പ്രിയപ്പെട്ടവര്‍ ആരെങ്കിലും മരിച്ചാല്‍ സ്ത്രീകളുടെ വിരലിന്‍റെ മുകള്‍ഭാഗം മുറിച്ചു കളയുന്ന ഗോത്രം…. ഡാനി ഗോത്രം

ന്യൂഗിനിയയിലെ പാപ്പുവ പ്രവിശ്യയിലെ ബാലീംതാഴ്വരയിലെ കുഗ്രമാങ്ങളില്‍ അധിവസിക്കുന്ന ഗോത്ര ജനതയാണ് ഡാനി. ഇവിടെത്തെ സ്ത്രീകളില്‍ ഭൂരിഭാഗത്തിന്റെയും കൈവിരലുകള്‍ മുറിച്ചു മാറ്റിയിരിക്കുന്നത് കാണാം. മരിച്ചവരുടെ ആത്മാവ് ജീവിച്ചിരിക്കുന്നവവരില്‍ പ്രവേശിക്കാതിരിക്കാനാണ് ഈ പ്രവര്‍ത്തി.

ഏറ്റവും അടുപ്പക്കാരുടെയോ ബന്ധുക്കളുടെയോ വിരല്‍ മരണാന്തര കര്‍മ്മത്തിനു ശേഷം ഉടന്‍ മുറിയ്ക്കും. കല്ലുകൊണ്ടുണ്ടാക്കിയ കത്തി ഉപയോഗിച്ചാണ് വിരല്‍ പകുതി മുറിച്ചു മാറ്റുന്നത്. ഈ സമയത്തെ വേദന കാരണം ആത്മാവ് പേടിച്ച് ഗ്രാമം വിടുമെന്നാണ് ഗോത്രത്തിന്റെ വിശ്വാസം. സ്വയം മുറിയ്ക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ബലം പ്രയോഗിച്ചെങ്കിലും ഉത് നടപ്പിലാക്കും. വിരല്‍ മുറിച്ചില്ലെങ്കില്‍ ആത്മാവ് കുടുംബത്തെ ശല്യപ്പെടുത്തുമെന്നാണ് അവർ കരുതുന്നത്. ‘ഇകിപാലിന്‍’ എന്നാണ് ഈ ആചാരത്തിന്‍റെ പേര്.

ലോകത്ത് ഏത് ആചാരത്തിൻ്റെ പേരിൽ ആയാലും ഈ നികൃഷ്ടപ്രവൃത്തികളുടെയെല്ലാം ഫലം അനുഭവിക്കേണ്ടി വരുന്നത്, മിക്കവാറും സ്ത്രീകള്‍ തന്നെയായിരിക്കും. മുതിര്‍ന്നവർ മാത്രമല്ല ദുരാചാരങ്ങളുടെ ഫലം അനുഭവിക്കേണ്ടി വരുന്നത്. ചെറിയ കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ അമ്മമാര്‍ ഇവരുടെ വിരല്‍ കടിച്ചു മുറിച്ചു കളയുന്ന തരം ആചാരവും ഉണ്ട്. ഇങ്ങനെ ചെയ്താല്‍ കുഞ്ഞുങ്ങള്‍ക്ക് ആയുസ്സ് കൂടും എന്നാണ് ഇവരുടെ വിശ്വാസം.മുറിച്ചു കളഞ്ഞ വിരല്‍ഭാഗം എവിടെയെങ്കിലും കൊണ്ടുപോയി അടക്കം ചെയ്യും.

ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ നിയമം മൂലം ഈ ആചാരം നിരോധിച്ചിരുന്നു. ഇപ്പോഴും പല വീടുകളിലും വളരെ രഹസ്യമായി ഈ ആചാരം പിന്തുടരുന്നവരും ഉണ്ട് . പഴയ തലമുറയിലെ സ്ത്രീകളുടെ കയ്യില്‍ നോക്കിയാല്‍ മുഴുവന്‍ വിരലുകളുള്ള ആരെയും ഇവിടെ കാണാനാവില്ല. ഡാനി ഗോത്രത്തെ ആദ്യമായി ലോകം അറിഞ്ഞത് 1938-ല്‍ ആയിരുന്നു. ബാലേം താഴ്വാരങ്ങളില്‍ കൂടി വിമാനം പറത്തുന്നതിനിടയില്‍ ഒരു പൈലറ്റാണ് ആദ്യം ഈ ജനവിഭാഗത്തെ കണ്ടെത്തിയത്. റോബേര്‍ട്ടോ റാസി എന്ന ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ ആണ് ന്യൂഗിനീയിലെ ബാലേം താഴ്വരകളിലെ ഇവരുടെ ഊരുകളിലേക്ക് കടന്നുചെല്ലുകയും ജീവിത രീതികള്‍ കണ്ടുമനസ്സിലാക്കി ചിത്രങ്ങള്‍ എടുത്ത് പുറം ലോകത്തിന് ഇവരെ കാട്ടിക്കൊടുത്തത്.

– Sreekala Prasad

Leave a Reply