പ്രിയ മരിച്ചതിനു ശേഷം രണ്ടാമത്തെ പ്രാവശ്യമായിരുന്നു ഞാൻ വിനീതയെ കാണുന്നത്. പ്രിയ മരിച്ചത് എങ്ങനെയാണെന്ന് പത്ര ദൃശ്യ സാമൂഹിക മാധ്യമങ്ങളിൽ കൂടി നിങ്ങൾ അറിഞ്ഞു കാണുമല്ലോ. അവൾ അവളുടെ പ്രിയ മമ്മിയെ അന്നു രാവിലെ കൂടി വാട്ട്സപ്പ് വീഡിയോ കോൾ വിളിച്ചു. കാപ്പിയ്ക്ക് പുട്ട് ഉണ്ടാക്കിയോ എന്ന് ചോദിച്ചു. മമ്മി സുന്ദരിയായിട്ട് വേണം ഓഫീസിൽ പോകാൻ എന്നു പറഞ്ഞു. ഉമ്മ കൊടുത്തു. കോൾ കട്ട് ചെയ്തു. പിന്നെ അവൾ ഒരു ചെറിയ നൂലിൽ തൻ്റെ കഴുത്ത് ജനൽ കമ്പിയോടു ചേർത്തു വച്ച് കെട്ടി ഓരോ നിമിഷവും ആസ്വദിച്ചു മരിച്ചു എന്നാണ് അവളുടെ ഡയറിയിൽ എഴുതിയത്.
കേസ് അന്വേഷിച്ച പോലീസ് കണ്ടത് 2024 മുതൽ അവൾ എങ്ങനെ മരിക്കാം എന്ന ഗവേഷണമാണ് ഗൂഗിളിൽ മുഴുവൻ നടത്തിയത്. കോട്ടയത്തെ മികച്ച ഒരു നഴ്‌സിങ്ങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി എന്തിന് ആസ്വദിച്ച് മരിക്കാൻ ഇഷ്‌ടപ്പെട്ടു എന്ന ചോദ്യത്തിന് ഉത്തരം തരാൻ ഒരു Al യ്ക്കും സാധിക്കുന്നില്ല.
മഞ്ഞയായിരുന്നു പ്രിയയുടെ പ്രിയ നിറം. എല്ലാ ഡ്രസും മഞ്ഞ.
മഞ്ഞപ്പൂക്കളുടെ ഫ്‌ളവർ വെയ്സുകൾ അവൾ എവിടെയും ഉണ്ടാക്കിവെച്ചിരുന്നു. അവളുടെ ഡയറിയിൽ എഴുതിയതു പോലെ “മരണശേഷം ഒത്തിരി മഞ്ഞപ്പൂക്കൾ കൊണ്ട് എൻ്റെ ശരീരം മൂടണം. മഞ്ഞ പാവയെ കെട്ടിപ്പിടിച്ചു കിടക്കുന്ന എന്നെ എൻ്റെ പ്രിയപ്പെട്ട അനിയൻ തീ കൊളുത്തണം! ഐ ലവ് യു അമ്മാ! എന്നോട് ദേഷ്യം തോന്നരുത്.”
പ്രിയ മരിച്ചതിനു ശേഷം ഏഴാം നാൾകരഞ്ഞ് തളർന്ന് ഇരുന്ന പ്രിയയുടെ അമ്മ വിനീതയെ ഞാൻ കണ്ടിരുന്നു. അന്ന് അവരോട് എനിക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല. അവരുടെ പഴയ ക്ലാസ് മേറ്റ് എന്ന രീതിയിൽ ഞാൻ പോയി എന്നു മാത്രം.
പിന്നീട് ടാക്സി ഓടിച്ച് അനവധി തവണ പാലാ – കോട്ടയം റോഡിൽ പോയെങ്കിലും ഒരിക്കലും വിനീത എൻ്റെ ഓർമ്മയിൽ വന്നില്ല.
എന്നാൽ ഒരു ദിവസം വണ്ടിയിൽ കയറിയ രണ്ടു പെൺകുട്ടികളോട്
എങ്ങോട്ടാണ് എന്നു ചോദിച്ചപ്പോൾ അവരാണ് പറഞ്ഞത്
“ചേട്ടാ…. ഞങ്ങളെ ഒരിടത്തിൽവരെ എത്തിക്കാമോ ? “
“അതേതിടം ? “
“അത് ചേട്ടന് അറിയാൻ മേലേ ? വിനീത എന്നു പറയുന്ന ചേച്ചി നടത്തുന്ന നിശ്ശബ്‌ദ പ്രാർത്ഥനയുടെ സ്ഥലമാണ്. “
“സൈലൻ്റായി ഇരിക്കാൻ അവിടെ പോകണോ ? ഇവിടെ ഇരുന്നാൽ പോരേ ? “
“അത് ചേട്ടൻ വന്നു കണ്ടാലേ മനസിലാവുകയുള്ളൂ.”
അങ്ങനെയാണ് ഇന്നു ഞാൻ ഒരിടം നിശ്ശബ്‌ദ ധ്യാന കേന്ദ്രത്തിൽ എത്തിയത്. ഇവിടെ എത്തിയപ്പോഴാണ് ഇത് വിനീതയുടെ ആശയമാണ് എന്ന് മനസിലായത്. ഒരിടത്തിലേക്ക് ആളുകളെ സ്വാഗതം ചെയ്യുന്നത് ചിത്രം വരയ്ക്കുന്ന മഞ്ഞ ഫ്രോക്ക് ഇട്ട പെൺകുട്ടിയാണ്. അവളുടെ പുഞ്ചിരിയാണ് ഏറ്റവും വലിയ ആകർഷണം. അവൾ എനിക്ക് ഒരു കാർഡ് വരച്ചു തന്നുകൊണ്ട് പറഞ്ഞു
” ശരിക്കും ജീവിക്കാൻ അകത്തേക്ക് കടക്കൂ”
ഞാൻ കടന്നു.
അകത്ത് എല്ലാവരും തികച്ചും നിശ്ശബ്ദമായി ഇരിക്കുന്നു. ചിലർ കൈവിരലുകൾ ചേർത്തു പിടിച്ച് ഇരിക്കുന്നു. ചിലർ കരയുന്നു. ചിലർ ധ്യാനിക്കുന്നു. മനുഷ്യർ മനുഷ്യരാകുന്നു.
അര മണിക്കൂർ അവിടെ ഇരുന്നതിന് ശേഷം ഞാൻ ഓഫീസിൽ ഇരിക്കുന്ന വിനീതയെ കണ്ടു. തികച്ചും സന്തോഷവതിയായ വിനീത!
“ഷിജു… നിന്നെ കണ്ടിട്ട് ഒത്തിരിയായല്ലോ ! ഞാൻ വിചാരിച്ചു നീ നമ്മളെയൊക്കെ മറന്നെന്ന് ? “
“അങ്ങനെ ക്ലാസ്മേറ്റിനെ മറക്കാൻ പറ്റുമോ? ആട്ടെ ! ഈ പരിപാടി കൊള്ളാം കെട്ടോ !”
“ഇത് എൻ്റെ ഐഡിയ അല്ല ഷിജു . പ്രിയയുടെ സ്വന്തം ഐഡിയ. അവൾക്ക് നഴ്സിങ്ങിന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. പകരം ഇതു പോലെ സൈലൻ്റ് ധ്യാനം നടത്തണം എന്നായിരുന്നു ആഗ്രഹം. പക്ഷേ പതിനെട്ടാം വയസിൽ ഒരു ചെറിയ പെൺകുട്ടി ഈ ആഗ്രഹം പറഞ്ഞാൽ…..
“നമ്മൾ അവൾ സീരിയസ് ആണെന്ന് വിചാരിച്ചില്ല ?”
“നഴ്സിങ്ങ് പഠിക്കേണ്ട പ്രായത്തിൽ നീധ്യാനം പഠിക്കേണ്ട. നീ നഴ്സിങ്ങിന് പോയി കുടുംബം രക്ഷിക്ക് എന്ന പല്ലവിയാണ് ഞാൻ ഉരുവിട്ടത്.”
“അപ്പോൾ അവൾ എന്തു മറുപടി പറഞ്ഞു ?”
“അതിന് മറുപടി ഞാൻ പറയുന്നില്ല. അവളുടെ ഡയറിയിലെ ഒരു പോസ്‌റ്റ് ഞാൻ വാട്ട്സപ്പിൽ അയയ്ക്കാം. ഒന്നു വായിച്ച് നോക്കിക്കേ !”
പ്രിയയുടെ മെസേജ് ഞാൻ വായിച്ചു തുടങ്ങി.
“ഞങ്ങൾ ഈ തലമുറ കടന്നു പോകുന്ന ടെൻഷൻ മമ്മിയ്ക്ക് മനസിലാവില്ല. ഞങ്ങൾക്ക് വേണ്ടത് ശാന്തമായിട്ട് ഒരിക്കാനുള്ള ഇടമാണ്. ആരും ജഡ്ജ് ചെയ്യാതെ ഞങ്ങൾക്ക് ഞങ്ങൾ ആകാനുള്ള ഇടം. ബാത്ത് റൂമിലെ സ്വാതന്ത്ര്യം ഒരുമിച്ച് അനുഭവിക്കാൻ ഒരു ഔട്ടർ സ്‌പേയിസ്.”
“എന്നാണ് ഇത് തുടങ്ങിയത്?
“അവൾക്കു വേണ്ടി എന്തെങ്കിലും ചെയ്താൽ അവളുടെ ആത്മാവിന് ശാന്തി കിട്ടും എന്നെനിക്ക് ഉറപ്പായിരുന്നു. പക്ഷേ ഇപ്പോൾ ഈ ഒരിടം തുടങ്ങിയപ്പോൾ ഏറ്റവും കൂടുതൽ ശാന്തി അനുഭവിക്കുന്ന വ്യക്തി ഞാനാണ് ഷിജു .
ഇന്ന് ലോകം മുഴുവൻ ഇങ്ങോട്ട് ഒഴുകുന്നു. ആളുകൾ വരുന്നു. ആരും ആരെയും കാണാതെ സ്വയം കാണുന്നു. എന്തൊക്കെയോ കരസ്ഥമാക്കുന്നു. പയ്യെ പയ്യെ മടങ്ങുന്നു, അതിവേഗം തിരികെ വരാൻ.”
” സൂപ്പർ ആയിരിക്കുന്നു വിനീത ! വെറുതെ ടാക്സി ഓടിക്കൊണ്ടേ ഇരുന്ന എൻ്റെ ഉള്ളം ഇവിടെ അര മണിക്കൂർ ഇരുന്നപ്പോഴേ ശാന്തമായി.”
“നമ്മൾ വെറുതെ ഇരിക്കുന്നില്ല ഷിജു . നമ്മളുടെ കൈകളും കാലുകളും തലച്ചോറും ശാന്തത ആഗ്രഹിക്കുന്നു. പക്ഷേ നമ്മൾ അതിന് ടെൻഷൻ കൊടുത്തേ കൊണ്ടേയിരിക്കുന്നു. ശാന്തി തേടി ആളുകൾ ഇനിയും വരട്ടെ!
ക്ലാസ്മേറ്റിനോട് വിട പറഞ്ഞത്
ഞാനും ഒരിടത്തിൽ നിന്ന് മടങ്ങിയത് അതിവേഗം തിരികെ ചെല്ലുവാനായിട്ടാണ്.
– ജിൻസൺ ജോസഫ് മുകളേൽ


Leave a Reply