ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ‘ആദ്യത്തെ രക്തസാക്ഷി’: തില മാഞ്ചി

‎

‎

‎

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ‘ആദ്യത്തെ രക്തസാക്ഷി’: തില മാഞ്ചി (Tilka Manjhi)

ഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ജീവൻ വെടിഞ്ഞ ധീരദേശാഭിമാനികളുടെ നിരയിൽ വിസ്മരിക്കാനാവാത്ത ഒരു നാമമാണ് തില മാഞ്ചി (Tilka Manjhi). ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ‘ആദ്യത്തെ രക്തസാക്ഷി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സാന്താൾ പോരാളി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉറക്കം കെടുത്തിയ ഗറില്ലാ യുദ്ധനായകനായിരുന്നു. ക്രൂരമായ ചൂഷണങ്ങൾക്കെതിരെ അമ്പും വില്ലുമേന്തി പൊരുതിയ അദ്ദേഹത്തിന്റെ ജീവിതരേഖയിലൂടെ…

‎

‎1750 ഫെബ്രുവരി 11-ന് ഇന്നത്തെ ബിഹാറിലെ സുൽത്താൻപൂരിൽ ഉൾപ്പെടുന്ന തിലക്പൂർ ഗ്രാമത്തിൽ ജനിച്ചു. സാന്താൾ (Santhal) ഗോത്രവർഗ കുടുംബത്തിൽ ജനനം. ‘ജബ്ര പഹാഡിയ’ (Jabra Pahadia) എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. പഹാഡിയ ഭാഷയിൽ ‘തിലക’ എന്നാൽ ‘തീക്ഷ്ണമായ ചുവന്ന കണ്ണുകളുള്ളവൻ’ എന്നും, ‘മാഞ്ചി’ എന്നാൽ ഗോത്രത്തലവൻ എന്നുമാണ് അർത്ഥം.

‎

‎1770-ൽ സഞ്ജാൽ-ഭാഗൽപൂർ മേഖലയിൽ ഉണ്ടായ കടുത്ത ദാരിദ്ര്യത്തിലും ഭക്ഷ്യക്ഷാമത്തിലും ജനങ്ങൾ വലഞ്ഞപ്പോൾ, ബ്രിട്ടീഷ് ഭരണകൂടം ജനങ്ങളെ സഹായിക്കുന്നതിന് പകരം ചൂഷണം തുടർന്നു. ഇതിനെതിരെ തില മാഞ്ചി രംഗത്തുവന്നു

‎ബ്രിട്ടീഷ് കമ്പനിയുടെ ഖജനാവ് ആക്രമിച്ച് കൊള്ളയടിച്ച അദ്ദേഹം, ആ ധനം പട്ടിണി കിടക്കുന്ന പാവങ്ങൾക്ക് വീതിച്ചുനൽകി.അമ്പും വില്ലും ഉപയോഗിച്ച് കാടുകളിൽ ഒളിഞ്ഞുനിന്ന് ബ്രിട്ടീഷ് സൈന്യത്തിനെതിരെ അദ്ദേഹം ശക്തമായ ഗറില്ലാ യുദ്ധമുറകൾ നടപ്പാക്കി.

‎

‎ഭാഗൽപൂരിലെ ക്രൂരനായ ബ്രിട്ടീഷ് കളക്ടർ ഓഗസ്റ്റസ് ക്ലീവ്‌ലൻഡിനെ (Augustus Cleveland) 1784 ജനുവരിയിൽ തില മാഞ്ചി തന്റെ വിഷമുള്ള അമ്പെയ്ത് വധിക്കുകയുണ്ടായി. ഇത് ബ്രിട്ടീഷ് ഭരണകൂടത്തെ ഞെട്ടിച്ച സംഭവമായിരുന്നു.​ബ്രിട്ടീഷ് സൈന്യം തിലക്പൂർ വനങ്ങളും പരിസരങ്ങളും വളയുകയും അദ്ദേഹത്തിന്റെ സംഘത്തെ പട്ടിണിക്കിടുകയും ചെയ്തു.

‎​ഒടുവിൽ ഒരു രാത്രിയിലെ അപ്രതീക്ഷിത ആക്രമണത്തിൽ അദ്ദേഹം ബ്രിട്ടീഷുകാരുടെ പിടിയിലാവുകയായിരുന്നു.​1785 ജനുവരി 13-ന് ഭാഗൽപൂരിൽ വെച്ച്, അദ്ദേഹത്തെ കുതിരയുടെ വാലിൽ കെട്ടി നിലയിലൂടെ വലിച്ചിഴച്ച് ഒരു വലിയ ആൽമരത്തിൽ പരസ്യമായി തൂക്കിക്കൊന്നു.

‎

‎ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ, വിശിഷ്യാ ആദിവാസി മുന്നേറ്റങ്ങളിൽ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജീവൻ ബലിയർപ്പിച്ച ധീരനായ ഒരു വിപ്ലവകാരിയാണ് തില മാഞ്ചി. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഭാഗൽപൂർ യൂണിവേഴ്സിറ്റിയ്ക്ക് ‘തില മാഞ്ചി ഭാഗൽപൂർ യൂണിവേഴ്സിറ്റി’ എന്ന് പേരിടുകയും ചെയ്തിട്ടുണ്ട്.

✍️ Sreekala Prasad

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading