ഏറ്റവും ശക്തനായ കൂട്ടുകാരൻ | കുസൃതി കഥ

പണ്ടു പണ്ട് പൂച്ചകളും കാട്ടിലായിരുന്നു വാസം.

ഒരിക്കൽ ഒരു പൂച്ചയ്ക്ക് തോന്നി, ഏറ്റവും ശക്തനായ ആളുമായി കൂട്ടുകൂടണമെന്ന്. അങ്ങനെ ശക്തനായ കൂട്ടുകാരനെ തിരക്കി പൂച്ച കാട്ടിലൂടെ നടക്കുമ്പോഴാണ് അതാ, മൃഗങ്ങളെല്ലാം ഓടുന്നത് കണ്ടത്. കാര്യമെന്താണെന്ന് പൂച്ച തിരക്കി.

“സിംഹരാജാവ് വേട്ടയ്ക്ക് ഇറങ്ങിയിട്ടുണ്ട്!” എന്നായിരുന്നു മറുപടി. അതോടെ മൃഗങ്ങളെല്ലാം ജീവനുംകൊണ്ട് ഓടുകയായിരുന്നു.

പൂച്ച ഒരു പൊന്തയിൽ പതുങ്ങിയിരുന്നു. സിംഹം ഒരു മാനിനെ പിടിച്ച് മൃഷ്ടാന്നം കഴിച്ച് വിശ്രമിക്കുന്ന നേരത്ത് പൂച്ച പതിയെ സിംഹത്തിന്റെ അടുത്തെത്തി.

“ഏറ്റവും ശക്തനായ ആളുമായി കൂട്ടുകൂടാനാണ് ഞാൻ വന്നത്. അങ്ങാണ് ഞാൻ കണ്ടതിൽ ഏറ്റവും ശക്തൻ!”

പൂച്ചയുടെ മുഖസ്തുതി സിംഹത്തിന് നന്നേ ഇഷ്ടപ്പെട്ടു. അങ്ങനെ സിംഹം പൂച്ചയെയും തന്റെ കൂടെ കൂട്ടി.

അങ്ങനെ അവർ സന്തോഷമായി കഴിയുന്നതിനിടയിലാണ് ഒരിക്കൽ ഒരു കാട്ടുകൊമ്പൻ മദമിളകി കാടിളക്കി ഓടിവരുന്നത്. കൊമ്പനെ കണ്ടതും സിംഹം ജീവനുംകൊണ്ട് ഓടി!

പൂച്ച ശാന്തനായ കൊമ്പന്റെ അടുത്തുചെന്ന് പറഞ്ഞു:

“ഏറ്റവും ശക്തനായ കൂട്ടുകാരനെ തിരക്കി നടക്കുകയാണ് ഞാൻ. സിംഹത്തേക്കാൾ ശക്തനായ അങ്ങയോടു കൂട്ടുകൂടാൻ ഞാൻ ആഗ്രഹിക്കുന്നു.”

ആന സമ്മതിച്ചു. അങ്ങനെ പൂച്ചയും ആനയും കൂട്ടുകാരായി.

കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഒരു ദിവസം ആനക്കൂട്ടം ചിതറി ഓടുന്നത് പൂച്ച കണ്ടു. പൂച്ച കൊമ്പനോട് ചോദിച്ചു:

“എന്താ അവിടെ സംഭവിച്ചത്?”

“മനുഷ്യൻ കാട്ടിൽ കയറി വന്നിട്ടുണ്ട്. ജീവൻ വേണമെങ്കിൽ ഓടിക്കോ!” എന്ന് പറഞ്ഞുകൊണ്ട് പൂച്ചയുടെ കൂട്ടുകാരൻ കൊമ്പൻ ഒരോട്ടം!

പൂച്ച പോയി നോക്കിയപ്പോൾ കണ്ടത് ആനപ്പാപ്പാൻ ശശിയെയാണ്!

ശശിയോട് പൂച്ച കാര്യം പറഞ്ഞു:

“ഏറ്റവും ശക്തനായ ആൾ സിംഹവും ആനയുമൊന്നുമല്ല, അങ്ങാണ്! ഞാൻ അങ്ങയുടെ കൂട്ടുകാരനായിക്കോട്ടെ?”

ശശിയണ്ണൻ സമ്മതിച്ചു.

അങ്ങനെ കെണിവച്ച് പിടിച്ച ആനയുടെ പുറത്തുകയറി ശശിയും പൂച്ചയും നാട്ടിലേക്ക് പോയി. കാട്ടാനയെ മുറ്റത്തെ തെങ്ങിൽ കെട്ടിയിട്ട് ശശി വാതിലിൽ മുട്ടി.

ഒരു പെണ്ണ് വന്ന് വാതിൽ തുറന്നു.

“ഹും… എവിടേർന്നെടോ താൻ ഇത്ര നേരം? നേരം വൈകി വന്നതല്ലേ! ഇന്ന് കഞ്ഞിയില്ല. പോയി തൊഴുത്തിൽ കിടന്നോ!”

പാവം ശശിയുടെ പായും പൊതപ്പും എടുത്ത് മുറ്റത്തേക്ക് ഒരേറ്!

ഇതെല്ലാം കണ്ട പൂച്ച ആകെ വിജൃംഭിച്ചു പോയി!

“ഹമ്മോ! കാട്ടാനയെപ്പോലും മെരുക്കിക്കൊണ്ട് തെങ്ങിൽ കെട്ടിയ ശശിയെ പുല്ലുപോലെ ഒതുക്കിയ ഈ ചേച്ചി തന്നെയാണ് ലോകത്തിലെ ഏറ്റവും ശക്തിയുള്ളയാൾ!”

അങ്ങനെ അന്ന് മുതലാണത്രെ പൂച്ചകൾ പെണ്ണുങ്ങളോട് കൂട്ടുകൂടി അടുക്കളയിൽ കഴിയാൻ തുടങ്ങിയത്! 🙏👏😀😅😂🙊😸

Leave a Reply