ഹിറ്റ്‌ലറെ വിഷ്ണുവിന്റെ അവതാരമായി ആരാധിച്ച ‘ഫ്രഞ്ചുകാരി സാവിത്രി ദേവി’

അഡോൾഫ് ഹിറ്റ്‌ലറെ ദൈവം എന്ന് വിളിക്കുകയും, നാസിസത്തെ ഹൈന്ദവ പുരാണങ്ങളുമായി കൂട്ടിക്കലർത്തുകയും ചെയ്ത ഒരു വിദേശ വനിതയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഫ്രാൻസിൽ ജനിച്ച്, ഇന്ത്യയെ സ്വന്തം നാടായി സ്വീകരിച്ച് ‘സാവിത്രി ദേവി’ എന്ന് പേരുമാറ്റിയ മാക്സിമിയാനി പോർട്ടാസിന്റെ ജീവിതം ഏതൊരു സിനിമാ കഥയെക്കാളും വിചിത്രമാണ്! രണ്ടാം ലോകമഹായുദ്ധകാലത്ത് കൊൽക്കത്ത കേന്ദ്രീകരിച്ച് നാസികൾക്കായി ചാരപ്രവർത്തനം നടത്തിയ ഈ ദുരൂഹ വ്യക്തിത്വത്തിന്റെ കഥ ഇതാ… 👇

യഥാർത്ഥ പേര് മാക്സിമിയാനി പോർട്ടാസ് (Maximiani Portas). 1905-ൽ ഫ്രാൻസിൽ ജനിച്ച്, പിന്നീട് ഭാരതീയ സംസ്കാരത്തോടും ഹിന്ദുമതത്തോടും ആകൃഷ്ടയായി ഇന്ത്യയിലെത്തുകയും ‘സാവിത്രി ദേവി’ എന്ന് പേര് മാറ്റുകയും ചെയ്ത ഫ്രഞ്ച്-ഗ്രീക്ക് എഴുത്തുകാരിയാണ് ഇവർ.

ഫ്രാൻസിലെ ലിയോൺ സർവകലാശാലയിൽ (University of Lyon) നിന്ന് കെമിസ്ട്രിയിലും ഫിലോസഫിയിലും ബിരുദാനന്തര ബിരുദവും, തുടർന്ന് തത്ത്വചിന്തയിൽ ഡോക്ടറേറ്റും നേടിയ അപൂർവ്വ പ്രതിഭയായിരുന്നു അവർ.

യഹൂദ-ക്രൈസ്തവ (Judeo-Christian) ചിന്താഗതികൾ യൂറോപ്പിന്റെ പരമ്പരാഗത സംസ്കാരത്തെ നശിപ്പിച്ചു എന്ന് അവർ വിശ്വസിച്ചു. തുടർന്ന്, ആര്യൻ വംശീയ സംസ്കാരം തനിമയോടെ നിലനിൽക്കുന്നത് ഇന്ത്യയിലാണെന്ന ചിന്തയിലാണ് 1932-ൽ അവർ കൊൽക്കത്തയിലെത്തുന്നത്.

ഇന്ത്യയിലെത്തിയ ശേഷം ‘സാവിത്രി ദേവി’ എന്ന പേര് സ്വീകരിക്കുകയും 1939-ൽ A Warning to the Hindus എന്ന പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.

കൊൽക്കത്ത കേന്ദ്രീകരിച്ച് നാസി അനുകൂല പത്രമായ The New Mercury നടത്തിയിരുന്ന അസിത് കൃഷ്ണ മുഖർജിയെ 1940-ൽ അവർ വിവാഹം കഴിച്ചു. ബ്രിട്ടീഷ് ഭരണകൂടം ഇവരെ നാടുകടത്താതിരിക്കാൻ വേണ്ടിയുള്ള രാഷ്ട്രീയ വിവാഹമായിരുന്നു ഇത്.

ബ്രിട്ടീഷ് സഖ്യസേനയുടെ സൈനിക വിവരങ്ങൾ ചോർത്തി ജാപ്പനീസ് വ്യോമസേനയ്ക്കും സഖ്യകക്ഷികൾക്കും കൈമാറാൻ സാവിത്രി ദേവിയും ഭർത്താവും സഹായിച്ചിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസും ജാപ്പനീസ് നയതന്ത്രജ്ഞരും തമ്മിലുള്ള കൂടിക്കാഴ്ചകൾക്ക് വഴിയൊരുക്കുന്നതിൽ ഇവർക്ക് പങ്കുണ്ടായിരുന്നു എന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.

ഹൈന്ദവ പുരാണ സങ്കൽപ്പങ്ങളെ നാസി പ്രത്യയശാസ്ത്രവുമായി കൂട്ടിക്കലർത്തി എസ്എസോജിക് നാസിസം’ (Esoteric Nazism) എന്നൊരു പുതിയ തത്ത്വചിന്തയ്ക്ക് അവർ രൂപം നൽകി.

മനുഷ്യരുടെ വർഗ്ഗീകരണം (The Lightning and the Sun – 1958):

Men in Time (കാലത്തിൽ ജീവിക്കുന്നവർ): പ്രകൃതി നിയമങ്ങൾക്ക് വിധേയരായി മാറ്റങ്ങൾ കൊണ്ടുവരുന്നവർ (ഉദാഹരണത്തിന്: ചെങ്കിസ് ഖാൻ).

Men Above Time (കാലത്തിന് അതീതർ): ആത്മീയജ്ഞാനികൾ (ഉദാഹരണത്തിന്: ബുദ്ധൻ, അഖ്നാതൻ).

Men Against Time (കാലത്തിനെതിരെ പോരാടുന്നവർ): നാശത്തിലൂടെ ഒരു പുതിയ യുഗംസൃഷ്ടിക്കാൻ ശ്രമിക്കുന്നവർ. അഡോൾഫ് ഹിറ്റ്‌ലറെ അവർ ഈ ഗണത്തിലാണ് ഉൾപ്പെടുത്തിയത്. കലിഗുഗത്തിന്റെ അവസാനം ലോകത്തെ വീണ്ടെടുക്കാൻ വരുന്ന കൽക്കി അവതാരത്തിന്റെ മുന്നോടിയാണ് ഹിറ്റ്‌ലർ എന്ന് അവർ വാദിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി തകർന്നടിഞ്ഞ ശേഷവും അവർ രഹസ്യമായി ജർമ്മനിയിലെത്തി.

“ജർമ്മൻകാരായ സഹോദരീ സഹോദരന്മാരേ, ഹിറ്റ്‌ലറുടെ ആശയങ്ങളിൽ ഉറച്ചുനിൽക്കൂ” എന്നെഴുതിയ ആയിരക്കണക്കിന് ലഘുലേഖകൾ അവർ വിതരണം ചെയ്തു. തുടർന്ന് ബ്രിട്ടീഷ് സേന ഇവരെ അറസ്റ്റ് ചെയ്യുകയും 3 വർഷത്തേക്ക് തടവിന് ശിക്ഷിക്കുകയും ചെയ്തു.

ജയിലിൽ നിന്ന് പുറത്തുവന്ന ശേഷം ഇംഗ്ലണ്ട്, ഫ്രാൻസ്, ഗ്രീസ്, ഇന്ത്യ എന്നിവിടങ്ങളിൽ മാറിമാറി താമസിച്ചു. അമേരിക്കൻ നാസി പാർട്ടി സ്ഥാപകൻ ജോർജ്ജ് ലിങ്കൺ റോക്ക്വെൽ (George Lincoln Rockwell) ഉൾപ്പെടെയുള്ള തീവ്ര ചിന്താഗതിക്കാരുടെ പ്രിയപ്പെട്ട വഴികാട്ടിയായി അവർ മാറി.

77-ാം വയസ്സിൽ ഇംഗ്ലണ്ടിൽ വെച്ച് അന്തരിച്ചു. അവരുടെ ഭൗതികാവശിഷ്ടം (ചാരം) പിന്നീട് അമേരിക്കയിലെ വിർജീനിയയിലുള്ള ജോർജ്ജ് ലിങ്കൺ റോക്ക്വെല്ലിന്റെ സ്മാരകത്തിന് സമീപം സംസ്കരിക്കപ്പെട്ടു.

മനുഷ്യരേക്കാൾ മൃഗങ്ങൾക്കും പ്രകൃതിക്കും പ്രാധാന്യം നൽകുന്ന Ecofascism എന്ന ആശയത്തിന്റെ ആദ്യകാല വക്താക്കളിൽ ഒരാളായിരുന്നു സാവിത്രി ദേവി. Impeachment of Man (1959) എന്ന പുസ്തകത്തിൽ:

മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവർക്കും പരിസ്ഥിതി നശിപ്പിക്കുന്നവർക്കും വധശിക്ഷ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.

കടുത്ത സസ്യഭുക്കായിരുന്ന അവർ, മൃഗബലിയെയും മാംസാഹാരത്തെയും ഒരുപോലെ എതിർത്തു.

തീവ്രമായ പ്രകൃതിസ്നേഹവും അതിരുകടന്ന വംശീയ അന്ധതയും ഒരേസമയം കൊണ്ടുനടന്ന, ചരിത്രത്തിലെ വളരെ വ്യത്യസ്തയും വിവാദപരവുമായ ഒരു വ്യക്തിത്വമായിരുന്നു സാവിത്രി ദേവി.

✍️ Sreekala Prasad

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading