലരായിരിക്കുന്നു. നമ്മുടെ ചുറ്റുവട്ടങ്ങൾ ഓരോന്നായി ആക്രമിക്കപ്പെടുകയാണ്. തങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് ചൈനയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ചൈനയെയും പാക്കിസ്ഥാനെയും വേറിട്ട് നിർത്തുക എന്നതായിരിക്കണം ഇന്ത്യയുടെ തന്ത്രപരമായ ലക്ഷ്യം. എന്നാൽ നിങ്ങൾ ചെയ്തത് ഫലത്തിൽ അവരെ ഒന്നിപ്പിക്കുക എന്നതാണ്. നമ്മൾ അഭിമുഖീകരിക്കുന്നതിനെ ഒരിക്കലും കുറച്ചുകാണരുത്. ഇത് ഇന്ത്യക്ക് ഗുരുതരമായ ഭീഷണിയാണ്. ജമ്മു കശ്മീരിൽ നിങ്ങൾക്ക് വലുതും തന്ത്രപരമായതുമായ പിഴവ് സംഭവിച്ചു. നിങ്ങൾ ഈ കളിക്കുന്നത് അപകടകരമായ കളിയാണ്. ചരിത്രം അറിയാതെയുള്ള കളിയാണ് നിങ്ങൾ കളിക്കുന്നത്. ഈ കളി നിങ്ങൾ നിർത്തിയില്ലാ എങ്കിൽ വലിയ വില കൊടുക്കേണ്ടി വരും എന്ന് ഞാൻ ഓർമ്മിപ്പിക്കുന്നു. ദയവായി, മടങ്ങി പോയി ഒന്ന് തിരിഞ്ഞു നോക്കൂ…ഇന്ത്യ ഇതിനു മുൻപ് ഭരിച്ചവരെ പറ്റി ആഴത്തിൽ പഠിക്കൂ.
അവരെ സൂക്ഷ്‌ടം ആയി ശ്രദ്ധിക്കൂ. ഒരിക്കലും ഇവിടെ സർവ്വാധിപത്യം ഇല്ലായിരുന്നു. ഉണ്ടായിട്ടില്ല. നിങ്ങൾ ചെയ്യുന്നത് എല്ലാവരെയും അവമതിക്കൽ മാത്രമാണ്. സംസ്ഥാനങ്ങളുടെ യൂണിയൻ ഒരു വശത്തും ഒരു രാജാവിന്റെ വികലമായ കാഴ്ചപ്പാടുകൾ മറുവശത്തും. അതാണ് ഇന്നത്തെ ഇന്ത്യ. ഈ രാജ്യം നിർമ്മിതമായ ഓരോ അടിക്കല്ലുകളെയും നിങ്ങൾ ഇളക്കുകയാണ്…”

“എല്ലായിടത്തും ഇന്ത്യ ഒറ്റപ്പെടുകയാണ്. നമ്മൾ ചുറ്റപ്പെടുകയാണ്. ചൈന, ബർമ, ശ്രീലങ്ക, പാകിസ്ഥാൻ, നേപ്പാൾ, അഫ്‌ഗാനിസ്ഥാൻ, എല്ലായിടത്തും നമ്മൾ ഒറ്റപ്പെടുന്നു. നിങ്ങൾക്ക് മുന്നിൽ നിൽക്കുന്ന ശത്രുവിനെ ഒരിക്കലും നിങ്ങൾ കുറച്ചു കാണരുത്. ചൈനയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഒരു ആശയക്കുഴപ്പവുമില്ലാതെ എനിക്ക് അതൊക്കെ വ്യക്തമായി കാണാൻ കഴിയും. ചൈനയ്ക്ക് ഒരു പദ്ധതിയുണ്ട്. അവരുടെ പദ്ധതിയുടെ അടിത്തറ ഡോക്ലാമിലും ലഡാക്കിലും സ്ഥാപിച്ചിട്ടുണ്ട്. നമ്മൾ അഭിമുഖീകരിക്കുന്നതിനെ ഒരിക്കലും കുറച്ചുകാണരുത്. ഇത് ഇന്ത്യൻ രാഷ്ട്രത്തിന് വളരെ ഗുരുതരമായ ഭീഷണിയാണ്. ജമ്മു കാശ്മീരിൽ നമുക്ക് വലിയ തന്ത്രപരമായ പിഴവുകൾ സംഭവിച്ചിട്ടുണ്ട്. നമ്മുടെ വിദേശനയത്തിൽ നമ്മൾ വലിയ തന്ത്രപരമായ തെറ്റുകൾ വരുത്തി, ആ തെറ്റുകൾ നാം തിരുത്തിയില്ലെങ്കിൽ വളരെ വലിയ അപകടത്തിൽ ആണ് നാം അകപ്പെടാൻ പോകുന്നത്. ചൈനയും പാകിസ്ഥാനികളും നമുക്കെതിരെ ഓരോന്നും ആസൂത്രണം ചെയ്യുകയാണെന്ന് വളരെ വ്യക്തമാണ്. അവർ വാങ്ങുന്ന ആയുധങ്ങൾ നോക്കൂ. അവരുടെ പ്രവർത്തനങ്ങൾ നോക്കൂ. അവർ സംസാരിക്കുന്ന രീതി നോക്കൂ. അവർ ആരോടാണ് സംസാരിക്കുന്നതെന്ന് നോക്കൂ. നമ്മൾ ഒരു വലിയ അബദ്ധം ചെയ്തുവെന്ന് പാർലമെന്റിന്റെ ഈ സഭയിൽ ഞാൻ വ്യക്തമായി പറയുന്നു. ചൈനയ്‌ക്കെതിരെ നമുക്ക് സ്വയം പ്രതിരോധിക്കാൻ കഴിയുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഇതൊന്നും മനസിലാക്കാൻ ഉള്ള അറിവില്ല, അനുഭവങ്ങൾ ഇല്ല. ഒന്നും ഇല്ല…”

“പക്ഷെ, ഞങ്ങൾക്കൊപ്പം ഇവിടെ ഇരിക്കുന്നവരിൽ ആ കഴിവുകൾ ഉള്ളവർ ഉണ്ട്. അവരെ ഉപയോഗപ്പെടുത്തുക. അവർക്ക് രാജ്യത്തെ അപകടങ്ങളിൽ നിന്നും രക്ഷിക്കാൻ കഴിയും. ദുരഭിമാനം വെടിഞ്ഞ് അവരെ നിങ്ങൾ കേൾക്കാൻ തയ്യാറാവുക. കാരണം, നമ്മുടെ രാജ്യം അപകടത്തിലാണ്. പുറത്തു നിന്നും അകത്തു നിന്നും. എനിക്കിത് കണ്ടു നിൽക്കാൻ ആവുന്നില്ല. എന്റെ പ്രിയപ്പെട്ട രാജ്യം അപകടത്തിലാവുന്നത് എന്നെ ആശങ്കാകുലൻ ആക്കുന്നു. സംസ്ഥാനങ്ങൾ തമ്മിൽ കലഹത്തിലാണ്, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ കലഹത്തിലാണ്…”

“നിങ്ങൾ പതിവുപോലെ എന്നെ കളിയാക്കും എന്ന് എനിക്ക് അറിയാം. കാരണം, അത് മാത്രം ചെയ്യാൻ ചെയ്യാൻ ആണ് നിങ്ങളോട് അവർ പറഞ്ഞിരിക്കുന്നത് . അതിൽ എനിക്ക് പ്രശ്നം ഇല്ല. പക്ഷേ, ഞാൻ പറയുന്നത് നിങ്ങൾ ഓർത്തോളണം…”

“ഈ മനോഹരമായ രാജ്യത്തെ നിങ്ങൾ അപകടത്തിൽ ആക്കുകയാണ്…”

Author: Unknown | Source: WhatsApp

Advertisements