ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ “അസൂയ”?

അസൂയയുടെ മതിൽ: Jealous Wall

സ്വന്തം സഹോദരനോടുള്ള കടുത്ത അസൂയ കാരണം മൂന്ന് നില ഉയരത്തിൽ ഒരാൾ കെട്ടിയുയർത്തിയ ഒരു കൂറ്റൻ മതിൽ! കേൾക്കുമ്പോൾ സിനിമക്കഥ പോലെ തോന്നുമെങ്കിലും സംഭവം സത്യമാണ്. അയർലൻഡിലെ ‘അസൂയയുടെ മതിൽ’ (The Jealous Wall) എന്ന വിചിത്രമായ നിർമ്മിതിക്ക് പിന്നിലെ കഥ അറിയാമോ? കാഴ്ചയിൽ ഒരു പുരാതന കോട്ടയുടെ അവശിഷ്ടം പോലെ തോന്നുമെങ്കിലും ഇതിന് പിന്നിൽ കുടുംബ വഴക്കിന്റെയും പടലപ്പിണക്കങ്ങളുടെയും വലിയൊരു കഥയുണ്ട്. ബെൽവെഡെരെ എസ്റ്റേറ്റിലെ ‘Jealous Wall’ വിശേഷങ്ങളിലേക്ക്… 👇

അയർലൻഡിലെ മനോഹരമായ കൗണ്ടി വെസ്റ്റ്മീത്തിൽ (County Westmeath) സ്ഥിതി ചെയ്യുന്ന അസൂയയുടെ മതിൽ (Jealous Wall) അയർലൻഡിലെ ഏറ്റവും വലിയ ‘ഫോളിയാണ്’ (Folly – പ്രയോജനത്തേക്കാൾ അലങ്കാരത്തിനായോ ആഡംബരത്തിനായോ നിർമ്മിക്കുന്ന കെട്ടിടങ്ങൾ). 18-ാം നൂറ്റാണ്ടിലെ പ്രഭുകുടുംബത്തിലെ പകയുടെയും അസൂയയുടെയും പ്രതീകമായിട്ടാണ് ഈ കൂറ്റൻ മതിൽ ചരിത്രത്തിൽ അറിയപ്പെടുന്നത്.

ഈ മതിലിന്റെ നിർമ്മാണത്തിന് പിന്നിൽ റോബർട്ട് റോച്ച്ഫോർട്ട് (Robert Rochfort) എന്ന ബെൽവെഡെരെ പ്രഭുവിന്റെ ക്രൂരവും വിചിത്രവുമായ ജീവിതകഥയുണ്ട്:

റോബർട്ട് റോച്ച്ഫോർട്ട് തന്റെ ഭാര്യ മേരി മോൾസ്‌വർത്തുമായി (Mary Molesworth) അകൽച്ചയിലായിരുന്നു. തന്റെ ഇളയ സഹോദരൻ ആർതറുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് റോബർട്ട് സംശയിച്ചു. ഇതിനെ തുടർന്ന് അദ്ദേഹം ഭാര്യയെ 31 വർഷത്തോളം സ്വന്തം വീട്ടിൽ തടങ്കലിൽ പാർപ്പിച്ചു.

സഹോദരൻ ആർതറിനെതിരെ കേസ് കൊടുത്ത് ഭീമമായ തുക നഷ്ടപരിഹാരം ഈടാക്കുകയും കടക്കെണിയിലാക്കി ജയിലിലടയ്ക്കുകയും ചെയ്തു. മറ്റൊരു സഹോദരനായ ജോർജ്ജ് റോച്ച്ഫോർട്ട് തൊട്ടടുത്ത് ‘ട്യൂഡൻഹാം പാർക്ക്’ (Tudenham Park House) എന്ന മനോഹരവും വലിയതുമായ കൊട്ടാരം പണിതു. റോബർട്ടിന്റെ ബെൽവെഡെരെ ഹൗസിനേക്കാൾ മനോഹരമായിരുന്നു ജോർജ്ജിന്റെ വസതി.

തന്റെ വസതിയിൽ നിന്ന് നോക്കുമ്പോൾ സഹോദരന്റെ വലിയ കൊട്ടാരം കാണുന്നത് റോബർട്ടിന് സഹിക്കാനായില്ല. സാധാരണക്കാർ മരങ്ങൾ വെച്ചുപിടിപ്പിച്ച് കാഴ്ച മറയ്ക്കുമ്പോൾ, റോബർട്ട് തികച്ചും വിചിത്രമായ ഒരു വഴി തിരഞ്ഞെടുത്തു:

ഏകദേശം 1760-ൽ അദ്ദേഹം ഒരു കൂറ്റൻ മതിൽ കെട്ടി ഉയർത്തി. പുതുതായി പണിത മതിലാണെന്ന് തോന്നാതിരിക്കാൻ, തകർന്നുപോയ ഒരു പുരാതന ക്രിസ്ത്യൻ ആശ്രമത്തിന്റെ (Ruined Abbey) അവശിഷ്ടം പോലെയാണ് ഇതൊരുക്കിയത്.

മൂന്ന് നിലകളോളം ഉയരമുള്ള ഈ മതിൽ നിർമ്മിക്കാൻ വലിയ തുക ചെലവഴിച്ചു. കൂറ്റൻ ചുണ്ണാമ്പുകല്ലുകളും ഗൊത്തിക് ശൈലിയിലുള്ള ജനൽ അറകളും ഇതിൽ പണിതുയർത്തി.

1774-ൽ റോബർട്ട് റോച്ച്ഫോർട്ടിന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ ഭാര്യ തടങ്കലിൽ നിന്ന് മോചിതയായത്. കാലക്രമേണ റോബർട്ട് കാണാൻആഗ്രഹിക്കാതിരുന്ന സഹോദരൻ ജോർജ്ജിന്റെ കൊട്ടാരം (Tudenham Park) തകർന്ന് യഥാർത്ഥ അവശിഷ്ടമായി മാറി. എന്നാൽ അസൂയയുടെ പ്രതീകമായി പണിത കൃത്രിമ മതിൽ ഇന്നും യാതൊരു കേടുപാടുകളും കൂടാതെ ബെൽവെഡെരെ എസ്റ്റേറ്റിൽ നിലനിൽക്കുന്നു. വെസ്റ്റ്മീത്ത് കൗണ്ടി കൗൺസിൽ സംരക്ഷിക്കുന്ന ഈ സ്ഥലം ഇന്ന് അയർലൻഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

✍️ Sreekala Prasad

Leave a Reply

Discover more from Nelsapy

Subscribe now to keep reading and get access to the full archive.

Continue reading