കൈതി

കൈതി എന്ന വാക്കിൻ്റെ അർത്ഥം ജയിൽപുള്ളി എന്നാണ്. ഞങ്ങളുടെ സ്‌കൂളിലെ പൂന്തോട്ടത്തിലെ ജോലിക്കാരൻ്റെ പേരും കൈതി എന്നാണ്. കൈതി ജോലിക്ക് വരാത്ത ദിവസങ്ങളില്ല. സ്വന്തം മകളുടെ കല്യാണത്തിൻ്റെ അന്നു മാത്രം പുള്ളി ഒരു ലീവ് എടുത്തു. രാവിലെ എട്ടു മണി മുതൽ വൈകിട്ട് 6 വരെ ജോലി നീളും. അതിനിടയിൽ വിശ്രമം ആവശ്യത്തിന് ഉണ്ട്. പക്ഷേ ആ വിശ്രമത്തിൻ്റെ ഇടയിലും അദ്ദേഹം കോഴികളെ പാമ്പും കോഴിയും പിടിക്കുന്നുണ്ടോ എന്നു നോക്കും.

പരിപൂർണ്ണത

എല്ലാ ജോലിയും നല്ല പരിപൂർണ്ണതയിൽ ചെയ്യണം എന്നതാണ് അദ്ദേഹത്തിൻ്റെ ആഗ്രഹം. അതിനാൽ സമയമെടുത്ത് ജോലികൾ ചെയ്യും. പുള്ളിക്ക് ഒരു കണക്കുണ്ട്. ആ കണക്കിൽ ജോലികൾ തീരും.

കേട്ട ജോലികൾ

കൈതിയോട് അച്ചൻമാർ ഓരോ പണി പറയും. സെക്യൂരിറ്റിയും പാചകക്കാരിയും ഡ്രൈവേഴ്‌സും ഓരോ പണി പറയും. പുള്ളി എല്ലാത്തിനും യെസ് പറയും. ഇങ്ങനെ പല പണികൾ ഉണ്ടെങ്കിലും ഹോണടി കേട്ടാൽ ഗേറ്റ് തുറക്കാൻ കൈതി പാഞ്ഞു വരും.

കൈതിയ്ക്ക് പരാതികൾ ഉണ്ടോ?

ആ ചോദ്യം ഞാൻ ചോദിച്ചിട്ടില്ല. പക്ഷേ ഈ ഭൂമിയുടെ സൗന്ദര്യ ശാസ്ത്രം നന്നായി മനസിലാക്കിയ ആളാണ് കൈതി. ഈ ഭൂമിയിൽ പണികൾ അവസാനിക്കുന്നില്ല എന്ന് അദ്ദേഹത്തിന് അറിയാം. ഇനിയും പള്ള വരും. കോഴിയെ പിടിക്കാൻ പാമ്പു വരും. ഗേറ്റിൽ വണ്ടി വരും. അത് കൊണ്ട് ഇപ്പോൾ ഈ നിമിഷം ജോലി തുടരുക.

ഭക്ഷണം

കൈതി എട്ടു ചപ്പാത്തി ഉപ്പു കൂട്ടി കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നു. ഒരു തവണ നിർബന്ധിച്ച് ഹോട്ടലിൽ കൊണ്ടുപോയെങ്കിലും അദ്ദേഹം അകത്തേക്ക് വന്നില്ല. എനിക്ക് വീട്ടിലെ ഭക്ഷണമേ പറ്റൂ എന്നായിരുന്നു കൈതിയുടെ ന്യായം.

സന്തോഷത്തിൻ്റെ താക്കോൽ

കൈതി സന്തുഷ്ടനാണ്. കാരണം മനുഷ്യർക്ക് അസന്തുഷ്ടി പ്രദാനം ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഫോൺ അദ്ദേഹത്തിന് ഇല്ല. അതുകൊണ്ട് തികഞ്ഞ ശ്രദ്ധയോടെ അയാൾക്ക് ജോലി ചെയ്യാം. വെറുതെ ഇരിക്കാം. ഈ ഭൂമിയിൽ സുന്ദരമായ അദ്ധ്യായം രചിച്ച് മടങ്ങാം!

ജിൻസൺ ജോസഫ് മുകളൽ

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading